പറയത്തക്ക വരുമാനമൊന്നും ഇല്ലാതെ കുടുംബനാഥന്റെ തണലില്‍ വീട്ടുകാര്യങ്ങളും നോക്കി വീട്ടമ്മമാരാണ് കഴിയുമ്പോഴാണ് വയനാട് തൃക്കൈപ്പറ്റ സ്വദേശികളായ വത്സാ ജോസ്, അല്ലി വസന്തകുമാര്‍, നിഷ ശിവദാസന്‍, പ്രസന്ന പ്രഭാകരന്‍ എന്നിവര്‍ക്ക് സ്വന്തമായി വരുമാനം നേടുന്ന എന്തെങ്കിലും ചെയ്യണം എന്ന തിരിച്ചറിവുണ്ടാകുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന എന്ത് ബിസിനസ് തുടങ്ങാന്‍ കഴിയും എന്ന ചിന്ത അന്വേഷണം ചെന്നവസാനിച്ചത് ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലായിരുന്നു. ജൂട്ട് ബോര്‍ഡ് ഓഫ് ഇന്ത്യ, ബാഗുകള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് മനസിലാക്കിയ നാല്‍വര്‍ സംഘം പരിശീലനം നേടി, സ്വരുക്കൂട്ടിവച്ചിരുന്ന പണം മൂലധനമാക്കി ജൂട്ട് ബാഗുകളുടെ നിര്‍മാണം ആരംഭിച്ചു.
ഉര്‍വര ജൂട്ട് ബാഗുകള്‍ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഇന്ന് കേരളത്തിനകത്തും പുറത്തും ഒരു പോലെ ബാഗുകള്‍ വിറ്റ് നേട്ടമുണ്ടാക്കുന്നു. ജൂട്ട് ഷീറ്റ് ഉപയോഗിച്ച് ഓഫിസ് ബാഗ്, ബാക്ക് ബാഗ്, ലേഡീസ് ബാഗുകള്‍, ഫയലുകള്‍, പഴ്സ്, ബിഗ്ഷോപ്പര്‍ ബാഗുകള്‍, കാഷ്ബാഗ്, വോള്‍ ഹാങ്ങര്‍ തുടങ്ങി ഏകദേശം ഇരുപതില്‍പരം ഉല്‍പന്നങ്ങളാണു ഇവര്‍ നിര്‍മിക്കുന്നത്.
ഇത് കേവലം നാല് വനിതകളുടെ മാത്രം കഥയല്ല. സമാനമായ രീതിയില്‍ ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലൂടെ മികച്ച വരുമാനം നേടുന്ന വ്യക്തികളുടേ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കേവലം 50000 രൂപയുടെ നിക്ഷേപം ഉണ്ടെങ്കില്‍ ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലൂടെ ആര്‍ക്കും സമ്പന്നരാകാം.
ജൂട്ട് ബാഗ് നിര്‍മാണം എന്തുകൊണ്ട് ലാഭകരമാകുന്നു?
നിര്‍മാണത്തില്‍ പരിശീലനം നേടിയ ആളുകള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ഒന്നാണ് ജൂട്ട് ബാഗ് നിര്‍മാണം.ജൂട്ട്ബാഗ് നിര്‍മ്മാണം ജൂട്ട് മെറ്റീരിയല്‍ ഷീറ്റുകള്‍ വാങ്ങി ഉപഭോക്താ ക്കളുടെ ആവശ്യം അനുസരിച്ച് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും മുറിച്ചെടുത്ത് തുന്നി യോജിപ്പിച്ചാണ് ജൂട്ട് ബാഗുകള്‍ നിര്‍മിക്കുന്നത്. തയ്യലില്‍ അല്പം താല്‍പര്യമുള്ള ആര്‍ക്കും ചെയ്യാവുന്ന തൊഴിലാണിത്. ഓര്‍ഡറുകള്‍ നേരിട്ട് കാന്‍വാസ് ചെയ്യാം എന്നതാണ് ഈ സംരംഭത്തെ ജനകീയമാക്കുന്ന കാര്യം.വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന സംഗമങ്ങളിലും യോഗങ്ങളിലും ഗിഫ്റ്റ് ആയി നല്‍കാനും ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്നു.
പ്രകൃതി സൗഹൃദ ഉല്‍പ്പന്നം എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടാല്‍ മികച്ച വരുമാനം നേടാന്‍ ജൂട്ട് ബാഗ് വില്‍പന സഹായിക്കും. ഒന്നര മുതല്‍ മൂന്ന് മാസങ്ങള്‍ വരെ നീണ്ട പരിശീലനമാണ് ജൂട്ട് ബാഗ് നിര്‍മാണത്തിലാവശ്യം. സ്റ്റിച്ചിംഗ് മെഷീന്‍, ആവശ്യമായ ഫര്‍ണിച്ചര്‍, സ്‌ക്രീന്‍ പ്രിന്റിങ്ങിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ജൂട്ട് ബാഗ് നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യമാണ്. 20 മുതല്‍ 25 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്. നല്ല നിലയില്‍ ക്വാളിറ്റിയുള്ള ബാഗുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ മാസം ശരാശരി രണ്ടുലക്ഷം രൂപയുടെ വില്‍പ്പനയും 45,000 രൂപ വരുമാനവും നേടാം.
ബാഗുണ്ടാക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ കോയമ്പത്തൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനാകും. മികച്ച കളര്‍ കോമ്പിനേഷനുകള്‍, മികച്ച ഡിസൈനുകള്‍, വ്യത്യസ്തമായ പ്രിന്റുകള്‍ എന്നിവയാണ് ജൂട്ട് ബാഗ് നിര്‍മാണത്തിനാവശ്യം.
യുവാക്കളെ ഉദ്ദേശിച്ചു ബാഗുകള്‍ നിര്‍മിക്കുമ്പോള്‍ അവരുടെ താത്പര്യമറിയാന്‍ ശ്രമിക്കണം. കാലത്തിനനുസരിച്ചുള്ള മാറ്റം ബാഗുകളുടെ പാറ്റേണുകളിലും പ്രിന്റുകളിലും കൊണ്ടുവരണം. ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുക ലക്ഷ്യമാക്കി ജൂട്ട്ബാഗ് ഉപയോഗം ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്.
പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുകൊണ്ട് അടുത്തിടെ കോയമ്പത്തൂര്‍ ആസ്ഥാനമായി അന്ധരായ ആളുകള്‍ ചേര്‍ന്ന് വലിയ ജൂട്ട് ബാഗുകള്‍ നിര്‍മിച്ചത് വാര്‍ത്തയായിരുന്നു. കോയമ്പത്തൂരിലെ ട്രാന്‍സ്ജെന്റര്‍ സമൂഹത്തിലെ അംഗങ്ങളുടെയും ടെക്ക്നിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തിലാണ് കാഴ്ച വൈകല്യമുളള ഒന്‍പത് പേര്‍ ബാഗ് നിര്‍മ്മിച്ചു ലോക റെക്കോര്‍ഡ് ഇട്ടത്.
ആര്‍ക്കെല്ലാം ബാഗ് നിര്‍മാണം തുടങ്ങാം?
തയ്യല്‍ ജോലികള്‍ നല്ലതുപോലെ അറിയാമെങ്കില്‍ ജൂട്ട് ബാഗ് നിര്‍മാണത്തില്‍ വിജയിക്കാന്‍ പ്രയാസമൊന്നുമില്ല. തയ്യലിന്റെയും പാറ്റേണിന്റെയും പെര്‍ഫെക്ഷനും ഭംഗിയും തന്നെയാണ് ബാഗ് നിര്‍മാണത്തിലും അനിവാര്യം. പുതിയ പാറ്റേണുകള്‍ കണ്ടെത്തി അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തും. മികച്ച ഗുണമേന്മയുള്ള ബാഗുകള്‍ നിര്‍മിക്കുക എന്നതാകണം ഈ രംഗത്ത് നിലനില്‍ക്കുന്നതിലുള്ള പ്രധാന ഫോക്കസ്. 300 രൂപ മുതല്‍ മുകളിലേക്ക് വിലയുള്ള ബാഗുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

