അവിചാരിതമായി, ഒട്ടുംനിനച്ചിരിക്കാതെ ഒരു ബ്രാന്‍ഡ് ജനിക്കുമോ? പത്രപ്രവര്‍ത്തകയായിരുന്ന ഓള്‍ സംരംഭകയാകുമോ? എന്നാല്‍ ഋതു ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയര്‍ എന്ന ബ്രാന്‍ഡിന്റെ തുടക്കം അങ്ങനെയാണ്. സഹൃദങ്ങള്‍ കൊണ്ട് വളര്‍ന്ന ബ്രാന്‍ഡ് എന്നാണ് ഋതുവിനെ പറ്റി ഉടമ അനഘ ജയന് പറയാനുള്ളത്. ഒന്നില്‍ നിന്നും തുടങ്ങി പതിനാറില്‍ പരം സ്‌കിന്‍ ആന്‍ഡ് ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് തൃശൂരില്‍ നിന്നുള്ള ഹെര്‍ബല്‍ ബ്രാന്‍ഡായ ഋതു. കൂട്ടുകാരിക്കായി ഉണ്ടാക്കി നല്‍കിയ കാച്ചെണ്ണയില്‍ നിന്നും ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 16 ഉല്‍പ്പന്നങ്ങളിലേക്ക് വളര്‍ന്ന ഋതുവിന്റെ ബ്രാന്‍ഡിംഗിന് പിന്നില്‍ രസകരമായ പല ട്വിസ്റ്റുകളുമുണ്ട്.
ലക്ഷ്മി നാരായണന്‍

തൃശൂര്‍ സ്വദേശിയായ അനഘ ജയന്‍ ഇ, ഒരിക്കലും സംരംഭകയാകണം എന്ന മോഹം മനസ്സില്‍ സൂക്ഷിച്ച വ്യക്തിയല്ല. ഓര്‍മ്മവച്ച കാലം മുതല്‍ക്ക് ആഗ്രഹം ഒരു പത്രപ്രവര്‍ത്തകയാകണം എന്നതായിരുന്നു. അതിനാല്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം ഇംഗ്ലീഷ്, ജേണലിസം എന്നീ മേഖലകളില്‍ പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞതോടെ ആഗ്രഹിച്ച പോലെ ടൈംസ് ഇന്റര്‍നെറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മനോരമയിലും ഏഷ്യാനെറ്റ് ഡിജിറ്റലിലും ജോലി നേടി. ഈ കാലയളവിലെല്ലാം തന്നെ അനഘ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാല്‍ കോവിഡ് കാലം അനഘക്ക് ഒരു സംരംഭകത്വ അവസരം നല്‍കി. ലോക്ക് ഡൌണ്‍ വന്നതിനെ തുടര്‍ന്ന് ആളുകള്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയപ്പോഴാണ് പലര്‍ക്കും തലമുടി കൊഴിച്ചലും താരനുമെല്ലാം പ്രശ്നമാകുന്നത്. ഒരു സുഹൃത്ത് ഇക്കാര്യം വളരെ വിഷമത്തോടെ അനഘയോട് പങ്കുവച്ചു. മുടിവളരാനും കൊഴിയാതെ ഇരിക്കാനും എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന ആ ചോദ്യത്തില്‍ നിന്നുമാണ് ഋതു എന്ന ബ്രാന്‍ഡിന് തുടക്കമാകുന്നത്. എനിക്ക് ചെറുപ്പത്തില്‍ തലയില്‍ ചിക്കന്‍ പോക്‌സ് വന്ന് മുടി നഷ്ടമായിരുന്നു. പിന്നീട് മുടി വന്നെങ്കിലും നീളം കുറവായിരുന്നു. എന്റെ അമ്മയ്ക്കും കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ക്കുമെല്ലാം നീണ്ട ഇടതൂര്‍ന്ന മുടിയുണ്ടായിരുന്നു.

അവരെല്ലാം മുത്തശ്ശി കാച്ചുന്ന പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണയാണ് ഉപയോഗിച്ചിരുന്നത്. എനിക്ക് കാച്ചെണ്ണ അലര്‍ജി ആയതിനാല്‍ ഞാന്‍ ഉപയോഗിച്ചിരുന്നില്ല. വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച പയ്യന് ഭാവിയില്‍ കഷണ്ടി വരാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ
ചെറുപ്പത്തില്‍ തന്നെ കഷണ്ടി വന്ന തല കണ്ടപ്പോള്‍ മനസിലായി. ഈ സാഹചര്യം തിരിച്ചറിഞ്ഞ ഞാന്‍ പരീക്ഷണാര്‍ത്ഥമാണ് മുത്തശ്ശി കാച്ചുന്ന എണ്ണ അദ്ദേഹത്തിന് നല്‍കിയത്.
13 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ മുടിക്ക് ഒരു കുറവും ഇല്ല. ഞങ്ങളുടെ മകള്‍ ഋതുപര്‍ണ ജനിക്കുമ്പോഴും മൊട്ടത്തല ആയിരുന്നു. എന്നാല്‍ രണ്ട് വയസ്സായപ്പോഴേക്കും അവള്‍ക്ക് ഇടതൂര്‍ന്ന മുടികള്‍ ഉണ്ടായി. ഇതിനും കാരണം ആ എണ്ണ ആയിരുന്നു. കോവിഡ് കാലത്ത് എന്നോട് മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പങ്കുവച്ച സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ മുത്തശ്ശിയുടെ കാച്ചെണ്ണ റെസിപ്പി നല്‍കി-അനഘ പറയുന്നു.
എണ്ണ തേയ്ക്കണ്ടേ?
മുത്തശ്ശിയുടെ ഹെര്‍ബല്‍ എണ്ണയുടെ റെസിപി കിട്ടിയിട്ടും പല സുഹൃത്തുക്കളും ഹാപ്പി ആയില്ല. കാരണം, പച്ചമരുന്നുകള്‍ കണ്ടെത്തുക, എണ്ണ കാച്ചുക എന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. അനഘ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ക്കും കുറച്ചു താ…എന്ന് സുഹൃത്തുക്കള്‍ പറയാന്‍ തുടങ്ങിയപ്പോഴാണ്, തന്നെ പോലെ അലര്‍ജി ഉള്ളവര്‍ എങ്ങനെ ഈ എണ്ണ തേയ്ക്കും എന്ന ചിന്ത ഉണ്ടാകുന്നത്. ഡസ്റ്റ് അലര്‍ജി, ടെക്‌സ്‌റ്റൈല്‍ അലര്‍ജി, പ്രെഷര്‍ അലര്‍ജി, ക്‌ളൈമറ്റ് അങ്ങനെ ഒരുമാതിരി എല്ലാവിധ അലര്‍ജികളും ഉള്ള അനഘ മുത്തശ്ശിയുടെ എണ്ണകൂട്ടില്‍ തന്റേതായ ചില പച്ചമരുന്നുകള്‍ കൂടി ചേര്‍ത്തൊരു പരീക്ഷണം നടത്തി. വിചാരിച്ചതിലും മികച്ച പ്രതികരണമാണ് കാച്ചെണ്ണക്ക് കിട്ടിയത്.

ഉപയോഗിച്ചവര്‍ വീണ്ടും ആവശ്യപ്പെടാന്‍ തുടങ്ങി. എണ്ണ ഉപയോഗിച്ച് ഫലം കണ്ടവരില്‍ ചിലര്‍ എണ്ണക്ക് പണം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നു. അപ്പോഴും ഇതൊരു ബിസിനസ് ആകുമെന്ന ഒരു ധാരണയും ഇല്ലാതെ തന്റെ പിഎച്ച്ഡി പഠനവുമായി മുന്നോട്ട് പോകുകയായിരുന്നു അനഘ. 10 ലിറ്റര്‍ എണ്ണ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി കാച്ചാന്‍ അനഘ തീരുമാനിച്ചു. എണ്ണ ഉണ്ടാക്കിയപ്പോള്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു.
എണ്ണ റെഡി ! എന്ന ആ പോസ്റ്റിനു കീഴില്‍ മുന്‍പ് ഉപയോഗിച്ചവര്‍ നല്ല അഭിപ്രായങ്ങള്‍ പങ്കുവച്ചു. അതോടെ തലമുടിയുടെ പരിചരണം പ്രശ്നമായി നില്‍ക്കുന്നവര്‍ എണ്ണക്കുള്ള ഓര്‍ഡറുമായി എത്താന്‍ തുടങ്ങി. ആദ്യം 15 പേര്‍ക്കുള്ള എണ്ണയുണ്ടാക്കിയിടത്ത് നിന്നും പിന്നീട് ഓര്‍ഡര്‍ 30ലേക്കും ആഴ്ചയില്‍ നൂറിലേക്കും വളര്‍ന്നു. അതോടെ ഇത്രയും മികച്ച ഒരു ഉല്‍പ്പന്നത്തിനുള്ള വിപണി സാധ്യത ഉപയോഗപ്പെടുത്തണം എന്നും ബിസിനസ് ആയി തുടങ്ങണമെന്നും സുഹൃത്തുക്കളില്‍ നിന്ന് തന്നെ അഭിപ്രായം വന്നു. അങ്ങനെയാണ് ഋതു എന്ന ബ്രാന്‍ഡിന്റെ തുടക്കം.
മകള്‍ ഋതുപര്‍ണയുടെ പേരില്‍ നിന്നുമാണ് ഉല്‍പ്പന്നത്തിന് ഋതു എന്നും കമ്പനിക്ക് പര്‍ണ എസ്സന്‍ഷ്യല്‍സ് എന്നും പേര് നല്‍കിയിരിക്കുന്നത്. ഉപയോഗിച്ചവര്‍ നല്ല അഭിപ്രായം ടെസ്റ്റിമോണിയലുകളുടെ രൂപത്തില്‍ പങ്കു വയ്ക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ഋതു കത്തിക്കയറി. ആവശ്യക്കാര്‍ യാതൊരു പരസ്യവും കൂടാതെ ഓര്‍ഗാനിക് ഗ്രോത്തിലൂടെ എത്തി. ഇത്രയൊക്കെ ആയപ്പോള്‍ ഋതു ഹെയര്‍ ആന്‍ഡ് സ്‌കിന്‍ ഫാമിലി എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ് ഉപഭോക്താക്കളുടെ നിര്‍ദേശപ്രകാരം തുടങ്ങി. വിരലില്‍ എണ്ണാവുന്ന ഉപഭോക്താക്കളില്‍ നിന്നും പ്രതിമാസം 150 ലിറ്റര്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് ഋതു വളര്‍ന്നു.

എന്നാല്‍ സംരംഭകരംഗത്തെ ഈ മാറ്റത്തിനൊപ്പം അനഘയുടെ പ്രൊഫഷനിലും മാറ്റങ്ങള്‍ വന്നു.ആഗ്രഹിച്ചു നേടിയ പത്രപ്രവര്‍ത്തകയുടെ കുപ്പായത്തില്‍ നിന്നും ത്യശൂര്‍ സെന്റ് തോമസ് കോളേജിലെ ജേണലിസം വിഭാഗം അധ്യാപികയുടെ റോളിലേക്ക് അനഘ മാറി. ഋതു ഹെയര്‍ കെയര്‍ ഫാമിലി എന്നതില്‍ നിന്നും ഋതു ഹെയര്‍ ആന്‍ഡ് സ്‌കിന്‍ ഫാമിലി എന്ന തലത്തിലേക്ക് സ്ഥാപനം വളര്‍ന്നു.
തലമുടിയുടെ പരിചരണം പോലെ തന്നെ പ്രശ്നമാണ് ചര്‍മസംരക്ഷണം എന്ന് മനസിലാക്കിയാണ് അനഘ ആയുര്‍വേദ ഗ്രന്ഥങ്ങള്‍, ഹെര്‍ബല്‍ സയന്‍സ്, കോസ്മറ്റോളജി എന്നീ മേഖലകളില്‍ വിശദമായ പഠനം നടത്തി ചര്‍മ്മ സംരക്ഷണത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയത്. ഋതു ലൂഫ ബാത്തിംഗ് ബാര്‍, ഋതു ഷാംപൂ, ഋതു സ്‌കിന്‍ കെയര്‍ ഓയില്‍, ഋതു ലിപ് ബാം, ഋതു ബോഡി മോയ്‌സ്ചറൈസര്‍, ഋതു ഫേസ്പാക്ക്, ഋതു ഫേസ്വാഷ് തുടങ്ങി 16 ഉല്‍പ്പന്നങ്ങള്‍ ഋതു എന്ന ബ്രാന്‍ഡിലൂടെ വിപണിയിലെത്തിച്ചു.
പര്‍ണ എസ്സെന്‍ഷ്യല്‍സ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്ത് ഡയറക്റ്റര്‍മാരായി ബാങ്കില്‍ നിന്നും വിരമിച്ച അമ്മയെയും സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച അച്ഛനെയും നിയമിച്ചു. റിട്ടയര്‍മെന്റില്‍ ഒരു മകള്‍ എന്ന നിലയില്‍ അച്ഛനമ്മമാര്‍ക്ക് നല്‍കിയ ഏറ്റവും മികച്ച സമ്മാനമാണ് തന്റെ സ്ഥാപനത്തിലെ ഡയറക്റ്റര്‍ പദവിയും അതിലൂടെ നല്‍കുന്ന ശമ്പളവും എന്ന് അനഘ പറയുന്നു.
24 X 7 സംരംഭക
അനേകം സംരംഭകരുടെ അനുഭവങ്ങള്‍ ആര്‍ട്ടിക്കിളുകളായി എഴുതിയിട്ടുണ്ടെങ്കിലും സ്വയം ആ മേഖലയില്‍ എത്തിയപ്പോഴാണ് സംരംഭകത്വം എന്നത് അത്ര ചെറിയ കാര്യമല്ല എന്ന് മനസിലായത്. ഒന്നും നാളേക്ക് മാറ്റി വയ്ക്കാന്‍ പാടില്ല. എന്ത് ജോലിയും ചെയ്യാനുള്ള മനസുണ്ടാകണം. പച്ചമരുന്നുകള്‍ പറിക്കാനും പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനും വരെ അനഘ സ്വയം ഇറങ്ങുന്നു.
ആ മനസാണ് അനഘയുടെയും ഋതുവിന്റെയും വളര്‍ച്ചയുടെ രഹസ്യം. ഇന്ത്യക്ക് അകത്തും പുറത്തും ഋതു വിതരണം ചെയ്യപ്പെടുന്നുണ്ട്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഋതു ഓഫ്ലൈന്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് ശ്രീജിത്ത് രവി, മകള്‍ ഋതുപര്‍ണ എന്നിവര്‍ മാതാപിതാക്കള്‍ക്കൊപ്പം അനഘക്ക് മികച്ച പിന്തുണ നല്‍കുന്നു.

