മുന്‍നിര മോഡലുകളായ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. യുകെയ്ക്ക് പുറത്ത് ആദ്യമായാണ് ഈ ആഡംബര എസ്യുവികള്‍ നിര്‍മിക്കുന്നത്. ബ്രാന്‍ഡിന്റെ പ്രധാന വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതാണ് നീക്കം.
റേഞ്ച് റോവറിന്റെ മാതൃ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് പൂനെയിലെ നിലവിലുള്ള സൗകര്യം പ്രയോജനപ്പെടുത്തും. 2011 മുതല്‍ ജെഎല്‍ആറിന്റെ മറ്റ് മോഡലുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത മോഡലുകള്‍ ആഭ്യന്തര വിപണിയെ പ്രത്യേകം മുന്നില്‍ കണ്ടുള്ളവയാണ്. യുകെയിലെ ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ സോളിഹുള്‍ പ്ലാന്റില്‍ നിലവിലെ ആഗോള ഉല്‍പ്പാദനം ഇപ്പോഴത്തേതുപോലെ നടക്കും. വരാനിരിക്കുന്ന ഇലക്ട്രിക് റേഞ്ച് റോവര്‍ മോഡലും ബ്രാന്‍ഡിന്റെ ഉയര്‍ന്ന പ്രകടനമുള്ള ‘എസ്വി’ വേരിയന്റുകളും നിര്‍മിക്കുകയും ആഗോള കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പ്ലാന്റായി സോളിഹള്‍ തുടരും.
ഇന്ത്യന്‍ നിര്‍മ്മിത മോഡലുകള്‍ ആഭ്യന്തര വിപണിയെ പ്രത്യേകം മുന്നില്‍ കണ്ടുള്ളവയാണ്. യുകെയിലെ ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ സോളിഹുള്‍ പ്ലാന്റില്‍ നിലവിലെ ആഗോള ഉല്‍പ്പാദനം ഇപ്പോഴത്തേതുപോലെ നടക്കും
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ റേഞ്ച് റോവര്‍ റീട്ടെയില്‍ വില്‍പ്പനയില്‍ 160% വര്‍ധനയുണ്ടായതിന് പിന്നാലെയാണ് ഈ തന്ത്രപരമായ മാറ്റം. ‘ലോകമെമ്പാടും, ഞങ്ങളുടെ 53 വര്‍ഷത്തെ ചരിത്രത്തില്‍ റേഞ്ച് റോവറിന്റെ ഏറ്റവും ഉയര്‍ന്ന ക്ലയന്റ് ഡിമാന്‍ഡ് ഞങ്ങള്‍ കാണുന്നു. ഈ വിജയഗാഥയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഇന്ത്യ,’ റേഞ്ച് റോവറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെറാള്‍ഡിന്‍ ഇംഗാം പറഞ്ഞു.
മെയ്ഡ് ഇന്‍ ഇന്ത്യ റേഞ്ച് റോവറുകള്‍ മുമ്പെന്നത്തേക്കാളും താങ്ങാനാകുന്ന വിലയിലായിരിക്കും ലഭ്യമാവുക. തദ്ദേശീയമായി നിര്‍മ്മിക്കുന്ന റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എന്നിവ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാകും. റേഞ്ച് റോവറിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കും, ഓഗസ്റ്റിലാവും റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ബുക്ക് ചെയ്തവര്‍ക്ക് ലഭ്യമായിത്തുടങ്ങുക.

