ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ സേവന ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളത്തില്‍ കൂടുതല്‍ ശക്തമായ വിപുലീകരണത്തിന് ഒരുങ്ങുന്നു. കേരളത്തിലെ പുതിയ വികസനപദ്ധതികള്‍ക്കായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ നീക്കിവയ്ക്കുന്നത്. മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ആണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്.
2025ല്‍ 350 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്ത് നിര്‍മിച്ചു വരുന്ന ആശുപത്രിയില്‍ 500 കിടക്കകളും ഉണ്ടായിരിക്കും. 2026ല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ആസ്റ്റര്‍ വ്യക്തമാക്കി. മാത്രമല്ല, സൗരോര്‍ജ പദ്ധതികളും ആശുപത്രികളില്‍ പ്രവര്‍ത്തികമാക്കും. പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 80 ശതമാനവും സൗരോര്‍ജത്തില്‍ ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി.
പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ, കേരളത്തില്‍ മാത്രം ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങള്‍ ലഭ്യമാകും. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേര്‍ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നുണ്ട്.കേരളത്തിലങ്ങോളമിങ്ങോളം 175 ലാബുകളും 86 ഫാര്‍മസികളും ആസ്റ്ററിന് ഉണ്ട്.അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 250 ആയി ഉയര്‍ത്തും.

