സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിന് സാധ്യമാകുന്ന രീതിയില്‍ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് സംസ്ഥാനത്തെ ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കെ ഹോംസ് എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതിയുടെ പൈലറ്റ് ഘട്ടത്തിന്റെ വിജയം വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവിനായി സംസ്ഥാന ബജറ്റ് 5 കോടി രൂപ അനുവദിച്ചു
ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരഭമാണ് കെ ഹോംസ്. വീട്ടുടമകള്‍ക്ക് വരുമാനം ലഭിക്കുന്നതിനൊപ്പം ഒഴിഞ്ഞ് കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഇതുവഴി ഉറപ്പാക്കാനുമാകും.
ഫോര്‍ട്ട് കൊച്ചി, കോവളം, മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലയ്ക്ക് ഏഴ് കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം പൊന്മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിനായി 50 ലക്ഷം രൂപ നീക്കിവച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിനായി 212 കോടി അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
കേരളത്തെ ഹെല്‍ത്ത് ടൂറിസത്തിന്റെ ഹബ്ബാക്കുമെന്ന നിര്‍ണായക പ്രഖ്യാപനം ധനമന്ത്രി നടത്തി. ഇതിനായി 50 കോടി രൂപ അനുവദിച്ചു. വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപവരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പദ്ധതിക്ക് പലിശയിളവ് നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

