ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുന്നവരെല്ലാം തന്നെ ഇപ്പോള്‍ രേഖകള്‍ സൂക്ഷിക്കാന്‍ ഡിജി ലോക്കര്‍ ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ തന്നെയാണ് ഈ സംവിധാനം ആക്ടിവേറ്റ് ചെയ്യാന്‍ കമ്പനികളോട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചത്.
എന്നാല്‍ ഡിജി ലോക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിലയിരുത്തിയ ശേഷം മാത്രമാകണം ഈ സേവനം ഉപയോഗിക്കേണ്ടത്. മൊബൈല്‍ ആപ്പിലോ അല്ലെങ്കില്‍ വെബ്ബിലോ വിലപിടിപ്പുള്ള രേഖകള്‍ ആധികാരികമായി സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡിജി ലോക്കര്‍.
ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന സേവനമാണിത്. പോളിസി ഉടമകളില്‍ നിന്നുള്ള പരാതികള്‍ കുറയ്ക്കുന്നതിന് ഡിജി ലോക്കര്‍ സംവിധാനം ഉപകരിക്കുമെന്നാണ് കരുതുന്നത്. പോളിസി രേഖകള്‍ സമയത്ത് ലഭ്യമായില്ല എന്നതടക്കമുള്ള പരാതികള്‍ക്കും ഇതിലൂടെ അവസാനം കാണാം.
ഇനി ഇന്‍ഷൂറന്‍സ് പോളിസി ക്ലെയിമുകള്‍ ലഭിക്കണമെങ്കിലും ഇതാണ് മികച്ച മാര്‍ഗം. ക്‌ളൈമുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സംവിധാനം പര്യാപ്തമാണ്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സ്, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ രേഖകള്‍, പാന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇവ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.

