Connect with us

Hi, what are you looking for?

Life

ഓര്‍ഗാനിക് മന്‍ധ്യ, അറിയണം ഈ ബ്രാന്‍ഡിന്റെ വിജയകഥ

രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്

മന്‍ധ്യഎന്നാ കര്‍ണാടകയിലെ കര്‍ഷക കേന്ദ്രീകൃതമായ ജില്ല ഇന്ന് സമൃദ്ധിയുടെ പാതയിലാണ്. രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്. 2015 മുതലാണ് മന്‍ധ്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം വന്നുതുടങ്ങിയത്. അതിന് മുന്‍പുള്ള മന്‍ധ്യ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കര്‍ഷക ദുരിതഭൂമികളില്‍ ഒന്നായിരുന്നു.

പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തതിനായും, ലഭിച്ച വിളവുകള്‍ക്ക് മികച്ച വില ലഭിക്കാതെ പോയതിനാലും കാലവര്‍ഷക്കെടുതി, കാലാവസ്ഥാ വ്യതിയാനം എന്നിവയെത്തുടര്‍ന്നും ഇവിടെ നൂറുകണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഈ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ മന്‍ധ്യ സ്വദേശിയായ മധുചന്ദ്രന്‍ ചിക്കദെവ്യ എന്ന വ്യക്തിയാണ് മന്‍ധ്യയുടെ മുഖം രക്ഷിക്കുനന്തിനായി ഓര്‍ഗാനിക് മന്‍ധ്യ എന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്.

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മധുചന്ദ്രന്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായിരുന്നു. അവിടെ സ്വന്തമായി സോഫ്റ്റ്വെയര്‍ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ഇടക്കിടക്ക് കര്‍ണാടകയില്‍ വരുന്നത് പതിവായിരുന്നു. ഇന്ത്യന്‍ സിലിക്കണ്‍വാലിയായ ബാംഗ്ലൂരില്‍ നിന്നും തന്റെ സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്വെയറുകള്‍ പര്‍ച്ചേസ് ചെയ്യുന്നതിനും മറ്റ് ഒഫിഷ്യല്‍ കാര്യങ്ങള്‍ക്കുമായാണ് അദ്ദേഹം കര്‍ണാടകയില്‍ വന്നിരുന്നത്. എന്നാല്‍ അത്തരം ഒഫിഷ്യല്‍ യാത്രകളില്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല.എന്നാല്‍ 2014 ല്‍ അദ്ദേഹം നടത്തിയ യാത്രക്കൊടുവില്‍ കുറച്ചു ദിവസം തന്റെ ജന്മസ്ഥലമായ മന്‍ധ്യയില്‍ ചെലവിടാന്‍ അദ്ദേഹം തീരുമാനിച്ചു.

നാട്ടില്‍ കര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് മധുചന്ദ്രന്‍ ജന്മസ്ഥലത്ത് എത്തുന്നത്.വലിയ കാര്‍ഷിക പാരമ്പര്യമുളള കുടുംബങ്ങളില്‍ പോലും ആളുകള്‍ ബാങ്കില്‍ നിന്നും മറ്റു പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത് കര്‍ണാടകയിലായിരുന്നു.

അതില്‍ മന്‍ധ്യ നല്‍കിയ സംഭാവന വളരെ വലുതായിരുന്നു എന്ന ദുഖകരമായ സത്യം മധുചന്ദ്രന്‍ വളരെ വേദനയോടെ മനസിലാക്കി.രാസവളങ്ങളുടെ അമിതമായ പ്രയോഗം മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമായതും, കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും, കാലഹരണപ്പെട്ട കൃഷി രീതികളും, കാര്‍ഷികവൃത്തിക്കും വിളവെടുപ്പിനുമായി ആവശ്യത്തിന് ആളുകള്‍ ഇല്ലാത്തതുമായിരുന്നു മന്‍ധ്യയുടെ കര്‍ഷകജീവിതത്തെ ബാധിച്ചിരുന്ന ദുരവസ്ഥക്ക് പിന്നിലെ കാരണം.

പിന്നെ അധികമൊന്നും ആലോചിച്ചില്ല. താന്‍ ഏറെ സ്വപ്നം കണ്ടു പടുത്തുയര്‍ത്തിയ അമേരിക്കയിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ നിന്നും എന്നെന്നേക്കുമായി മധുചന്ദ്രന്‍ പടികളിറങ്ങി. 2014 ല്‍ നാട്ടിലെത്തി തന്റെ സുഹൃത്തുകളില്‍ കൃഷിയോടു താത്പര്യമുള്ളവരെ ഒരുമിച്ചു ചേര്‍ക്കുകയാണ് അദ്ദേഹം ചെയ്തത്.

മനുഷ്യന്റെ ആരോഗ്യവും ഭൂമിയുടെ ഫലഭൂയിഷ്ഠതയും നശിപ്പിക്കുന്ന രാസവളപ്രയോഗത്തിന് അവസാനം കുറിച്ച് മന്‍ധ്യയിലെ കര്‍ഷകരെ ഓര്‍ഗാനിക് ഫാമിംഗിലേക്ക് തിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുപ്രകാരം മന്‍ധ്യ ഓര്‍ഗാനിക്ക് ഫര്‍മേഴ്സ് സൊസൈറ്റിക്ക് അദ്ദേഹം രൂപം നല്‍കി. ആദ്യഘട്ടത്തില്‍ ഇരുപത്തിനാല് കര്‍ഷകരാണ് സൊസൈറ്റില്‍ ഉണ്ടായിരുന്നത്.

ജൈവകൃഷി പഠിപ്പിക്കുന്നു

ജൈവകൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ അറിവില്ലായ്മയാണ് പ്രധാനപ്രശ്നം എന്ന് മനസിലാക്കിയ മധുചന്ദ്രന്‍ ജൈവകൃഷിയെ പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഓര്‍ഗാനിക് ബ്രാന്‍ഡില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യത കൂടുതലാണ് എന്ന് മനസിലാക്കിയ മന്‍ധ്യയിലെ കര്‍ഷകര്‍ ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

500 കര്‍ഷകര്‍ ഓര്‍ഗാനിക്ക് മന്‍ധ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 200 ഏക്കര്‍ പാടത്ത് ഏകദേശം 70 തരം വിഭവങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്.കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിച്ചു ഓര്‍ഗാനിക് മന്‍ധ്യ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഓര്‍ഗാനിക് മന്‍ധ്യ എന്ന പേരില്‍ തന്നെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. അരി, പയറുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പാചകക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കുന്നത്. എല്ലാം മന്‍ധ്യയുടെ മണ്ണില്‍ ഉണ്ടായവ തന്നെ.

പ്രവര്‍ത്തനമാരംഭിച്ച് ആദ്യ നാല് മാസംകൊണ്ട് ഒരു കോടിരൂപയുടെ വിറ്റുവരവാണ് ഓര്‍ഗാനിക്ക് മന്‍ധ്യക്കുണ്ടായത്.ഇപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ സൊസൈറ്റിയുടെ ഭാഗമാകുന്നതിനു താല്‍പര്യം കാണിക്കുന്നു. എന്തിനേറെപ്പറയുന്നു കൃഷി ഉപേക്ഷിച്ചു പോയ കര്‍ഷകര്‍ പോലും ഓര്‍ഗാനിക് മന്‍ധ്യ വന്നതോടെ കാര്‍ഷികവൃത്തിയിലേക്ക് തിരിച്ചെത്തി. ഒരു മാസത്തേക്ക് ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും 2000 രൂപക്കുള്ളില്‍ നല്‍കുക എന്നതാണ് മധുചന്ദ്രന്റെ അടുത്ത ലക്ഷ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി