ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ 6 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കമ്പനി ഗണ്യമായി സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ലക്ഷണമാണിത്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയിലെ കരാര്‍ നിര്‍മാണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടിരിക്കുകയാണ് ആപ്പിള്‍.
2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും. ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കപ്പെടുന്ന ഓരോ നേരിട്ടുള്ള ജോലിക്കും സമാന്തരമായി മൂന്ന് തൊഴിലുകള്‍ പരോക്ഷമായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കളായ ഉഫോക്സ്‌കോണ്‍, വിസ്ട്രോണ്‍ (ടാറ്റ), പെഗാട്രോണ്‍ എന്നിവ ചേര്‍ന്ന് നേരിട്ട് 80,872 ആളുകള്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു. ആപ്പിള്‍ നിര്‍മാണശാലകളിലേക്ക് ഘടകങ്ങള്‍ നല്‍കുന്ന ടാറ്റ ഗ്രൂപ്പ്, സാല്‍കോംപ്, മദേഴ്സണ്‍, ഫോക്സ് ലിങ്ക്, സണ്‍വോഡ, എടിഎല്‍, ജബീല്‍ എന്നിവ സംയുക്തമായി നേരിട്ട് 84000 പേര്‍ക്ക് തൊഴില്‍ നല്‍കി.
സമീപ വര്‍ഷങ്ങള്‍ ഇന്ത്യയില്‍ ഏറ്റവുമധികം നീലക്കോളര്‍ ജോലിക്കാരെ സൃഷ്ടിക്കുന്ന സ്ഥാപനമായി ആപ്പിള്‍ വളര്‍ന്നിട്ടുണ്ട്. സ്ത്രീകളും യുവാക്കളുമാണ് ഇതില്‍ ബഹുഭൂരിപക്ഷവും. 2020 ല്‍ പിഎല്‍ഐ (ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ്) പദ്ധതി കൊണ്ടുവന്നതിന് ശേഷം ആപ്പിള്‍ വെന്‍ഡര്‍മാരും സപ്ലൈയര്‍മാരും ചേര്‍ന്ന് 165000 നേരിട്ടുള്ള തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

