Connect with us

Hi, what are you looking for?

Economy & Policy

‘ഇന്ത്യക്കും ലോകത്തിനും വേണ്ടത് ലിബറല്‍ കാപ്പിറ്റലിസം’

ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി

ലോകം ദുര്‍ഘടവും അതിസങ്കീര്‍ണവുമായ സാമ്പത്തിക പാതയിലൂടെ കടന്നുപോവുകയാണ്. കോവിഡാനന്തരം ആഗോള സമ്പദ് വ്യവസ്ഥ ഇതുവരെയും പഴയ പ്രതാപം തിരിച്ചുപിടിച്ചിട്ടില്ല. ബഹുരാഷ്ട്ര കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ചെറുകിട, ഇടത്തരം സംരംഭങ്ങളുമെല്ലാം ഉള്‍പ്പെടുന്ന വിശാല ബിസിനസ് ലോകം ലാഭ, നഷ്ടങ്ങളുടെ ഏറ്റക്കുറച്ചിലുകളിലൂടെ സഞ്ചരിക്കുമ്പോഴും അനിശ്ചിതത്വമെന്ന സമസ്യ എപ്പോഴും വെല്ലുവിളിയായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ സംരംഭകരുടെയും പ്രൊഫഷണലുകളുടെയും സാധാരണ ജീവനക്കാരുടെയുമെല്ലാം മാനസിക, സാമ്പത്തിക സുരക്ഷിതത്വം മറ്റെന്നത്തേക്കാളുമേറെ പ്രതിസന്ധിക്ക് നടുവിലാണ്. ഈ സാഹചര്യത്തിലാണ് ആത്മീയതയെ മാനേജ്‌മെന്റ് സിദ്ധാന്തങ്ങളുമായി കോര്‍ത്തിണക്കുന്ന ചിന്താപദ്ധതികള്‍ക്ക് പ്രസക്തിയേറുന്നതും. ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി. സംബോധ് ഫൗണ്ടേഷന്‍ ഇന്ത്യ, സംബോധ് സൊസൈറ്റി അമേരിക്ക, ബോധാനന്ദ റീസര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പ് സ്റ്റഡീസ്, സംബോധ് ഫൗണ്ടേഷന്‍, കേരളം എന്നിവയുടെ ചെയര്‍മാനാണ് സ്വാമി ബോധാനന്ദ സരസ്വതി. നിലവിലെ സാമ്പത്തിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഏറ്റവും യുക്തമായ വികസന പദ്ധതികള്‍ എന്താണെന്നും ഭഗവദ് ഗീതയിലൂടെ കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്നും വിശദീകരിക്കുകയാണ് അദ്ദേഹം. ജനാധിപത്യവും സ്വതന്ത്ര വ്യാപാരവും നിയമവ്യവസ്ഥയും ഉള്‍പ്പെടുന്ന ലിബറല്‍ കാപ്പിറ്റലിസം എന്ന പ്രത്യയശാസ്ത്രമായിരിക്കും നവലോകക്രമം സൃഷ്ടിക്കുന്നതിന് ഇന്ത്യക്കും ലോകത്തിനും ഏറ്റവും അനുയോജ്യമായതെന്ന് അദ്ദേഹം ദ പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ആത്മീയതയെയും മാനേജ്‌മെന്റിനെയും ബന്ധിപ്പിക്കുന്നതിന് എന്തായിരുന്നു സ്വാമിജിയുടെ പ്രചോദനം? സംരംഭകത്വ സംസ്‌കാരത്തിലും കോര്‍പ്പറേറ്റ് ലോകത്തും അത് എത്തരത്തിലുള്ള മാറ്റമാണുണ്ടാക്കിയത്?

മനസിനെ വരുതിയിലാക്കി നമ്മുടെ ഉള്ളിലുള്ള അസാമാന്യമായ ഊര്‍ജത്തെ പ്രതിഫലിപ്പിക്കാനുള്ള മാര്‍ഗമാണ് ആത്മീയത അഥവാ സ്പിരിച്വാലിറ്റി. മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടി ഉല്‍പ്പാദനക്ഷമത കൈവരിക്കുന്നതിന് പരിമിതമായ വിഭവശേഷിയെ സംഘടിപ്പിക്കുന്ന കലയാണ് മാനേജ്‌മെന്റ്. സമ്പത്ത് സൃഷ്ടിക്കുന്നതിലും അതിന്റെ വിതരണത്തിലും ഏറ്റവും പ്രധാനപ്പെട്ടതാണ് മനുഷ്യന്‍. കേവലം കൈകളും തലകളും മാത്രമല്ല മനുഷ്യന്‍, അവര്‍ക്ക് വികാരങ്ങളുണ്ട്, ആവശ്യങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, സ്വപ്‌നങ്ങളുണ്ട്, പ്രതീക്ഷകളുണ്ട്, വ്യക്തിഗത കഥകളുണ്ട്…ആത്മീയതയിലധിഷ്ഠിതമായ മാനേജ്‌മെന്റിന് മാത്രമേ ഒരു വ്യക്തിയിലുള്ള സമഗ്ര ശേഷിയെ ഉപയോഗപ്പെടുത്തി കമ്പനിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിനിയോഗിക്കാന്‍ സാധിക്കൂ.

ആശയപരമായ ഈ കാഴ്ച്ചപ്പാടിനപ്പുറം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള എന്റെ വ്യക്തിപരമായ ഇഷ്ടവും കൂടിയാണ് മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് പഠനങ്ങളിലേക്കും അതിന്റെ പരിശീലനങ്ങളിലേക്കും എന്നെ എത്തിച്ചത്. എന്റെ വിദ്യാര്‍ത്ഥികള്‍ വ്യാപരിക്കുന്ന മേഖലകളും ഈ വിഷയങ്ങളെ ബന്ധിപ്പിക്കുന്നതിന് എനിക്ക് പ്രേരകമായി. വക്കീലന്മാര്‍, ജഡ്ജികള്‍, ബാങ്കര്‍മാര്‍, എക്കൗണ്ടന്റുകള്‍, ഡോക്റ്റര്‍മാര്‍, പ്രൊഫസര്‍മാര്‍…എന്നിങ്ങനെ ബഹുതലശ്രേണിയില്‍ പെട്ടതായിരുന്നു എന്റെ വിദ്യാര്‍ത്ഥികളില്‍ കൂടുതലും.

പ്രൊഫഷണില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെകുറിച്ചുള്ള ചോദ്യങ്ങള്‍ കൂടിയാണ് എന്നെ ഇതിന് നിര്‍ബന്ധിതനാക്കിയത്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ആത്മീയതയുടെ വേരുകളിലുണ്ടെന്നത് അവരെ സംബന്ധിച്ചിടത്തോളം പുതുഅനുഭവമായിരുന്നു. പീപ്പിള്‍ മാനേജ്‌മെന്റ് അഥവാ വ്യക്തികളെ മാനേജ് ചെയ്യല്‍ എന്നത് കോര്‍പ്പറേറ്റ് ലോകം നേരിടുന്ന വളരെ ഗൗരവമാര്‍ന്ന വിഷയമാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തില്‍ പ്രൊഫഷണല്‍ മികവുള്ളവരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുകയെന്നതും നിലനിര്‍ത്തുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

വിജ്ഞാനധിഷ്ഠിത ലോകത്ത് സാമ്പത്തിക ക്ഷേമം പ്രദാനം ചെയ്യുന്ന ഇന്‍സെന്റിവുകളോ മറ്റ് ആനുകൂല്യങ്ങളോ മാത്രം നല്‍കി ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യിക്കാന്‍ സാധിക്കില്ല. മൂല്യവും അര്‍ത്ഥവും ലക്ഷ്യവും ആത്മ സംതൃപ്തിയുമെല്ലാം അവരെ സംബന്ധിച്ച് ഇന്ന് പ്രധാനമാണ്. അവരുടെ ഈ ഉയര്‍ന്ന പ്രതീക്ഷകളെ മാനേജ് ചെയ്യാന്‍ ജീവിതത്തിന്റെ ആത്മീയ അടിത്തറകളിലേക്കുള്ള ഉള്‍ക്കാഴ്ച്ച അനിവാര്യമാണ്. അതുകൊണ്ടാണ്, യോഗയും മെഡിറ്റേഷനും പ്രാര്‍ത്ഥനയുമെല്ലാം കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമായി മാറിയത്.

ബിസിനസിലെ ട്രെന്‍ഡ് സെറ്റര്‍മാരാണ് സംരംഭകര്‍, അവരാണ് പുതിയപാത വെട്ടിത്തെളിക്കുന്നത്. പുതുആശയങ്ങളിലും അവസരങ്ങളിലും പ്രചോദിതരായി, വിപണിയില്‍ നിലനില്‍ക്കുന്ന വിടവ് നികത്താന്‍, നിതാന്തമായി പരിശ്രമിക്കുന്നു അവര്‍. മഴയും വെയിലും അവര്‍ക്കൊരു പ്രശ്‌നമാകില്ല. വെളിച്ചം കാണുന്നതുവരെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. മറ്റുള്ളവര്‍ ഇരുട്ടില്‍ തപ്പുമ്പോള്‍, വാഗ്ദത്ത ഭൂമി തേടിപ്പോകുന്ന ഏകാന്ത തീര്‍ത്ഥാടകരാണ് അവര്‍. ധീരുഭായി അംബാനി ഒരിക്കല്‍ പറഞ്ഞ പോലെ, കണ്ണ് തുറന്ന് സ്വപ്‌നം കാണുന്നവനാണ് സംരംഭകന്‍. വളരെ വലിയ കരുത്തും ബൗദ്ധിക യുക്തിയും വൈകാരിക സ്ഥിരതയും എല്ലാം ഇതിനാവശ്യമാണ്, എന്നാല്‍ ഇതോടെല്ലാം ഒപ്പം ജീവിതത്തെയും ജീവിതാവസ്ഥയെയും ആത്മീയമായ തലത്തില്‍ നോക്കിക്കാണാനുള്ള ആര്‍ജവവും അയാള്‍ക്ക് വേണം.

ശാസ്ത്രവും ആത്മീയതയും സഹവര്‍ത്തിച്ച നാടായിരുന്നു പ്രാചീന ഭാരതമെന്നാണ് ഇന്‍ഡോളജിസ്റ്റുകളുടെ വാദം. എന്നാല്‍ ശാസ്ത്രപുരോഗതിയും വികസനവുമെല്ലാം ആര്‍ഷഭാരത സങ്കല്‍പ്പത്തിന് കടകവിരുദ്ധമാണെന്ന വാദം ബലപ്പെടുത്താന്‍ സംഘടിതമായ ശ്രമവും ഇന്ന് നടക്കുന്നു. സ്വാമിജി എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത്?

ആത്മീയതയില്‍ ഏറെ പുരോഗമിച്ച നാടായിരുന്നു പ്രചീനഭാരതം. എന്നാല്‍ പടിഞ്ഞറാന്‍ നാടുകളില്‍ നിന്ന് വിഭിന്നമായി നമ്മുടെ അധ്യാത്മികത ഒരിക്കലും ശാസ്ത്രവിരുദ്ധമോ യുക്തിവിരുദ്ധമോ ഭൗതിക സമ്പത്തിനോ സൗകര്യങ്ങള്‍ക്കോ വിരുദ്ധമോ ആയിരുന്നില്ല. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെയുള്ള നാല് പുരുഷാര്‍ത്ഥങ്ങളിലൂടെ ഇത് അനുവദിക്കപ്പെടുന്നുണ്ട് താനും. ആധുനിക ശാസ്ത്രം വികസിക്കുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളില്‍ ഭാരതം ഏറെ മുന്നേറിയിരുന്നു. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ലോഹസംസ്‌കരണശാസ്ത്രം, ഹൗസിംഗ്, പ്ലംബിംഗ്, ജലസേചനം, ശസ്ത്രക്രിയ, ആരോഗ്യം, ചികില്‍സാ രീതികള്‍…തുടങ്ങി നിരവധി മേഖലകളില്‍ ഇത് പ്രതിഫലിച്ചിരുന്നു.

ഭാരതത്തിന്റെ ഉപനിഷദ് ദര്‍ശനങ്ങളെ പ്രമാണീകരിക്കുക മാത്രമാണ് ശാസ്ത്ര മുന്നേറ്റങ്ങള്‍ ചെയ്തത്-ഇന്ദ്രിയ സംബന്ധമായ ലോകം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ത്രിമാനങ്ങളുള്ള സ്ഥലവും (സ്‌പേസ്) നാലാം മാനമായ കാലവും ചേരുന്ന സ്ഥലകാലതുടര്‍മാനം (സ്‌പേസ്-ടൈം കോണ്ടിന്നം) നിരീക്ഷകന് ആപേക്ഷികമാണെന്നും കാഴ്ച്ചയെ കാഴ്ച്ചക്കാരന്‍ വ്യാഖ്യാനിക്കുന്നുവെന്നും അന്തര്‍ബോധം മൗലികമായ തത്ത്വമാകുന്നുവെന്നുമുള്ള ആധുനുകശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ഉപനിഷത്തുകളുടെയും ഭഗവദ് ഗീതയുടെയും ഭാഷയില്‍ മികച്ച രീതിയില്‍ വിശദീകരിക്കാന്‍ സാധിക്കും. ന്യൂ മെക്‌സിക്കോയില്‍ ആദ്യ ആറ്റം ബോംബിന്റെ ഉദയം അണുബോംബിന്റെ പിതാവായ റോബര്‍ട്ട് ഒപ്പന്‍ഹൈമര്‍ ദര്‍ശിച്ചപ്പോള്‍ ഗീതയില്‍ നിന്നുള്ള ശ്ലോകമായിരുന്നു ഉദ്ധരിച്ചത്.

ലാഭമുണ്ടാക്കുന്നത് അധമ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ലാഭം കൊയ്യുന്ന കമ്പനികളെയും സംരംഭകരെയും സംശയദൃഷ്ടിയോടെയാണ് അവര്‍ കാണുന്നത്. ഇത്തരം ചിന്താഗതി മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്?

ലാഭമുണ്ടാക്കുകയോ വളരുകയോ ചെയ്യുന്നില്ലെങ്കില്‍ ബിസിനസുകള്‍ ബിസിനസില്‍ നിന്നിട്ട് ഒരു പ്രയോജനവുമില്ല. ബിസിനസ് വിജയത്തിന്റെ സുവര്‍ണ അളവുകോലാണ് ന്യായമായ ലാഭം ഉണ്ടാക്കുകയെന്നത്. കസ്റ്റമേഴ്‌സിനെ ചതിച്ചും കുത്തകവല്‍ക്കരണത്തിലൂടെയും ലാഭം നേടുന്നത് കമ്പനിയുടെ പ്രതിച്ഛായയെയും ദീര്‍ഘകാല വിഷനെയും ബാധിക്കും. തന്റെ മഹാകൃതിയായ അര്‍ത്ഥശാസ്ത്രത്തില്‍ ചാണക്യന്‍ പറഞ്ഞിരിക്കുന്നത് ബിസിനസുകളുടെ പ്രധാന കര്‍ത്തവ്യം ലാഭമുണ്ടാക്കുകയെന്നതും സ്വാധീനം വര്‍ധിപ്പിക്കുകയെന്നതുമാണെന്നാണ്.

അധ്വാനത്തിന്റെ മിച്ചമൂല്യമാണ് ലാഭമെന്നതും അത് തൊഴിലാളിവര്‍ഗത്തിനാണ് പോകേണ്ടത്, സംരംഭകനല്ല എന്നതും മാര്‍ക്‌സിസ്റ്റ് ചിന്താഗതിയാണ്. സാമ്പത്തിക സിദ്ധാന്തമനുസരിച്ച് മൂലധനത്തിന്റെ കാര്യക്ഷമമായ വിന്യാസത്തിലൂടെയാണ് ലാഭമുണ്ടാകുന്നത്. മൂലധനമില്ലാതെ കൂടുതല്‍ തൊഴിലാളികളെ വിന്യസിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല, ദാരിദ്ര്യത്തിന് വഴിവെക്കുകയും ചെയ്യും.

കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് പ്രാഥമിക മൂലധനം വരുന്നത്. അതിനാല്‍ തന്നെ വ്യക്തിഗത യത്‌നത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ് മൂലധനത്തിന്റേത്. കാള്‍ മാര്‍ക്‌സിന്റെയും വ്‌ളാഡിമിര്‍ ലെനിനിന്റെയും മാവോ സേതുംഗിന്റെയുമെല്ലാം ആശയങ്ങള്‍ പഠിക്കുന്നതിനൊപ്പം തന്നെ നമ്മള്‍ മലയാളികള്‍ ആദം സ്മിത്ത്, ജോണ്‍ കീന്‍സ്, ചാണക്യന്‍ തുടങ്ങിയവരുടെ സാമ്പത്തിക സിദ്ധാന്തങ്ങളും പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലാഭത്തിനും മൂലധനത്തിനും ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും സമൃദ്ധിയിലും എത്രമാത്രം പങ്ക് വഹിക്കാനുണ്ടെന്ന കാര്യം മനസിലാകൂ.

തൊഴില്‍ശക്തിയിലേക്ക് മൂലധനം വിന്യസിച്ചതിലൂടെയും ലാഭത്തിന്റെയും സ്വതന്ത്ര വ്യാപാരത്തിന്റെയും ആശയങ്ങള്‍ പിന്തുടര്‍ന്നതിലൂടെയുമാണ് ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് പേരെ ചൈന ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയത്. പണമുണ്ടാക്കുകയെന്നത് സ്മാര്‍ട്ട് ബിസിനസാണെന്നും പണം നഷ്ടപ്പെടുത്തുകയെന്നത് തങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ പിശകാണെന്നും മലയാളി മനസിലാക്കണം.

ലാഭമെന്ന ആശയത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനുള്ള താങ്കളുടെ നിര്‍ദേശങ്ങള്‍?

ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കുമുള്ള ചെലവ് കഴിഞ്ഞ് ശേഷിക്കുന്നതാണ് പ്രോഫിറ്റ് അഥവാ ലാഭം. വാടക, ശമ്പളം, പലിശ, ബോണസ്, മറ്റ് ആനൂകൂല്യങ്ങള്‍, നികുതി, സിഎസ്ആര്‍…അങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം നീക്കിവെച്ച ശേഷമുള്ളതാണ് ലാഭം. ഒരു യജ്ഞത്തിന് യജമാനന്‍ എന്ന പോലെയാണ് ബിസിനസിന് സംരംഭകന്‍. യജ്ഞത്തിന്റെ ഭാഗമായുള്ള എല്ലാവര്‍ക്കും കാര്യങ്ങള്‍ വീതിച്ചുനല്‍കിയ ശേഷം ബാക്കിയാവുന്നതേ യജമാനനുള്ളൂ.

അദ്ദേഹം അതിജീവിക്കുകയോ ഇല്ലാതാകുകയോ ചെയ്യാം…എന്നാല്‍ മറ്റുള്ളവര്‍ അത് ഗൗനിച്ചെന്നുവരില്ല. അതേസമയം ബിസിനസില്‍ അതിജീവിക്കണമെങ്കിലും ഉയരങ്ങള്‍ കീഴടക്കണമെങ്കിലും വരുമാനം വീതിച്ചുനല്‍കി എല്ലാവരെയും സന്തോഷപ്പെടുത്തുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. അതിനാല്‍ ലാഭത്തിന്റെ ജനകീയവല്‍ക്കരണം എന്നതിനേക്കാളും വരുമാനത്തിന്റെ ജനാധിപത്യവല്‍ക്കരണം എന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത്.

മലയാളികളുടെ സാമ്പത്തിക സാക്ഷരതയെക്കുറിച്ച് എന്താണ് അഭിപ്രായം? ഒരു സമൂഹത്തിന്റെ സമഗ്രമായ വികസനത്തില്‍ സാമ്പത്തിക സാക്ഷരതയ്ക്ക് എത്രമാത്രം പങ്കുവഹിക്കാനുണ്ട്?

വളരയെധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. ചെയ്യാനുള്ള ഉത്തരവാദിത്തത്തേക്കാളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് അവര്‍ ബോധവാന്മാരാകുന്നത്. സാമ്പത്തിക സാക്ഷരതയെന്നെല്ലാം പറയുന്നത് അവരുടെ മുന്‍ഗണനയേ അല്ല. പെട്രോഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന വിശേഷണം കേരളത്തിനുള്ളതുവരെ ഇത് തുടരും.

വിരമിച്ച വൃദ്ധരുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും നാടായി മാറുകയാണ് നമ്മുടെ സംസ്ഥാനം. ഗള്‍ഫില്‍ നിന്നുള്ള പ്രവാസിപ്പണം പൂര്‍ണമായും നിന്ന് കഴിയുമ്പോള്‍ സമ്പത്തിന്റെ ശാസ്ത്രം പഠിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും, പരിമിതമായ വിഭവങ്ങളെ എങ്ങനെ കൂടുതല്‍ ക്രിയാത്മകമായി മാനേജ് ചെയ്യാമെന്ന് പഠിക്കാനും അവര്‍ ശ്രമിക്കും.

അതേസമയം സാമ്പത്തികശാസ്ത്രവുമായും ബിസിനസുമായും ബന്ധപ്പെട്ട് ലോകനിലവാരത്തിലുള്ള ഒരു തനത് കൃതി മലയാളത്തില്‍ ഇല്ല എന്നതും ഓര്‍ക്കണം. ആഗോള സമ്പദ് വ്യവസ്ഥയോട് ചേര്‍ന്ന് മല്‍സരിക്കുന്നതിന് കേരളം ഇതുവരെ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാപ്തമായിട്ടില്ല. എന്നാല്‍ ചൈന ഇതെല്ലാം മനസിലാക്കി കൃത്യമായി പഠിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്, അവര്‍ വികസിക്കുകയും ചെയ്യുന്നു. ഏകീകൃതമായ ഒരു ആഗോള സമ്പദ് വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മള്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല. ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജനെപ്പോലെയാണ് പണം, അധികാരവും സ്വാധീനവുമാണത്, ശക്തിയുടെയും വളര്‍ച്ചയുടെയും അടയാളവും.

ക്രിയാത്മകമായി ബിസിനസുകളില്‍ പണം നിക്ഷേപിക്കാനുള്ള നിപുണത ഇപ്പോഴും മിക്ക മലയാളികള്‍ക്കുമില്ല. ഇത്രയധികം കടല്‍തീരമുള്ള നാട് അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നേയില്ല. ആയിരക്കണക്കിന് വലിയ വീടുകളും ഫ്‌ളാറ്റുകളും ആളില്ലാതെ പൂട്ടിക്കിടക്കുന്ന നാടാണിത്, എന്നാല്‍ അത്തരം ‘ഡെഡ് അസറ്റു’കളില്‍ നിന്ന് വരുമാനമുണ്ടാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നേയില്ല….ബില്യണ്‍കണക്കിന് ഡോളര്‍ മൂല്യമുള്ള സ്വര്‍ണവും ഡയമണ്ടുകളുമാണ് നമ്മുടെ ലോക്കറുകളിലും അമ്പലങ്ങളിലും വെറുതെയിരിക്കുന്നത്. ഇതിനെ നൂതനാത്മകമായ രീതിയില്‍ പണലഭ്യതയ്ക്കായി ഉപയോഗപ്പെടുത്താമെന്നതും നമ്മള്‍ ചിന്തിക്കുന്നില്ല. അമേരിക്കക്കാരും റോത്ത്‌സ്‌ചൈല്‍ഡ് ഫാമിലിയുമെല്ലാം ഇതിനെ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് നമ്മള്‍ പഠിക്കണം.

കോവിഡാനന്തരം വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണ് താനും. ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാസാധ്യതകള്‍ എത്രമാത്രമുണ്ടെന്ന് വിലയിരുത്താമോ?

നേരത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോളസമ്പദ് വ്യവസ്ഥയിലേക്ക് പൂര്‍ണമായും ഏകീകരിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ആഗോളതലത്തിലെ കുതിപ്പും കിതപ്പുമൊന്നും വലിയ രീതിയില്‍ നമ്മളെ ബാധിച്ചിരുന്നുമില്ല. 1990ലെയും 2008ലെയും സാമ്പത്തിക മാന്ദ്യങ്ങള്‍ വലിയ സമ്പദ് വ്യവസ്ഥകളെ പിടിച്ചുകുലുക്കിയപ്പോള്‍ ഇന്ത്യയെ അതൊന്നും അത്ര ബാധിച്ചില്ല.

കോവിഡ് മഹാമാരി നമ്മുടെ സാമ്പത്തികരംഗത്തെയും ബാധിച്ചു, ഒന്ന് രണ്ട് വര്‍ഷത്തേക്ക് വളര്‍ച്ചയില്‍ മുരടിപ്പ് പ്രകടമായി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിടലില്‍ വലിയ വര്‍ധന വരുത്തിയതും ഉത്തേജന പാക്കേജുകളുമെല്ലാം ഫലം കാണാന്‍ തുടങ്ങി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ട്രാക്കിലേക്ക് തിരിച്ചുകയറിയെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുകയും ചെയ്യുന്നു.

യുവത്വം തുളുമ്പുന്ന തൊഴില്‍ശക്തി, ഉന്നതഗുണനിലാവരത്തിലുള്ള അത്യാധുനിക അടിസ്ഥാനസൗകര്യ വികസനം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ ഒരുവശത്ത്..മറുവശത്ത് ചൈനയെന്ന റിസ്‌ക് ഒഴിവാക്കി വിതരണശൃംഖലകളും ഉല്‍പ്പാദന കേന്ദ്രങ്ങളും വൈവിധ്യവല്‍ക്കരിക്കാനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം… ഈ രണ്ട് തലങ്ങളിലും വലിയ നേട്ടം കൊയ്യാന്‍ പ്രാപ്തമായി നില്‍ക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. അതിവേഗത്തിലായിരിക്കും രാജ്യത്തിന്റെ വളര്‍ച്ചയെന്നത് തീര്‍ച്ചയാണ്. 2030 ആകുമ്പോഴേക്കും ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ.

യുഎസും ചൈനയും മാത്രമേ മുമ്പിലുണ്ടാകൂ. എന്നാല്‍ ഈ തലത്തിലെത്തണമെങ്കില്‍ രാജ്യം 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറണം. അപ്പോഴും യുഎസിന്റെയും ചൈനയുടെയും പകുതി മാത്രമേ ആകൂ. നമ്മുടെ ആളോഹരി വരുമാനം ആ ഘട്ടത്തിലും 10,000 ഡോളറില്‍ താഴെ മാത്രമേ എത്തൂ. എന്നാല്‍ അമേരിക്കയുടെയും സ്വീഡന്റെയും സിംഗപ്പൂരിന്റെയുമെല്ലാം ആളോഹരി വരുമാനം 60,000 ഡോളറിലധികമായി മാറുകയും ചെയ്യും. പൂര്‍ണാര്‍ത്ഥത്തില്‍
വികസിത രാജ്യമായി മാറണമെങ്കില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ വികസന മാതൃക ഏതായിരിക്കും, ലിബറലിസമാണോ, മുതലാളിത്തമാണോ (Capitalism), സംരക്ഷണവാദമാണോ (Protectionism)…?

ലിബറലിസം, മുതലാളിത്തം, സംരക്ഷണവാദം തുടങ്ങിയവയൊന്നും തന്നെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു രാജ്യവും നടപ്പിലാക്കിയിട്ടില്ല. ആഭ്യന്തരതലത്തിലെ സംരംഭങ്ങളെയും വ്യവസായങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംരക്ഷണവാദത്തിന്റെ പലതലങ്ങള്‍ രാജ്യങ്ങള്‍ പരീക്ഷിക്കാറുണ്ട്. ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍, സൗത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ കാര്‍ഷിക, വ്യവസായ മേഖലകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംരക്ഷണവാദത്തെ പുല്‍കിയിട്ടുണ്ട്. ജനാധിപത്യവും സ്വതന്ത്ര വ്യാപാരവും നിയമവ്യവസ്ഥയും ഉള്‍പ്പെടുന്ന ലിബറല്‍ കാപ്പിറ്റലിസം എന്ന പ്രത്യയശാസ്ത്രമായിരിക്കും ഏറ്റവും അനുയോജ്യമായ ലോകക്രമമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും വളരാനുള്ള അവസരമില്ലെങ്കില്‍ സാമ്പത്തികമായി ദുര്‍ബലരായ രാജ്യങ്ങള്‍ ചൂഷണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്.

സാമൂഹ്യ നിയമങ്ങളും രാഷ്ട്രീയ ദര്‍ശനങ്ങളും പോലെയല്ല സാമ്പത്തിക നിയമങ്ങള്‍, അത് സാര്‍വത്രികമാണ്. ലോകത്തിന്റെ മറ്റ് രാജ്യങ്ങളില്‍ നടപ്പാക്കി വിജയിച്ച ബിസിനസ് മാതൃകകള്‍ ഇന്ത്യയുടെ വികസന താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായി നടപ്പാക്കുകയെന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. അതേസമയം യോഗ, വേദാന്തം, ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങളുടെ ബലത്തില്‍ നമുക്ക് തനതായ സംഭാവനകളും നല്‍കാം.

വികസനം, പരിസ്ഥിതി, ജിഡിപി, (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം), ജിഡിഡബ്ല്യു (ഗ്രോസ് ഡൊമസ്റ്റിക് വെല്‍ ബീയിംഗ്) തുടങ്ങിയവ തമ്മിലുള്ള മല്‍സരത്തില്‍ ഇന്ത്യക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ വെല്‍ത്ത് അഥവാ സമ്പത്ത് എന്നത് അടിസ്ഥാനപരമാണ്. നീതിയുടെയും സമത്വത്തിന്റെയും ആത്മസംതൃപ്തിയുടെയും സ്വാതന്ത്ര്യത്തിന്റെയുമെല്ലാം അടിസ്ഥാനം ചാണക്യന്‍ പറഞ്ഞതു പോലെ സമ്പത്താണ്.

ഒരു സംരംഭകനിലെ നേതൃത്വ ഗുണം വര്‍ധിപ്പിക്കാന്‍ താങ്കളുടെ നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്? ആരാണ് ഒരു നല്ല ബിസിനസ് ലീഡര്‍?

ചുറ്റുമുള്ള സമൂഹവുമായി നിരന്തരം സംവദിക്കുന്നവനും സക്രിയമായി ഇടപെടല്‍ നടത്തുന്നവനുമാണ് ഒരു മികച്ച ബിസിനസ് ലീഡര്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കാനും തന്നെ പിന്തുടരുന്നവര്‍ക്കായി വിഷനും മൂല്യങ്ങളും വളര്‍ത്തിയെടുക്കാനും ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിച്ച് ഒരു ടീമായി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കാനുമെല്ലാം ശേഷിയുള്ളവരായിരിക്കും നല്ല ബിസിനസ് ലീഡേഴ്‌സ്. പൊതുനന്മ-യ്ക്കായി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണത അവരിലുണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്, അവര്‍ക്ക് ബിസിനസ് എന്നത് ജീവിതം മുഴുവന്‍ നീളുന്ന അനുഭവപാഠമാണ്.

മാനേജ്‌മെന്റും ഗീതയുമായി ബന്ധപ്പെട്ട് നിരവധി കൃതികള്‍ എഴുതിയ ആള്‍ കൂടിയാണല്ലോ താങ്കള്‍. എന്താണ് ഗീതയില്‍ നിന്നും കോര്‍പ്പറേറ്റ് ലോകം ഉള്‍ക്കൊള്ളേണ്ടത്?

ഉന്നത നിപുണതയുള്ള എന്നാല്‍ ശങ്കിച്ച്, ആശങ്കാകുലനായി നില്‍ക്കുന്ന ഒരു രാജകുമാരനോട് കുരുക്ഷേത്ര യുദ്ധഭൂമിയില്‍ നല്‍കുന്ന ഉപദേശമാണല്ലോ ഗീത. നമ്മുടെ ബോധോദയത്തിലേക്കും അതിന്റെ അനന്ത സാധ്യതകളിലേക്കും ഉള്‍വിളികള്‍ കേള്‍ക്കാനും പൊതുനന്മ-യ്ക്കായി പ്രവര്‍ത്തിക്കുന്നതിലേക്കുമെല്ലാം നമ്മുടെ ശ്രദ്ധ തിരിക്കുന്നു ഗീത. ബന്ധനങ്ങളില്ലാതെ നമ്മുടെ ചുറ്റുമുള്ള ലോകത്ത് ഇടപെടല്‍ നടത്താനുള്ള ആഹ്വാനമാണത്. പ്രവൃത്തികളില്‍ നിന്നുള്ള ഫലത്തിലൂടെ സന്തോഷം പ്രതീക്ഷിക്കരുതെന്നാണ് ഗീത പറയുന്നത്. എന്നാല്‍ പ്രവൃത്തികളിലും ബന്ധങ്ങളിലുമെല്ലാം സന്തോഷം പ്രകടിപ്പിക്കണമെന്നും ഗീത ഉപദേശിക്കുന്നു. ലോകത്ത് അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുന്നതിന് ബിസിനസ് മാനേജര്‍മാരെ സഹായിക്കുന്ന മൂല്യവത്തായ പാഠങ്ങളാണ് ഇതെല്ലാം.

ആരാണ് ഒരു നല്ല സംരംഭകന്‍?

അദൃശ്യമായ ചൈതന്യത്തെ ലാഭം നല്‍കുന്ന പ്രത്യക്ഷ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ആയി മാറ്റുന്ന മായാജാലക്കാരനാണ് ഒരു വിജയിയായ സംരംഭകന്‍. ജനങ്ങളുടെ അല്ലെങ്കില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനോടൊപ്പം തന്നെ ചുറ്റമുള്ളവരുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റം വരുത്താനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും മികച്ച സംരംഭകന് സാധിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like