ഇന്ത്യന്‍ നിരത്തുകളില്‍ അന്നും ഇന്നും എന്നും യുവത്വത്തിന്റെയും ചടുലതയുടെയും പര്യായമാണ് ചെക്കോസ്ലോവാക്യന്‍ ബൈക്കായ ജാവ. 1960 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ ഈ ഇരുചക്രവാഹനം 1996 ല്‍ നിര്‍മാണം നിര്‍ത്തി കമ്പനി അടച്ചുപൂട്ടി എങ്കിലും ജാവയോടുള്ള പ്രണയം വാഹനപ്രേമികള്‍ക്ക് വിട്ടൊഴിഞ്ഞില്ല. പറയുന്നത് പോലെ ജാവയത്ര സിംപിളല്ല എന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
ടു സ്‌ട്രോക്ക് എഞ്ചിനുകളില്‍ നിന്നും ഫോര്‍സ്‌ട്രോക്ക് എഞ്ചിനുകളിലേക്ക് മാറുന്നതു വരെ ഇന്ത്യക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മിക്ക റോഡുകളേയും ഒരു പോലെ ആകര്‍ഷിച്ചിരുന്നു ജാവ ഇന്നും റൈഡര്‍മാരുടെ പ്രിയ വാഹനമാണ്.1929 മുതല്‍ 1996 വരെ വിവിധലോകരാജ്യങ്ങളില്‍ വിയഭേരി മുഴക്കിയ ജാവ ഓട്ടോമൊബീല്‍ ചരിത്രത്തിലെ നാഴികക്കല്ലാകുന്നു.

ജാവയെന്താണ് എന്താണെന്നും എന്ത് കൊണ്ട് ചരിത്രമാകുന്നുവെന്നും അറിയണമെങ്കില്‍ ഈ ചെക്കോസ്ലോവാക്യന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ നിരത്തിലെത്തിയ കഥയറിയണം. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഐതിഹാസിക ജാവ കമ്പനി ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ പഴയ ജാവയുടെ പുത്തന്‍ പതിപ്പിനെയാണ് വിപണിയിലെത്തിക്കുന്നത്. അതിനാല്‍ ബ്രാന്‍ഡ് എന്നതിലുപരിയായി പുതിയ ജാവയോട് പ്രണയം തോന്നണമെങ്കില്‍ ആദ്യം പഴയ ജാവയെ അടുത്തറിയണം.
100 സി സി ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് നിരത്തുകളിലെ താരമായ വാഹനമാണ് ജാവ. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി അന്തരീക്ഷത്തെയാകെ പിടിച്ചുലക്കുന്ന ശബ്ദത്തോടെ പോകുന്ന ജാവ വാഹനപ്രേമികളുടെ സ്വപ്നവാഹനമായിരുന്നു. വാഹനനിര്‍മാണ രംഗത്ത് എന്നും തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള ചെക്കോളസ്‌ളോവാക്യ എന്ന രാജ്യത്തിന്റെ സന്തതിയാണ് ജാവ എന്നത് തന്നെ ഈ വാഹനത്തെ പ്രൗഢിയുടെ പര്യായമാക്കുന്നു.

1929ലാണ് ചെക്കോസ്ലോവാക്യയില്‍ ജാവ പിറവിയെടുക്കുന്നത്. മോട്ടോര്‍ബൈക്കുകളില്‍ എന്നും പരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഫ്രന്റിസിക് ജന്‌സിക് ആണ് പ്രേഗ് ആസ്ഥാനമായി ജവക്ക് തുടക്കം കുറിച്ചത്. ജര്‍മന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ വാണ്ടററിന്റെ ഡിവിഷനും ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. ജന്‌സിക്, വാണ്ടറര്‍ എന്നീ പേരുകളുടെ ആദ്യ അക്ഷരങ്ങളില്‍ നിന്നുമാണ് ജാവ എന്ന ബ്രാന്‍ഡ് നെയിം വികസിപ്പിച്ചെടുത്തത്.

സിംപിള്‍ എന്‍ജിനീയറിങ്ങായിരുന്നു ജാവയുടെ പ്രത്യേകത. 1950 മുതല്‍ ഇന്ത്യയുടെയും പ്രിയം പിടിച്ചുപറ്റി. റോയല്‍ എന്‍ഫീല്‍ഡല്ലാതെ കാര്യമായ എതിരാളികളില്ലാതിരുന്ന കാലത്ത് ജാവ കരുത്തോടെ മുന്നേറി. സിംപിള്‍ എന്‍ജിനീയറിംഗിനൊപ്പം കരുത്തുറ്റ പ്രതീതിയും മുഴക്കമുള്ള ശബ്ദത്തില്‍ വരവറിയിക്കുന്ന എയര്‍കൂള്‍ഡ് എഞ്ചിനും. 250 സി.സി. ജാവയാണ് ഇവിടെ തരംഗമായത്.
പിന്നീട് കരുത്തുകൂടിയ 350 സി.സി. ട്വിന്‍ എഞ്ചിനും അവതരിപ്പിച്ചു. തുടക്കം മുതല്‍ക്ക് തന്നെ ചെക്കോസ്ലോവാക്യക്ക് പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ ജാവക്ക് കഴിഞ്ഞിരുന്നു. 350 സി.സി. ട്വിന്‍ എഞ്ചിനുള്ള ജാവ 120 രാജ്യങ്ങളിലേക്കാണ് കയറ്റിയയച്ചിരുന്നത്. പതിനേഴോളം മോഡലുകളില്‍ വിപണിയില്‍ എത്തിയ ഒരേയൊരു മോട്ടോര്‍ ബൈക്കായിരുന്നു ജാവ. ഫോറെവര്‍ ബൈക്ക് ഫോറെവര്‍ വാല്യൂ എന്നായിരുന്നു ജാവയെ ജന്മനസുകളിലേക്ക് അടുപ്പിച്ച മുദ്രാവാക്യം

