ടെക് ഭീമന്‍മാരായ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ. ഓഹരി മൂല്യത്തിലെ അഭൂതപൂര്‍വമായ കുതിപ്പാണ് എന്‍വിഡിയക്കും നിക്ഷേപകര്‍ക്കും നേട്ടമായത്.
ചൊവ്വാഴ്ചത്തെ സെഷനില്‍ എന്‍വിഡിയയുടെ ഓഹരികള്‍ ഏകദേശം 3.5% ഉയര്‍ന്നതോടെ വിപണി മൂല്യം ഏകദേശം 3.34 ട്രില്യണ്‍ ഡോളറായി. കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച.
എന്‍വിഡിയയുടെ എഐ ഒപ്റ്റിമൈസ് ചെയ്ത ചിപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡാണ് കമ്പനിയുടെ കുതിപ്പിനെ നയിക്കുന്നത്. അസാധാരണമായ വരുമാനവും എഐയോട് നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന ആവേശവും കമ്പനിയുടെ കുതിപ്പിനെ പിന്തുണച്ചു. എന്‍വിഡിയയുടെ വിപണി മൂല്യം വെറും 96 ദിവസത്തിനുള്ളില്‍ 2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 3 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.
എന്‍വിഡിയയുടെ എഐ ഒപ്റ്റിമൈസ് ചെയ്ത ചിപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡാണ് കമ്പനിയുടെ കുതിപ്പിനെ നയിക്കുന്നത്
ചരിത്രപരമായി, 1925 മുതല്‍ 11 യുഎസ് കമ്പനികള്‍ മാത്രമാണ് ക്ലോസിംഗ് അടിസ്ഥാനത്തില്‍ വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനം നേടിയതെന്ന് എസ് ആന്റ് പി ഡൗ ജോണ്‍സ് ഇന്‍ഡെക്സിലെ സീനിയര്‍ ഇന്‍ഡെക്സ് അനലിസ്റ്റ് ഹോവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് പറയുന്നു. ഇതിലേക്കാണ് എന്‍വിഡിയ ഇടിച്ചുകയറിയിരിക്കുന്നത്. മൈക്രോസോഫ്റ്റ്, 1990 കളുടെ അവസാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്ന എക്‌സോണ്‍ മൊബിലിന്റെ മൂല്യം എണ്ണവില ഇടിഞ്ഞതിനാല്‍ താഴേക്കുവീണു.
സമീപകാല ത്രൈമാസ ഫലങ്ങള്‍ പരിശോധിച്ചാല്‍ എന്‍വിഡിയയുടെ വരുമാനം മൂന്നിരട്ടിയിലേക്ക് – 26 ബില്യണ്‍ ഡോളറായും അറ്റാദായം ഏഴ് മടങ്ങ് ഉയര്‍ന്ന് 14.9 ബില്യണ്‍ ഡോളറായും വര്‍ധിച്ചു.
എല്‍എസ്ഇജി ഡാറ്റ അനുസരിച്ച്, നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 120 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ 33% അധിക വളര്‍ച്ചയോടെ വരുമാനം 160 ബില്യണ്‍ ഡോളറിലെത്തിയേക്കും.

