സ്‌കൂളില്‍ ടീച്ചര്‍മാര് തെറ്റ് കാണിച്ചാലും ഞങ്ങള്‍ ഇടപെടും. കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിയുടെ അഭിമുഖത്തിലെ ഈ വാചകം ശ്രദ്ധിക്കാനിടയായി. ഒറ്റ കേള്‍വിയില്‍ ആ വാചകത്തിന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കാരണം കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്.

പഴയത് പോലെ അധ്യാപകരെ കണ്ടാല്‍ തൊഴുകൈയ്യോടെ നില്‍ക്കേണ്ട ആവശ്യമില്ല. ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു പിഴക്കും ശിഷ്യന് ! എന്ന് തന്നെയാണല്ലോ ചൊല്ല്. അതുകൊണ്ട് അധ്യാപകര്‍ തെറ്റ് കാണിച്ചാല്‍ തിരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ തിരുത്തല്‍ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നിയിട്ടുണ്ട്. ഏതൊരു തൊഴില്‍ പോലെ തന്നെയാണ് അധ്യാപനവും എന്ന ആശയത്തോടെ ഞാന്‍ യോജിക്കുന്നു. മാതാപിതാക്കള്‍ക്ക് സമയക്കുറവുള്ളത് കൊണ്ടോ അധ്യാപനത്തില്‍ പ്രാവിണ്യമില്ലാത്തത് കൊണ്ടോ ആയിരിക്കുമല്ലോ കുട്ടികളെ അധ്യാപകരുടെ അടുത്തേക്ക് അയക്കുന്നത്.
എങ്ങനെ പഠിപ്പിക്കണമെന്ന് കൃത്യമായ പരിശീലനം കിട്ടിയവരാണ് അധ്യാപകര്‍ അതുകൊണ്ട് അവരുടെ തൊഴിലില്‍ ഇടപെടുമ്പോള്‍ പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്യൂഷനെ സംബന്ധിച്ച് മാതാപിതാക്കളുടെ ഈ ഇടപെടല്‍ അല്പം കൂടി വികലമായി തോന്നാറുണ്ട്. പല ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമുകളും നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് അധ്യാപകര്‍ പഠിപ്പിക്കുന്ന കൂട്ടത്തില്‍ തന്നെ മാതാപിതാക്കളും അടുത്തിരുന്ന് കുട്ടിയെ പഠിപ്പിക്കുന്നത്.

ഇത് അധ്യാപകരുടെ ജോലിക്ക് പലപ്പോഴും തടസമാകാറുണ്ട്. അധ്യാപകര്‍ ഒരു രീതിയില്‍ പറയുന്നു, മാതാപിതാക്കള്‍ പ്രത്യേകിച്ചും അമ്മമാര്‍ കൂട്ടത്തില്‍ പറയുമ്പോള്‍ കുഞ്ഞിന് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കാരണം ആദ്യാക്ഷരം ഓതി തന്ന അമ്മയില്‍ നിന്ന് പഠിക്കണോ അതോ ടീച്ചര്‍ പറയുന്നത് കേള്‍ക്കണോ എന്ന ചിന്ത തന്നെ. കുട്ടിയെ പഠിപ്പിക്കാന്‍ സമയം മാറ്റിവെച്ച് കൃത്യമായ LESSON PLANS തയാറാക്കി വരുന്നവരാണ് അധ്യാപകര്‍. ആ ഒരു മര്യാദ മാതാപിതാക്കള്‍ കാണിക്കണമെന്ന് തോന്നിയിട്ടുണ്ട്.
അധ്യാപനരീതിയിലോ അധ്യാപകരുടെ പെരുമാറ്റത്തിലോ തെറ്റുകള്‍ കണ്ടാല്‍ തീര്‍ച്ചയായും പറയാം. അത് തിരുത്തുകയും ചെയ്യും. എന്നാല്‍ ഒരാള്‍ അവരുടെ ജോലി ചെയ്യുമ്പോള്‍ അമിതഉത്കണ്ഠ മൂലമുള്ള ഇടപെടലുകള്‍ ആ തൊഴിലിന് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മറ്റൊരാളുടെ തൊഴിലില്‍ ഇടപെടുമ്പോള്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദകള്‍ പലപ്പോഴും മതാപിതാക്കള്‍ മറാക്കാറുണ്ട്. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ തരം പരിശീലനം കൊടുത്താല്‍ മതിയാകും എന്ന് ചിന്തിയ്ക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. അതിനുള്ള ധാരാളം അവസരങ്ങള്‍ ഉണ്ട് താനും.

എന്നാല്‍ തന്റെ കുഞ്ഞിന് ഇതുമൂലമുണ്ടാകുന്ന അമിതസമ്മര്‍ദത്തെക്കുറിച്ച് പലപ്പോഴും മാതാപിതാക്കള്‍ മറന്നുപോകാറുണ്ട്. കുട്ടികളുടെ പലവിധ കഴിവുകള്‍ വികസിക്കാനുള്ള കോഴ്‌സുകളില്‍ ഒരേ സമയം ചേര്‍ക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല പക്ഷെ അത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാകരുത് എന്ന് മാത്രം. കുട്ടികളുടെ താല്പര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കണം എന്ന് സാരം.
നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി കുഞ്ഞുങ്ങളുടെ മേല്‍അമിത സമര്‍ദ്ദം ചെലുത്തുന്നതിനോട് ഒരു മുന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും ഒരു ഇ ലേര്‍ണിംഗ് പ്ലാറ്റ്ഫോമിന്റെ മേധാവി എന്ന നിലയിലും ഞാന്‍ എതിരാണ്. പഠനത്തോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് കളിക്കാനുള്ള സമയം കൂടികൊടുക്കണം. കളികളിലൂടെ ഒരുപാട് കഴിവുകള്‍ കുട്ടികള്‍ സായത്തമാക്കാറുണ്ട്. ആശയവിനിമയം, സാമൂഹിക ഇടപെടല്‍, പങ്കുവെയ്ക്കല്‍, മോട്ടോര്‍ സ്‌കില്‍സ് തുടങ്ങി ഒരുപാട് കഴിവുകള്‍ അവര്‍ പോലുമറിയാതെ അവരുടെ ഉള്ളില്‍ എത്തുന്നുണ്ട്. ബാല്യം ബാല്യമായി തന്നെയാണ് കടന്നുപോകേണ്ടത്. അതല്ലാതെ മാതാപിതാക്കളുടെ അമിതപ്രതീക്ഷയുടെ ഭാരം താങ്ങി തളര്‍ന്നുപോകേണ്ടവതല്ല കുട്ടികളുടെ ചുമലുകള്‍.
കണ്മുന്നില്‍ നിറയുന്ന ഉദാഹരണങ്ങള്‍
എന്റെ സ്ഥാപനത്തില്‍ നിന്നുള്ള പരിചയസമ്പത്തിനെ മുന്‍നിര്‍ത്തി ഒരുപാട് അനുഭവങ്ങള്‍ എനിക്ക് പറയാന്‍ സാധിക്കും. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് കഴിഞ്ഞവര്‍ഷം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു പത്താം തരം വിദ്യാര്‍ത്ഥിയുടെ അനുഭവം. നന്നായിട്ട് പഠിക്കുന്ന കുട്ടിയാ
യിരുന്നു. നല്ല മാര്‍ക്ക് വാങ്ങുമെന്ന് യാതൊരുസംശയവുമില്ലായിരുന്നു. എന്നാല്‍ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ അമിതസമര്‍ദ്ദം പരീക്ഷയോട് കുട്ടിയ്ക്ക് ഭയമുണ്ടാക്കി. തന്നെക്കുറിച്ചുള്ള അമ്മയുടെ പ്രതീക്ഷനിലനിര്‍ത്താന്‍ സാധിക്കുമോയെന്ന ഭയമാണ് കുട്ടിയെ വേട്ടയാടിയത്.

ഭയംകൂടി പരീക്ഷയ്ക്ക് അറിയാവുന്ന ഉത്തരങ്ങള്‍ പോലും കുട്ടിയ്ക്ക് എഴുതാന്‍ സാധിച്ചില്ല. തല്‍ഫലമായി ശരാശരിയിലും താഴ്ന്ന മാര്‍ക്കാണ് കുട്ടിയ്ക്ക് ലഭിച്ചത്. സയന്‍സ് സ്ട്രീം ഉറപ്പായും ലഭിക്കുമെന്ന് അധ്യാപകര്‍ പോലും ഉറപ്പിച്ചിരുന്ന കുട്ടിയ്ക്ക് മാര്‍ക്ക് കുറഞ്ഞത് മൂലം കൊമേഴ്‌സെടുത്ത് തൃപ്തിപ്പെടേണ്ടി വന്നു. വീട്ടുകാരുടെ അമിതപ്രതീക്ഷകള്‍ കുട്ടികളെ സമര്‍ദ്ദത്തിലാക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണിത്.
മറ്റൊരുദാഹരണം അടുത്തിടെ ഓണ്‍ലൈന്‍ ട്യൂഷന് അഡ്മിഷന്‍ എടുക്കാനായി വന്ന ഒരു പത്താം തരക്കാരന്റേതാണ്. ഒന്‍പതാം ക്ലാസ് വരെ മികച്ച രീതിയില്‍ പഠിച്ചിരുന്ന കുട്ടിയാണ്. കുട്ടിയുടെ ‘അമ്മ വിദേശത്താണ്. കുട്ടി പത്താം തരത്തിലേക്ക് എത്തിയതോടെ നല്ലമാര്‍ക്ക് വാങ്ങാനും ഫുള്‍ എ പ്ലസ് നേടാനുമായുള്ള സമ്മര്‍ദ്ദം ആരംഭിച്ചു. ‘അമ്മ വിദേശത്ത് ജോലി ചെയ്തു കഷ്ടപ്പെടുന്നത് നീ നല്ല മാര്‍ക്ക് വാങ്ങുന്നത് കാണാനാണ്’ തുടങ്ങിയ സംസാരം കുട്ടിയെ മാനസികമായി തളര്‍ത്തി.
അമ്മയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുമോ എന്ന ചിന്ത ഏറെ അലട്ടിയപ്പോള്‍ കുട്ടിക്ക് പഠനത്തില്‍ ഉണ്ടായിരുന്ന ശ്രദ്ധ കൂടി നഷ്ടമായി. ഫലമോ പത്താം തരത്തില്‍ നല്ല മാര്‍ക്ക് പ്രതീക്ഷിച്ചിരുന്ന കുട്ടി യുണിറ്റ് ടെസ്റ്റുകളില്‍ നിരാശപ്പെടുത്താന്‍ തുടങ്ങി. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ ആത്മവിശ്വാസം ഇല്ലാതെയായി. പഠിക്കുമ്പോള്‍ കൂടെ ഒരാളുടെ മേല്‍നോട്ടം ആവശ്യമാണ് എന്ന ഘട്ടത്തിലാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ പേഴ്സണലൈസ്ഡ് ട്യൂഷന്‍ എടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ആ കുട്ടിക്ക് വേണ്ടത് സ്വാതന്ത്ര്യമായി ചിന്തിക്കാനും ഇഷ്ടാനുസരണം പഠിക്കാനുമുള്ള സമ്മര്‍ദ്ദ രഹിതമായ അന്തരീക്ഷമാണ്. ബാക്കി എല്ലാം അവന്‍ നേടും. എന്നാല്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അമിത പ്രതീക്ഷയും നിര്‍ബന്ധബുദ്ധിയും കുട്ടികളെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്നു.
പാത്രംഅറിഞ്ഞു വിളമ്പുക
കുട്ടികളെ മനസിലാക്കി, അവരുടെ കപ്പാസിറ്റി മനസിലാക്കി വേണം അവര്‍ക്കായി തീരുമാനങ്ങളെടുക്കാന്‍.സ്‌നേഹത്തിന്റെ പേരിലാണെങ്കിലും പോലും നിങ്ങളുടെ കുട്ടിയ്ക്ക് ചിലപ്പോള്‍ നിങ്ങളുണ്ടാക്കുന്ന സമര്‍ദ്ദം താങ്ങാനുള്ള മനക്കട്ടിയുണ്ടാകില്ല. അവര്‍ കുട്ടികളാണ് ലോകത്തെ അറിഞ്ഞുവരുന്നതേയുള്ളു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ പഠനകാര്യത്തില്‍ ഇടപെടാം.
അധ്യാപകരെ വിമര്‍ശിക്കുകയോ തിരുത്തുകയോ എന്തുവേണമെങ്കില്‍ ചെയ്യാം. സ്വന്തം കുഞ്ഞിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകളുണ്ടോ? അധ്യാപകന്‍ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് വിശകലനം ചെയ്യാന്‍ കൂടി മാതാപിതാക്കള്‍ തയാറാകണം. സ്വന്തം കുഞ്ഞിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകളുണ്ടോ? അധ്യാപകന്‍ പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന്. മാതാപിതാക്കളുടെ അത്രയില്ലെങ്കിലും പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ അധ്യാപകര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കുട്ടിയുടെ നല്ലതിന് വേണ്ടിയായിരിക്കും അധ്യാപകര്‍ എ്‌തെങ്കിലും പറയുന്നത്, അതല്ലാതെ പഠിപ്പിക്കുന്ന കുട്ടിയ്ക്ക് മോശമുണ്ടാകണമെന്ന് ബഹുഭൂരിപക്ഷം അധ്യാപകരും ചിന്തിക്കാറില്ല. നന്നാകാന്‍ എന്ന പേരില്‍ കുട്ടിയെ വാക്കുകള്‍ കൊണ്ടോ ശാരീരികമായോ വേദനിപ്പിക്കുന്നതിനോട് ഒരിക്കലും ഞാന്‍ യോജിക്കില്ല. എന്നാല്‍ അധ്യാപകനും കുട്ടിയുടെ മേല്‍ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം ചെയ്യുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് വിമര്‍ശിക്കാം, തിരുത്താം. എന്നാല്‍ അവര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമ്പോള്‍ ഉത്ക്കണ്ഠയുടെ പേരില്‍ അമിതമായി ഇടപെടുന്നതിനോട് യോജിപ്പില്ല. അധ്യാപനം എന്ന ജോലി നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ടായിരിക്കുമല്ലോ കുട്ടിയെ അതറിയാവുന്നവരുടെ അടുത്തേക്ക് വിടുന്നത്. അതുകൊണ്ട് ആ ജോലിയോട് സാമാന്യബഹുമാനം പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
സൂര്യ വിജയകുമാര്‍ (അരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ് ബോര്‍ഡ് ഇ ലേര്‍ണിംഗ് സിഇഒയും മുന്‍മാധ്യമ പ്രവര്‍ത്തകയുമാണ് ലേഖിക)

The Profit is a multi-media business news outlet.
