ഇന്‍ഫ്ളുവന്‍സര്‍മാര്‍! ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്ന ഒരു പദമാണിത്. ഇന്‍ഫ്ളുവന്‍സ് ചെയ്യുന്നവര്‍ അഥവാ സ്വാധീനിക്കുന്നവര്‍ എന്ന് അര്‍ത്ഥം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പറയുന്നത്. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് കണ്ടന്റ് എത്തിക്കാന്‍ സാധിക്കുന്ന കരുത്തുറ്റ സാമൂഹ്യ മാധ്യമങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഈ ശേഷി ബുദ്ധിപൂര്‍വം പ്രയോജനപ്പെടുത്തി ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിപ്പെട്ട് അത് വരുമാനമാക്കി മാറ്റുന്നവരാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍.
വെറും സോഷ്യല്‍ മീഡിയ കളി എന്നു പറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ. 2022 ല്‍ 1200 കോടി രൂപയുടേതായിരുന്നു ഇന്ത്യന്‍ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഇന്‍ഡസ്ട്രി. 2026 ല്‍ ഇത് 2800 കോടി രൂപയിലേക്ക് വളരുമെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 25%. വളരെയധികം സാധ്യതയുള്ള ഒരു മേഖലയാണിതെന്ന് സാരം. സ്വന്തം സ്‌കില്ലുകളെ പണമായി പരിവര്‍ത്തനം ചെയ്യാനുള്ള ഒരു ഗംഭീര മാര്‍ഗം അതാണ് സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്ളുവന്‍സര്‍ എന്ന കരിയര്‍.
ഒരു പോസ്റ്റിന് 3.5 ലക്ഷം രൂപ!
ഒരു പോസ്റ്റിന് 3.5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ വരുമാന മാര്‍ഗം അറിഞ്ഞാല്‍ അത്ഭുതം വരില്ല.
നല്ല റീച്ചുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളായ യൂട്യൂബും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മറ്റും പ്രതിമാസം അത്യാവശ്യം മെച്ചപ്പെട്ട ഒരു തുക നല്‍കുന്നുണ്ട്. എന്നാല്‍ ബ്രാന്‍ഡുകളാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ പോക്കറ്റ് നിറയ്ക്കുന്നത്. 2 ലക്ഷം മുതല്‍ 10 ലക്ഷം വരെ ഫോളോവേഴ്സുള്ള ഒരു ഇന്‍ഫ്ളുവന്‍സര്‍ക്ക് ബ്രാന്‍ഡുകള്‍ തങ്ങളുടെ പ്രൊമോഷനായി 1.5 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെ നല്‍കാറുണ്ട്. തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ സ്പോണ്‍സേര്‍ഡ് പോസ്റ്റുകളായി ബ്രാന്‍ഡുകളെ പ്രൊമോട്ട് ചെയ്യുകയാണ് ഇന്‍ഫ്ളുവന്‍സര്‍ ചെയ്യേണ്ടത്.
ബ്രാന്‍ഡ് അംബാസഡര്‍
ഇന്‍ഫ്ളുവന്‍സര്‍ ഒന്നു കൂടി തിളങ്ങിയാല്‍ ബ്രാന്‍ഡുകളുടെ അംബാസഡറാവാനുള്ള അവസരമുണ്ട്. ദീര്‍ഘകാലത്തേക്ക് സ്ഥിരവരുമാനം ഉറപ്പാക്കാവുന്ന ജോലിയാവും ഇത്. തങ്ങളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം നിലനിര്‍ത്തുന്നതിനൊപ്പം പ്രസ്തുത ബ്രാന്‍ഡിനെ പരമാവധി മാര്‍ക്കറ്റ് ചെയ്യുകയാവും ഇന്‍ഫ്ളുവന്‍സര്‍ ചെയ്യേണ്ടത്.
പ്രൊഡക്റ്റ് റിവ്യൂ, പ്രൊമോ കോഡ്
പ്രൊഡക്റ്റ് റിവ്യുകളിലൂടെ വരുമാനം ഉണ്ടാക്കുന്ന ഇന്‍ഫ്ളുവന്‍സര്‍മാരുണ്ട്. പ്രസ്തുത ബ്രാന്‍ഡ് തരക്കേടില്ലാത്ത തുക ഇതിനായി നല്‍കും. അഫിലിയേറ്റ് മാര്‍ക്കറ്റിംഗിലൂടെയും വരുമാനം കൊയ്യാം. ഇന്‍ഫ്ളുവന്‍സര്‍മാര്‍ പ്രൊമോ കോഡുകളും മറ്റും നല്‍കുന്നത് കണ്ടിട്ടില്ലേ. ഈ പ്രൊമോ കോഡ് നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് പ്രൊഡക്റ്റുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. ഇന്‍ഫ്ളുവന്‍സര്‍ക്കും അതിന്റെ ഒരു വിഹിതം ലഭിക്കും.
സ്വന്തം സംരംഭം
ഇന്‍ഫ്ളുവന്‍സര്‍ ഒരു സംരംഭകനാണെങ്കില്‍ തന്റെ പ്രൊഡക്റ്റ് സ്വയം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രൊമോട്ട് ചെയ്ത് ബിസിനസ് മെച്ചപ്പെടുത്താം. സ്വന്തം സംരംഭം മാര്‍ക്കറ്റ് ചെയ്യാനിറങ്ങി ഇന്‍ഫ്ളുവന്‍സര്‍മാരായി മാറിയ ധാരാളം പേര്‍ നമ്മുടെ ചുറ്റും തന്നെയില്ലേ.
മറ്റൊരു വരുമാന മാര്‍ഗം ഇവന്റുകളിലും മറ്റും പ്രഭാഷകരായി പ്രത്യക്ഷപ്പെടുന്നതാണ്. തങ്ങളുടെ വൈദഗ്ധ്യമാവും ഇത്തരം ഇവന്റുകളില്‍ പങ്കുവെക്കേണ്ടത്. ഇവന്റുകളുടെയും മറ്റും അവതരണം ഏറ്റെടുത്തും ഇന്‍ഫ്ളുവന്‍സര്‍മാര്‍ വരുമാനം ഉണ്ടാക്കാറുണ്ട്.
വേണം ഉപദേശം
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് അടിമുടി പഠിച്ചു കഴിഞ്ഞാല്‍ പിന്നെയും സാധ്യതകളാണ്. വലിയ കമ്പനികള്‍ പോലും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ വമ്പന്‍ ടീമിനെ വെക്കുന്ന കാലമാണ്. പല സ്ഥാപനങ്ങള്‍ക്കും വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപദേശകരായി ആവശ്യമുണ്ട്.
പരസ്യങ്ങള്‍
ഇനി നല്ല റീച്ചുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജില്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ നല്‍കിയും വരുമാനമുണ്ടാക്കാം. മുഖ്യധാരാ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതുപോലെ തന്നെ ഗുണകരമാണ് ഇതെന്ന് ബ്രാന്‍ഡുകള്‍ക്ക് മനസിലായിട്ടുണ്ട്. ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ കണ്ടന്റിനിടയിലും ഇടം കൊടുക്കാന്‍ ഇന്‍്ഫ്ളുവന്‍സര്‍മാര്‍ക്ക് സാധിക്കും.
റീലുകളാണ് രാജാവ്
വളരെ ഹ്രസ്വമായ വീഡിയോകളായ റീലുകളും ഷോര്‍ട്ടുകളും മറ്റും അടുത്തിടെ ഏറ്റവും ജനപ്രിയമായ കണ്ടന്റുകളായി മാറിയിട്ടുണ്ട്. ലൈവ് സ്ട്രീമിംഗുകളും ഇന്‍ഫ്ളുവന്‍സര്‍മാരെ അടുത്തിടെ കൂടുതല്‍ ജനപ്രിയരാക്കിയിരിക്കുന്നു.
2021-22 കാലത്ത് സ്റ്റാര്‍ട്ടപ്പുകളും മറ്റുമാണ് ഇന്‍ഫ്ളുവന്‍സര്‍മാരെയും സാമൂഹ്യ മാധ്യമങ്ങളെയും കൂടുതലായി പ്രയോജനപ്പെടുത്തിയത്. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പരമ്പരാഗത ബിസിനസുകളാണ് ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സര്‍മാരെയും സോഷ്യല്‍ മീഡിയയെയും ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്.
വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വരുമാനം ലഭിക്കുന്ന മാനദണ്ഡം കൂടി പരിശോധിക്കാം. ഫേസ്ബുക്കില്‍ 10000 ഫോളോവര്‍മാരാണ് വേണ്ടതെങ്കില്‍ യൂട്യൂബില്‍ മോണറ്റൈസേഷന് മിനിമം 1000 സബ്സ്‌ക്രൈബര്‍മാര്‍ മതി. 4000 പബ്ലിക് വാച്ചിംഗ് അവറുമായാല്‍ യൂട്യൂബില്‍ നിന്ന് വരുമാനം ലഭിച്ചുതുടങ്ങും. ട്വിറ്ററും അടുത്തിടെ കൊണ്ടുവന്ന സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ ഉപയോഗിച്ച് സബ്സ്‌ക്രൈബര്‍മാരില്‍ നിന്ന് ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് വരുമാനമുണ്ടാക്കാനാവും.
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവര്‍മാരുടെ എണ്ണം, പോസ്റ്റുകളുടെ പ്രതികരണം, പോസ്റ്റ് ചെയ്യുന്ന കൃത്യമായ ഇടവേളകള്‍ എന്നിവയെല്ലാം കണക്കാക്കി ഓരോ പോസ്റ്റിനും 5000 മുതല്‍ 3 ലക്ഷം രൂപ വരെ നേടാന്‍ സാധിക്കും. അപ്പോള്‍ ഇന്‍ഫ്ളുവന്‍സര്‍ എന്നത് വളരെ സീരിയസായ ഒരു പ്രാഥമിക വരുമാന സ്രോതസും കരിയറും തന്നെ ആയി മാറിയിട്ടുണ്ടെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ലെന്ന് സാരം. അല്‍പ്പം സ്‌കില്ലും ചിന്താശേഷിയും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ മികച്ചൊരു വരുമാനമാര്‍ഗമായി സോഷ്യല്‍ മീഡിയ മാറുമെന്ന് ഉറപ്പ്.

