2023 പൊതുവെ മലയാള സിനിമക്ക് മോശം വര്‍ഷമായിരുന്നു. 200 ഓളം ചിത്രങ്ങള്‍ ഇറങ്ങിയതില്‍ ഹിറ്റായത് കഷ്ടിച്ച് 10 എണ്ണം മാത്രം. എന്നാല്‍ 2024 ല്‍ സ്‌ക്രിപ്റ്റ് മാറി. ആദ്യത്തെ രണ്ട് മാസം തന്നെ അര ഡസനോളം ഹിറ്റുകള്‍. അവയില്‍ തന്നെ 100 കോടിയിലേക്ക് കണ്ണുനട്ട് രണ്ട് ചിത്രങ്ങള്‍. സൂപ്പര്‍ താരചിത്രങ്ങളല്ല ഇവയെന്നതും ഏറെ ശ്രദ്ധേയം.
ആട്ടവും എബ്രഹാം ഓസ്ലറുമാണ് പുതുവര്‍ഷത്തില്‍ ആദ്യമെത്തിയത്. പിന്നാലെ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശ്ശേരി ടീമിന്റെ മലൈകോട്ടൈ വാലിബനും. സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായെങ്കിലും വിനയ് ഫോര്‍ട്ടിനെ നായകനാക്കി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കുന്നതില്‍ പരാജയപ്പെട്ടു. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ഒടിടിയില്‍ ആ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലാണ്.

എല്‍ജെപി ജോണറിലെത്തിയ മലൈകോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം മോഹന്‍ലാലിന്റെ കടുത്ത ആരാധകരെ നിരാശപ്പെടുത്തി. എന്നാല്‍ വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുകയും മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ആദ്യ ദിനം ബോക്സ് ഓഫീസില്‍ നിന്ന് 5.9 കോടി രൂപ നേടിയ ചിത്രത്തിന് പിന്നീട് ആ വേഗം നിലനിര്‍ത്താനായില്ല. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയില്ലെങ്കിലും മലൈകോട്ടൈ വാലിബന്‍ നിര്‍മാതാവിനെ കരയിച്ചില്ല. 30 കോടി രൂപക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

ജയറാം മുഖ്യ വേഷത്തിലെത്തിയ എബ്രഹാം ഓസ്ലര്‍ 40 കോടി രൂപയ്ക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടി. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 22.64 കോടി രൂപയാണ് മിഥുന്‍ മാനുവേല്‍ തോമസിന്റെ ഓസ്ലര്‍ നേടിയത്.
ഫെബ്രുവരി കുറച്ചു കൂടി തിളക്കമുള്ള മാസമായി. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറെന്ന നിലയില്‍ ബോക്സ് ഓഫീസില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. 40 കോടി രൂപയുടെ ആഗോള കളക്ഷനാണ് ചിത്രം നേടിയത്. നെറ്റ്ഫ്ളിക്സ് മികച്ച തുക നല്‍കിയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേടിയത്.

മമ്മൂട്ടിയുടെ മറ്റൊരു പരീക്ഷണ ചിത്രം കൂടി കേരളം ഏറ്റെടുക്കുന്നതിന് ഫെബ്രുവരി സാക്ഷിയായി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അര ഡസനില്‍ താഴെ മാത്രം അഭിനേതാക്കളുമായി പതിനേഴാം നൂറ്റാണ്ടില്‍ നടന്ന കഥ പറഞ്ഞ ഭ്രമയുഗം വിസ്മയിപ്പിക്കുന്ന വിജയമായി
ടീനേജ് പ്രേമം നര്‍മത്തില്‍ പൊതിഞ്ഞെത്തിയ പ്രേമലു ബോക്സ് ഓഫീസിനെ ഇളക്കി മറിക്കുക തന്നെ ചെയ്തു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നസ്ലീനും മമത ബൈജുവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രമലു ആഗോള ബോക്സ് ഓഫീസില്‍ 75 കോടി രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു. 100 കോടി ലക്ഷ്യമിട്ട് കുതിക്കുകയാണ് ഫെബ്രുവരി 9ന് റിലീസ് ചെയ്ത ഈ കൊച്ചുചിത്രം.

മമ്മൂട്ടിയുടെ മറ്റൊരു പരീക്ഷണ ചിത്രം കൂടി കേരളം ഏറ്റെടുക്കുന്നതിന് ഫെബ്രുവരി സാക്ഷിയായി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അര ഡസനില്‍ താഴെ മാത്രം അഭിനേതാക്കളുമായി പതിനേഴാം നൂറ്റാണ്ടില്‍ നടന്ന കഥ പറഞ്ഞ ഭ്രമയുഗം വിസ്മയിപ്പിക്കുന്ന വിജയമായി. ഫെബ്രുവരി 15 ന് എത്തിയ ഭ്രമയുഗം 52.2 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്തു കഴിഞ്ഞു.

ഫെബ്രുവരി 22 ന് എത്തിയ മഞ്ഞുമ്മല്‍ ബോയ്സാണ് ബോക്സ് ഓഫീസിനെ ഇപ്പോള്‍ ഭ്രമിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് 50.2 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് 28.2 കോടി രൂപയാണ് ചിത്രം നേടിയത്. 100 കോടി കളക്ഷനിലേക്കാണ് ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെയും കണ്ണ്.


