ഓല ഓഹരി വിപണിയിലേക്ക്. ആദ്യമായാണ് ഇരുചക്ര ഇലക്ട്രിക് വാഹന മേഖലയില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്കെത്തുന്നത്. സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ അനുമതി ലഭിച്ചു. 7,250 കോടി രൂപയാണ് ഓല ഇലക്ട്രിക് ഐ.പി.ഒ വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 5,500 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,750 കോടി രൂപയുടെ ഓഹരികളുമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഓല ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഓല ഇലക്ട്രിക്കിന്റെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 4.73 കോടി ഓഹരികള്‍ വില്‍ക്കും. ഐ.പി.ഒയ്ക്ക് മുമ്പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 1,100 കോടി രൂപ സമാഹരിക്കാന്‍ ആണ് സ്ഥാപനത്തിന്റെ ശ്രമം. അത് നടന്നാല്‍ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക 6,150 കോടി രൂപയായി കുറയും.
കമ്പനിയുടെ നിലവിലെ കടം തിരിച്ചടയ്ക്കാനും മൂലധന ചെലവുകള്‍ക്കും ഭാവിയിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം വിനിയോഗക്കുക എന്ന് സ്ഥാപനം വ്യക്തമാക്കി. ഇത് പ്രകാരം മൂലധന ചെലവിനായി 1,266 കോടി രൂപയും കടം തിരിച്ചടയ്ക്കാനായി 800 കോടി രൂപയുമാണ് വകയിരുത്തുന്നത്. ബാക്കി തുകയില്‍ 1,600 കോടി രൂപ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും.

