എക്കാലവും മനുഷ്യനെ ത്രസിപ്പിച്ചിട്ടുണ്ട് വേഗം. വേഗമേറിയ കാറുകളാവട്ടെ മനുഷ്യരാശിയുടെ സ്വപ്നവും. 200 മൈല്‍ വേഗം ഭേദിച്ച ആദ്യ കാര്‍ ഫെരാരി എഫ്40 ആയിരുന്നു. 1987 ലാണ് ഇറ്റാലിയന്‍ കമ്പനി ഈ റെക്കോഡ് ഭേദിച്ചത്. 201 മൈലിലേക്കാണ് കാറിന്റെ സ്പീഡോമീറ്റര്‍ കുതിച്ചു കയറിയത്.
അതിനു ശേഷം കൂടുതല്‍ വേഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു പോന്നു. 300 മൈല്‍ വേഗതയായി പുതിയ വെല്ലുവിളി. കൊനുഗ്സെഗ്, ഹെന്നസ്സി, ബുഗാട്ടി എന്നിവ തമ്മിലാണ് 300 ക്ലബ്ബിലേക്ക് കടക്കാനുള്ള അതിവേഗപ്പോര് നടന്നത്.
300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്. 300 മൈലിന് മുകളില്‍ ഓടാന്‍ കഴിവുണ്ടെന്ന അവകാശവാദവുമായി കൂടുതല്‍ കാറുകള്‍ 2020 ന്റെ തുടക്കത്തില്‍ രംഗത്തെത്തി. വോഗത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് അഞ്ച് വമ്പന്‍ കാറുകളെ പരിചയപ്പെടാം…
1. കൊനുഗ്സെഗ് ജെസ്‌കോ അബ്സൊലൂട്ട്
മണിക്കൂറില്‍ 330 മൈല്‍ സ്പീഡെന്ന സ്വപ്നവേഗമാണ് സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ കൊനുഗ്സെഗിന്റെ ജെസ്‌കോ അബ്സൊലൂട്ട് അവകാശപ്പെടുന്നത്. 5 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 1600 കുതിരശക്തി വരെ ലഭിക്കുന്ന കരുത്തുറ്റ എന്‍ജിന്‍. കൊനുഗ്സെഗ് നിര്‍മിച്ച 125 ജെസ്‌കോകളും വിറ്റുപോയിക്കഴിഞ്ഞു.

2. ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട്
ലോകത്തെ ഏറ്റവും വേഗമുള്ള സൂപ്പര്‍ കാറെന്ന രേഖപ്പെടുത്തപ്പെട്ട റെക്കോഡ് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ടിനാണ്. 8 ലിറ്റര്‍ ക്വാഡ് ടര്‍ബോചാര്‍ജ്ഡ് ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് കാറിന് 1600 എച്ച്പികുതിരശക്തിയുണ്ട്.

2019 ല്‍ ജര്‍മനിയിലെ ഇറ-ലീഷെന്‍ ടെസ്റ്റ് ട്രാക്കില്‍ ആന്‍ഡി വാലസ് 304.7 മൈല്‍ സ്പീഡിലാണ് ഈ കാര്‍ ഓടിച്ചത്. മിച്ചെലിന്‍ പൈലറ്റ് സ്പോര്‍ട്ട് കപ്പ് 2 വീലുകള്‍ ഈ കാറിന്റെ പ്രത്യേകതയാണ്.
3. ബുഗാട്ടി ബൊളൈഡ്
എക്സ് തീം ഡിസൈനില്‍ തിളങ്ങുന്ന ബുഗാട്ടിയുടെ ബൊളൈഡ് 311 മൈല്‍ വേഗമാണ് അവകാശപ്പെടുന്നത്. ടൈറ്റാനിയവും കാര്‍ബണും ചേര്‍ന്ന ലൈറ്റ് വെയിറ്റ് മോണോക്വോക്ക് സ്ട്രക്ച്ചറാണ് കാറിന് ഫ്രഞ്ച് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. രണ്ട് സെക്കന്റിനുള്ളില്‍ 0 ല്‍ നിന്ന് 60 മൈല്‍ സ്പീഡ് കൈവരിക്കാന്‍ ബൊളൈഡിന് ശേഷിയുണ്ട്.

4. ഹെന്നസ്സി വെനം എഫ്5
അമേരിക്കന്‍ ഹൈപ്പര്‍കാര്‍ നിര്‍മാതാക്കളായ ഹെന്നസ്സി പെര്‍ഫോമന്‍സ് എന്‍ജിനീയറിംഗിന്റെ വെനം എഫ്5 ഒട്ടും നിരാശപ്പെടുത്തിയില്ല. 6.6 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി-8 എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 1817 എച്ച്പി കുതിരശക്തിയുണ്ട് എഞ്ചിന്.

രണ്ട് സെക്കന്റിനകം 60 മൈല്‍ വേഗത കൈവരിക്കുന്ന കാര്‍ 300 മൈല്‍ സ്പീഡിന് മുകളില്‍ വേഗം നേടുമെന്ന് കമ്പനിയുടെ അവകാശവാദം.
5. എസ്എസ്സി ടൂട്ടാര
2020 ഒക്ടോബറില്‍ എസ്എസ്സി നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകന്‍ ജെറോഡ് ഷെല്‍ബി തന്റെ ഏറ്റവും പുതിയ ഹൈപ്പര്‍കാര്‍ എസ്എസ്സി ടൂട്ടാരയുമായി നെവാഡ മരുഭൂമിയിലെത്തി. ഇവിടെ 316.11 മൈല്‍ വേഗം ടൂട്ടാര കൈവരിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. എന്നാല്‍ ഈ ക്ലെയിം അംഗീകരിക്കപ്പെട്ടില്ല.

സ്പീഡ് ടെസ്റ്റിംഗ് ഉപകരണങ്ങളും നിരീക്ഷണത്തിനായി വിദേശ വാഹന ഗ്രൂപ്പുകളുമെല്ലാമായി ഷെല്‍ബി വീണ്ടും കെന്നഡി സ്പേസ് സെന്റര്‍ ഗ്രൗണ്ടിലെത്തി. ഇവിടെ ആദ്യം 279.2 മൈലും പിന്നീട് 286.1 മൈലും വേഗതയില്‍ ടൂട്ടാര പറന്നു.

