Connect with us

Hi, what are you looking for?

Business & Corporates

വെള്ളക്കെട്ടില്‍ മുങ്ങിയ കെട്ടിടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഓപ്റ്റിയും ബില്‍ഡേഴ്സ്

കെട്ടിടം പൊളിക്കാതെ തന്നെ തറ നിരപ്പില്‍ നിന്നും എട്ടടിവരെ ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയാണ് ഓപ്റ്റിയും ബില്‍ഡേഴ്സ് അവതരിപ്പിക്കുന്നത്

മഴക്കാലമായാല്‍ കേരളത്തില്‍ വെള്ളം കളിയാണ്. താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും വെളളത്തിനടിയിലാകാന്‍ ഒന്നര ദിവസത്തെ മഴതന്നെ ധാരാളം. മഴക്കാലത്ത് വെള്ളം കയറുന്ന കെട്ടിടങ്ങള്‍ക്ക് പരിഹാരമാകുകയാണ് കൊച്ചി ആസ്ഥാനമായ ഓപ്റ്റിയും ബില്‍ഡേഴ്സ്. കെട്ടിടം പൊളിക്കാതെ തന്നെ തറ നിരപ്പില്‍ നിന്നും എട്ടടിവരെ ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയാണ് ഓപ്റ്റിയും ബില്‍ഡേഴ്സ് അവതരിപ്പിക്കുന്നത്.

കാലത്തിന്റെ മാറ്റങ്ങള്‍ക്കും അനിവാര്യതകള്‍ക്കും ഒപ്പം സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംരംഭങ്ങള്‍ക്കേ നിലനില്‍പ്പുള്ളൂ. ഇത്തരത്തില്‍, കേരളത്തിലെ നിലവിലെ കാലാവസ്ഥയ്ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രവര്‍ത്തിച്ചുകൊണ്ട് ശ്രദ്ധേയമാകുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്റ്റിയും ബില്‍ഡേഴ്സ്. 2018 ലെ പ്രളയത്തിലാണ് കേരളത്തില്‍ പലരും വീട്ടിലും കെട്ടിടങ്ങളിലും വെള്ളം കയറിയാലുള്ള അവസ്ഥ ശരിക്കും മനസിലാക്കുന്നത്.

ആഷിഖ് ഇബ്രാഹിം

പിന്നീടുള്ള മഴക്കാലങ്ങളില്‍ സമാനമായ വെള്ളപ്പൊക്കം തുടര്‍ക്കഥയാകുകയും ചെയ്തു. വീടുകളില്‍ നിന്നും ഫര്‍ണിച്ചറുകളും വേണ്ടപ്പെട്ട രേഖകളും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ വന്നപ്പോഴാണ് പലരും വീടും കെട്ടിടവുമെല്ലാം കുറച്ചു കൂടി ഉയര്‍ത്തി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചിന്തിച്ചു തുടങ്ങിയത്. ഒരിക്കല്‍ പണി പൂര്‍ത്തിയായ കെട്ടിടം പിന്നീട് ഉയര്‍ത്താന്‍ കഴിയുമോ എന്ന ഗവേഷണത്തിനു മുന്നില്‍ അസാധ്യമെന്നു കരുതിയ കാര്യത്തെ സാധ്യമാക്കി കെട്ടിട നിര്‍മാണ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായയി പ്രവര്‍ത്തിക്കുന്ന ഓപ്റ്റിയും ബില്‍ഡേഴ്സ് എന്ന സ്ഥാപനവും സാരഥി ആഷിഖ് ഇബ്രാഹിമും.

കെട്ടിട നിര്‍മാണമേഖലയില്‍ 30 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തെ പിതാവിന്റെ കൈകളില്‍ നിന്നും ഏറ്റെടുക്കുമ്പോള്‍ അത് വലിയൊരു മാറ്റത്തിനു കൂടി തുടക്കമിടുകയായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം, തന്റെ ഓരോ യാത്രയിലും വിവിധ രാജ്യങ്ങളിലെ കെട്ടിട നിര്‍മാണ രീതികളും പരിപാലന രീതികളും അടുത്തറിഞ്ഞു. സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ആഷിഖ് ഇബ്രാഹിം, താന്‍ പഠിച്ച സിലബസ് പ്രകാരം കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഫോക്കസ് ചെയ്യാനല്ല ആഗ്രഹിച്ചത്.

വ്യത്യസ്തമായ രീതിയില്‍ സംരംഭകരംഗത്ത് തന്റേതായ ഇടം കണ്ടെത്തണം എന്ന ആഗ്രഹം ആഷിഖിനെ കൊണ്ട് ചെന്നെത്തിച്ചത് സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലക്ക് സിവില്‍ എഞ്ചിനീയറിംഗ് മേഖലയെ കൊണ്ടുവരിക എന്ന ദൗത്യത്തിലേക്കാണ്. അങ്ങനെയാണ് വെള്ളപ്പൊക്കം, പ്രളയം എന്നിവ മൂലം സ്വന്തം വീടും ഓഫീസുകളും ഉപേക്ഷിച്ച് ഷെല്‍ട്ടര്‍ കാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന ആളുകളുടെ ദയനീയ അവസ്ഥയില്‍ കണ്ണുടക്കിയത്.

”ഒരു വീടോ കെട്ടിടമോ പണിയുമ്പോള്‍ പലകുറി ആലോചിക്കണം എന്നാണ് പറയുക, പലപ്പോഴും നിര്‍മാണത്തിനായി കോടികള്‍ ചെലവാകും എന്നാല്‍ കെട്ടിടം ഇരിക്കുന്ന ഭൂമിയെ പറ്റി പലരും ചിന്തിക്കില്ല. ചിലത് ചതുപ്പ് സ്വഭാവമുള്ള ഭൂമിയാകാം, മറ്റു ചിലതില്‍ ഭൂമിക്ക് കാര്യമായ ചെരുവ് ഉണ്ടാകാം, വെള്ളം പെട്ടന്ന് കെട്ടുന്ന പ്രദേശമാകാം. ഈ അവസ്ഥയിലെല്ലാം, കെട്ടിടം താരനിരപ്പില്‍ നിന്നും ഉയര്‍ത്തി ദൃഢതയോടെ പണിയുക എന്നതാണ് പരിഹാരമാര്‍ഗം. എന്നാല്‍ ഇതിനു പറ്റാതെ വരുമ്പോള്‍ ലക്ഷങ്ങളും കൊടികളും മുടക്കി നിര്‍മിച്ച വീട് ഉപേക്ഷിച്ചു പോകാന്‍ പറ്റുമോ, ഇല്ല. ഈ അവസ്ഥയിലാണ് ബില്‍ഡിങ് ത് ലിഫ്റ്റിങ് ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് രീതിയില്‍ ഓപ്റ്റിയും ബില്‍ഡേഴ്സ് പരിഹാരം കൊണ്ട് വരുന്നത്. എത്ര കാലപ്പഴക്കം ഉള്ള കെട്ടിടവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ആവശ്യാനുസരണം മൂന്നടി മുതല്‍ എട്ടടി വരെ ഞങ്ങള്‍ ഉയര്‍ത്തിക്കൊടുക്കുന്നു.” ഓപ്റ്റിയും ബില്‍ഡേഴ്സ് മാനേജിങ് ഡയറക്റ്റര്‍ ആഷിഖ് ഇബ്രാഹിം പറയുന്നു.

ഈ സാങ്കേതിക വിദ്യയിലൂടെ, വെള്ളം പൊങ്ങുമ്പോള്‍ ആഗ്രഹിച്ചു പണിത വീട് ഉപേക്ഷിക്കുക, അല്ലെങ്കില്‍ എല്ലാ വര്‍ഷകാലത്തും കാമ്പുകളില്‍ അഭയം തേടുക എന്നത് മാത്രം പോംവഴിയായി കണ്ടിരുന്ന ആളുകള്‍ക്ക് ആശ്വാസത്തിന് വകയുണ്ടായി. വെള്ളത്തിനടിയില്‍ മുങ്ങിപ്പോകുന്ന വീടുകളും കെട്ടിടങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉയര്‍ത്തി പുതിയ അടിത്തറ കെട്ടി ഉയര്‍ത്തുക. കേരളത്തില്‍ അത്രകണ്ട്് വ്യാപകമല്ലാത്ത ഈ നിര്‍മാണ രീതിക്ക് കാലാവസ്ഥ വ്യതിയാനം ശക്തമാകുന്ന ഈ കാലഘട്ടത്തില്‍ മികച്ച സാധ്യത കണ്ടെത്തുകയായിരുന്നു ആഷിഖ്.

കാലപ്പഴക്കം വിഷയമല്ല

എത്ര കാലപ്പഴക്കമുള്ള വീടുകളും വലുപ്പമുള്ള വീടുകളും കെട്ടിടങ്ങളും ബില്‍ഡിങ് ലിഫ്റ്റിങ് ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംങ് രീതിയിലൂടെ തറ നിറത്തില്‍ നിന്നും ഉയര്‍ത്താന്‍ കഴിയും. 70 വര്‍ഷത്തിലേറെ പഴക്കമുള്ള എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഏഴുനില കെട്ടിടം ഇത്തരത്തില്‍ ഏഴടിയോളം ആഷിഖിന്റെ ടീം ഉയര്‍ത്തിയിരുന്നു. മാത്രമല്ല, 7000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന വീടുകള്‍ എറണാകുളം, കോട്ടയം ജില്ലകളിലായി ഉയര്‍ത്തിയിരുന്നു.കേരളത്തില്‍ വിവിധ ജില്ലകളിലായി നാളിതുവരെ 1000 ല്‍ പരം വീടുകളാണ് ഇത്തരത്തില്‍ തറപൊക്കത്തില്‍ നിന്നും മൂന്നടി മുതല്‍ എട്ടടി വരെ ഉയരത്തില്‍ ഓപ്റ്റിയും ബില്‍ഡേഴ്സ് ഉയര്‍ത്തിയിരിക്കുന്നത്. ഓപ്റ്റിയും ബില്‍ഡേഴ്സിന് കീഴില്‍ കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ വര്‍ക്കുകള്‍ നടക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം, അരഭാഗത്തോളം വെള്ളം കയറിയ വീടുകളാണ് ഭാവിയെ മുന്‍നിര്‍ത്തി തറഭാഗം ഉയര്‍ത്തിയിരിക്കുന്നത്.

”തീര്‍ത്തും വ്യത്യസ്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നത്. ഒരുങ്ങി വീടോ കെട്ടിടമോ പണിയുന്നതിലും ഏറെ ശ്രദ്ധ ആവശ്യമായ കാര്യമാണിത്. റിസ്‌കും നിരവധിയാണ്. അതിനാല്‍ തന്നെ ഉയര്‍ത്തേണ്ട കെട്ടിടത്തിന്റെ നിര്‍മാണ രീതി, കാലപ്പഴക്കം, ബലം, ഭൂമിയുടെ ഉറപ്പ് എന്നിവയെല്ലാം പരിശോധിച്ചുറപ്പിച്ച ശേഷം കരാറും ഒപ്പു വച്ചിട്ടാണ് പണി ആരംഭിക്കുന്നത്. നൂറുകണക്കിന് ജാക്കികള്‍ ഉപയോഗിച്ചാണ് കെട്ടിടം ഉയര്‍ത്തുന്നത്. ഇരു നില കെട്ടിടമാണ് ഉയര്‍ത്തുന്നത് എങ്കില്‍ താഴെ നിലയില്‍ പണി നടക്കുമ്പോള്‍ മുകളില്‍ ആളുകള്‍ക്ക് താമസിക്കാവുന്നതാണ്. നിര്‍മാണ ഘട്ടത്തില്‍ ചെരിഞ്ഞു പോയ കെട്ടിടങ്ങള്‍ ശരിയാക്കുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം” ഓപ്റ്റിയൂം ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ ആഷിഖ് ഇബ്രാഹിം വ്യക്തമാക്കുന്നു.

കെട്ടിടത്തിന്റെ വലുപ്പം എത്രയോ ആകട്ടെ, സുരക്ഷിതമായി ഉയര്‍ത്താം

വീടിന്റെ വലുപ്പം ഒരിക്കലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസമല്ല. കായലിനോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച വീട്ടിലേയ്ക്ക് വെള്ളം കയറുമെന്ന അവസ്ഥ വന്നപ്പോഴാണ് കോട്ടയത്ത് വീട് ഉയര്‍ത്താനുള്ള അവസരം ആഷിഖിന് ലഭിക്കുന്നത്. ആറടിയോളം വീട് ഉയര്‍ത്തി, മികച്ച രീതിയില്‍ പൂന്തോട്ടവും മറ്റ് സജ്ജീകരണങ്ങളും ക്രമീകരിച്ച ശേഷമാണ് ഓപ്റ്റിയും ബില്‍ഡേഴ്സ് പണി പൂര്‍ത്തിയാക്കിയത്. കോട്ടയം, എറണാകുളം ജില്ലകളില്‍ 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ വെള്ളക്കെട്ടിനെത്തുടര്‍ന്നു ഓപ്റ്റിയും
ബില്‍ഡേഴ്സ് ഉയര്‍ത്തിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്യാഡ് മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇമ്മാനുവല്‍ പള്ളത്ത് എന്ന വ്യക്തിയുടെ 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് മനോഹരമായി ഉയര്‍ത്തി പണി പൂര്‍ത്തിയാക്കി.

വീടുകള്‍ മാത്രമല്ല, സമാനമായ രീതിയില്‍ റിസോര്‍ട്ടുകള്‍, അഞ്ചു നിലയോളം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയെല്ലാം ഓപ്റ്റിയും ബില്‍ഡേഴ്സ് ഉയര്‍ത്തിയിട്ടുണ്ട്. കാലപ്പഴക്കം, കെട്ടിടത്തിന്റെ ബലം എന്നിവ പരിശോധിക്കുമ്പോള്‍ ഉയര്‍ത്തുന്നത് റിസ്‌ക് ആണെങ്കില്‍ അക്കാര്യം ഈ രംഗത്തെ വിദഗ്ദര്‍ ഉടമയോട് തുറന്നു പറയും. ശേഷം മാത്രമേ വീട് ഉയര്‍ത്താനോ വേണ്ടയോ എന്ന് തീരുമാനിക്കൂ. വീടുയര്‍ത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എങ്കില്‍ അത് തുറന്നു പറയുകയും ചെയ്യും.

ഒരു വീട് പൊളിച്ചു പണിയുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവ് മാത്രമാണ് ഇതിന് വരുന്നത്. ചതുശ്ര അടിക്ക് 250 രൂപ മാത്രമാണ് ചെലവ് വരിക. അതായത് 1500 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഒരു വീട് ഉയര്‍ത്തുന്നതിനായി നാലു ലക്ഷം രൂപ മുതല്‍ക്കാണ് ചെലവ് വരിക. ഉയര്‍ത്തല്‍ കഴിഞ്ഞാലും സ്ഥാപനത്തിന്റെ പൂര്‍ണ പിന്തുണ ഏത് സമയത്തും ഓപ്റ്റിയും ബില്‍ഡേഴ്സ് ഉറപ്പ് നല്‍കുന്നു.

വീട് ഉയര്‍ത്തുന്നത് എങ്ങനെ ?

ചുവരുകളുടെ ഇരുവശത്തുമായി രണ്ടരയടി താഴ്ചയിലും വീതിയിലും കുഴി എടുത്താണ് വീട് ഉയര്‍ത്തല്‍ ആരംഭിക്കുന്നത്. ശേഷം, വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളില്‍ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവില്‍ ജാക്ക് തിരിച്ച് വീട് ഉയര്‍ത്തിയ ശേഷം കട്ടകെട്ടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കാലങ്ങളായി ഈ മേഖലയില്‍ പ്രാവീണ്യം നേടിയ ആളുകളുടെ വൈദഗ്ദ്യം ഉറപ്പാക്കിക്കൊണ്ടാണ് വീടുകള്‍ ഉയര്‍ത്തുന്നത്.

അടിത്തറയ്ക്കു താഴെ കോണ്‍ക്രീറ്റ് ബെല്‍റ്റ് ഉള്ള വീടുകളാണെങ്കില്‍ ജാക്ക് പിടിപ്പിക്കാന്‍ എളുപ്പമാണ് എന്നതിനാല്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇനി ഇങ്ങനെ ഒരു സൗകര്യമില്ലാത്ത വീടുകളും സുരക്ഷിതമായി തന്നെ ഉയര്‍ത്താന്‍ കഴിയും. ഇരുമ്പിന്റെ സി ചാനല്‍ പൈപ്പ് പിടിപ്പിച്ച് അതിന്മേല്‍ ജാക്ക് ഉറപ്പിച്ചാണ് കോണ്‍ക്രീറ്റ് ബെല്‍റ്റുകള്‍ ഇല്ലാത്ത വീടുകള്‍ ഉയര്‍ത്തുന്നത്. മൂന്നു അടിയാണ് വീട് ഉയര്‍ത്തുന്ന ഏറ്റവും കുറഞ്ഞ ഉയരം. ഇത്തരത്തില്‍ എട്ടടിവരെ ഉയര്‍ത്തി വെള്ളക്കെട്ടിനെ ചെറുക്കാന്‍ കഴിയും. ഒരു വീട് ഉയര്‍ത്തുന്നതിനായി ശരാശരി 400 ജാക്ക് ഘടിപ്പിക്കേണ്ടതായി വരുന്നു.

കെട്ടിടം ആവശ്യാനുസരണം ഉയര്‍ത്തിക്കഴിഞ്ഞാല്‍ പിന്നീട് അത് ഉറപ്പിക്കും. പ്രത്യേക രീതിയില്‍ തയാറാക്കിയ കോണ്‍ക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ഇത് ഉയര്‍ത്തിയ കെട്ടിടത്തിന് ഇരട്ടി സുരക്ഷ ഉറപ്പാക്കുന്നു. വീട് ഉയര്‍ത്തിക്കഴിഞ്ഞാല്‍, വീടും വീടിന്റെ മുന്‍ഭാഗത്തെ മുറ്റവും തമ്മില്‍ അകലം ഉണ്ടായിരിക്കും. അതിനാല്‍ വീടിനു മുന്നില്‍ മണ്ണടിച്ച് മുറ്റം നിരപ്പാക്കുന്നു. താഴത്തെ നിലയിലെ ഫ്‌ളോറിങ് പുതുക്കി ചെയ്യേണ്ടതായി വരും. മൂന്നു ലക്ഷം രൂപ മുതല്‍ക്കാണ് ഇത്തരത്തില്‍ വീടുകള്‍ ഉയര്‍ത്താനുള്ള ചെലവ് ആരംഭിക്കുന്നത്.

വിദഗ്ദരായ തൊഴിലാളികള്‍, മാറി താമസിക്കേണ്ട

കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതിനായി തൊഴിലാളികള്‍ക്ക് മാസങ്ങള്‍ നീളുന്ന പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് ദൗത്യം ഏല്‍പ്പിക്കുന്നത്. കൃത്യമായ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നു എന്നതാണ് സ്ഥാപനത്തെ ജനകീയമാക്കുന്ന മറ്റൊരു ഘടകം. വീടുകള്‍ ഉയര്‍ത്തുമ്പോള്‍ വീട്ടുടമസ്ഥര്‍ വീട്ടില്‍ നിന്നും മാറി താമസിക്കേണ്ട ആവശ്യമില്ല. ഇരു നില വീടാണ് എങ്കില്‍ മുകളിലത്തെ നിലയില്‍ താമസിച്ചുകൊണ്ട് തന്നെ വീട് ഉയര്‍ത്താവുന്നതാണ്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ മാത്രം മാറ്റിയാല്‍ മതിയാകും.

ഈ രംഗത്തേക്ക് കടന്നു വരുന്നവരോട് ആഷിഖിന് ഒന്നേ പറയാനുള്ളൂ, അവസരങ്ങള്‍ ഏറെയുള്ള മേഖലയാണ്, എന്ന് കരുതി എല്ലാം ബിസിനസ് മാത്രമായി കാണരുത്. വീട്, സ്വന്തം കെട്ടിടങ്ങള്‍ എന്നൊക്കെ പറയുന്നത് ഓരോ വ്യക്തിയുടെയും ആജീവനാന്ത സ്വപനമാണ്. അതിനാല്‍ ആ ഒരു ഇമോഷന്‍ കൂടി ഉള്‍ക്കൊണ്ട് വേണം ജോലി ആരംഭിക്കാന്‍. ഈ ചിന്തയും കരുതലും തന്നെയാണ് ആഷിഖിന്റെ വിജയ രഹസ്യവും.

Contact: 93417 07070

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും