വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കുക എന്നത് ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുകയാണ്. വിദേശയിനം വളര്‍ത്തു നായ്ക്കള്‍, പക്ഷികള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങി കേരളത്തിന്റെ പെറ്റ് വിപണിയില്‍ ഇന്ന് നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനസാണ്. ഡോഗ് ഷോകളും അലങ്കാരപ്പക്ഷി എക്‌സിബിഷനുകളും എല്ലാം വിപണിയില്‍ സജീവമാകുമ്പോള്‍ പെറ്റ് ആസസറീസ് ഷോപ്പുകള്‍, പെറ്റ് സ്പാകള്‍, പെറ്റ് ഹോസ്റ്റലുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നു. ഓമന വളര്‍ത്തുമൃഗങ്ങള്‍ ഇന്ന് സോഷ്യല്‍ സ്റ്റാറ്റസിന്റെ കൂടി ഭാഗമായി കഴിഞ്ഞതോടെ ഈ രംഗത്തെ നിക്ഷേപ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.
വീട്ട് കാവലിനൊരു പട്ടി, അടുക്കളക്ക് കാവലായി ഒരു പൂച്ച, പാല്‍ തരാന്‍ ആടും പശുവും പിന്നെ കുറച്ച് മുട്ട കോഴികള്‍… നമ്മുടെ നാട്ടിലെ ആദ്യകാല വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള ആദ്യകാല സങ്കല്പങ്ങള്‍ എല്ലാം തന്നെ മാറി മറിയുകയാണ്. വിദേശയിനം വളര്‍ത്തു നായ്ക്കള്‍, പക്ഷികള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങി കേരളത്തിന്റെ പെറ്റ് വിപണിയില്‍ ഇന്ന് നടക്കുന്നത് ലക്ഷങ്ങളുടെ വ്യവഹാരമാണ്. പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന സ്വദേശിയും വിദേശിയുമായ നായ – പൂച്ച ഇനങ്ങളെ ഒരു സ്റ്റാറ്റസ് സിംബലായി കണ്ടു വളര്‍ത്തുകയാണ് ആളുകള്‍. ഇവയ്ക്ക് വേണ്ട പരിചരണം, ചികിത്സ, ആക്സസറീസ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട് ഈ മേഖലയില്‍ വലിയ നിക്ഷേപമാണ് നടന്നിരിക്കുന്നത്. പണം എറിഞ്ഞു പണം വാരാന്‍ പറ്റിയ മേഖലയായി കേരത്തിന്റെ പെറ്റ് കെയര്‍ ഇന്‍ഡസ്ട്രി മാറിക്കഴിഞ്ഞു.

കൊല്‍ക്കത്തയിലെ ഗലിഭ് സ്ട്രീറ്റ് പോലെയോ ബെംഗളൂരുവിലെ ശിവാജി നഗര്‍ മാര്‍ക്കറ്റു പോലെയോ പെറ്റ്‌സ് വ്യാപാരം നടക്കുന്ന മാര്‍ക്കറ്റുകള്‍ കേരളത്തിലില്ലെങ്കിലും ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി വ്യാപാരം പൊടിപൊടിക്കുന്നുണ്ട്. പെറ്റ് വിപണിയില്‍ താല്പര്യം കൂടുതല്‍ നായ്ക്കള്‍ക്കാണ്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, ഷിറ്റ്‌സു തുടങ്ങിയ ഏറെ പരിചതമായ ബ്രീഡുകള്‍ക്ക് പുറമെ, നമ്മുടെ നാട്ടില്‍ അത്രകണ്ട് പരിചിതമല്ലാത്ത മിന്‍ പിന്‍, സൈബീരിയന്‍ ഹസ്‌കി, ഷിവാവ, അമേരിക്കന്‍ ബുള്ളി, ബുള്‍ മാസ്റ്റിഫ് തുടങ്ങിയ ഇനങ്ങളും വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ഇവയില്‍ പലതിനും ലക്ഷങ്ങള്‍ വിലമതിക്കുന്നു എന്നിടത്താണ് വിപണിയുടെ വളര്‍ച്ച നമ്മള്‍ മനസിലാക്കേണ്ടത്. അതെ സമയം പൂച്ചകളില്‍ അന്നും ഇന്നും പ്രിയപ്പെട്ട വിദേശയിനം പേര്‍ഷ്യന്‍ കാറ്റ് തന്നെയാണ്. ഡോഗ് ഷോകളും അലങ്കാരപ്പക്ഷി വളര്‍ത്തലുകാരുടെ കൂട്ടായ്മകളുമെല്ലാം വിപണി കീഴടക്കുന്നതിനായി മത്സരിക്കുമ്പോള്‍ പെറ്റ് ആസസറീസ് ഷോപ്പുകള്‍, പെറ്റ് സ്പാകള്‍, പെറ്റ് ഹോസ്റ്റലുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നു. ഓമന വളര്‍ത്തുമൃഗങ്ങള്‍ ഇന്ന് സോഷ്യല്‍ സ്റ്റാറ്റസിന്റെ കൂടി ഭാഗമായി കഴിഞ്ഞതോടെ ഈ രംഗത്തെ നിക്ഷേപ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

ഹരമായി പെറ്റ് എക്‌സിബിഷനുകള്‍
എക്‌സിബിഷനുകള്‍ മുന്‍നിര്‍ത്തിയാണ് പലരും ഉയര്‍ന്ന മൂല്യമുള്ള മൃഗങ്ങളെയും പക്ഷികളെയും സ്വന്തമാക്കുന്നത്. അടുത്തിടെ കൊച്ചിയില്‍ നടന്ന ശ്വാന പ്രദര്‍ശനത്തില്‍ പങ്കെടുത്ത നായ്ക്കളുടെ ശരാശരി വില ആരംഭിക്കുന്നത് 25000 രൂപക്ക് മുകളിലാണ്. പതിനായിരങ്ങള്‍ വിലമതിക്കുന്ന ലാബ്രഡോര്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സൈബീരിയന്‍ ഹസ്‌കി, ഗ്രേറ്റ് ഡെയ്ന്‍ തുടങ്ങിയ ഇന്നാണ് വരെ പ്രദര്‍ശനത്തിനായി എത്തിയിരുന്നു. ഇത്തരം മൃഗങ്ങളെ വെറുത്തേ പ്രദര്‍ശനത്തിനായി എത്തിക്കുകയല്ല.
എസി സൗകര്യമുള്ള മുറി, വാഹനം എന്നിവയുടെ അകമ്പടിയോടെയാണ് ചമ്പ്യാന്മാരായ പല നായ്ക്കളും എത്തിയിരുന്നത്. ഇത്തരത്തില്‍ പണം വാരി വിതറിയാണ് ഈ മേഖല മുന്നോട്ട് പോകുന്നത്. ആനന്ദത്തിനും മനസുഖത്തിനും വേണ്ടി ഓമനമൃഗങ്ങളെ വളര്‍ത്തുക എന്ന രീതി കാലാന്തരത്തില്‍ പെറ്റ് ബിസിനസ് എന്ന രീതിയിലേക്ക് ഈ മേഖല വളര്‍ന്നു കഴിഞ്ഞു. വളര്‍ത്തുമൃഗങ്ങളും അവയുടെ അനുബന്ധ ആക്‌സസറികളും ട്രൈനിംഗ് സെന്ററുകളും എല്ലാം ഉള്‍പ്പെടുന്ന വലിയ നിക്ഷേപം വരുന്ന മേഖലയായി ഇത് മാറിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പ്രതിവര്‍ഷം 14 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്.
സജീവമായി ഓണ്‍ലൈന്‍ വിപണി
പെറ്റ് വിപണിയുടെ സാധ്യതകള്‍ ഏറ്റവും നന്നായി വിനിയോഗിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട് എത്തുന്ന ആളുകള്‍ വില പറഞ്ഞുറപ്പിച്ച് മൃഗങ്ങളെ വാങ്ങുന്നു. ബാംഗ്ലൂര്‍ നിന്നുള്ള നായ്ക്കള്‍ കൊച്ചിയിലും ചെന്നൈയിലിരുന്നുമൊക്കെ എത്തുന്നത് ഇങ്ങനെയാണ്. ഇന്ന് വാഹനം വാങ്ങുന്നത് പോലെ തന്നെയാണ് വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നതും.

മുതിര്‍ന്ന ഇനം നായ്ക്കള്‍ക്ക് ലൈസന്‍സ് ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അനിവാര്യമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിന്‍ക്ടിന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പെറ്റ്‌സ് വിപണി കരുത്താര്‍ജ്ജിച്ചു വരികയാണ്. ഓണ്‍ലൈനിലൂടെ വിപണനം, വെറ്ററിനറി ഡോക്ടര്‍മാരുമായുള്ള കണ്‍സള്‍ട്ടേഷന്‍, ശാസ്ത്രീയ ഭക്ഷണക്രമം, പരിചരണം, പരിശീലനം, രോഗനിയന്ത്രണം, തുടങ്ങി നിരവധി കാര്യങ്ങള്‍ അങ്ങനെ പലതും ഓണ്‍ലൈന്‍ വഴി കരുത്താര്‍ജ്ജിച്ചു വരികയാണ്.
ആക്‌സസറീസ് ഷോപ്പുകള്‍
പെറ്റ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്ന ഒരു മേഖലയാണ് ആക്‌സസറീസ് ഷോപ്പുകള്‍. മനുഷ്യര്‍ എങ്ങനെ അണിഞ്ഞൊരുങ്ങി നടക്കുന്നുവോ അത് പോലെ തന്നെയാണ് ഇന്ന് വളര്‍ത്തു മൃഗങ്ങളുടെ കാര്യവും. മുന്തിയ ഇനം ബ്രീഡുകളെ അവക്ക് ഇണങ്ങുന്ന രീതിയില്‍ തന്നെ കൊണ്ട് നടക്കാന്‍ ഉടമസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ് നായ്ക്കള്‍, പൂച്ചകള്‍ മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എന്നിവക്കായുള്ള കൂടുകള്‍, ഭക്ഷണം, ബെല്‍റ്റുകള്‍, ബ്രഷുകള്‍ എന്നിവക്കുള്ള വിപണി വര്‍ധിച്ചു വരുന്നതും. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഇത്തരം പെറ്റ് ഷോപ്പുകള്‍ സജീവമാണ്.

ഓഫ്ലൈന്‍ ഷോപ്പുകളില്‍ ഉല്‍പ്പന്ന വൈവിധ്യം കൂടുതലാണ് എന്നതിനാല്‍ ധാരാളം ആളുകള്‍ ഓണ്‍ലൈന്‍ വിപണിയെയാണ് ആശ്രയിക്കുന്നത്. 25,000 ത്തിലധികം ഉല്‍പന്നങ്ങളുള്ള ഈ വിപണിയില്‍ നൂറുകണക്കിന് പുത്തന്‍ ഉല്‍പന്നങ്ങളാണ് ദിനംപ്രതി എത്തുന്നത്.”പൂച്ചയ്ക്കും നായ്ക്കള്‍ക്കുമുള്ള കിടക്കകള്‍, ബെല്‍റ്റുകള്‍, നടക്കാന്‍ കൊണ്ട് പോകുന്ന ലീഷുകള്‍, ഭക്ഷണം, മരുന്ന് തുടങ്ങി ആയിരത്തിലേറെ ഉല്പന്നങ്ങളുണ്ട്.
റെഡിമെയ്ഡ് പെറ്റ് ഫുഡ് വിപണിയി്ല്‍ ജൈവ, പ്രകൃത്യാ ഉള്ള പെറ്റ് ഭക്ഷണങ്ങള്‍ക്കാണ് ആവശ്യക്കാര്‍. ഈ രംഗത്ത് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 17% ത്തിലധികമാണ്. ഹില്‍സിന്റെ സയന്‍സ് ഡയറ്റ്, നെസ്ലേയുടെ പുരിന, വാള്‍മാര്‍ട്ടിന്റെ അള്‍ട്രാ പ്രീമിയം തീറ്റ എന്നിവ പൂര്‍ണ്ണമായും ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങളാണ്. ഇവയ്ക്കെല്ലാം ധാരാളം ആവശ്യക്കാരുമുണ്ട്. കോഴിക്കോട് പെറ്റ് ഷോപ് ഉടമയായ രഘുനാഥ് പറയുന്നു.

ഹൈ ഫൈ പെറ്റ് ഹോസ്പിറ്റലുകള്‍
പണ്ടൊക്കെ വീട്ടിലെ മൃഗങ്ങളെ സര്‍ക്കാര്‍ മൃഗാശുപത്രില്‍ നിന്നും ലഭിക്കുന്ന മരുന്നുകളും നിര്‍ദേശങ്ങളും അനുസരിച്ചാണ് വളര്‍ത്തിയിരുന്നത് എങ്കില്‍ ഇന്ന് അതല്ല അവസ്ഥ. മൃഗങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍, പരിചരണം, കൃത്യമായ രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനായുള്ള സ്റ്റെറിലൈസേഷന്‍ തുടങ്ങി എല്ലാക്കാര്യങ്ങള്‍ക്കും സ്‌പെഷ്യലൈസ്ഡ് ആയ ഡോക്റ്റര്‍മാരുടെ സേവനം ഉറപ്പാക്കിക്കൊണ്ട് പെറ്റ് ഹോസ്പ്പിറ്റലുകള്‍ സജീവമാണ്.
ശസ്ത്രക്രിയകള്‍, സ്‌കാനിങ്, റേഡിയേഷന്‍ ചികിത്സകള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കുന്ന, ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ ഇന്ന് സജീവമാണ്. കോടികളുടെ നിക്ഷേപമാണ് ഈ മേഖലയില്‍ നടക്കുന്നത്. കാര്‍ഡിയോളജി, ന്യൂറോളജി, ഓന്‍കോളജി, ഒഫ്താല്‍മോളജി തുടങ്ങി പെറ്റ്‌സ് ചികിത്സാ രംഗത്ത് നിരവധി സ്‌പെഷ്യലൈസേഷനുകള്‍ നിലവിലുണ്ട്. ഓമന മൃഗത്തിന് ആപത്തുകള്‍ ഒന്നും സംഭവിക്കരുതെന്നു കരുതി നല്ലൊരു തുക തന്നെ ആരോഗ്യ പരിരക്ഷക്കായി മുടക്കാന്‍ ഉടമകള്‍ ഇന്ന് തയ്യാറാകുന്നു. അതിനാല്‍ തന്നെ മൃഗാശുപത്രികളുടെ സാധ്യതയും വര്‍ധിച്ചു വരുന്നു.
ഓമനമൃഗങ്ങളാക്കി ഇന്‍ഷുറന്‍സ് പരിരക്ഷയും
ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നതും. ലക്ഷങ്ങള്‍ നല്‍കി അരുമ മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ ഒരു പരിരക്ഷ ആരും ആഗ്രഹിക്കും. ഇത് മനസിലാക്കിയാണ് ഇന്‍ഷുറന്‍സ് കമ്പനിക്കാരും രംഗത്തിറങ്ങിയിരിക്കുന്നത്. പെറ്റ് ഇന്‍ഷ്വറന്‍സ് രംഗത്ത് 12% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി മൃഗങ്ങളെ വാങ്ങുന്നവര്‍ അവയെ ഇന്‍ഷുര്‍ ചെയ്ത് വളര്‍ത്തുന്നതാണ് ഉചിതം. ഇന്‍ഷുറന്‍സ് തുക കൊണ്ട് നഷ്ടപ്പെട്ട ജീവന്‍ പകരം വയ്ക്കാന്‍ കഴിയില്ല എങ്കിലും ധാരാളം മൃഗങ്ങളെ വളര്‍ത്തുന്ന ബ്രീഡര്‍മാരും മറ്റും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നു.

പെറ്റ് ഹോസ്റ്റലുകള്‍
ദീര്‍ഘദൂര യാത്രകള്‍ ചെയ്യുമ്പോള്‍ ഓമനമൃഗങ്ങളെ എന്ത് ചെയ്യും ? ഈ ചിന്തയില്‍ യാത്രകള്‍ ഉപേക്ഷിക്കുന്നവര്‍ ധാരാളമാണ്. ഇത്തരത്തില്‍ ഇഷ്ടപ്പെട്ട യാത്രകളില്‍ നിന്നും പിന്തിരിയുന്നവര്‍ക്കായാണ് പെറ്റ് ഹോസ്റ്റലുകള്‍ ആരംഭിച്ചിരിക്കുന്നത്. ഉടമസ്ഥര്‍ യാത്ര പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ധൈര്യമായി ഇവിടെ ഏല്‍പ്പിക്കാം.

വെറ്റിനറി ഡോക്റ്ററുടെ സാന്നിധ്യത്തില്‍ തന്നെ ഇവയെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. യജമാനന്‍ ദൂരെയാകുന്ന അവസരങ്ങളില്‍ പോലും കുടുംബത്തിന്റെ അന്തരീക്ഷം നല്‍കുന്നവയാണ് ഇത്തരം ഹോം സ്റ്റേ സൗകര്യങ്ങള്‍. ഡോഗ് റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ ഓമനമൃഗങ്ങള്‍ക്കും നല്‍കുന്ന സ്ഥാപനങ്ങളുണ്ട്.

