സ്വന്തമായൊരു സംരംഭം തുടങ്ങി വിജയിപ്പിച്ച ശേഷം, അതിന്റെ ലാഭവിഹിതത്തില്‍ നിന്നും നിശ്ചിത തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സംരംഭകര്‍ വിനിയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍,
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി മാത്രം ഒരു സംരംഭം തുടങ്ങുക, അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഏറിയ പങ്കും ചാരിറ്റിക്കായി വിനിയോഗിക്കുക, പിന്നീട് ആ സംരംഭം വിറ്റ് കിട്ടിയ തുകകൊണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുക… കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ എന്ന ധീഷണാശാലിയെ വ്യവസായികള്‍ക്കിടയിലെ ഫിലാന്ത്രോപിസ്റ്റ് എന്നും ഫിലാന്ത്രോപിസ്റ്റുകള്‍ക്കിടയിലെ വ്യവസായിയെന്നും വിശേഷിപ്പിക്കുന്നത് ഇത് കൊണ്ടാണ്. സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍.

ഓരോ വ്യക്തിയുടെയും ജീവിതത്തിന് പിന്നില്‍ ഒരു നിയോഗമുണ്ടാകും. കൃത്യമായ സമയത്ത് അത് തിരിച്ചറിയുകയാണ് അതിനനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് മുന്നേറുകയും ചെയ്യുക എന്നതാണ് വേണ്ടത്. ഇത്തരത്തില്‍ തന്റെ ജന്മനിയോഗം തിരിച്ചറിഞ് ആ ലക്ഷ്യത്തിലേക്കെത്താന്‍ ഇറങ്ങിത്തിരിച്ചവ്യക്തിയാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍. ഒരു സംരംഭകന്‍ എന്നതിലുപരിയായി ഒരു മനുഷ്യസ്‌നേഹി എന്ന് സ്വയം അടയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുര്യന്‍ ജോണിന്റെ നിയോഗം സാമൂഹ്യ സേവനമായിരുന്നു. മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മേധാവിയുമായ അദ്ദേഹം സാമൂഹ്യസേവനത്തിനുള്ള ഒരു മാര്‍ഗമായാണ് തന്റെ സംരംഭത്തെ കണ്ടത്. സാമൂഹ്യസേവനത്തിന് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച അദ്ദേഹം തന്റെ ജീവിതം തന്നെ ഈ മേഖലയില്‍ ഒരു സന്ദേശമായി കാണിച്ചു തരുന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നത് കുര്യന്‍ ജോണിനെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു ഭാഗമല്ല, ജീവിതം തന്നെയാണ്. തന്റെ അച്ഛന്റെ ആകസ്മികമായ മരണമാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. 1954 മെയ് 14 ന് തിരുവല്ലയില്‍ എം.വി ജോണിന്റെയും ലീലാമ്മയുടേയും മകനായി ഒരു പരമ്പരാഗത ബിസിനസ്സ് കുടുംബത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് എം.വി. ജോണിനോട് ഒരു സുഹൃത്തിനോട് എന്ന പോലെ അടുത്ത ബന്ധമായിരുന്നു കുര്യന്‍ ജോണിന്. ആദര്‍ശങ്ങളുടെയും ശക്തമായ തത്ത്വങ്ങ
ളുടെയും ആള്‍രൂപമായിരുന്നു എം വി ജോണ്‍.

കുര്യന്‍ ജോണിന്റെ മാര്‍ഗദര്‍ശിയും കരുത്തുമായിരുന്നു പിതാവ്. എന്നാല്‍ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം വേര്‍പിരിയുകയായിരുന്നു. കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ തനിക്ക് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന തിരിച്ചറിവില്‍ നിന്നുമാണ് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള മനസ് അദ്ദേഹത്തിന് ലഭിക്കുന്നത്.
സാമ്പത്തികമായ പ്രശ്‌നങ്ങള്‍ മൂലം ശാരീരിക അവശതകള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്കും ജീവന്‍ നഷ്ടപ്പെടരുത് എന്ന ദൃഢനിശ്ചയത്തില്‍ നിന്നുമാണ് 1986 ല്‍ എംവിജെഎം ചാരിറ്റബിള്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഇന്‍ഡോര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് സാമുഹിക സേവനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിനു തുടക്കം കുറിച്ചത് തന്നെ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായിട്ടാണ്.

സംരംഭത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം വിനിയോഗിച്ചത്. അതിനാല്‍ തന്നെ വ്യവസായികള്‍ക്കിടയിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കിടയിലെ വ്യവസായി എന്നതാണ് അദ്ദേഹത്തിന് കൂടുതലായി ചേരുന്ന വിശേഷണം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ 4 പതിറ്റാണ്ട്
സാധാരണ രീതിയില്‍ ഏതൊരു സംരംഭത്തിന്റെയും ലാഭത്തിന്റെ രണ്ട് ശതമാനമാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ നിയമം ഇത് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍, മേളം മസാലകള്‍ ഉള്‍പ്പെടെയുള്ള തന്റെ സംരംഭങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തുകയും അതില്‍ കൂടുതലും അദ്ദേഹം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചു. മേളം ഫൗണ്ടേഷന് കീഴില്‍ തിരുവല്ലയില്‍ എല്ലാമാസവും മെഡിക്കല്‍ സഹായത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് സഹായം വിതരണം ചെയ്യുന്നതിന് മുമ്പ് രോഗിയേയോ കൂട്ടിരുപ്പുകാരെയോ കണ്ട് വിഷാദശാംശങ്ങള്‍ മനസിലാക്കും.

തുടര്‍ന്ന് ആവശ്യമായ പണം ചികിത്സയ്ക്കായി നല്‍കും. സര്‍ക്കാര്‍ ഫണ്ടുകളോ പൊതു ഫണ്ടുകളോ ഒന്നുമില്ലാതെയാണ് കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി കുര്യന്‍ ജോണ്‍ മേളം ചാരിറ്റിസ് മുഖനിതിരം തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. നാളിതുവരെ 163000 ജനങ്ങള്‍ക്ക് ചികിത്സാസഹായം നല്‍കാനും അതിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും കുര്യന്‍ ജോണിന് സാധിച്ചു.
കേരള നിയമസഭയില്‍ നിന്നുള്ള 140-ല്‍ 138 എംഎല്‍എമാരും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ള 18,000-ത്തോളം കൗണ്‍സിലര്‍മാര്‍/പഞ്ചായത്ത് അംഗങ്ങളും മേളം ചാരിറ്റിസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. പതിനഞ്ചു ലക്ഷത്തിലധികം സാമ്പത്തിക ഭദ്രതയില്ലാത്ത രോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനും കുര്യന്‍ ജോണിന് സാധിച്ചിട്ടുണ്ട്. മേളം ചാരിറ്റിസ് ചികിത്സയ്ക്കായി സ്പോണ്‍സര്‍ ചെയ്ത രോഗികള്‍ക്ക് തെരെഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സാചെലവില്‍ 30 ദിവസത്തെ ക്രെഡിറ്റ് കാലയളവും ലഭിക്കും. 1072 ആശുപത്രികളാണ് ഇത്തരത്തില്‍ കുര്യന്‍ ജോണിന്റെ ആശയങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ 500 സ്‌കൂളുകളില്‍ കാന്‍സര്‍ ബോധവത്ക്കര പരിപാടികള്‍ നടത്തിയും കുര്യന്‍ ജോണ്‍ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. കൂടുതല്‍ വ്യത്യസ്തങ്ങളായ തലങ്ങളിലേക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 1704 വിദഗ്ദരായ ഡോക്റ്റര്‍മാര്‍ മേളം ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
തന്നെ സമീപിക്കുന്ന എല്ലാ രോഗികള്‍ക്കും ജാതി, മത, മത, മുന്‍വിധി എന്നിവ നോക്കാതെ ചികിത്സ നല്‍കി അദ്ദേഹം ഈ രംഗത്ത് ഒരു മഹത്തായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഗികളുടെ അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും അവരുടെ ആശ്രിതര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ചികിത്സയുടെ കാലയളവില്‍ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം എന്നിവയും നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. യാതൊരു പരസ്യമോ ആര്‍ഭാടമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വലതു കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന തത്വത്തില്‍ വിശ്വസിക്കുന്ന വ്യക്തികൂടിയാണ്.

സംരംഭകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം
പല പുതുതലമുറ സംരംഭകര്‍ക്കും മാതൃകയാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പിലിന്റെ ജീവിതം. പഠനം പൂര്‍ത്തിയാക്കിയ ശേഷം മലയാളമനോരമ പത്രത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന അദ്ദേഹം ശമ്പളത്തിന്റെ ഒരു വിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. പിന്നീട് 1992 ല്‍ മനോരമയില്‍ നിന്നും രാജിവച്ച ശേഷം അധിക വരുമാനത്തിനായി ബിസിനസ് തുടങ്ങാന്‍ ഇറങ്ങിതിരിച്ചപ്പോള്‍, തന്റെ സ്വകാര്യ സമ്പാദ്യങ്ങളൊന്നും കടം വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാതെയാണ് മേളം എന്ന ബ്രാന്‍ഡ് ആരംഭിച്ചത്. എം.വി.ജെ എന്ന പേരില്‍ ഒരു ചെറുകിട വ്യവസായത്തിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് കൃത്യമായ ബിസിനസ് പ്ലാന്‍, പരസ്യങ്ങള്‍, മാര്‍ക്കറ്റ് പഠനം എന്നിവയിലൂടെ തന്റെ ബ്രാന്‍ഡിനെ അദ്ദേഹം വളര്‍ത്തുകയായിരുന്നു.

ബിസിനസ് പുരോഗമിച്ചപ്പോള്‍, കുര്യന്‍ ജോണ്‍ മേളംപറമ്പിലിന്റെ വരുമാനം വര്‍ധിച്ചു, ഇത് അദ്ദേഹം ചാരിറ്റി ഫണ്ടിലേക്ക് നേരിട്ട് എത്തിച്ചു. ‘മേളം ഫൗണ്ടേഷന്‍’ എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള റോക്കറ്റ് അല്ലെങ്കില്‍ വിക്ഷേപണ വാഹനമായാണ് കുര്യന്‍ ജോണ്‍ ‘മേളം ബിസിനസ്’ കണക്കാക്കിയിരുന്നത്. മേളം ഫൗണ്ടേഷനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ അര്‍പ്പണബോധവും സമയവും ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം 5 വര്‍ഷത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, മാനുഷികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മേളം ബിസിനസ്സ് മറ്റൊരു വലിയ സ്ഥാപനത്തിന് കൈമാറുകയും ബ്രാന്‍ഡ് വിറ്റ പണം കൊണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

‘സാമൂഹിക ഉത്തരവാദിത്തം മാനവികതയാണ്, ചാരിറ്റിയല്ല, മറിച്ച് ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും സാമൂഹികവും ധാര്‍മ്മികവുമായ ചുമതലയാണ്. ഞാന്‍ എക്കാലത്തും വിശ്വസിക്കുന്നതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും ഈ തത്വമാണ്. കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യവും ആഗ്രഹവും. അക്കാര്യത്തില്‍ എന്റെ കുടുംബം എനിക്ക് പൂര്‍ണമായ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നു എന്നത് വലിയൊരു നേട്ടമാണ്. കാലങ്ങളായി മേളം ചാരിറ്റിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു ടീമിനെ കൂടെ നിര്‍ത്താന്‍ സാധിക്കുന്നത് തന്നെ അത്തരത്തിലുള പിന്തുണയുടെ ഭാഗമായാണ്. ഒരു വ്യക്തി ശാരീരികമായും മാനസികമായും ആരോഗ്യവാനാണെങ്കില്‍, അയാള്‍ക്ക് ഉപജീവനമാര്‍ഗം സ്വയം കണ്ടെത്താന്‍ കഴിയും ആ ഒരവസ്ഥയിലേക്ക് എന്റെ മുന്നില്‍ വരുന്ന രോഗിയെ എത്തിക്കുക എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്”കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ മനസ് തുറക്കുന്നു.

മേളം ഫൗണ്ടേഷന്റെ അതുല്യമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി രാജ്യം അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചു. ജീവകാരുണ്യ പ്രവത്തനത്തില്‍ 4 പതിറ്റാണ്ട് നീണ്ട സേവനം പൂര്‍ത്തിയാക്കുമ്പോള്‍, ‘രാജ്യത്തിന്റെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യവുമായി അദ്ദേഹം തന്റെ ദൗത്യം ശക്തിപ്പെടുത്തുന്നു.
ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പദ്മശ്രീ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് അംഗീകാരങ്ങള്‍ കാഴ്ചക്കാര്‍ക്ക് പോലും അഭിമാനം നല്‍കുന്ന നേട്ടമാണ്. മേളം എന്റെ ജീവന്റെ താളം, സീറോ റ്റു സെനിത്ത്, ആടുന്ന കൊമ്പിലെ പാടുന്ന പക്ഷി എന്നീ പുസ്തകങ്ങള്‍ തന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം എഴുതിയിട്ടുണ്ട്.


T C Skaria
22 December 2024 at 07:43
🙏🏻🙏🏻🙏🏻Very TRUE.
He is even Beyond what we have heard about him.
I know him very well and witnessed his charitable activities from the very beginning
May Almighty bless him abundantly and give strength to his helping hands to do even more charities during the years to come.
Shahul
26 December 2024 at 05:35
“സാമൂഹിക ഉത്തരവാദിത്തം മാനവികതയാണ്, ചാരിറ്റിയല്ല, മറിച്ച് ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും സാമൂഹികവും ധാര്‍മ്മികവുമായ ചുമതലയാണ്. ഞാന്‍ എക്കാലത്തും വിശ്വസിക്കുന്നതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും ഈ തത്വമാണ്”.
പദ്മശ്രീ. കുര്യൻ ജോൺ മേളം പറമ്പിൽ ന്റെ ഈ വാക്കുകൾ തന്നെയാണ് ഓരോ മനുഷ്യനെയും തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ ഓര്മപ്പെടുത്തുന്നത്. അദ്ദേഹം വ്യവസായി ആയി വലിയ സാമ്രാജ്യം കെട്ടിപ്പിടിക്കാൻ ഇറങ്ങി തിരിച്ചതല്ല മറിച്ചു തന്റെ സഹജീവികൾക്കു കൈത്താങ്ങാകാൻ വ്യവസായം ആരംഭിച്ച വ്യക്തിയാണ്. വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണുന്ന വ്യക്തിത്വം, അദ്ദേഹത്തെ നേരിട്ട് ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം വാക്കുകളിൽ, പ്രവർത്തികളിൽ, ഇടപെടലുകളിൽ ഒക്കെ കാത്തുസൂക്ഷിക്കുന്ന മിതത്വം, എളിമ, സ്നേഹപൂർണമായ സമീപനം ഇവയെല്ലാം നമ്മുടെ മനസിൽ വലിയൊരു സ്ഥാനം അദ്ദേഹത്തിന്റെ സ്നേഹവും കാരുണ്യവും അനുഭവിച്ച ആളെന്ന നിലയിൽ എനിക്ക് അദ്ദേഹം ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്ന വ്യക്തിത്വം ആണ്. സാറിനെ പോലെ വ്യക്തവും ദീർഘവീക്ഷണത്തോടെയും ഉള്ള കാഴ്ച്ചപ്പാടുകൾ ഉള്ള മനുഷ്യർ ഈ ഭൂമിയിൽ ദൈവത്തിന്റെ പ്രതിപുരുഷന്മാർ ആയി ഉള്ളതാണ് ഈ ലോകത്തെ ഇത്ര മനോഹരമാക്കുന്നത് എന്ന്ഈ ഞാൻ കരുതുന്നു.ലോകത്തു കഷ്ടത അനുഭവിക്കുന്നവർക്കും രോഗികൾക്കും നിരാലംബരായ മനുഷ്യർക്കും എല്ലാം ആശ്വാസമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം കഴിയട്ടെ. അദ്ദേഹത്തിനും കുടുംബത്തിനും, കൂടെ നിൽക്കുന്നവർക്കും ദൈവം തമ്പുരാൻ എല്ലാ ഐശ്വര്യവും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
സാറിനെ ശെരിക്കും മനസ്സിലാക്കി ലേഖനം എഴുതിയ ജ്യോതി നാരായണനെ പ്രത്യേക അഭിന്ദനങ്ങൾ അറിയിക്കുന്നു 🙏🙏🙏🙏