ലാഭത്തില്‍ നിന്ന് സമൂഹത്തിന് എന്ത് തിരിച്ചുനല്‍കാമെന്നാണ് തങ്ങള്‍ എപ്പോഴും ചിന്തിക്കുന്നതെന്ന് അന്ന കിറ്റെക്സ് ഗ്രൂപ്പ് സിഎംഡി ബോബി എം ജേക്കബ്
എന്താണ് ലാഭം?
നമ്മള്‍ നല്‍കുന്ന ഉല്‍പ്പന്നത്തില്‍നിന്നോ സേവനത്തില്‍ നിന്നോ ഉപഭോക്താവിന് പ്രയോജനം കിട്ടുന്നുണ്ടെങ്കില്‍ അതാണ് ലാഭം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ സംതൃപ്തരാകുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന നല്ല അഭിപ്രായങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ഒരു കസ്റ്റമറില്‍ നിന്ന് ലഭിക്കുന്ന ആ പോസിറ്റീവ് എനര്‍ജി കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുവാനും ഗുണമേന്മയില്‍ ഒട്ടും കുറവ് വരുത്താതെ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാനും പ്രചോദനം നല്‍കുന്നു. അമ്പതു ദശകങ്ങള്‍ അന്ന കിറ്റെക്സ് ഗ്രൂപ്പ് പിന്നിട്ടത് ലാഭം ഒന്നുകൊണ്ടു മാത്രമല്ല. അന്നത്തെ തലമുറയും ഇന്നത്തെ തലമുറയും ഒരുപോലെ ഞങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കൂടിയാണ് അതിന് കാരണം.

സമൂഹത്തിന് തിരിച്ചുനില്‍കുന്നു
ലാഭമുണ്ടാക്കുക എന്നതല്ല അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ ലക്ഷ്യം. കിട്ടുന്ന ലാഭത്തില്‍ നിന്ന് സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാം എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഏതൊരു കാര്യം ചെയ്യുമ്പോഴും, ബിസിനസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും കൃത്യമായ കാഴ്ച്ചപ്പാട് വേണം. അന്ന അലൂമിനിയം കമ്പനിയുടെ തുടക്കം തന്നെ അങ്ങനെയൊരു വ്യക്തമായ തീരുമാനത്തില്‍ നിന്നായിരുന്നു-കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുക.
എട്ടു പേരില്‍ തുടങ്ങി പതിനയ്യായിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമായി ഇന്ന് കമ്പനി വളര്‍ന്നത് ആ കാഴ്ചപ്പാടില്‍ നിന്നാണ്. ഇനിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കമ്പനി വളര്‍ന്നേ തീരൂ. അതിനു വേണ്ടി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. കൂടുതല്‍ ഈടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ലാഭവും കൂടും. അങ്ങനെയുണ്ടാകുന്ന പണത്തിനാണ് മൂല്യം. അത് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കണം.

മാറ്റങ്ങളെ ഉള്‍ക്കൊണ്ടായിരിക്കണം മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പും. സമചിത്തതയോടെ ശാന്തമായി പ്രശ്നങ്ങളെ വിശകലനം ചെയ്യുക. ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തില്‍ നിന്നും നമുക്ക് കിട്ടുന്ന റിസള്‍ട്ട് എന്താകും എന്ന് മുന്‍കൂട്ടി ചിന്തിക്കുവാന്‍ കഴിയണം. നിയമപരമായി ബിസിനസ് ചെയ്യുന്ന ഒരാള്‍ക്ക് തീര്‍ച്ചയാനും വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബിസിനസിലും ജീവിതത്തിലും തളരാതെപിടിച്ചുനില്‍ക്കുക എന്നത് നമ്മുടെ ആവശ്യമാണ് ഒപ്പം ശ്രമകരവും.
കസ്റ്റമര്‍ എന്താണ് നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കി അതനുസരിച്ച് ഒരു സംരംഭം എന്ന നിലയില്‍ അവര്‍ ഡിമാന്‍ഡ് ചെയ്യുന്നത് അവര്‍ക്ക് എത്തിച്ചു കൊടുക്കുക. പരസ്യം ചെയ്യുന്നതിലൂടെ കസ്റ്റമറുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക. ഐഎസ്ഐ പോലുള്ള ദേശീയ, അന്താരാഷ്ട്ര ഗുണ നിലവാര സൂചികകള്‍ അനുസരിച്ചുള്ള ക്വാളിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുക. പ്രവര്‍ത്തന മേഖലയില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവയെ കുറിച്ച് ആഴത്തിലുള്ള പുതിയ അറിവുകള്‍ നേടുകയും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം.
ലാഭത്തെ തള്ളിപ്പറയുന്നവരോട്…
മനുഷ്യരുടെ മനോഗതി മാറ്റിയെടുക്കുന്നതു ശ്രമകരമാണ്. ഏല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവാം. അതിനു ന്യായങ്ങളും അവര്‍ കണ്ടെത്തും. ശരിയായ അഭിപ്രായങ്ങളാണെങ്കില്‍ അത് നാം മാനിക്കണം. അല്ലാത്തപക്ഷം തള്ളിക്കളയുകയേ നിവൃത്തിയുള്ളു. നാം ചെയ്യുന്നത് ശരിയാണെന്നു നമുക്ക് ബോധ്യമുണ്ടെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പറയുന്നതിന് ചെവികൊടുക്കേണ്ട കാര്യമില്ലല്ലോ.
ഒരു സംരംഭത്തിന് ലാഭം കിട്ടുന്നുണ്ടെങ്കില്‍ അതിന്റെ പിറകില്‍ കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവും സ്ഥിരോത്സാഹവും ഉണ്ടാകും. നേരായ മാര്‍ഗത്തിലല്ല ലാഭം കിട്ടുന്നത് എങ്കില്‍ സംരംഭത്തിന് നിലനില്‍പ്പുണ്ടാകില്ല. ലാഭം എന്നത് വളര്‍ച്ചയുടെ അടയാളമാണ്. കമ്പനിക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം നികുതിയായി സര്‍ക്കാരിലേക്ക് പോകുന്നു. ഇതാണ് സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണമാണ് ഉപയോഗിക്കുന്നത്.

നല്ല ലാഭമുണ്ടാക്കുന്ന കമ്പനികള്‍ ഉണ്ടെങ്കിലേ സര്‍ക്കാരിനും വരുമാനം കൂടുകയുള്ളു. അപ്പോള്‍ നാട് വികസിക്കും. ഉദാഹരണത്തിന് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗ്രാമമല്ല ഇന്നത്തെ കിഴക്കമ്പലം. അന്ന കിറ്റെക്സ് വളര്‍ന്നതിനോടൊപ്പം തന്നെ ആ ഗ്രാമവും വളര്‍ന്നു. ജനങ്ങളുടെ ജീവിത നിലവാരവും ഉയര്‍ന്നു.
ഒരു വ്യവസായ സ്ഥാപനത്തിന് എങ്ങനെ ഒരു പ്രദേശത്തെ നല്ല രീതിയില്‍ മാറ്റിയെടുക്കാം എന്ന് അന്ന കിറ്റെക്സ് ഗ്രൂപ്പ് തെളിയിച്ചു. നല്ല മാതൃകകള്‍ കണ്മുന്നില്‍ തെളിയുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നത് മാത്രമാണ് വിമര്‍ശകര്‍ക്ക് മുന്നിലുള്ള പോംവഴി. ലാഭം നല്‍കുന്ന കമ്പനികളെ ‘ബൗര്‍ശ്വാസീ’ എന്ന് വിളിച്ചു പരിഹസിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിന് വരുമാനം നല്‍കുന്നവരാണ് എന്ന് മനസിലാക്കി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്.

