മികച്ച സെയില്‍സ് ടീമിനെ വാര്‍ത്തെടുക്കണം നിന്നുള്ളവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സെയില്‍സ് സ്റ്റാഫുകളെ തെരഞ്ഞെടുക്കുമ്പോള്‍ ആണ്. സെയില്‍സ് എന്നത് ഒരു കലയാണ്. അത് ആസ്വദിക്കാനും മടുപ്പ് കൂടാതെ ചെയ്യാനും കഴിവുള്ളവരെ മാത്രം പ്രസ്തുത ജോലിക്കായി തെരഞ്ഞെടുക്കുക. മറ്റു ജോലികള്‍ ഒന്നും കിട്ടാതെ വരുമ്പോള്‍ സെയില്‌സിലേക്ക് തിരിയുന്നവരെ കൊണ്ട് ബിസിനസില്‍ പ്രത്യേക വികസനം ഒന്നും തന്നെ സാധ്യമായി വരില്ല. ഉപഭോക്താവിനെ മനസിലാക്കി പെരുമാറാനുള്ള കഴിവ്, മികച്ച ആശയ വിനിമയശേഷി, ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ശരിയായ അറിവ്, ട്രെന്‍ഡിനന്‍സുസരിച്ച് കാര്യങ്ങള്‍ മനസിലാക്കുള്ള കഴിവ് തുടങ്ങിയ ഘടകങ്ങള്‍ ഒരു സെയില്‍സ് സ്റ്റാഫിന് അനിവാര്യമാണ്. പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കുന്നതും മികച്ച പ്രകടനത്തിന് ഇവരെ പ്രോത്സാഹിപ്പിക്കുന്നതും ഏറെ ഗുണം ചെയ്യും. ജോലി തേടി എത്തുന്നവരില്‍ നിന്നും അഭിമുഖത്തിലൂടെ അഭിരുചി പരിശോധന നടത്തിയ ശേഷം മാത്രം ജോലിക്കായി നിയമിക്കുക.
ആളെക്കിട്ടാനില്ല എന്ന പരാതി
ചില സ്ഥാപനങ്ങളില്‍ പോയാല്‍ ആവശ്യത്തിന് സെയില്‍ സ്റ്റാഫുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് എത്ര ഉപഭോക്താക്കള്‍ മടങ്ങിപ്പോകുന്നു എന്ന് സംരംഭകന്‍ പലപ്പോഴും അറിയുന്നില്ല. ജോലിക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തില്‍ എന്തുകൊണ്ടാണ് സെയില്‍സ് വിഭാഗത്തില്‍ ജോലിക്ക് ആളെകിട്ടാത്തത്? ഒന്നാമത്തെ പ്രശ്‌നം ഈ മേഖലയില്‍ യഥാര്‍ത്ഥ അഭിരുചിയുള്ള ആളുകള്‍ ഇല്ല എന്നത് തന്നെയാണ്. ഒടുവില്‍ ബന്ധുവിനേയും അയല്‍ക്കാരനേയും സുഹൃത്ത് കാണിച്ചുതരുന്നവനേയും പിടിച്ച് സെയില്‍സ് മാനേജരാക്കുന്ന പരിപാടിയാണ് ഇപ്പോള്‍ പല സ്ഥാപനങ്ങളിലും നടന്നു വരുന്നത്.
ഈ അവസ്ഥക്കാണ് ആദ്യം മാറ്റം വരേണ്ടത്. മുഖൈധാര മാധ്യമങ്ങളില്‍ പരസ്യം നല്‍കി ജോലിക്കായി ആളെ കണ്ടെത്തുന്നതാണ് ഇപ്പോഴും ഉചിതം. ചിലര്‍ നോട്ടീസ്, പോസ്റ്റര്‍ തുടങ്ങിയ മറ്റ് ചെലവ് കുറഞ്ഞ രീതികളിലൂടെ സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ധാരാളമാണ്. ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ടീസുകളും പോസ്റ്ററുകളും കണ്ട് ജോലിക്കായെത്തുന്ന കഴിവുള്ള സെയില്‍സ് സ്റ്റാഫുകള്‍ തുലോം കുറവായിരിക്കും.
പരസ്യം കൊണ്ട് മാത്രം കാര്യമായില്ല
പരസ്യം ചെയ്യുന്നത് കൊണ്ട് മികച്ച അപേക്ഷകരെ ലഭിക്കും എന്നത് ശരിയാണ്. എന്നാല്‍ ഈ അപേക്ഷകരില്‍ നിന്നും സ്റ്റാഫുകളാകാന്‍ യോഗ്യതയുള്ളവരെ തെരെഞ്ഞെടുക്ക എന്നത് ഏറെ ഡെഡിക്കേഷന്‍ ആവശ്യമായ ജോലിയാണ്. ടെലിഫോണിക് ഇന്റര്‍വ്യൂ, ഡയറക്റ്റ് ഇന്റര്‍വ്യൂ തുടങ്ങിയ രീതികളിലൂടെ വേണം ഒരു വ്യക്തി തങ്ങളുടെ സ്ഥാപനത്തിന് ചേര്‍ന്ന സെയില്‍സ് സ്റ്റാഫ് ആണോ എന്ന് മനസിലാക്കെണ്ടത്. സ്ഥാപനം ചെറുതോ വലുതോ ആവട്ടെ, സമീപനം തികച്ചും ഔപചാരികമാകണം ആകണം. കോള്‍ അറ്റന്റ് ചെയ്യുന്നതിന്റെ പ്രൊഫഷണലിസത്തിലൂടെയാണ് പലരും ഇന്റര്‍വ്യൂവിന് വരണോ എന്ന് തീരുമാനമെടുക്കുന്നത്. അതിനാല്‍ പരസ്യം നല്‍കിയ ശേഷം മികച്ച സ്റ്റാഫുകള്‍ തെരഞ്ഞെടുക്കാന്‍ സ്ഥാപനവും കരുതലോടെ പെരുമാറണം.
ഇന്റര്‍വ്യൂ നടക്കുമ്പോള്‍ അതില്‍ സ്ഥാപനത്തിന്റെ ഉടമ നിര്‍ബന്ധമായും പങ്കെടുക്കണം. ഉടമക്കൊപ്പം സെയില്‍ വിഭാഗത്തിലെ തലവന്മാര്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരെയും ഉള്‍പ്പെടുത്താം. ഇന്റര്‍വ്യൂ നടക്കുമ്പോള്‍ തന്നെ ഏത് പോസ്റ്റിലേക്കാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും എന്തെല്ലാമാണ് ചുമതലകള്‍ എന്നും കൃത്യമായി പറയണം. ടാര്‍ജെറ് ഉണ്ടെങ്കില്‍ അതും ഈ സമയത്ത് വ്യക്തമാക്കണം. സെയില്‍സ് ടീം ആണ് ബിസിനസ് വിജയത്തിന്റ പ്രധാന കന്നി എന്ന് മനസിലാക്കി അവര്‍ക്കാവശ്യമായ പിന്തുണയും അംഗീകാരവും നല്‍കാന്‍ ഒരു സംരംഭകന്‍ തയ്യാറാകണം.
പ്രതിഫലത്തിന്റെ കാര്യത്തില്‍ പിശുക്ക് വേണ്ട
പലപ്പോഴും സെയില്‍സ് ടീം എന്നത് മാര്‍ക്കറ്റിംഗ് വിഭാഗത്തിന് കീഴിലുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണെന്ന ചിന്തകൊണ്ടാണ് പല സംരംഭകരും ഈ മേഖലക്ക് ആവശ്യമായ പ്രാധാന്യം നല്‍കാത്തത്. അതിനാല്‍ തന്നെ പല സ്ഥാപനങ്ങളിലും സെയില്‍സ് വിഭാഗത്തിന്റെ ശമ്പളമായിരിക്കും ഏറ്റവും കുറവ്.
ശമ്പളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്ന രീതി ഏത് രംഗത്തും ഉചിതമായ ഒന്നല്ല. മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി ഓവര്‍ടൈം ജോലി ചെയ്യാന്‍ പോലും സ്വമനസ്സാലെ താല്പര്യം കാണിക്കുന്നവര്‍ ധാരാളമാണ്. അതിനാല്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ശമ്പളം ഉറപ്പ് വരുത്തുക. മാത്രമല്ല, ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇന്‍സെന്റീവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക. എന്നും സ്ഥാപനം കൂടെയുണ്ടെന്ന് തോന്നല്‍ ഒരു സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും ആവശ്യമാണ്. അത്തരത്തിലൊരു ചിന്തയുണ്ടാക്കിയെടുക്കുന്നിടത്താണ് സ്ഥാപനത്തിന്റെ വിജയം.
മികച്ച ട്രൈനിംഗ് നല്‍കുക
മികച്ച സ്റ്റാഫുകളെ തെരെഞ്ഞെടുക്കുന്നത്‌കൊണ്ട് മാത്രം കാര്യമായില്ല. അവര്‍ക്ക് അനിവാര്യമായ രീതിയില്‍ ട്രൈനിംഗ് നല്‍കുക എന്നതും അത്യാവശ്യമാണ്. ഓരോ സ്ഥാപനത്തിന്റെയും പോളിസികളും ലക്ഷ്യങ്ങളും മാനേജ്‌മെന്റ് തന്ത്രങ്ങളുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. അതിനാല്‍ ജോലിക്കെടുക്കുന്ന ജീവനക്കാര്‍ക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിവ് നല്‍കുക.മികച്ച പ്രതിഫലം നല്‍കുന്നത് പോലെ തന്നെ പ്രധാനമാണ് ഇത്തരം കാര്യങ്ങളില്‍ ട്രൈനിംഗ് നല്‍കുക എന്നത്.
സെയില്‍സ് മാനേജര്‍ക്ക് താഴെ വരുന്ന എക്‌സിക്യുട്ടീവുകളെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ തെരഞ്ഞെടുക്കുക.സ്ഥാപനം സ്വന്തമാണ് എന്ന തോന്നല്‍ ഓരോ സ്റ്റാഫിനും നല്‍കുക. ഇത് പ്രവര്‍ത്തന മികവില്‍ പ്രതിഫലിക്കും. സ്ഥാപനത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ്, ഉല്‍പ്പന്നത്തെ പറ്റിയുള്ള വിവരണങ്ങള്‍, വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രധാനമാറ്റങ്ങള്‍, ട്രെന്‍ഡുകള്‍ എന്നിവയെപ്പറ്റി അറിവ് നല്‍കുക.
തൊഴില്‍ സാധ്യത ഏറെയുള്ള മേഖല
ജോലി സാധ്യതയും വളര്‍ച്ചയും ഏറെയുള്ള മേഖലയാണ് സെയില്‍സ്. സെയില്‍സ് & മാര്‍ക്കറ്റിംഗ് വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. മികച്ച ആശയവിനിമയ ശേഷി, നേതൃത്വ ഗുണങ്ങള്‍, നല്ല ശരീര ഭാഷ, വ്യക്തികളുമായി ഇടപഴകുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള മിടുക്ക്, സ്‌ട്രെസ്സ് മാനേജ് ചെയ്യുന്നതിലെ കഴിവ് എന്നിവയൊക്കെയാണ് ഒരു മികച്ച സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജറുടെ അത്യാവശ്യം വേണ്ട യോഗ്യതകളാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തന രീതിയെ സ്വാധീനിക്കാന്‍ കഴിയുന്നവരാണ് സെയില്‍സ് വിഭാഗത്തിലുള്ളവര്‍. ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വരുമാനം വര്‍ധിക്കുന്നത്. സെയില്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓരോ ആഴ്ചയും റിവ്യൂ മീറ്റിംഗുകള്‍ നടത്തേണ്ടതാണ്.
പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാന്‍ ഇത് സഹായകമാകും. ടീമിലെ ഓരോ വ്യക്തിയുടെയും അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുക. കൂടുതല്‍ ഉത്തരവാദിത്തങ്ങളും പവറും ഏല്‍പ്പിച്ചുകൊടുക്കുക.സെയില്‍സ് വിഭാഗത്തെ കേവലം ആജ്ഞാനുവര്‍ത്തികളായി മാത്രം കാണാതിരിക്കുക. ടീമിലെ ഓരോ അംഗങ്ങള്‍ക്കും സ്വയം മികവ് തെളിയിക്കാന്‍ മൂന്നു മുതല്‍ ആറുമാസം വരെയുള്ള സമയം നല്‍കുക.

