1949 ല്‍ അഹമ്മദാബാദില്‍ ജനിച്ച കര്‍സന്‍ഭായ് പട്ടേല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആഗ്രഹിച്ചിരുന്നത് ഒരു സംരംഭകനാകാനായിരുന്നു. എന്നാല്‍ വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. 1969 ല്‍ കെമിസ്ട്രിയില്‍ ബിരുദം നേടിയ അദ്ദേഹത്തിന് ഗുജറാത്ത് ഗവണ്‍മെന്റിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചു. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള വഴി അദ്ദേഹം കണ്ടെത്തി.
അഹമ്മദാബാദിലെ വീട്ടില്‍ കഷ്ടിച്ച് നൂറു ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു മുറിയില്‍ വില കുറഞ്ഞ ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണത്തിന് ഡോ. പട്ടേല്‍ തുടക്കമിട്ടു. മികച്ച ബ്രാന്‍ഡുകളിലെ ഡിറ്റര്‍ജെന്റ് പൗഡറുകള്‍ അരങ്ങുവാഴുന്ന സമയത്താണ് വിലക്കുറവ് എന്ന യുഎസ്പിയുമായി കര്‍സന്‍ഭായിയുടെ ഡിറ്റര്‍ജെന്റ് വിപണിയില്‍ എത്തുന്നത്. വെള്ളനിറത്തിലുള്ള ഡിറ്റര്‍ജെന്റ് പൗഡറുകള്‍ക്കിടയില്‍ മഞ്ഞനിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ ഡിറ്റര്‍ജെന്റ് സ്ഥാനം പിടിച്ചു. പതിയെ പതിയെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചു വന്നു.

21 ആം വയസ്സില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഒരു കിലോ ഡിറ്റര്‍ജെന്റ് പൗഡറിന് മൂന്നര രൂപ എന്ന കണക്കിലാണ് വിറ്റിരുന്നത്. വിപണിയിലെ മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ കിലോക്ക് 10 ഉം 12 ഉം രൂപ ഈടാക്കുമ്പോഴായിരുന്നു വിലക്കുറവിന്റെ പേരില്‍ കര്‍സന്റെ പുതിയ ഡിറ്റര്‍ജെന്റ് ഹിറ്റാകുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ മുന്‍നിര ഡിറ്റര്‍ജെന്റ് പൗഡറുകള്‍ക്ക് സമാനമായ രീതിയില്‍ തന്നെ വിപണിയില്‍ ഒരിടം കണ്ടെത്താന്‍ നിര്‍മ്മക്ക് കഴിഞ്ഞു. ഡീലര്‍മാരും ഏജന്റുമാരും ഇല്ലാതെ വീട് വീടാന്തരം കയറിയിറങ്ങി ഡിറ്റര്‍ജെന്റ് പൗഡര്‍ വിറ്റ കര്‍സന്‍ഭായിയെ തേടി ആളുകള്‍ എത്താന്‍ തുടങ്ങിയപ്പോഴാണ് സംരംഭത്തിന്റെ വളര്‍ച്ച എല്ലാവര്‍ക്കും മനസിലായത്.
ഉല്‍പാദനം തുടങ്ങി പത്താം വര്‍ഷമാണ് നിര്‍മ്മ ഡിറ്റര്‍ജെന്റിന്റെ വില മൂന്നരരൂപയില്‍ നിന്നും പതിമൂന്നു രൂപയിലേക്ക് എത്തുന്നത്. എന്നാല്‍ ഗുണമേന്മയില്‍ മികവ് നിമിത്തം ആ വിലവര്‍ദ്ധനവ് ആരും മുഖവിലയ്ക്ക് എടുത്തില്ല. പലപ്പോഴും മുന്‍കൂട്ടി പണം അടച്ചു വരെ ഡിറ്റര്‍ജെന്റ് പൗഡര്‍ വാങ്ങുന്നതിനായി ആളുകള്‍ തയ്യാറായിരുന്നു.വിപണി പിടിച്ചെടുക്കാന്‍ കഴിഞ്ഞതോടെ നിര്‍മ്മ ഉല്‍പന്ന വൈവിധ്യവത്കരണത്തില്‍ ശ്രദ്ധിച്ചു. ടോയ്ലെറ്റ് സോപ്പ്, ബാത്ത് സോപ്പ്, പ്രീമിയം ഡിറ്റര്‍ജെന്റ് പൗഡര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പിന്നീട് നിര്‍മ്മ വിപണിയിലിറക്കി. അവ മികച്ച വിജയം നേടുകയും ചെയ്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബെംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ ഡിറ്റര്‍ജെന്റ്, സോപ്പുകള്‍ എന്നിവ നന്നായി വില്‍ക്കപ്പെട്ടു.
1995 ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഡോ. കര്‍സന്‍ഭായ് പട്ടേല്‍ അഹമ്മദാബാദ് ആസ്ഥാനമായി നിര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ചു. ഇന്ന് ഗുജറാത്തിലെ മുന്‍നിര എന്‍ജിനീയറിംഗ് കോളെജുകളില്‍ ഒന്നാണ് നിര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കര്‍സന്‍ഭായിയുടെ മക്കളായ രാകേഷ് പട്ടേല്‍, ഹിറാണ് പട്ടേല്‍, മരുമകന്‍ കല്‍പേഷ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മ ഗ്രൂപ്പിന്റെ കാര്യങ്ങള്‍ നോക്കുന്നത്. 2017 ല്‍ ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 640 മില്യന്‍ ഡോളര്‍ സമ്പാദ്യവുമായി 38 ആം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

