കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പായ നിയോക്‌സ് ഇക്കോ സൈക്കിളിന് കൊച്ചി കപ്പല്‍ശാലയുടെ ഉഷസ് മാരിടൈം ഫണ്ടിംഗ് ഗ്രാന്റ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചു. ഐഐഎം കോഴിക്കോടിന്റെ ലൈവ് പദ്ധതിയുമായി സഹകരിച്ചാണ് ഗ്രാന്റ് നല്‍കുന്നത്.
പരമ്പരാഗത ഫാക്ടറി മാലിന്യങ്ങള്‍ മൂല്യവര്‍ധനം നടത്തുന്ന നൂതന പദ്ധതിയ്ക്കാണ് നിയോക്‌സിന് ഗ്രാന്റ് ലഭിച്ചത്. കോഴിക്കോട് ഐഐഎമ്മില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് സര്‍ക്കാര്‍ നിയോക്‌സ് സഹസ്ഥാപകന്‍ അഖില്‍ രാജ് പൊറ്റേക്കാടിന് ഗ്രാന്റ് കൈമാറി. സീനിയര്‍ ജനറല്‍ മാനേജര്‍ ലിജോ ജോസ്, ഉഷസ് പ്രോഗ്രാം മാനേജര്‍ ശ്രീഹരി സിഎം, കൊച്ചിന്‍ ഷിപ്പ യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഷിറാസ് വി പി, ഡെ. ജനറല്‍ മാനേജര്‍ അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട് എന്‍ഐടിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിലാണ് നിയോക്‌സ് പ്രവര്‍ത്തിക്കുന്നത്. വ്യാവസായിക മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ നിയോക്‌സ് കാണിക്കുന്ന പ്രതിബദ്ധതയുടെ അംഗീകാരമാണിതെന്ന് അഖില്‍ രാജ് ചൂണ്ടിക്കാട്ടി. ഡോ. സജിത് വി, ഹേമലത രാമചന്ദ്രന്‍, ഏകതാ വി എന്നിവരും കമ്പനിയുടെ സഹസ്ഥാപകരാണ്.
വ്യാവസായിക മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള കണ്‍സല്‍ട്ടന്‍സി, സാങ്കേതിക പങ്കാളിത്തം, റിക്കവേഡ് കാര്‍ബണ്‍ ബ്ലാക്ക് സാങ്കേതികവിദ്യ എന്നിവയാണ് നിയോക്‌സിന്റെ പ്രത്യേകതകള്‍.
എന്‍ഐടിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. ജി ഉണ്ണികൃഷ്ണന്‍, ഗുരുവായൂരപ്പന്‍ കോളേജിലെ ഡോ. കവിത, ബൗദ്ധിക സ്വത്തവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. ഇഷ ശര്‍മ്മ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബിനു മാത്യു തുടങ്ങിയവരുടെ സഹകരണം നിയോക്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും അഖില്‍ പറഞ്ഞു.

