സമാനതകളില്ലാത്ത വളര്‍ച്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 30 വര്‍ഷത്തോളം നീണ്ടുനിന്ന ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം തികഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ പൊരുതി നേടിയ വിജയം തന്നെയാണ് ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ കാണാന്‍ കഴിയുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു. മികച്ച ഗതാഗത സൗകര്യം, ഹോട്ടലുകള്‍, മറ്റു പുതിയ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ശ്രീലങ്ക ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടും കേരളത്തിന് ഏറെ സമാനമാണ് സമുദ്രമധ്യത്തിലുള്ള ഈ രാജ്യം. കടലിന്റെ സാമിപ്യം, കേരനിരകള്‍, കേരളത്തിന്റെ അതേകാലാവസ്ഥയും പച്ചപ്പും ഫലവൃക്ഷങ്ങളും നദികളും മലകളും കുന്നുകളും മൂന്നാര്‍ പോലെയുള്ള ഹില്‍ സ്റ്റേഷനുകളും അങ്ങനെ മറ്റൊരു കേരളമാണ് അതെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കാഴ്ചകളാണ് ശ്രീലങ്കയിലുള്ളത്.
എന്നാല്‍ കേരളത്തിലേക്കെത്തുന്നതിനേക്കാള്‍ ഏറെ വിദേശീയരായ സഞ്ചാരികള്‍ ശ്രീലങ്കയിലേക്ക് എത്തുന്നു. ഇതിന്റെ പ്രധാനകാരണം ടൂറിസം വിഭവങ്ങളെ ശ്രീലങ്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്.നമ്മള്‍ കൊടുക്കുന്നതിനെക്കാള്‍ ആകര്‍ഷകമായി കൊടുക്കാന്‍ അവര്‍ പരിശ്രമിക്കുന്നു, കൊടുക്കുന്നു. അവിടെയാണ് വ്യത്യാസം. ഒരേ ഉല്‍പന്നം വൃത്തിയായും വെടിപ്പായും സന്തോഷത്തോടെയും കിട്ടുമ്പോള്‍ ആളുകള്‍ അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികം.
നിറക്കാഴ്ചകളൊരുക്കിയ ശ്രീലങ്കന്‍ നഗരങ്ങള്‍
പല മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍, ക്ഷേത്രങ്ങള്‍,മോസ്‌കുകള്‍, വനഭംഗി, വന്യമൃഗങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ് ശ്രീലങ്ക. കേരളത്തെ അപേക്ഷിച്ചു ശ്രീലങ്കയെ വ്യത്യസ്തമാക്കുന്നത് വിനോദസഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന വ്യത്യസ്തങ്ങളായ ടൂറിസം സര്‍ക്യൂട്ടുകളാണ്. തീര്‍ത്തനടനാ ടൂറിസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യങ്ങളും സാഹസിക ടൂറിസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

വ്യത്യസ്തമായ ടൂറിസം സര്‍ക്യൂട്ടുകള്‍ ഹണിമൂണ്‍ ടൂറിസം, ബിസിനസ് ടൂറിസം എന്നിവയെയും രാജ്യത്തിനകത്ത് പ്രോത്സാഹിപ്പിക്കുന്നു. ദേശീയോദ്യാനത്തിലെ ഒത്തുകൂടുന്ന 300 ആനകള്‍, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധ സ്മാരകങ്ങള്‍, ഹില്‍ കണ്‍ട്രിയിലെ തേയില തോട്ടത്തിലൂടെ ഒരു ട്രെയിന്‍ യാത്ര എങ്ങനെ പോകുന്നു ശ്രീലങ്കയിലെ കാണാകാഴ്ചകള്‍.
2009ല്‍ 447,890 സഞ്ചാരികളില്‍ നിന്നും കഴിഞ്ഞ വര്‍ഷം 2.1 മില്യണ്‍ സഞ്ചാരികളായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. 2017 ല്‍ 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്.സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്. 50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു. ശ്രീലങ്കയിലെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 6.2 ശതമാനത്തിന്റെ വര്‍ധനയാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്. അതെ സമയം 21 % ആളുകളെത്തുന്നത് വന്യജീവി സൗന്ദര്യം ആസ്വദിക്കുന്നതിനായാണ്. ഇത്തരത്തില്‍ ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ നടക്കുന്ന ഓരോ കാര്യത്തെപ്പറ്റിയും രാജ്യത്തിന് വ്യക്തമായ ധാരണയുണ്ട്. ഈ സാധ്യതകളെ മുന്‍നിര്‍ത്തി ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. ഒരു മില്യണ്‍ സഞ്ചാരികളെയാണ് ഈവര്‍ഷം ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍പന്തിയില്‍
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഇവിടുത്തെ ഇനിയും വികസിച്ചിട്ടില്ലാത്ത അടിസ്ഥാന സൗകര്യങ്ങളാണ്. ഈ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും വരാന്‍ മടിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ഈ ദുരവസ്ഥ മനസ്സിലാക്കിക്കൊണ്ട് തന്നെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യത്തില്‍ ശ്രീലങ്ക അതീവ ശ്രദ്ധ പുലര്‍ത്തി. റോഡ്, ശൗചാലയങ്ങള്‍, വൃത്തിയുള്ള മലിനമല്ലാത്ത അന്തരീക്ഷം, വിഷമടിക്കാത്ത പച്ചക്കറികള്‍ തുടങ്ങി ഒരു വ്യക്തിക്ക് സമാധാനപരമായി അവധിക്കാലം വിനിയോഗിക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.ഹര്‍ത്താലുകള്‍, സദാചാര പൊലീസിങ്ങ്, മായം കലര്‍ന്ന ഭക്ഷണങ്ങള്‍, തുടങ്ങിയ സാമൂഹിക വിപത്തുകളെയും സഞ്ചാരികള്‍ ഇവിടെ ഭയപ്പെടേണ്ടതില്ല.

കണക്റ്റിവിറ്റിയാണ് ശ്രീലങ്കയിലെ മറ്റൊരു എടുത്തുപറയേണ്ട വസ്തുത. താരതമ്യേന ചെറിയ രാജ്യമാണ് എങ്കിലും ഏതുദിശയിലേക്കും എപ്പോള്‍ വേണമെങ്കിലും സഞ്ചരിച്ചെത്തുന്നതിനുവേണ്ട ഗതാഗതസൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. കൊളംബോ നഗരഹൃദയത്തിലെ റോഡുകള്‍ വീതികൂടിയവയാണ്. ഇത് യാത്ര സുഗമമാക്കുന്നു. നഗരപരിധിയില്‍ മുഴുവന്‍ ഇത്തരത്തിലുള്ള വലിയ റോഡുകളാണ്. നഗരം വിട്ടുകഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെപോലെ വീതികുറഞ്ഞ ഡിവൈഡറുകളില്ലാത്ത ഇരുദിശയിലേക്കും വാഹനങ്ങള്‍ പോകുന്ന റോഡുകളാണ്.
ടാക്‌സിഡ്രൈവര്‍മാര്‍ അങ്ങേയറ്റം മര്യാദയുള്ളവരാണ് എന്നതാണ് മറ്റൊരു വസ്തുത. യാത്രികരില്‍ നിന്നും കൊള്ളലാഭം നേടുക, അനാവശ്യമായി ഹോണടിക്കുക, അമിത വേഗത, ഓവര്‍ടേക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ ശ്രീലങ്കയിലില്ല.ഗട്ടറും കുഴികളും ബമ്പുകളുമില്ലാത്ത റോഡുകള്‍ ആരെയും ആകര്‍ഷിക്കും. ലോകത്തെ മനോഹരമായ റെയില്‍ യാത്രകളില്‍ ഒന്ന് ശ്രീലങ്കയിലേതാണ്. ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
നിരവധി റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവ ശ്രീലങ്കന്‍ ടൂറിസത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളായ ഷാന്‍ഗ്രി ലാ, മോവന്‍പിക്, ഷെരാടോണ്‍, ഗ്രാന്‍ഡ് ഹയാത്ത് തുടങ്ങിയവര്‍ ശ്രീലങ്കയില്‍ പുതിയ ഹോട്ടലുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ മികച്ച സേവനം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്. ജംഗിള്‍ ഹൈക്കിംങ്, യോഗ, പരമ്പരാഗത ആയുര്‍വേദ ചികിത്സ തുടങ്ങിയക്ക് ഇവിടെ സൗകര്യമുണ്ട്.
കരുത്തായി രാമായണം സര്‍ക്യൂട്ട്
ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണ ഐതിഹ്യമാണ്. ഈ ഐതിഹ്യം കൈമുതലാക്കിയാണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ആകര്‍ഷിക്കുന്നത്. ശ്രീലങ്കയിലുള്ള രാവണന്റെ കൊട്ടാരം, അശോകവാടിക, നാഗദീപ് ഡോമ്പ്ര യുദ്ധഗണാവ് എന്നിങ്ങനെ അഞ്ച് സ്ഥാനങ്ങളാണ് രാമായണ ട്രയലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാമകഥകള്‍ അറിയാനും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനും താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ആ വഴിതെരെഞ്ഞെടുക്കാം.
ഇന്ത്യയിലെ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ബുദ്ധിസം സര്‍ക്യൂട്ടും ശ്രീലങ്കയിലെ രാമായണ ട്രയലും യാഥാര്‍ഥ്യമാകുന്നതോടെ രണ്ടു രാജ്യങ്ങളിലേക്കും തീര്‍ത്ഥാടകരുടെ വലിയൊരു ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെയും ശ്രീലങ്കയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി പുതിയ ടൂറിസം ശൃംഖല രൂപപ്പെടുത്തുന്നതിന് കേരളവും ശ്രീലങ്കയും 2015 ല്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇത് പ്രകാരം മുന്നോട്ട് പോകുകയാണെങ്കിലും മെച്ചമാണ്.
സഞ്ചാരികളുടെ സൗകര്യം പരിഗണിച്ച് ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിച്ചേരുവാനായി നിത്യേനെ ഇന്ത്യയില്‍ നിന്നും 27 വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്,രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം. അത്‌കൊണ്ട് തന്നെ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

