ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ ഷഓമി തങ്ങളുടെ ഇലക്ട്രിക് കാറിന്റെ വില പുറത്തുവിട്ടു. ഈ ആഴ്ച മുതല്‍ കാറിന്റെ ഓര്‍ഡറുകള്‍ക്കായി ഒരുങ്ങുകയാണ് കമ്പനി. ഈ സാഹചര്യത്തിലാണ് വില പുറത്തുവിട്ടത്. 500,000 യുവാന്‍ ( 69,424 ഡോളര്‍) വിലയുള്ള കാര്‍ ഏറ്റവും മികച്ചതും ഓടിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും എന്നാണ് ഷമോമിയുടെ സിഇഒ ലെയ് ജന്‍ വ്യക്തമാക്കിയിരിക്കുന്നത്.
എസ് യു7 എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്. സ്പീഡ് അള്‍ട്രാ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് എസ് യു. കഴിഞ്ഞ ഡിസംബറില്‍ ഷഓമി കാര്‍ അവതരിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാകാന്‍ ലക്ഷ്യമിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു അവര്‍. അതിന് ശേഷം കാറിനായുള്ള പ്രതീക്ഷ വര്‍ധിച്ചുവരികയാണ്. ടെസ്ല കാറുകളേക്കാളും പോര്‍ഷെയുടെ ഇവികളേക്കാളും മികച്ച ആക്സിലറേഷന്‍ നല്‍കാന്‍ കഴിവുള്ള സാങ്കേതികവിദ്യയാണ് തങ്ങളുടെ കാറിന് ഉള്ളതെന്ന് ലീ പറഞ്ഞു.

