മലയാള സിനിമയിലെ അഭിനയ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യപ്രതിഭ മോഹന്‍ലാലിന് കേരളം സര്‍ക്കാരിന്റെ പിറന്നാള്‍ സമ്മാനം. മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലൂടെ അനശ്വരമായ പാലം, ഇനി കിരീടം പാലം എന്ന പേരില്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും. കിരീടം സിനിമയിലെ ‘കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി’ എന്ന ഗാനത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഈ പാലത്തെ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണി കായലിന്റെ മനോഹാരിതയെ ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. കിരീടം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുള്ള തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലം ഇനി ടൂറിസം കേന്ദ്രം ആകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് അറിയിച്ചത്.
സിനിമയില്‍ മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനവുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുകയാണ്. ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ജനകീയമാക്കാന്‍ ഉദ്ദേശിക്കുന്നത്. സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി ആഭ്യന്തര ടൂറിസത്തിനു ഒരു കുതിപ്പിണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്.
കടുത്ത വേനലില്‍ മുഖം തിരിച്ചു നിന്നിരുന്ന ടൂറിസം വിപണി മഴയുടെ വരവോടെ അല്പം ഉണര്‍ന്നിരിക്കുകയാണ്. ഈ അവസരം പ്രയോജപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. അതോടൊപ്പം സൂപ്പര്‍ സ്റ്റാറിന്റെ പിറന്നാള്‍ കൂടി വന്നതോടെ പദ്ധതിയില്‍ ഒരു വിജയക്കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ട് സര്‍ക്കാര്‍.

