
ചെറുകിട വ്യവസായങ്ങളുടെ പ്രകടനത്തിന് വേഗത കൂട്ടാന്‍ റാംപ് (Rising and accelerating MSME performance- RAMP) എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കി വരികയാണ് കേന്ദ്രസര്‍ക്കാര്‍. എംഎസ്എംഇകളുടെ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ റാംപിലൂടെ നടത്തും. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ 2022-23 മുതല്‍ 2026-27 വരെയാണ് റാംപ് പദ്ധതി. 6062 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍. കേന്ദ്ര എംഎസ്എംഇ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ 5.50 ലക്ഷം സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷ.
റാംപിന്റെ ലക്ഷ്യങ്ങള്‍
1. കേന്ദ്ര-സംസ്ഥാന വ്യവസായ പ്രോത്സാഹന സംവിധാനങ്ങളെ ശക്തിപ്പെടുത്തുക.
2. എംഎസ്എംഇകളുടെ ധനലഭ്യത, സാങ്കേതിക ക്ഷമത, വിപണനം എന്നിവ മെച്ചപ്പെടുത്തുക.
3. നിലവിലുള്ള സംരംഭങ്ങളെ ഫലപ്രദമായി വളര്‍ത്തിയെടുക്കുക.
4. എംഎസ്എംഇകളുടെ ബില്‍ ഡിസ്‌കൗണ്ടിംഗ് സൗകര്യം വിപുലപ്പെടുത്തുക.
5. പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ക്ക് മതിയായ പ്രോത്സാഹനം നല്‍കുക.
6. എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള തുകകള്‍ കൃത്യസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ നടപ്പിലാക്കുക.

തന്ത്രപരമായ നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കണം
ഈ പദ്ധതിയുടെ നടത്തിപ്പിലേക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള നിക്ഷേപ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകളും യൂണിയന്‍ ടെറിറ്ററികളും തയ്യാറാക്കി സമര്‍പ്പിക്കണം എന്നാണ് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അത്തരത്തില്‍ പദ്ധതികള്‍ തയ്യാറാക്കി മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സമര്‍പ്പിച്ചു കഴിഞ്ഞു. പദ്ധതിയുടെ പ്രാരംഭ ചിലവുകള്‍ക്കായി അഞ്ചു കോടി രൂപ എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുകയും ചെയ്തു. അനുസരിച്ച് സമഗ്രമായ പദ്ധതിയും കേരളം തയ്യാറാക്കി സമര്‍പ്പിച്ച് അംഗീകാരം നേടിക്കഴിഞ്ഞു.

പദ്ധതികള്‍ക്ക് കേന്ദ്ര അംഗീകാരം
റാംപിന്റെ ഭാഗമായി കേരളം സമര്‍പ്പിച്ചത് 107.71 കോടിയുടെ പദ്ധതികളാണ്. ഇവയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു കഴിഞ്ഞു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ഇനി പറയുന്നു…
1. മിഷന്‍ 1000 – ആയിരം സംരംഭങ്ങളുടെ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിനുള്ള സമഗ്ര പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത് 10.40 കോടി രൂപയാണ്.
2. മേക്ക് ഇന്‍ കേരള – തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് 31.31 കോടി രൂപ അനുവദിച്ചു.
3. എനര്‍ജി സേവിംഗ് – പ്രകൃതി സൗഹൃദം, എംഎസ്എംകളുടെ അവാര്‍ഡ്, നല്ല പ്രവണതകള്‍ക്കുള്ള അംഗീകാരം എന്നിവയ്ക്കായി മാറ്റിവെച്ചിരിക്കുന്നത് 1.12 കോടി രൂപ.
4. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലിനായി അനുവദിച്ചിരിക്കുന്നത് 17.34 കോടി രൂപയാണ്.
5. ധനലഭ്യത ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി 2.04 കോടി രൂപ.
6. മെയ്ഡ് ഇന്‍ കേരളയെ പ്രമോട്ട് ചെയ്യുന്നതിന് മാര്‍ക്കറ്റിംഗ് ഏജന്‍സികളെ നിശ്ചയിക്കലിനായി അനുവദിച്ചിരിക്കുന്നത് 8.00 കോടി രൂപ.
7. വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തല്‍ (ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട്) പ്രവര്‍ത്തനങ്ങള്‍ക്കായി 2.88 കോടി രൂപ.
8. സംരംഭക വിഭാഗങ്ങളിലെ ഇടപെടലുകള്‍ക്ക് അനുവദിച്ചിരിക്കുന്നത് 29.49 കോടി രൂപ. ഓരോ സെക്ടറുകള്‍ക്കും ഉള്ള പരിശീലനം, വര്‍ക്ക്ഷോപ്പുകള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, കോണ്‍ക്ലേവുകള്‍ സെന്‍സസുകള്‍ തുടങ്ങിയവയാണ് ഇതില്‍ വരുന്നത്.
9. പ്രചാരണത്തിനും പഠനത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി 5% തുക മാറ്റിവെച്ചിട്ടുണ്ട്. ഇതിനായി അനുവദിച്ചിരിക്കുന്നത് 5.13 കോടി രൂപയാണ്.

നിയമനങ്ങള്‍ ജനുവരിയില്‍
ഇതിന്റെ ഭാഗമായി 400 ബിസിനസ് ഡെവലപ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ (ബിഡിഎസ്പി) 2025 ജനുവരിയില്‍ തന്നെ നിയമിക്കും. 100 പേരെ മറ്റ് വിവിധ ആവശ്യങ്ങള്‍ക്കുമായി നിയമിക്കും. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇഡിഇമാരെ ഒഴിവാക്കും. 1150 ഇഡിഇമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചുവന്നിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ ഓരോ ഇഡിഇമാര്‍ ആണ് ഉണ്ടായിരുന്നത്.

മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഒന്നിലധികം ഇഡിഇമാരും ഉണ്ടായിരുന്നു. പ്രസ്തുത സ്ഥാനത്ത് 400 + 100 ബിഡിഎസ്പിമാരെ നിയമിക്കുകയും അതിന്റെ ശമ്പള ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ നിന്നും നിര്‍വഹിക്കുകയും ചെയ്യും. വ്യവസായ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വരുന്ന സംസ്ഥാനങ്ങളുടെ ചെലവുകള്‍ കുറയ്ക്കുന്നതിനും കുറച്ചുകൂടി സാങ്കേതികമായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും റാംപ് പദ്ധതി കൊണ്ട് കഴിയുന്നതാണ്. ചെറുകിട സംരംഭകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന സ്‌കീമുകള്‍ക്കല്ല റാംപില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എങ്കിലും ചില സ്ഥാപനങ്ങളുടെ ശേഷി ഉയര്‍ത്തുന്ന
തിന് ആവശ്യമായ പദ്ധതികളും പ്രോത്സാഹനവും റാംപിന്റെ ഭാഗമായി ലഭിക്കുകയും ചെയ്യും.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

