ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 28 ല്‍ നിന്നുമാണ് ഈ ഉയര്‍ച്ച. ജനങ്ങളുടെ ജീവിത നിലവാരം സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ബിസിനസ് സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. മികച്ച ബിസിനസ് അന്തരീക്ഷം ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്.

ഒരു ബിസിനസ് തുടങ്ങുക, നടത്തുക, ആവശ്യമെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക ഇവയ്ക്കുള്ള നടപടിക്രമങ്ങള്‍ എത്രമാത്രം എളുപ്പമാണ് എന്നുള്ളതാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ (ഇഒഡിബി) പരിശോധിക്കുന്നത്. അതുകൊണ്ട് ബിസിനസ് എളുപ്പമാക്കാനുള്ള എല്ലാ നിയമപരമായ വഴികളും സ്വീകരിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തുവരുന്നത്. ബിസിനസിന്റെ നടപടിക്രമങ്ങള്‍ സുതാര്യവും വ്യവസ്ഥാപിതവും സമയബന്ധിതവും കുറഞ്ഞ ചിലവിലും നടത്താന്‍ കഴിയണം. ഇതിനുള്ള സാഹചര്യങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഇവിടെ ഇഒഡിബി ചെയ്യുന്നത്. 2006 മുതലാണ് വേള്‍ഡ് ബാങ്ക്, ലോക സമ്പദ് വ്യവസ്ഥകള്‍ക്ക് ഈസ് ഓഫ് ഡൂയിംഗ്
ബിസിനസിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നല്‍കാന്‍ തുടങ്ങിയത്. 12 മാനദണ്ഡങ്ങളാണ് ഇപ്പോള്‍ റാങ്കിംഗിനായി പരിഗണിക്കുന്നത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ മാനദണ്ഡങ്ങള്‍
1. ബിസിനസ് ആരംഭിക്കുക, നടപടിക്രമങ്ങള്‍, സമയം, ചെലവ്, ക്യാപിറ്റല്‍ തുടങ്ങിയവ.
2. നിര്‍മ്മാണ അനുമതികള്‍, നടപടിക്രമങ്ങള്‍, സമയം, ചെലവ്, ഒരു വെയര്‍ഹൗസ്‌നിര്‍മ്മിക്കാനുള്ള സമയം എന്നിവ.
3. വൈദ്യുതി ലഭ്യമാക്കല്‍ നടപടിക്രമങ്ങള്‍, സമയം, സ്ഥിരം കണക്ഷന് വേണ്ടി വരുന്ന ചെലവ് തുടങ്ങിയവ.
4. വസ്തു രജിസ്ട്രേഷന്‍, വാണിജ്യ റിയല്‍ എസ്റ്റേറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമം, സമയം, ചെലവ് എന്നിവ.
5. വായ്പകള്‍ നേടുക, നിയമപരമായി വായ്പ അവകാശ സൂചികയുടെ പിന്‍ബലം.
6. നിക്ഷേപകരെ സംരക്ഷിക്കുക, കോര്‍പ്പറേറ്റ് നിയമങ്ങള്‍, ഷെയര്‍ എടുക്കുന്നവരുടെ സംരക്ഷണം എന്നിവ.
7. നികുതി അടയ്ക്കല്‍ പ്രക്രിയ, ആകെ നികുതി നിരക്ക്, സംവിധാനം, സമയം തുടങ്ങിയ എല്ലാവിധ ടാക്സ് നിയന്ത്രണങ്ങളും.
8. അതിര്‍ത്തികള്‍ക്കപ്പുറമുള്ള വ്യാപാരം, കയറ്റുമതി, ഇറക്കുമതി ഇവ ചെയ്യാനുള്ള ചെലവ് സമയം താരതമ്യ മേന്മകള്‍.
9. കരാറുകള്‍ പാലിക്കുക, ഒരു കരാര്‍ നടപ്പാക്കുന്നതിലെ നടപടിക്രമങ്ങളും ചെലവും സമയവും.
10. പാപ്പരത്വം സ്പഷ്ടമാക്കല്‍ (Resolving insolvency), നിയമപരമായ നടപടികളുടെ സുതാര്യത, സമയം, ചെലവ്.
11. തൊഴിലാളികളുടെ ശാക്തീകരണം, തൊഴില്‍ നിയമങ്ങളിലെ വഴക്കം, സ്വീകാര്യത.
12. ഗവണ്‍മെന്റുമായി കരാറില്‍ ഏര്‍പ്പെടല്‍, പൊതുസംഭരണ നയം അനുസരിച്ച് പങ്കാളിയാകാനുള്ള നടപടികള്‍, സമയം എന്നിവ.
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോക രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥകള്‍ തമ്മിലും രാജ്യത്തിനകത്ത് സംസ്ഥാനങ്ങള്‍ തമ്മിലും ആരോഗ്യകരമായ ഒരു മത്സരമാണ് നടക്കുന്നത്. റാങ്കിംഗ് ഉയര്‍ത്തേണ്ടത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തിനകത്ത് ജില്ലകള്‍ തമ്മിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മിലോ ബാധകമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് വിലയിരുത്താവുന്നതും അപ്രകാരം നിശ്ചയിച്ച് അംഗീകാരങ്ങള്‍ നല്‍കാവുന്നതുമാണ്.

ഇഒഡിബിയുടെ പ്രാധാന്യം
ഒരു രാജ്യത്തിന്റെ വികസനം ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസായ അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിച്ചെടുത്ത് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കുമ്പോഴാണ് അത് സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്നത്. ഉല്‍പാദനം, വിതരണം, വിപണനം എന്നീ രംഗങ്ങളില്‍ എല്ലാം വളര്‍ച്ച ഉണ്ടാകേണ്ടതുണ്ട്. ഇത്തരം മേഖലകളിലെ വളര്‍ച്ച അളന്നു നോക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ സര്‍വീസുകള്‍, റോബോട്ടിക് ആപ്ലിക്കേഷന്‍, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മികച്ചഇന്‍കുബേഷന്‍ സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് വ്യവസായ രംഗം ശക്തി പ്രാപിക്കുന്നതിനും അതിനു തടസ്സം നില്‍ക്കുന്ന ഘടകങ്ങളെ ഒഴിവാക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് ഇഒഡിബി പ്രധാനമായും ചെയ്യുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്കിംഗ് നടത്തുന്നത് ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പാണ് (Department for promotion of industry and internal trade).

കേരളം ഏറെ മുന്നോട്ട്
2017-18 മുതല്‍ നിരവധി പരിഷ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നു. കേരളത്തിലെ വ്യവസായ അന്തരീക്ഷം കൂടുതല്‍ സൗഹൃദം ആക്കുന്നതിന് കൊണ്ടുവന്ന പ്രധാന നിയമമാണ് കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018. ഇത് പ്രകാരമുള്ള ‘KSWIFT’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വന്നത് 2019 ഫെബ്രുവരിയിലാണ്. അതിപ്പോള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു.

30 ദിവസത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തില്‍ അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 2019 ലെ എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ട് ആണ് മറ്റൊരു പ്രധാന നിയമനിര്‍മാണം. മുന്‍കൂര്‍ അനുമതി ഇല്ലാതെതന്നെ ബിസിനസ് ചെയ്യുന്നതിന് ഈ നിയമം അനുവദിക്കുന്നു. 2019 ലെ കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ഭേദഗതി നിയമം, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ ഇളവുകള്‍, പരാതി പരിഹാര സംവിധാനങ്ങള്‍, നാനോ യൂണിറ്റുകള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍, സംസ്ഥാന, പ്രാദേശിക തലങ്ങളിലുള്ള ഫെസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ തുടങ്ങിയവയെല്ലാം 2019-20 കാലഘട്ടത്തിലാണ് നടപ്പിലാക്കിയത്.

കേരളത്തില്‍ നിലനില്‍ക്കുന്ന മികച്ച പൊതുവിതരണ സംവിധാനം, ഗതാഗത സംവിധാനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം, റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, എല്ലാം ഓണ്‍ലൈന്‍ പരുവത്തിലേക്ക് രൂപപ്പെട്ടു എന്നതാണ് പ്രത്യേകത. 2018 മുതല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ വിലയിരുത്തി റാങ്കിംഗ് നടത്തിയപ്പോള്‍ കേരളത്തിന്റെ നില ഉയരുകയായിരുന്നു.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

