റോഡ് സ്ട്രികര്‍ (Rod Stryker) യോഗയും മെഡിറ്റേഷനും പഠിപ്പിക്കുന്ന ലോക പ്രശസ്തനായ പരിശീലകനാണ്. പതിനായിരക്കണക്കിന് വ്യക്തികളുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ വീഡിയോകളിലൂടെയും ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെയും അദ്ദേഹം ലോകം മുഴുവന്‍ എത്തിച്ചേരുന്നു. യോഗയുടേയും മെഡിറ്റേഷന്റേയും ഒരു അതോറിറ്റി തന്നെയാണ് റോഡ് സ്ട്രികര്‍.
അദ്ദേഹത്തിന്റെ ശിഷ്യര്‍ ലോകത്താകെ ചിതറിക്കിടക്കുന്നു. അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരെത്തമ്മില്‍ ബന്ധിപ്പിച്ചാല്‍ അത് അദ്ദേഹം വളര്‍ത്തിയെടുത്ത സമൂഹത്തിന് (Community) വലിയ ഗുണകരമാകും. ഇന്നത്തെക്കാലത്ത് അത് പ്രയാസമുള്ള കാര്യവുമല്ല. റോഡ് സ്ട്രികര്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ തന്റെ ശിഷ്യഗണങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സിന് തമ്മില്‍ തമ്മില്‍ ആശയവിനിമയം നടത്തുവാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുവാനും തങ്ങളുടെ സമൂഹത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകുവാനും ഇതിലൂടെ സാധിച്ചു.

റോഡ് സ്ട്രികറിന് തന്റെ പരിശീലനങ്ങള്‍ (Trainings) കൂടുതല്‍ വ്യാപിപ്പിക്കുവാനും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുവാനും ഈ പ്ലാറ്റ്‌ഫോം സഹായകരമായി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തി. തനിക്കു ചുറ്റുമായി തന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമൂഹത്തെ (Community) കെട്ടിപ്പടുക്കുകയാണ് റോഡ് സ്ട്രികര്‍ ചെയ്തത്. ഇത് മനപ്പൂര്‍വ്വം കണക്കുകൂട്ടി ചെയ്ത പ്രവൃത്തി തന്നെയാണ്. തന്റെ ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു ബ്രാന്‍ഡ് സമൂഹത്തിന് (Brand Community) റോഡ് സ്ട്രികര്‍ രൂപം കൊടുത്തു.
ബ്രാന്‍ഡ് സമൂഹം (Brand Community) ഒരു കൂട്ടായ്മയാണ്. ബ്രാന്‍ഡ് ഉപയോഗിക്കുന്ന, ഇഷ്ടപ്പെടുന്ന, വിശ്വസിക്കുന്ന ഉപഭോക്താക്കളുടെ ഒരുമിച്ചു കൂടല്‍. ഇത് ഉപഭോക്താക്കള്‍ രൂപം കൊടുക്കുന്ന ഒരു സമൂഹമല്ല. ബ്രാന്‍ഡ് തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കായി സൃഷ്ടിക്കുന്ന ഒരു സമൂഹമാണ്. ഇതിലെ അംഗങ്ങള്‍ തമ്മില്‍ സംസാരിക്കും, ആശയങ്ങള്‍ പങ്കുവെക്കും, നിര്‍ദ്ദേശങ്ങള്‍ നല്‍കും, ബ്രാന്‍ഡിന്റെ വിശ്വസ്തരായ ഉപഭോക്താക്കളായി ഏറെക്കാലം നിലകൊള്ളും.

ഹാര്‍ലി ഡേവിഡ്‌സണ്‍ (Harley Davidson) കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട മോട്ടോര്‍ ബൈക്ക് ബ്രാന്‍ഡാണ്. നൂറു കണക്കിന് രാജ്യങ്ങളിലായി അവരുടെ സംതൃപ്തരായ ഉപഭോക്താക്കള്‍ വ്യാപിച്ചു കിടക്കുന്നു. ഹാര്‍ലി ഡേവിഡ്‌സണെ ലൈഫ്‌സ്‌റ്റൈല്‍ ഐക്കണായാണ് ഉപഭോക്താക്കള്‍ വീക്ഷിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് സ്വന്തമാക്കുന്നത് അഭിമാനകരമായ നേട്ടമായി അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ ഒരു പ്രത്യേക സമൂഹമാണെന്ന് സ്വയം വിലയിരുത്തുന്നു.
ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ ബ്രാന്‍ഡ്സമൂഹമായ ‘ഹാര്‍ലി ഓണേഴ്‌സ് ക്ലബ്” രൂപീകരിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ ആരാധകര്‍ക്ക് ഒത്തുകൂടാനും ചിന്തകള്‍ പങ്കുവെക്കാനുമായി ഒരു പ്ലാറ്റ്‌ഫോം. ഇവന്റുകള്‍ക്കുള്ള പ്രത്യേക ക്ഷണങ്ങള്‍, പ്രാദേശിക ചാപ്റ്ററുകളിലെ അംഗത്വം, ഇന്‍ഷുറന്‍സ്, റോഡ് സൈഡ് ആസിസ്റ്റന്‍സ് പോലുള്ള അധിക പ്ര
യോജനങ്ങള്‍ എന്നിവ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കായി നല്‍കി.

ഉപഭോക്താക്കളെ അടുപ്പിക്കുന്ന ബ്രാന്‍ഡിംഗ് തന്ത്രം
ബ്രാന്‍ഡ് സമൂഹം ബ്രാന്‍ഡും ഉപഭോക്താവും തമ്മിലുള്ള അതിശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുന്ന ചരടാണ്. ഉപഭോക്താക്കളെ തങ്ങള്‍ എത്രമാത്രം വിലമതിക്കുന്നു എന്ന സന്ദേശം നല്‍കാന്‍ ഇതിനാകുന്നു. ഉപഭോക്താക്കളെ ഒരുമിച്ചു നിര്‍ത്താനും അവരുടെ പിന്തുണയാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനും കമ്പനിക്ക് സാധിക്കുന്നു. ബ്രാന്‍ഡുമായി ബന്ധപ്പെട്ട സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ ബ്രാന്‍ഡ്സമൂഹത്തിന് കഴിയുന്നുണ്ട്. ഉല്‍പ്പന്നം വാങ്ങുകയും ഉപയോഗിക്കുകയും മാത്രമല്ല അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഭാഗം കൂടിയാണെന്ന ശക്തമായ തോന്നല്‍ കൂടി ഉപഭോക്താവില്‍ ഉടലെടുക്കുവാന്‍ ഇത് സഹായിക്കുന്നു. ഇവിടെ ബ്രാന്‍ഡുമായി വലിയൊരു ആത്മബന്ധം ഉപഭോക്താവില്‍ ഉടലെടുക്കുന്നു.

ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താവിനും മറ്റൊരു ബ്രാന്‍ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താവിനും ഒരു മൊബൈല്‍ ഫോണ്‍ എന്ത് സേവനമാണോ നല്‍കുന്നത് അതു മുഴുവന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഐ ഫോണ്‍ ഉപഭോക്താവ് ബ്രാന്‍ഡിനെ സംബന്ധിച്ച് കൂടുതല്‍ ബോധവാനാണ്. താന്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് പ്രീമിയം ആണെന്നും താന്‍ മറ്റൊരു ഉപഭോക്ത സമൂഹത്തിന്റെ ഭാഗമാണെന്നും അയാള്‍ സ്വയം വിശ്വസിക്കുന്നു. ഇത്തരമൊരു അദൃശ്യമായ ചരട് ബ്രാന്‍ഡിന്റെ എല്ലാ ഉപഭോക്താക്കളേയും കൂട്ടിയിണക്കുന്നുണ്ട്.

അതിന് ഔദ്യോഗികമായ രൂപം സൃഷ്ടിക്കുന്നതാണ് ബ്രാന്‍ഡ് സമൂഹത്തിലൂടെ ബ്രാന്‍ഡുകള്‍ ചെയ്യുന്നത്. ആപ്പിള്‍ ആരാധകരുടെ സമൂഹം ഇന്ന് ലോകത്തിലെ ഏറ്റവും പ്രവര്‍ത്തനനിരതമായ ബ്രാന്‍ഡ് സമൂഹങ്ങളില്‍ ഒന്നാണ്. ഉപഭോക്താക്കളുടെ നിരന്തരമായ സമ്പര്‍ക്കം ബ്രാന്‍ഡ് സമൂഹത്തിലൂടെ ആപ്പിള്‍ ഉറപ്പുവരുത്തുന്നു. മറ്റൊരു ബ്രാന്‍ഡിനെക്കുറിച്ചവര്‍ ചിന്തിക്കാനുള്ള സാധ്യത കുറയുന്നു. ബ്രാന്‍ഡിനോട് വിശ്വസ്തത പുലര്‍ത്തുന്ന ലക്ഷക്കണക്കിന് അംഗങ്ങളില്‍ ഒരുവനാകുമ്പോള്‍ ഒരേ ആശയവും ഒരേ ചിന്താഗതികളും അവരുടെ തലച്ചോറിലൂടെ സഞ്ചരിക്കുന്നു. തങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബ്രാന്‍ഡിനെക്കുറിച്ചുള്ള ബോധം അവരില്‍ എപ്പോഴും നിലനില്‍ക്കുന്നു.
പുതിയൊരു ഐ ഫോണ്‍ വിപണിയിലേക്കെത്തുമ്പോള്‍ അത് സ്വന്തമാക്കുവാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. വിപണി എന്നും സജീവമാകുന്നു, വിശ്വസ്തരായ ഉപഭോക്താക്കള്‍ ബ്രാന്‍ഡ് വളര്‍ത്തിക്കൊണ്ടേയിരിക്കുന്നു. തങ്ങള്‍ക്ക് ചുറ്റും ഇത്തരം സമൂഹത്തെ സൃഷ്ടിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് സാധിക്കണം. വില്‍പ്പന ഒരു ദീര്‍ഘകാല ബന്ധത്തിന്റെ തുടക്കം മാത്രമാണ്. ബ്രാന്‍ഡ് തേടി ഉപഭോക്താവ് വീണ്ടും വീണ്ടും എത്തണം. വലിയ ബ്രാന്‍ഡുകള്‍ക്ക് മാത്രമല്ല ചെറിയ ബ്രാന്‍ഡുകള്‍ക്കും ബ്രാന്‍ഡ് സമൂഹത്തിന് (Brand Community) രൂപം നല്‍കാന്‍ സാധിക്കും. തങ്ങളിലേക്ക് വരുന്ന ഓരോ ഉപഭോക്താവിനേയും ബ്രാന്‍ഡുമായി ബന്ധിപ്പിച്ച് നിര്‍ത്തുവാന്‍ ബ്രാന്‍ഡ് സമൂഹത്തിന് കഴിയും.

വില്‍പ്പനയില്‍ ഉടലെടുക്കുന്ന ബന്ധത്തിന് കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ ബ്രാന്‍ഡ് സമൂഹം നല്‍കും. ഉപഭോക്താവിന് തന്റെ പ്രാധാന്യം അനുഭവപ്പെടും. ബ്രാന്‍ഡുമായി അവര്‍ വൈകാരികമായി ഇടപെട്ടു തുടങ്ങും. പുതിയ ഉപഭോക്താക്കളെ അവര്‍ കൊണ്ടുവരും. ചിന്തിക്കൂ, നിങ്ങള്‍ക്കൊരു ബ്രാന്‍ഡുണ്ടോ എങ്കില്‍ എന്തുകൊണ്ട് ഒരു ബ്രാന്‍ഡ് സമൂഹം (Brand Community) സൃഷ്ടിച്ചുകൂടാ?

Dr Sudheer Babu is a best-selling business author and the Managing Director of De Valor Management Consultants, Kochi.
