ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് മുകേഷ് അംബാനി നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനും ലോകത്തിലെ 11-ാമത്തെ ശതകോടീശ്വര സമ്പനന്നുമാണ്. എന്നാല്‍ മറുവശത്ത്, അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനി പാപ്പരും. 2020 ഫെബ്രുവരിയില്‍ യുകെ കോടതിക്ക് മുമ്പാകെ അനില്‍ പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അനില്‍ അംബാനി നിരവധി കോടതി കേസുകളുടെ നൂലാമാലകളില്‍ പെട്ടു ഉഴലുകയും ചെയ്യുന്നു.
1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന അനില്‍ അംബാനി ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പന്നനായിരുന്നു.
എന്നാല്‍ തകര്‍ന്നടിഞ്ഞ റിലയന്‍സ് ഗ്രൂപ്പിനും അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ മകന്‍ ജയ് അന്‍മോല്‍ അംബാനി പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ്.
എന്തുകൊണ്ട് അന്‍മോല്‍ അംബാനി?
മുംബൈയിലെ കത്തീഡ്രല്‍, ജോണ്‍ കോണണ്‍ സ്‌കൂളുകളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്‍മോല്‍ പിന്നീട് യുകെയിലെ സെവന്‍ ഓക്സ് സ്‌കൂളില്‍ ചേര്‍ന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജീവിത, കരിയര്‍ യാത്ര സുഗമമായിരുന്നില്ല. വളരെ ചെറിയ പ്രായം തൊട്ടേ ബിസിനസില്‍ സജീവമായിരുന്നു അന്‍മോല്‍.
അച്ഛന്‍ അനില്‍, ഗ്രൂപ്പിന്റെ പല അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നുവെങ്കിലും യുവ അംബാനി റിലയന്‍സ് ക്യാപിറ്റലില്‍ ഫോക്കസ് ചെയ്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 18-ാം വയസ്സില്‍ തന്നെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ പരിശീലനം ആരംഭിച്ചു.
കമ്പനിയുടെ വിവിധ പൊസിഷനുകളില്‍ ജോലി ചെയ്ത ശേഷം, 2016ല്‍ റിലയന്‍സ് ക്യാപിറ്റലിന്റെ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി മാറി അന്‍മോല്‍. ആധുനിക മാനേജ്മെന്റ് വൈദഗ്ധ്യവും കുടുംബ ബിസിനസിലെ പുത്തന്‍ വീക്ഷണവുമെല്ലാമാണ് അന്‍മോലിനെ ശ്രദ്ധേയനാക്കിയത്. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ ബോര്‍ഡിലും അനിലിന്റെ മകനെത്തി.
അനില്‍ അംബാനിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അന്‍മോല്‍ അംബാനിയുടെ ഉദയം റിലയന്‍സ് ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ 40% വര്‍ധന വരുത്തുക വരെ ചെയ്തു. റിലയന്‍സില്‍ തങ്ങളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ ജാപ്പനീസ് ഭീമനായ നിപ്പോണിനെ ബോധ്യപ്പെടുത്താനും യുവ വ്യവസായിക്ക് കഴിഞ്ഞു. രണ്ട് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് സഹായിച്ചു – റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് ക്യാപിറ്റല്‍ അസറ്റ് മാനേജ്മെന്റ്.
നിലവില്‍ 20000 കോടി രൂപയുടെ ആസ്തി അന്‍മോല്‍ അംബാനിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

