ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ പെയിന്റ് ബിസിനസ് ആരംഭിച്ച് ആദിത്യ ബിര്‍ള ഗ്രൂപ്പ്. ബിര്‍ള ഓപസ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ബിര്‍ളയുടെ പെയിന്റ് വിപണി കീഴടക്കാനെത്തുക.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ്, പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ഘടകങ്ങളാല്‍ നയിക്കപ്പെടുന്ന പെയിന്റ് ഉപഭോഗത്തിലെ വളര്‍ച്ചയുടെ അപാരമായ സാധ്യതകള്‍ പരിഗണിച്ചാണ് പുതിയ ബിസിനസിന് തുടക്കമിട്ടിരിക്കുന്നതെന്ന് ലോഞ്ചിനോടനുബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ കുമാര്‍ മംഗലം ബിര്‍ള ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടത്തില്‍ വര്‍ധിച്ച നിക്ഷേപത്തിലൂടെ കമ്പനിയുടെ ശേഷി പ്രതിവര്‍ഷം 500 ദശലക്ഷം ലിറ്റര്‍ അധിക ഉല്‍പ്പാദനത്തിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ആഗോള തലത്തില്‍ ശരാശരി 10 കിലോയാണ് പ്രതിശീര്‍ഷ പെയിന്റ് ഉപഭോഗം. എന്നാല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വാര്‍ഷിക പെയിന്റ് ഉപഭോഗം 3.5 കിലോഗ്രാമാണ്. പെയിന്റ് മേഖലയിലെ വലിയ അവസരമാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് ബിര്‍ള പറഞ്ഞു.
ആറ് വിഭാഗങ്ങളിലായി 145 ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനും ശക്തമായ ശൃംഖലയിലൂടെ 6,000 പട്ടണങ്ങളില്‍ വിതരണം ചെയ്യാനുമാണ് ഗ്രൂപ്പിന്റെ പദ്ധതി.
നിലവില്‍ 3 അത്യാധുനിക പ്ലാന്റുകളുള്ള ഗ്രൂപ്പ് 2025 സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് മൂന്ന് പ്ലാന്റുകള്‍ കൂടി ആരംഭിക്കും.ഇതോടെ ആകെ ശേഷി 1,332 മില്യണ്‍ ലിറ്ററായി ഉയരും. രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പെയിന്റ് കമ്പനികള്‍ കൂടിച്ചേര്‍ന്നതിനേക്കാള്‍ ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയായിരിക്കും ഇത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശേഷി 500 മില്യണ്‍ ലിറ്റര്‍ കൂടി ഉയര്‍ത്താനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
ആറ് വിഭാഗങ്ങളിലായി 145 ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനും ശക്തമായ ശൃംഖലയിലൂടെ 6,000 പട്ടണങ്ങളില്‍ വിതരണം ചെയ്യാനുമാണ് ഗ്രൂപ്പിന്റെ പദ്ധതി
‘ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് 300,00 ചിത്രകാരന്മാരും എന്റോള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ 300 പട്ടണങ്ങളില്‍ ബിര്‍ള ഓപസ് പെയിന്റ് ഗാലറികള്‍ സ്ഥാപിക്കുന്നു,’ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു.
പെയിന്റ് വിപണിയില്‍ ഗ്രാസിം വെല്ലുവിളികള്‍ നേരിടുമെന്നുറപ്പാണ്. നിലവില്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഏഷ്യന്‍ പെയിന്റ്‌സ് കരുത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിപണിയില്‍ രണ്ടാം സ്ഥാനമാണ് ഗ്രാസിം ലക്ഷ്യമിടുന്നത്. ജെഎസ്ഡബ്ല്യു പെയിന്റ്‌സ്, ആസ്ട്രല്‍ തുടങ്ങിയ എതിരാളികള്‍ തങ്ങളുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആക്രമണോത്സുകമായി രംഗത്തുണ്ട്.

