ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) അഥവാ വൈദ്യുത വാഹന മേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യ. 2030 ഓടെ ആകെ വാഹനങ്ങളുടെ 30% ഇവി ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ബാറ്ററി ടെക്നോളജിയും റീസൈക്ലിംഗും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ പിഎം ഇ-ഡ്രൈവ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര, മുച്ചക്ര വാഹന മേഖലയില്‍ 100% ഇവികളെന്ന ലക്ഷ്യവും ചില നഗരങ്ങളെ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി 23% വളര്‍ച്ചയാണ് ഇന്ത്യയിലെ ഇവി മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ സബ്സിഡിയാണ് ഇവികള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇവി വാഹന മേഖല സുസ്ഥിരത കൈവരിച്ചേക്കുമെന്ന് കരുതുന്ന 2026 സാമ്പത്തിക വര്‍ഷം വരെ സബ്സിഡികള്‍ തുടരും. ടെസ്ല പോലെ ഒരു ആഗോള ഇവി വമ്പന്റെ കടന്നു വരവും ഇന്ത്യന്‍ ഇവി മേഖലയ്ക്ക് മുതല്‍ക്കൂട്ടായേക്കും. ഇത്തരമൊരു അനുകൂല സാഹചര്യം നിക്ഷേപം നടത്താവുന്ന ഏറ്റവും ആകര്‍ഷകമായ മേഖലകളിലൊന്നായി ഇവി വിഭാഗത്തെ മാറ്റിയിരിക്കുന്നു. 2024 ഓടെ ഇന്ത്യന്‍ ഇവി വ്യവസായം 3 ലക്ഷം കോടി രൂപയുടേതാകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2029 ഓടെ ഇത് 9 ലക്ഷം കോടി രൂപയിലേക്ക് വളരുമെന്നും. ഇന്ത്യന്‍ ഇവി മേഖലയില്‍ ധൈര്യപൂര്‍വം നിക്ഷേപിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്.
സര്‍ക്കാര്‍ പിന്തുണ
ഇവി സംവിധാനത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യയിലുള്ളത്. 2029 വരെ കാലാവധിയുള്ള മൂന്നാം മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇവി മേഖലയ്ക്ക് ദീര്‍ഘകാല പിന്തുണ ലഭിക്കും. ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് (പിഎല്‍ഐ), ഫെയിം-2 എന്നീ പദ്ധതികളിലൂടെ ഇവി മേഖലയ്ക്ക് ഇന്‍സെന്റീവുകള്‍ ലഭിക്കുന്നുണ്ട്. ഇവി ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സാമ്പത്തിക പിന്തുണ ലഭിക്കും.

2030 ലക്ഷ്യങ്ങള്‍
2030 ഓടെ സ്വകാര്യ കാറുകളില്‍ 30 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 70 ശതമാനവും ഇവികള്‍ ആക്കാനാവുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നു. ബസുകളില്‍ 40 ശതമാനവും ഇരുചക്ര-മുച്ചക്ര വാഹനങ്ങളില്‍ 80 ശതമാനവും ഇവികളാക്കും. ഇവി മേഖലയിലെ കമ്പനികള്‍ക്ക് വലിയ അവസരങ്ങളാണ് ഇത് മുന്നോട്ടുവെക്കുന്നത്.
മികച്ച വളര്‍ച്ച
ഇന്ത്യയിലെ ഇവി വിപണി 26.05% എന്ന മികച്ച വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് മുന്നോട്ടു കുതിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്രാ സൗകര്യങ്ങളിലും ഏറ്റവും നവീനമായ സാങ്കേതികവിദ്യകളിലും ഉപഭോക്താക്കള്‍ കൂടുതലായി താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.

ഇവി മേഖലയില്‍ നിക്ഷേപിക്കാനുള്ള വലിയ അവസരങ്ങളിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍, ഇവി ബാറ്ററി നിര്‍മിക്കുന്ന കമ്പനികള്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാതാക്കള്‍ എന്നിങ്ങനെ വിവിധതരം നിക്ഷേപ സാധ്യതകളുണ്ട്. മികച്ച ഇവി സ്റ്റോക്കുകള്‍ പരിശോധിക്കാം…
1. സെര്‍വോടെക് പവര്‍ സിസ്റ്റംസ്
ഇവി ചാര്‍ജിംഗ് സംവിധാനങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കമ്പനിയാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസ്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യത തേടുന്ന പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധ്യതയുള്ള ഓഹരിയാണിത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനി ഓഹരികള്‍ 5294% വളര്‍ച്ച നേടി. കഴിഞ്ഞ ഒരു വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 67 ശതമാനമാണ്. സോളാര്‍ പ്രൊഡക്ടുകള്‍, ഇവി ചാര്‍ജറുകള്‍, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍.
2. ഹിമാദ്രി സെപ്ഷ്യാലിറ്റി കെമിക്കല്‍ ലിമിറ്റഡ്
ഇവി ബാറ്ററി മേഖലയിലെ പ്രധാന കമ്പനികളിലൊന്നായി ഉയര്‍ന്നു വരുന്ന കമ്പനിയാണ് ഹിമാദ്രി സെപ്ഷ്യാലിറ്റി കെമിക്കല്‍. ബാറ്ററി നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ് കാര്‍ബണ്‍ മെറ്റീരിയലുകളാണ് കമ്പനിയുടെ പ്രധാന പ്രൊഡക്ട്. മൂന്ന് വര്‍ഷത്തിനിടെ 1019% മുന്നേറ്റമുണ്ടാക്കിയ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 125% മുന്നേറി.

3. ജെബിഎം ഓട്ടോ
ഇലക്ട്രിക് ബസുകളും ചാര്‍ജിംഗ് സൊലൂഷനുകളുമായി ഇവി മേഖലയിലെ ശ്രദ്ധേയമായ കമ്പനിയാണ് ജെബിഎം ഓട്ടോ. വാഹന എന്‍ജിനീയറിംഗ് മേഖലയിലെ പ്രബല കമ്പനിയായ ജെബിഎം ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ജെബിഎം ഓട്ടോ. ആഗോള തലത്തില്‍ 35 മാനുഫാക്ചറിംഗ് പ്ലാന്റുകളും നാല് എന്‍ജിനീയറിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളും ജെബിഎം ഗ്രൂപ്പിനുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 927% നേട്ടമാണ് ജെബിഎം ഓട്ടോയുടെ സ്റ്റോക്കുകള്‍ നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22% നേട്ടവും.

4. ഒലെക്ട്ര ഗ്രീന്‍ടെക്
ഇലക്ട്രിക് ബസ് നിര്‍മാണത്തില്‍ ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് ഒലെക്ട്ര ഗ്രീന്‍ടെക്. പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വന്‍ കുതിപ്പ് ഹൈദരാഹബാദ് ആസ്ഥാനമായ ഈ കമ്പനിക്ക് നേട്ടമാകുമെന്ന് അനുമാനിക്കപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 395% വളര്‍ച്ചയാണ് ഒലെക്ട്ര ഓഹരികള്‍ നല്‍കിയത്.
5. ടാറ്റ മോട്ടോഴ്സ്
ഇവി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നായി ചുരുങ്ങിയ കാലം കൊണ്ട് ടാറ്റ മോട്ടോഴ്സ് ഉയര്‍ന്നുകഴിഞ്ഞു. നെക്സണ്‍, ടിഗോര്‍ ഇവികള്‍ ടാറ്റയെ വലിയ ചുവടുവെപ്പിന് സഹായിച്ചിട്ടുണ്ട്. വിപണിയില്‍ വലിയ വിഹിതം ലക്ഷ്യമിട്ട് ഇവി സാങ്കേതികവിദ്യയില്‍ ശക്തമായ നിക്ഷേപമാണ് ടാറ്റ മോട്ടോഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 271 ശതമാനം നേട്ടമാണ് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ നല്‍കിയത്. ലാര്‍ജ് കാപ് വിഭാഗത്തിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഉള്ളത്.
6. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
യാത്രാ, വാണിജ്യ വാഹന വിപണിയിലെ വമ്പന്‍മാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇവി മേഖലയെ ഏറെ താല്‍പ്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇവി വാഹന നിര്‍മാണത്തില്‍ എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കമ്പനി തയാറാണ്. ലാര്‍ജ് കാപ് വിഭാഗത്തിലെ ശക്തമായ ഓഹരികളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

7. എന്‍ടിപിസി
ഇവി മേഖലയിലെ അതിശക്തമായ പൊതുമേഖലാ കമ്പനിയായി ഉയരുകയാണ് എന്‍ടിപിസി. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കമ്പനിയാണിത്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ചാണ് എന്‍ടിപിസി ഇവി വിപ്ലവത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 248% നേട്ടമാണ് എന്‍ടിപിസി ഓഹരികള്‍ നല്‍കിയത്.
8. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
എണ്ണ ഉല്‍പ്പാദനത്തിലും വിതരണത്തിലും വില്‍പ്പനയിലും ഒതുങ്ങാതെ ഭാവിയിലെ ഇവി വമ്പനാവാനുള്ള തയാറെടുപ്പിലാണ് ഐഒസി. രാജ്യത്തുടനീളമുള്ള തങ്ങളുടെ പെട്രോള്‍ പമ്പുകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാണ് ഐഒസി കളം പിടിക്കുന്നത്. വൈവിധ്യവല്‍ക്കരണത്തിന് മടിയില്ലെന്ന് തെളിയിക്കുന്ന കമ്പനി ഇന്ത്യയിലെ ഇവി സ്റ്റോക്കുകളില്‍ പ്രധാന സ്ഥാനം നേടിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 138% നേട്ടമാണ് ഐഒസി ഓഹരികള്‍ നല്‍കിയത്.
9. ഹീറോ മോട്ടോകോര്‍പ്പ്
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഇല്ക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ഇവി മേഖലയിലേക്ക് ചുവടുവെക്കുന്നത്. വിശാലമായ വിതരണ ശൃംഖലയും ബ്രാന്‍ഡ് വിശ്വാസ്യതയും ഇവി മേഖലയിലും ഹീ
റോക്ക് കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 106% നേട്ടമാണ് ഹീറോ ഓഹരികള്‍
നല്‍കിയത്.
10. എന്‍ഡുറന്‍സ് ടെക്നോളജീസ്
ഇവി ഘടകങ്ങളുടെ നിര്‍മാണത്തിലൂടെ ഈ മേഖലയിലേക്ക് കടന്നുവരികയാണ് എന്‍ഡുറന്‍സ് ടെക്നോളജീസ്. ബ്രേക്ക് സംവിധാനം, സസ്പെന്‍ഷന്‍ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. 51% നേട്ടമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കമ്പനി നല്‍കിയത്.

ഇവി ബാറ്ററി സ്റ്റോക്കുകള്‍
ഇവി മേഖലയുടെ നട്ടെല്ലാണ് ബാറ്ററികള്‍. അതുകൊണ്ടുതന്നെ ഇവി ബാറ്ററികള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് വരുംകാലം മികച്ച നേട്ടങ്ങളുടേതാകും. ഇവികള്‍ക്കായുള്ള ഡിമാന്‍ഡ് ഉയരുന്നതിനനുസരിച്ച് ഇവി ബാറ്ററി നിര്‍മാതാക്കളുടെ ലാഭവും വളരും. എക്സൈഡ് ഇന്‍ഡ്സ്ട്രീസ്, അമര രാജ എനര്‍ജി ആന്‍ഡ് മൊബിലിറ്റി, എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്, നിയോജെന്‍ കെമിക്കല്‍സ്, ടാറ്റ കെമിക്കല്‍സ് എന്നിവയാണ് ഇവി ബാറ്ററി നിര്‍മാണ മേഖലയിലെ പ്രധാന കമ്പനികള്‍.
(ഓഹരി വിപണി സംബന്ധിച്ച അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനുദ്ദേശിച്ചുള്ള ലേഖനം മാത്രമാണിത്. ഇതില്‍ പറയുന്ന സ്റ്റോക്കുകള്‍ നിര്‍ദേശങ്ങളല്ല. ആളുകള്‍ സ്വയം വിലയിരുത്തി നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ടതാണ്)

The author is News Editor at The Profit.
