ചരിത്രപരമായി ഒരു സാസ്‌കാരിക ബന്ധം ഇന്ത്യയും റഷ്യയും തമ്മിലുണ്ട്. സിനിമകളിലൂടെ ഇന്ത്യന്‍ സംസ്‌കാരം റഷ്യയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ് കപൂര്‍ കാലം മുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയതാണ് റഷ്യ. ഇന്നത് ഷാരൂഖ് ഖാനിലെത്തി നില്‍ക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകളെ സ്ബ്ടൈറ്റിലുകള്‍ മറികടന്നു.
ചരിത്രപരമായ സാംസ്‌കാരിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി റഷ്യയില്‍ ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണങ്ങളും പ്രദര്‍ശനങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
യുദ്ധം തിരിച്ചടി
2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ അധിനിവേശത്തോടെ ഹോളിവുഡ് സ്ഥാപനങ്ങള്‍ റഷ്യയില്‍ നിന്ന് പിന്‍വാങ്ങി. വലിയൊരു വിടവാണ് ഇത് സൃഷ്ടിച്ചത്. ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ എത്തിച്ചും ഇന്ത്യന്‍ സിനിമകളെ പ്രോത്സാഹിപ്പിച്ചും ഈ വിടവ് നികത്താനാണ് ഇപ്പോള്‍ റഷ്യ ശ്രമിക്കുന്നത്.
വിടവ് നികത്താന്‍ ബോളിവുഡ്
റഷ്യയില്‍ ഇന്ത്യന്‍ സിനിമകളുടെ ചിത്രീകരണം അടുത്തിടെ വര്‍ധിച്ചിട്ടുമുണ്ട്.സര്‍ദാര്‍ ഉദ്ദം സിംഗ്, പത്താന്‍, ടൈഗര്‍, ജുഗ്ഗ് ജിയോ തുടങ്ങിയ സമീപകാല ചിത്രങ്ങളുടെയെല്ലാം ലൊക്കേഷനുകള്‍ റഷ്യയായിരുന്നു. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശര്‍മയുടെ ബയോപിക്കിന്റെ ഷൂട്ടിംഗാണ് ഇനി റഷ്യയില്‍ തുടങ്ങാനിരിക്കുന്നതെന്ന് ഇവയുടെ ലൈന്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്ന കാര്‍ട്ടീന എന്റര്‍ടൈന്‍മെന്റിന്റെ മേധാവി സര്‍ഫറാസ് ആലം സഫു പറയുന്നു.
”ഇവിടെ ചിത്രീകരിക്കുന്ന രാകേഷ് ശര്‍മ്മയുടെ ബയോപിക് ആയ ഒരു സിനിമയിലും ഞാന്‍ പ്രവര്‍ത്തിക്കുന്നു. സിനിമ നിര്‍മ്മിക്കുന്നത് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണ്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, എക്സല്‍ എന്റര്‍ടൈന്‍മെന്റ്, എമ്മെ എന്റര്‍ടെയ്ന്‍മെന്റ്, രോഹിത് ഷെട്ടി പ്രൊഡക്ഷന്‍സ് തുടങ്ങി നിരവധി കമ്പനികള്‍ നിരവധി പ്രോജക്ടുകള്‍ക്കായി ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്,’ സഫു പറയുന്നു.
മോസ്‌കോ പ്രൊജക്റ്റ്
നിരവധി ഓഫറുകളിലൂടെ കുറഞ്ഞ നിര്‍മ്മാണച്ചെലവ് വാഗ്ദാനം ചെയ്ത് കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാണ് റഷ്യന്‍ അധികാരികള്‍ ലക്ഷ്യമിടുന്നത്. ‘ഞങ്ങള്‍ ഇപ്പോള്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്കുള്ള ഏതെങ്കിലും സേവനങ്ങളുടെ ഫ്രണ്ട് ഓഫീസ് അല്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റ് പോലെയാണ്, കാരണം ഇവിടെ ഷൂട്ട് ചെയ്യാന്‍ കുറഞ്ഞ ചെലവ് വാഗ്ദാനം ചെയ്തുകൊണ്ട് അവരുടെ നിര്‍മ്മാണ ചെലവ് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,’ മോസ്‌കോ മേയറുടെ ഓഫീസിലെ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡായ എവ്ഗനി കോസ്ലോവ് പറയുന്നു.
റഷ്യയിലുടനീളം ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനത്തിലും വര്‍ധനയുണ്ട്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവയ്ക്ക് പുറമെ അര്‍ഖാന്‍ഗെല്‍സ്‌ക്, ബെല്‍ഗൊറോഡ്, കസാന്‍, പെന്‍സ, സരടോവ്, തുല, ഉലിയാനോവ്‌സ്‌ക്, ചെബോക്‌സരി എന്നിവയുള്‍പ്പെടെ രാജ്യത്തെ 40 ലധികം വേദികളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു
‘മോസ്‌കോ-സിറ്റി ഓഫ് സിനിമ’ എന്നാണ് സിനിമാ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ റഷ്യ തയാറാക്കിയ പ്രോഗ്രാമിന്റെ പേര്. കഴിഞ്ഞ മാസം ഷൂട്ട് ചെയ്ത തമിഴ് സിനിമയായ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ഈ പ്രോഗ്രാമിന്റെ ഭാഗമായി ഡിസ്‌കൗണ്ടുകള്‍ നേടുന്ന ആദ്യത്തെ വിദേശ ചിത്രമായി മാറി.
കൂടുതല്‍ തിയേറ്ററുകള്‍
ചലച്ചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ രംഗത്തുള്ള മോസ്‌കോ സാംസ്‌കാരിക വകുപ്പ് ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുകയാണെന്ന് കോസ്ലോവ് പറഞ്ഞു. അതേസമയം, റഷ്യയിലുടനീളം ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനത്തിലും വര്‍ധനയുണ്ട്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവയ്ക്ക് പുറമെ അര്‍ഖാന്‍ഗെല്‍സ്‌ക്, ബെല്‍ഗൊറോഡ്, കസാന്‍, പെന്‍സ, സരടോവ്, തുല, ഉലിയാനോവ്‌സ്‌ക്, ചെബോക്‌സരി എന്നിവയുള്‍പ്പെടെ രാജ്യത്തെ 40 ലധികം വേദികളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു.
മലയാളത്തിനും സാധ്യത
റഷ്യയിലെ ഇന്ത്യന്‍ സിനിമകളുടെ ജനറല്‍ പ്രൊഡ്യൂസറായ മിര്‍സോയന്‍ കാരെന്‍ റുഡോള്‍ഫോവിച്ച്, അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ റഷ്യന്‍ ചലച്ചിത്ര വിപണിയുടെ 20 ശതമാനം ഇന്ത്യന്‍ സിനിമകള്‍ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍ സിനിമയുടെ സാന്നിധ്യം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആകര്‍ഷകങ്ങളായ ലൊക്കേഷനുകള്‍ തേടുന്ന മലയാള സിനിമയ്ക്കും വലിയ അവസരങ്ങളാണ് റഷ്യ തുറന്നിടുന്നത്. റഷ്യയിലെ അതിമനോഹരങ്ങളായ ലൊക്കേഷനുകളുമായി ഇനതര ഭാഷാ ചിത്രങ്ങളുമായി മല്‍സരിക്കാന്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് ഇത് അവസരമൊരുക്കും.

