ലാര്‍സെന്‍ ആന്റ് ടൂബ്രോയുടെ (എല്‍ആന്റ്ടി) ചെയര്‍മാന്‍ എമിററ്റസ് എ എം നായിക് എന്നറിയപ്പെടുന്ന അനില്‍ മണിഭായ് നായികിന്റെ കഥ വളരെ രസകരമാണ്. എല്‍ആന്റ്ടി പോലുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്നോ ജോലിയില്‍ ഇത്രയും ഉന്നത സ്ഥാനത്തേക്ക് എത്തുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല എന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ആയിരം രൂപയുടെ ശമ്പളം ഉണ്ടാകുമെന്നാണ്രേത അദ്ദേഹം കരുതിയത്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച എ എം നായികിന്റെ കഥയിലേക്ക്…
4,19,000 കോടി രൂപക്ക് മുകളില്‍ വിപണി മൂലധനമുണ്ട് എല്‍ആന്റ്ടി കമ്പനിക്ക്. നിര്‍മ്മാണം, ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷന്‍ അങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എല്‍ആന്റ്ടി. കമ്പനിയെ ഈ ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ എ എം നായിക് വഹിച്ച പങ്ക് വളരെ വലുതാണ്.
സ്വാതന്ത്ര്യ സമരസേനാനി മണിഭായ് നിച്ചാഭായ് നായികിന്റെ മകനാണ് എ എം നായിക്. അദ്ദേഹത്തിന്റെ മാനേജ്മെന്റ് രംഗത്തെ നൈപുണ്യം, ജീവകാരുണ്യ പ്രവര്‍ത്തനം, സമൂഹത്തോടുള്ള കാഴ്ചപ്പാട് എല്ലാം പേരുകേട്ടതായിരുന്നു. ജോലി ഉപേക്ഷിച്ച് ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു നായിക്കിന്റെ അച്ഛന്‍. എ എം നായികും തന്റെ ജോലിയില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയത്ത് ഇതേ പാത പിന്തുടര്‍ന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം എല്‍ആന്‍ഡ്ടിയില്‍ നിന്നും പൂര്‍ണമായും പടിയിറങ്ങിയത്.
1942ല്‍ ഗുജറാത്തിലാണ് എ എം നായിക് ജനിച്ചത്. ബിര്‍ല വിശ്വകര്‍മ്മ മഹാവിദ്യാലയ എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗിലായിരുന്നു ബിരുദം. പക്ഷേ അക്കാലത്ത് എല്‍ആന്‍ഡ്ടി കമ്പനി മുന്‍ഗണന കൊടുത്തിരുന്നത് ഐഐടി ബിരുദധാരികള്‍ക്കായതിനാല്‍ അദ്ദേഹത്തിന് ജോലി ലഭിച്ചില്ല. തുടര്‍ന്ന് നെസ്റ്റര്‍ ബോയിലേഴ്സ് എന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ നിന്ന് പ്രവൃത്തിപരിചയം നേടിയ ശേഷം അപേക്ഷിച്ചപ്പോഴായിരുന്നു എല്‍ആന്‍ഡ്ടിയില്‍ ജോലി ലഭിച്ചത്.
1965 ല്‍ അസിസ്റ്റന്റ് എഞ്ചിനിയറായിട്ടായിരുന്നു നിയമനം, 670 രൂപയായിരുന്നു അന്നദ്ദേഹത്തിന്റെ ശമ്പളം. ആറ് മാസത്തിനുള്ളില്‍ സൂപ്പര്‍വൈസറി റോളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. കമ്പനിയില്‍ പ്രവേശിച്ച് 18 മാസത്തിനുള്ളില്‍ 800 പേര്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. 25 വയസ്സില്‍ താഴെ മാത്രമായിരുന്നു അന്ന് നായിക്കിന്റെ പ്രായം.
1999 ലാണ് നായിക് കമ്പനിയുടെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. 2017 ജൂലൈയില്‍ അദ്ദേഹം കമ്പനിയുടെ ചെയര്‍മാനായി. നായിക്കിന്റെ കീഴില്‍ കമ്പനിയുടെ ആസ്തി 870 കോടി ഡോളറായി ഉയര്‍ന്നു. നായിക് സിഇഒ ആയ 1999ല്‍ 5,000 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2023ല്‍ അദ്ദേഹം പടിയറങ്ങിയപ്പോള്‍ അത് 1,83,000 കോടി രൂപയായി ഉയര്‍ന്നു.
ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന കോര്‍പ്പറേറ്റ് നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അന്ന് എ എം നായിക്. 2017-2018 ല്‍ കമ്പനി അദ്ദേഹത്തിന് നല്‍കിയത് 137 കോടി രൂപയാണ്. 19 കോടി രൂപക്കാണ് കമ്പനി അദ്ദേഹത്തിന്റ അവധി എന്‍കാഷ് ചെയ്തത്. 21 വര്‍ഷത്തോളം ഒരു അവധി പോലുമെടുക്കാതെ, ദിവസവും 15 മണിക്കൂറാണ് എല്‍ആന്‍ഡ്ടിക്ക് വേണ്ടി അദ്ദേഹം ജോലിയെടുത്തത്. ആഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം യുവാക്കള്‍ എന്ന നാരായണമൂര്‍ത്തിയുടെ നിര്‍ദേശം വിവാദമാകുന്ന കാലത്ത് നായിക്കിന്റെ വര്‍ക്കഹോളിക് സംസ്‌കാരത്തെക്കുറിച്ചും ഓര്‍ക്കുന്നത് നന്നാകും.
2016 ലെ നായിക്കിന്റെ ആസ്തി 400 കോടി രൂപയ്ക്ക് മുകളിലെത്തി. രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തകരില്‍ ഒരാളും കൂടിയായിരുന്നു നായിക്. 2016ല്‍ തന്റെ വരുമാനത്തിന്റെ 75 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് നായിക്ക് മാറ്റിവെച്ചത്.
2022ല്‍ ഹുറണ്‍ ഇന്ത്യ പുറത്തുവിട്ട ഇന്ത്യയിലെ ടോപ് 10 ജീവകാരുണ്യപ്രവര്‍ത്തകരുടെ പട്ടികയിലും നായിക് ഇടം നേടി. 142 കോടി രൂപയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയത്. ഹുറണ്‍ ടോപ് 10 പട്ടികയിലെ ഏക കോര്‍പ്പറേറ്റ് പ്രൊഫഷണലും അദ്ദേഹമായിരുന്നു.































