സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ആടിയുലയുന്ന വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസില്‍ നിന്ന് സ്ഥാപക സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പടിയിറങ്ങേണ്ടി വരുമോ എന്ന് ഉടനെ അറിയാം. ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും. അതിലാല്‍ തന്നെ പുതിയ വഴിത്തിരിവില്‍ പാതയിലാണ് സ്ഥാപനം. ബൈജൂസിലെ 26 ശതമാനം ഓഹരികള്‍ ബൈജു, ബൈജുവിന്റെ ഭാര്യ ദിവ്യ, സഹോദരന്‍ റിജു എന്നിവര്‍ക്കാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ബൈജൂസില്‍ നിന്ന് ബൈജു അടക്കമുള്ള സഹസ്ഥാപകര്‍ മാറിനില്‍ക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വോട്ടെടുപ്പ്.കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ ജനറല്‍ അറ്റ്ലാന്റിക്, പ്രൊസസ് വെഞ്ച്വേഴ്സ്, പീക്ക് എക്സ്വി, ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്സ് എന്നിവയാണ് അസാധാരണ പൊതുയോഗം (EGM) മുഖേന വോട്ടിംഗ് ആവശ്യപ്പെട്ടത്. പ്രസ്തുത കമ്പനികള്‍ക്ക് ബൈജൂസില്‍ 25 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. എന്നാല്‍ വോട്ടിംഗ് അവകാശമില്ല.
അതെ സമയം ബൈജൂസിന്റെ അവകാശ ഓഹരിക്ക് നല്ല പ്രതികരണം ലഭിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിനകം 30 കോടി ഡോളറിന്റെ (ഏകദേശം 2,500 കോടി രൂപ) വാഗ്ദാനം ഇഷ്യൂവിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെയാണ് അവകാശ ഓഹരി വില്‍പന. ബൈജൂസ് ഇതിന്റെ മികച്ച കാലത്ത് നിന്നപ്പോള്‍, 2,200 കോടി ഡോളര്‍ മൂല്യം സ്ഥാപനത്തിനുണ്ടായിരുന്നു.

