തുടര്‍ച്ചയായ 4 ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ രാജ്യാന്തര സ്വര്‍ണവില നേരിയതോതില്‍ താഴ്ന്നു. ഗ്രാമിന് (gold rate) 15 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 120 രൂപ താഴ്ന്ന് 74,440 രൂപയുമായി. ഇക്കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു.
ഇന്നു രാവിലെ കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്ന വേളയില്‍ രാജ്യാന്തര വില താഴ്ന്നത് നേട്ടമായി. മുംബൈ വില ഗ്രാമിന് 10 രൂപയും ബാങ്ക് റേറ്റ് 9 രൂപയും കൂടിയെങ്കിലും രാജ്യാന്തര വിപണിയിലെ ഇറക്കം കണക്കിലെടുത്ത്, കേരളത്തിലെ വ്യാപാരികളും വില കുറയ്ക്കുകയായിരുന്നു.
രാജ്യാന്തര വില നിലവില്‍ ഔണ്‍സിന് 3,433 ഡോളറില്‍ നിന്ന് 3,950 വരെ എത്തിയശേഷം 3,428 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലും വില കുറയാന്‍ സഹായിച്ചു. കേരളത്തിലെ വില നിശ്ചയിക്കുന്നത് രാജ്യാന്തര വില, മുംബൈ വിപണിവില, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ ഈടാക്കുന്ന റേറ്റ്, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ്.

