സ്വാതന്ത്ര്യത്തിന് ശേഷമുള്ള പതിറ്റാണ്ടുകളില്‍ ഇന്ത്യയുടെ വളര്‍ച്ചാദിശ നിശ്ചയിച്ചത് മുഖ്യമായും ടാറ്റ-ബിര്‍ള പോലുള്ള പരമ്പരാഗത ബിസിനസ് കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് ഇന്ത്യയുടെ സമ്പത്ത് സൃഷ്ടിക്കല്‍ പ്രക്രിയ പ്രധാനമായും ചേരുംപടിചേര്‍ക്കപ്പെടുന്നത് മുകേഷ് അംബാനിയുമായും ഗൗതം അദാനിയുമായാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണെങ്കിലും സമ്പത്ത് സൃഷ്ടിക്കല്‍ കഥകളിലേക്ക് വരുമ്പോള്‍ ചര്‍ച്ച നീളുന്നത് അംബാനി-അദാനി ശതകോടീശ്വര ലീഗിലേക്കാണ്. ലോകത്തിലെയും ഏഷ്യയിലെയും അതിസമ്പന്നരുടെ പട്ടികയില്‍ അവര്‍ തുടര്‍ച്ചയായി ഇടം നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ ഗൗതം അദാനി അല്‍പ്പം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു.

ശതകോടീശ്വരപട്ടികയിലെ പ്രധാനികളെല്ലാം കുടുംബബിസിനസിന്റെ പാരമ്പര്യം കൂടി പേറി എത്തിയവരാണ്. എന്നാല്‍ ഗൗതം അദാനി ഒന്നാം തലമുറ സംരംഭകനാണ്. അതുകൊണ്ടുതന്നെ അദാനിയുടെ വിജയകഥ അവിശ്വസനീയവും കൂടുതല്‍ പ്രചോദനാത്മകവുമാകുന്നു. ഹുറണ്‍ ഇന്ത്യ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട സമ്പന്ന പട്ടിക പ്രകാരം 11.6 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ സാരഥിയുടെ ആസ്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം 8.3 മടങ്ങാണ് അദാനിയുടെ സമ്പത്തിലുണ്ടായ വര്‍ധന. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ഉള്‍പ്പടെ പലതും അതിജീവിച്ചാണ് ഇതെന്നത് ശ്രദ്ധേയം.
2025ലെ തിരിച്ചടികള്‍
2025ല്‍ അദാനിയുടെ സമ്പത്തില്‍ വലിയ ചോര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നതും വാസ്തവമാണ്. ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചിക അനുസരിച്ച് ഈ വര്‍ഷം അദാനി ഗ്രൂപ്പ് ചെയര്‍മാന്റെ ആസ്തിയില്‍ 13.9 ബില്യണ്‍ ഡോളര്‍ ഇടിവാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് ആദ്യവാലം ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 64.8 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി.
5 വര്‍ഷം, വളര്‍ച്ച അവിശ്വസനീയം
അതേസമയം 2025ന് മുമ്പുള്ള അഞ്ച് വര്‍ഷത്തില്‍ അദാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന അസാധാരണമാണ്. അദാനിക്കെതിരെ 2023 ജനുവരിയിലാണ് ആദ്യമായി യുഎസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് നിക്ഷേപം വന്ന സ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നായിരുന്നു 2024 ഓഗസ്റ്റില്‍ ഹിന്‍ഡെന്‍ബര്‍ഗ് അദാനിയെ ഉന്നം വെച്ച് തൊടുത്ത രണ്ടാമത്തെ ആരോപണം. അദാനി ഓഹരികളില്‍ താല്‍ക്കാലിക ഉലച്ചില്‍ വന്നെങ്കിലും ഈ ആരോപണങ്ങളും ഗ്രൂപ്പിന്റെ കുതിപ്പിനെ കാര്യമായി ബാധിച്ചില്ല.

ഹുറണ്‍ സമ്പന്നപട്ടികയിലെ വിശകലനം അനുസരിച്ച് 2024ല്‍ മാത്രം ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായത് 95 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് അതിഗംഭീരവും. 2020ല്‍ അദാനിയുടെ ആസ്തി 140,200 കോടി രൂപയായിരുന്നു. എന്നാല്‍ 2024 എത്തിയപ്പോഴേക്കും ഇത് 11.61 ലക്ഷം കോടി (11,61,800) കോടി രൂപയായി ഉയര്‍ന്നു. അതായത് സമ്പത്തില്‍ കേവലം അഞ്ച് വര്‍ഷം തികയുന്നതിന് മുമ്പുണ്ടായ വര്‍ധന 8.3 മടങ്ങ്. അഞ്ച് വര്‍ഷത്തിനിടെ സമ്പത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടാക്കിയ ഇന്ത്യക്കാരന്‍ ഗൗതം അദാനിയാണെന്നത് അദ്ദേഹത്തിന്റെ വളര്‍ച്ചാകുതിപ്പിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം സമ്പത്തില്‍ കൂട്ടിച്ചേര്‍ത്തത് 1,021,600 കോടി രൂപയാണ്.
എഫ്എംസിജി, തുറമുഖം, വിമാനത്താവളങ്ങള്‍, ഊര്‍ജോല്‍പ്പാദനം, ഹരിതോര്‍ജം, ഇന്‍ഫ്ര തുടങ്ങി നിരവധി മേഖലകളില്‍ സാന്നിധ്യമുണ്ട് അദാനി ഗ്രൂപ്പിന്. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ അദാനിയാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ഗുജറാത്തിലെ മുന്ദ്രയെ നിയന്ത്രിക്കുന്നതും അദാനി തന്നെ. 1978ല്‍ പതിനാറാം വയസില്‍ രത്‌ന വ്യാപാരത്തില്‍ ഭാഗ്യം പരീക്ഷിച്ചാണ് അദാനി ഗുജറാത്തില്‍ നിന്നും മുംബൈയിലെത്തിയത്. അത് കഴിഞ്ഞ് ഗുജറാത്തിലേക്ക് തന്നെ തിരിച്ചുപോയി സഹോദരന്റെ പ്ലാസ്റ്റിക് ഫാക്റ്ററി നോക്കിനടത്തി.
എന്നാല്‍ 1988ല്‍ അദാനി എന്റര്‍പ്രൈസസ് എന്ന പേരില്‍ ഒരു ചരക്ക് വ്യാപാര ബിസിനസ് തുടങ്ങിയതോടെ വിജയക്കുതിപ്പിന്റെയും ശുഭാരംഭമായിരുന്നു. 2024 അവാസനത്തോടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 15.5 ലക്ഷം കോടി രൂപയിലേക്കെത്തി. ആകെ 10 ലിസ്റ്റഡ് കമ്പനികളാണ് ഗ്രൂപ്പിലുള്ളത്. അദാനി പോര്‍ട്‌സ്, അദാനി എനര്‍ജി, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ തുടങ്ങിയ പ്രധാന കമ്പനികളെല്ലാം തന്നെ വമ്പന്‍ കുതിപ്പാണ് ഓഹരി വിപണിയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ആകെ കണക്കെടുക്കുമ്പോള്‍ നടത്തുന്നത്.
