Connect with us

Hi, what are you looking for?

Business & Corporates

ഓണര്‍ഷിപ്പും മാനേജ്‌മെന്റും ഒരുമിക്കുന്ന കുടുംബ ബിസിനസ് !

ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു.
കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.

കുടുംബ ബിസിനസ് സര്‍വ്വസാധാരണമാണെങ്കിലും കുട്ടിക്കളിയല്ല. അധികാര കൈമാറ്റം നടത്തുമ്പോള്‍ ഇളം തലമുറയുടെ കാര്യപ്രാപ്തി, ബിസിനസിനോടുള്ള താല്‍പര്യം, സാമ്പത്തിക മാനേജ്‌മെന്റ്, സഹവര്‍ത്തിത്വം തുടങ്ങി നിരവധിക്കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.

‘കുടുംബ ബിസിനസ് രസകരമാണ്. ഓണര്‍ഷിപ്പും മാനേജ്‌മെന്റും ഒരുമിച്ച് ചേരുന്നതു കൊണ്ട് ബിസിനസില്‍ നിന്നും ശ്രദ്ധ തിരിയുന്നതിനുള്ള സാഹചര്യം വളരെ കുറവാണ്. എന്നാല്‍, ഉടമസ്ഥാവകാശവും മാനേജ്‌മെന്റും ഒരുപോലെ സംയോജിപ്പിച്ച് ബിസിനസിന്റെ വളര്‍ച്ചയും വെല്‍ത്ത് ക്രിയേഷനും ഉറപ്പുവരുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല’ പ്രശസ്ത കുടുംബ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ദനായ പ്രൊഫ. പരിമള്‍ മര്‍ച്ചന്റിന്റെ വാക്കുകളാണിവ. കുടുംബ ബിസിനസ് ഒരേ സമയം ഒരു വ്യക്തിക്ക് സാധ്യതയും വെല്ലുവിളിയുമാണ് എന്ന് പറയുന്നു അദ്ദേഹം. കേരളത്തിന്റെ കാര്യത്തിലും ഈ ചിന്താഗതി വ്യത്യസ്തമല്ല.

വി ഗാര്‍ഡ്, സിന്തൈറ്റ്, ബിസ്മി, എലൈറ്റ് തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക വന്‍കിട ബിസിനസ് ബ്രാന്‍ഡുകളും വിജയകരമായി കുടുംബ ബിസിനസ് മാതൃക പിന്തുടരുന്നവരാണ്. ഏറ്റവുമധികം കുടുംബ ബിസിനസുകള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ചൈനയാണ് ഏറ്റവും മുന്നില്‍. യുഎസിന് രണ്ടാം സ്ഥാനമാണ്. ആഗോള തലത്തില്‍ ഏറ്റവും ലാഭകരമായ 50 കുടുംബ ബിസിനസുകളില്‍, 12 എണ്ണവും ഇന്ത്യന്‍ കുടുംബങ്ങള്‍ നയിക്കുന്നതാണ്. ഇനി ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ മുന്‍നിരയില്‍ കേരളമുണ്ട്. ഇത്തരത്തില്‍ പ്രശ്‌നരഹിതമായി കുടുംബ ബിസിനസ് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

1. ബിസിനസ് കുടുംബകാര്യമല്ല

നാം എങ്ങനെയാണോ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്, അതെ കൃത്യതയോടെ വേണോ സ്വന്തം സ്ഥാപനത്തിലും പ്രവര്‍ത്തിക്കാന്‍. ആറ്റില്‍ക്കളഞ്ഞാലും അളന്നു കളയണം എന്നുള്ളതുപോലെ ചെയ്യുന്ന എന്തുകാര്യത്തിനും വിനിയോഗിക്കുന്ന പണത്തിനുമെല്ലാം കൃത്യമായ ഒരു കണക്കുണ്ടാകണം. ബിസിനസ് വിജയവും ലാഭം വര്‍ധിപ്പിക്കലും മാത്രമായിക്കണം ലക്ഷ്യം.മാതാപിതാക്കള്‍ക്ക് കീഴില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ പോലും ‘ഗിവ് റെസ്‌പെക്റ്റ് ആന്‍ഡ് ടേക്ക് റെസ്‌പെക്റ്റ്’ എന്ന രീതി പിന്തുടരുക.

മകനാണ് / മകളാണ് എന്ന ബന്ധം ദുരുപയോഗം ചെയ്യാതിരിക്കുക. കുടുംബാംഗങ്ങള്‍ പരസ്പരം ബഹുമാനത്തോടെ തന്നെ പെരുമാറുക. എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടി തീരുമാനങ്ങള്‍ അവരുടേത് കൂടിയാണെന്ന തോന്നലുണ്ടാക്കണം. ബിസിനസിനെ ബിസിനസ് ആയും കുടുംബ കാര്യങ്ങളെ ആ നിലക്കും മാത്രം കാണുക.

2. അധികാരകൈമാറ്റം ആലോചിച്ചു മാത്രം

രണ്ടാം തലമുറയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വരുന്ന പിഴവുകളാണ് നല്ലൊരു ശതമാനം കുടുംബ ബിസിനസുകളുടെയും വീഴ്ചക്ക് കാരണം. അധികാരം കൈമാറേണ്ട കാലം എത്തുന്നതിന് മുന്‍പായി ഇളം തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് ബിസിനസ് നടത്തിപ്പിനുള്ള താല്‍പര്യമുണ്ടോ ഇല്ലയോ എന്ന് മനസിലാക്കിയിരിക്കണം. കഴിവും ഇക്കാര്യത്തില്‍ പ്രധാനമാണ്.

മക്കളില്‍ ഏറ്റവും പ്രാപ്തനായ ആളിന് അധികാരം കൈമാറുന്നതാണ് ഉചിതം. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ശ്രമിക്കണം. മക്കള്‍ പഠിച്ചിറങ്ങിയ ഉടനെ തന്നെ സ്ഥാപനത്തിലെ മുന്‍നിര പോസ്റ്റിലേക്ക് അവരെ പരിഗണിക്കുന്നത് നല്ലതല്ല. സ്ഥാപനത്തോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കാനും അവസരം ഒരുക്കുക എന്നതാണ് പ്രധാനം.

3. സാമ്പത്തിക അച്ചടക്കം പ്രധാനം

കുടുംബ ബിസിനസിന്റെ ഭാഗമാകുന്നതിനു മുന്‍പ് വരെ മാതാപിതാക്കളില്‍ നിന്നും ധാരാളം പണം കൈപ്പറ്റുന്നവരായിരിക്കാം നിങ്ങള്‍. എന്നാല്‍ കുടുംബ ബിസിനസിന്റെ ഭാഗമായശേഷം സ്ഥാപനത്തില്‍ നിന്നും ആവശ്യാനുസരണം പണം പിന്‍വലിക്കാം എന്ന ചിന്തയുമായാണ് നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അത് വലിയ തെറ്റാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നത് കുടുംബ ബിസിനസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

ചെലവാക്കുന്ന ഓരോ രൂപയുടെയും കാര്യത്തില്‍ കൃത്യമായ ആസൂത്രണം വേണം. സ്ഥാപനത്തില്‍ നിന്നും വിനോയോഗിക്കുന്ന ഓരോ രൂപക്കും കൃത്യമായ കണക്കു സൂക്ഷിക്കേണ്ടത് ആവശ്യമാണ്.സാമ്പത്തിക അച്ചടക്കത്തോടൊപ്പം സാമ്പത്തിക ആസൂത്രണവും കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിക്ക് കുടുംബ ബിസിനസില്‍ തിളങ്ങാന്‍ സാധിക്കൂ.

4. അനന്തരാവകാശികള്‍ക്ക് താല്‍പര്യമുണ്ടോ ?

ഇളം തലമുറയെ സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റുന്നത് പോലെ തന്നെ പ്രധാനമാണ് അവര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ഒരുക്കി നല്‍കുക എന്നതും. സ്ഥപനത്തിന്റെ നടത്തിപ്പിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക, പര്‍ച്ചേസ് നടത്തുക, ഭാവി പദ്ധതികള്‍ പ്ലാന്‍ ചെയ്യുക തുടങ്ങി വിവിധങ്ങളായ ചുമതലകള്‍ ഇളം തലമുറയെ ഏല്‍പ്പിക്കാം.

ഏല്‍പ്പിച്ചതൊഴിലിനോട് താല്പര്യവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ തന്നെ അവര്‍ പറഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും. മാത്രമല്ല, ഇത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സ്വയം കഴിവ് തെളിയിച്ച്, ആത്മവിശ്വാസം വര്‍ധിപ്പിച്ച ഒരു തലമുറക്ക് മാത്രമേ കുടുംബ ബിസിനസിനെ അടുത്തതലത്തിലേക്ക് കൊണ്ട് പോകാന്‍ സാധിക്കൂ.

5. അമിതമായ നിയന്ത്രണം ആവശ്യമില്ല

പലപ്പോഴും കുടുംബ ബിസിനസുകളില്‍ സംഭവിക്കുന്ന ഒരു പ്രധാനപ്പെട്ട തെറ്റാണിത്. ഉയര്‍ന്ന പൊസിഷന്‍ നല്‍കിയ ശേഷം മക്കള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിശേഷിക്കുക.ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. മിക്കവാറും ഉന്നത വിദ്യാഭ്യാസം നേടിയ ശേഷമാണു കുടുംബ ബിസിനസിന്റെ ഭാഗമാകുന്നത്. നിരവധി പുതിയ ആശയനഗലും ഇവരുടെ കൈവശം കണക്കും. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ അവസരം നല്‍കുക എന്നത് പ്രധാനമാണ്.

ബിസിനസിലെ കടിഞ്ഞാണ്‍ നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് പല സംരംഭകരും തുടക്കത്തില്‍ മക്കള്‍ക്ക് അല്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശികള്‍ക്ക് ഇത്തരം സ്വാതന്ത്ര്യം നിഷേധിക്കുന്നത്. അര്‍ത്ഥശൂന്യമായ പ്രവര്‍ത്തിയാണിത്. ബിസിനസിലേക്ക് ഇളം തലമുറയെ നിങ്ങള്‍ കൊണ്ടുവന്നു എങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കണം. പ്രവര്‍ത്തികളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിനുള്ള പൂര്‍ണമായ അധികാരം മുതിര്‍ന്ന സംരംഭകനുണ്ട്.

6. കൃത്യമായ ലക്ഷ്യം ഉണ്ടായിരിക്കുക

എന്താണ് തങ്ങളുടെ ബിസിനസിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന കാര്യത്തില്‍ മുതിര്‍ന്ന സംരംഭകനും ഇളം തലമുറക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഏതു ദിശയിലാണു ബിസിനസ് വളരേണ്ടത്, എന്തായിരിക്കണം ഫോക്കസ് തുടങ്ങിയ സംബന്ധിച്ച വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ എങ്ങനെ വളരണമെന്നതു സംബന്ധിച്ച് അനിശ്ചിതത്വത്തിലാകുന്ന ബിസിനസുകള്‍ ഏറെയുണ്ട്.

ഈ വിഭാഗത്തില്‍പെടാതിരിക്കാന്‍ ശ്രമിക്കണം. പുതിയ ഒരു മേഖലയിലേക്ക് ബിസിനസ് വികസനം അനിവാര്യമായി വന്നാല്‍ ബിസിനസിന്റെ ഭാഗമായ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. ഉപേക്ഷിക്കേണ്ട തീരുമാനങ്ങള്‍ ആ പോയിന്റില്‍ തന്നെ ഉപേക്ഷിക്കുക. ബിസിനസ് ലക്ഷ്യം തീരുമാനിക്കുമ്പോള്‍ കേവലം ധനസമ്പാദനത്തിനപ്പുറം വിശാലമായ ലക്ഷ്യങ്ങള്‍ കണ്ടെത്തുക.

7. തുറന്ന സംഭാഷണം

കുടുംബ ബിസിനസില്‍ നാം പുലര്‍ത്തേണ്ട അടിസ്ഥാന മര്യാദകളില്‍ ഒന്നാണ് തുറന്ന സംഭാഷണം. ഒരു വിഷയം സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ രൂപപ്പെട്ടേക്കാം. എന്നാല്‍ ഈ വ്യത്യസ്തതയില്‍ നിന്നും കുടുംബത്തിനും ബിസിനസിനും അനുയോജ്യമായ രീതിയില്‍ മികച്ച അഭിപ്രായങ്ങള്‍ വേര്‍തിരിച്ചെടുക്കുക എന്നതാണ് പ്രധാനം.

ഈഗോ ചിന്തകള്‍ക്ക് ഇവിടെ അടിസ്ഥാനമില്ല. ഒരേയൊരുലക്ഷ്യം ബിസിനസിന്റെ വളര്‍ച്ച മാത്രമായിരിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചു മുന്നേറുന്നതിന് ഇത്തരത്തില്‍ തുറന്ന ചര്‍ച്ചകള്‍ ഫലം ചെയ്യും. ബിസിനസ് മീറ്റിങ്ങുകളെ ആ തലത്തില്‍ മാത്രം കാണുക. കുടുംബ ബിസിനസില്‍ വിജയിക്കുന്നതിനു നാം പിന്തുടരേണ്ട പ്രധാന പാഠങ്ങളില്‍ ഒന്നാണ് അത്.

8. ബിസിനസ് വീട്ടില്‍ വേണ്ട

ബിസിനസ് വേറെ കുടുംബം വേറെ എന്ന അപ്രോച്ച് ആണ് കുടുംബ ബിസിനസില്‍ പിന്തുടരേണ്ടത്. ചിലപ്പോള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നായിരിക്കും സ്ഥാപനം നടത്തുന്നത്, മറ്റു ചിലപ്പോള്‍ മക്കള്‍ സ്ഥാപനത്തിന്റെ ഭാഗമായേക്കാം ഈ അവസ്ഥകളില്‍ ഒന്നും തന്നെ വീട്ടുകാര്യങ്ങളും ബിസിനസ് കാര്യങ്ങളും തമ്മില്‍ കൂട്ടിയിണക്കരുത്. കുടുംബ ബിസിനസില്‍ ഓരോ അംഗങ്ങളുടെയും അധികാര പരിധികള്‍ കൃത്യമായി നിര്‍വചിച്ചിരിക്കണം.

കഴിയുമെങ്കില്‍ ഇതില്‍ പരസ്പരം ഇടപെടരുത്. ബിസിനസ് സംബന്ധമായി ഓഫീസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഓഫീസ്‌ടൈം തീരുന്നതിനു മുന്‍പായി പരിഹാരം കണ്ടെത്തുക. അഭിപ്രായവ്യത്യസങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി പരിഹാരം കാണുക, രണ്ടു മുതലാളിമാരെയും ഒരേ പോലെ പിന്തുണക്കണം എന്ന ധര്‍മ്മസങ്കടത്തില്‍ തൊഴിലാളികളെ എത്തിക്കരുത്.

9. തീരുമാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുക

അധികാരം കയ്യില്‍ കിട്ടി എന്ന് കരുതി ഉടനടി ഓഫീസ് കാര്യങ്ങള്‍ മുഴുവന്‍ മാറ്റിമറിച്ചേക്കാം എന്ന ചിന്ത വേണ്ട. എടുക്കുന്ന ഓരോ തീരുമാനവും വിവിധ സാഹചര്യങ്ങള്‍ നന്നായി പഠിച്ചശേഷം മാത്രമെടുക്കുക. തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തുന്നതിനായി ഒരിക്കലും മടികാണിക്കരുത്. മുന്‍പരിചയം ഇല്ലാത്തവര്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സ് കാണിക്കുക. ഓരോ സംരംഭകനും ഒരുമിച്ചു നിന്ന് വളരുന്നതിനുള്ള വസരം ഒരുക്കുക എന്നതാണ് പ്രധാനം.

10. അഭിപ്രായഭിന്നത ഒഴിവാക്കുക

ബിസിനസ് ആയാല്‍ ആശയപരമായി പല വ്യത്യാസങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഒരിക്കലും അഭിപ്രായ ഭിന്നത ബിസിനസ് നടത്തിപ്പിനെ ബാധിക്കരുത്. ഓരോ ചെറിയ കാര്യത്തിനും വിളിച്ചു വരുത്തി ഉപദേശിക്കുന്ന രീതി നല്ലതല്ല.

തന്നോടാലോചിക്കാതെ ഒന്നും ചെയ്യരുത് എന്നതുപോലുള്ള നിര്‍ദേശങ്ങള്‍ കുടുംബ ബിസിനസിലേക്ക് പുതുതായി എത്തിയവരും നടത്തിപ്പുകാരും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കരുത്. എല്ലായ്‌പ്പോഴും ഐക്യമായിരിക്കണം കുടുംബ ബിസിനസിന്റെ കാതല്‍. അതുപോലെ തന്നെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയും നല്ലതല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും