ബിസിനസില്‍ വിജയിക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ ആളുകളെ തന്റെ സ്ഥാപനത്തില്‍ ജോലിക്ക് വച്ചതുകൊണ്ട് മാത്രം സംരംഭം വിജയിക്കണമെന്നില്ല. എന്താണ് തന്‍ സംരംഭം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും. ഏതെല്ലാം രീതിയിലുള്ള വികസനമാണ് സംരംഭത്തിന് വേണ്ടത് എന്നുമുള്ള ചിന്ത സംരംഭകനുണ്ടായിരിക്കണം. ഇത്തരത്തില്‍ വിജയിച്ച സംരംഭകര്‍ പൊതുവായി പിന്തുടരുന്ന 6 വിജയമന്ത്രങ്ങള്‍ നോക്കാം. സുക്കര്‍ബര്‍ഗ് മുതല്‍ ബൈജു രവീന്ദ്രന്‍ വരെയുള്ള സംരംഭകര്‍ പിന്തുടരുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍.
1. സ്വന്തം സംരംഭത്തെ അറിയുക
സംരംഭകത്വത്തില്‍ വിജയിക്കണമെങ്കില്‍ ആദ്യം സ്വന്തം സംരംഭത്തെ അടുത്തറിയണം. എല്ലാവരും നിക്ഷേപിക്കുന്ന അതെ മേഖലയില്‍ നിക്ഷേപം നടത്തി വരുമാനമുണ്ടാക്കാം എന്ന എളുപ്പ ചിന്താഗതിയില്‍ ഒരിക്കലും നിക്ഷേപം നടത്തരുത്. നിക്ഷേപിക്കുന്ന മേഖല ഏതായാലും അതേപ്പറ്റി പൂര്‍ണമായ അറിവ് ഉണ്ടായിരിക്കണം. മാത്രമല്ല, തനിക്ക് മാനേജ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണോ അവിടെയുള്ളത് എന്ന് മനസിലാക്കണം.
മാനേജ്‌മെന്റ് രംഗത്ത് എക്‌സ്പീരിയന്‍സ് ഉള്ള ഒരു വ്യക്തി സാങ്കേതിക രംഗത്ത് നിക്ഷേപം നടത്തിയാല്‍ വിജയിക്കണമെന്നില്ല. അതിനാല്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞു മാത്രം സംരംഭത്തെ തെരഞ്ഞെടുക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ലാഭമാ ലഭിക്കാമെന്നുള്ള മോഹവാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പായുന്ന സംരംഭകര്‍ക്ക് പിന്നീട് തിരിച്ചടി കിട്ടിയതാണ് ചരിത്രം. അതിനാല്‍ കാര്യങ്ങള്‍ നന്നായി പഠിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക.
2. വിജയമറിഞ്ഞു മാത്രം നിക്ഷേപം
മികച്ച ഒരു സംരംഭകത്വ ആശയം കയ്യിലുണ്ടെങ്കില്‍ ഇന്ന് ഫണ്ട് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ധാരാളം സര്‍ക്കാര്‍ ഏജന്‍സികളും സംരംഭകത്വ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും നിശ്ചിത പലിശനിരക്കിന്മേല്‍ വായ്പ നല്‍കുന്നുണ്ട്. ഫണ്ട് ലഭിക്കാന്‍ പല വഴികള്‍ ഉണ്ട് എന്നതിനാല്‍ തന്നെ വലിയൊരു തുക നിക്ഷേപത്തിനായി മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നു.
എന്നാല്‍ വിജയിച്ച സംരംഭകര്‍ ഒരിക്കലും ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വരുമാനം കണ്ടറിഞ്ഞും സ്ഥാപനത്തിന്റെ വിജയ സാധ്യത നോക്കിയും മാത്രം ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. ഇത്തരത്തില്‍ മികച്ച അവസരങ്ങള്‍ കണ്ടെത്തി നിക്ഷേപം കൊണ്ട് വന്നിട്ടുള്ള സംരംഭകര്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിക്ഷേപവും വരുമാനവും തമ്മിലുള്ള അനുപാതം കൃത്യമായി സംരക്ഷിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ എടുത്തുചാടി നിക്ഷേപം നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്.
3. ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക
joli ഏറെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പ്രത്യേകിച്ച് സ്വന്തമായി ഒരു സംരംഭം നടത്തിക്കൊണ്ട് പോകുക എന്ന് പറയുമ്പോള്‍ ഇരട്ടി ജോലി അതിനായി ചെയ്യുക തന്നെ വേണം. വിജയം കാണുന്നത് വരെ വിശ്രമമില്ല എന്ന പോളിസി പക്ഷെ നല്ലതല്ല. ഏതൊരു കാര്യം ചെയ്യുമ്പോഴും പൂര്‍ണത ലഭിക്കണമെങ്കില്‍ മാനസികോല്ലാസവും പ്രധാനമാണ്. തുടര്‍ച്ചയായ മീറ്റിംഗുകളും ജോലികളും യാത്രയും കൊണ്ട് അവശനാകുന്ന ഒരു സംരംഭകന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിസിനസില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെയാണ് വിജയികളായ സംരംഭകരെല്ലാം എന്തുവില കൊടുത്തും തിരക്കേറിയ ജീവിതത്തില്‍ ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവിടുക, യാത്രകള്‍ പോകുക എന്നിവയെല്ലാം അനിവാര്യമാണ്. ബിസിനസില്‍ നിന്നും ഇടക്കിടക്ക് ആരോഗ്യകരമായ ഒരു ബ്രേക്ക് എടുക്കണം. ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഇക്കാര്യത്തില്‍ ഒരു മികച്ച മാതൃകയാണ്.
4. ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക
സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന ഓരോ വ്യക്തിക്കും വ്യക്തമായ ജീവിത ലക്ഷ്യം അനിവാര്യമാണ്. അന്നന്നത്തെ അപ്പത്തിനുള്ള വഴിമാത്രം കണ്ടുകൊണ്ട് ആരും സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കരുത്. വലിയ, വ്യക്തതയുള്ള ലക്ഷ്യങ്ങള്‍ ആണ് സംരംഭക വിജയത്തിന് അനിവാര്യം. മലയോളം ആഗ്രഹിച്ചാല്‍ മാത്രമേ കുന്നോളം കിട്ടൂ എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക. ലക്ഷ്യങ്ങളില്‍ നിന്നും വ്യക്തി ചലിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. തന്റെ ലക്ഷ്യം സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും കൂടി പ്രവര്‍ത്തന ലക്ഷ്യമായി അവതരിപ്പിക്കുക.
ഇത്തരത്തില്‍ ലക്ഷ്യപ്രാപ്തിക്കായി സ്ഥാപനത്തിലെ അംഗങ്ങളെയും ബുദ്ധിപൂര്‍വം ഉപയോഗിക്കുക. ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാര്‍ഗങ്ങള്‍ യദാസമയം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. റിക്‌സ് എടുക്കേണ്ട സാഹചര്യങ്ങളില്‍ അതിനുള്ള മനസ്സ് കാണിക്കുക. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ നേടിയെടിക്കുമ്പോഴും അത് തന്റെ പ്രൊഫഷണല്‍ വിജയമാണ് എന്ന് സ്വയം തിരിച്ചറിയുക.
5. മികച്ച ഫലം കിട്ടുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക
ഒരിക്കല്‍ നിങ്ങള്‍ സംരംഭകത്വത്തിലേക്ക് കടന്നാല്‍ നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുന്‍ഗണന സംരംഭകത്വത്തിന് തന്നെയായിരിക്കണം. ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കുക. ഹൈ വാല്യൂ ടാസ്‌കുകള്‍ക്കു മാത്രം സമയം ചെലവഴിക്കുക. താന്‍ ചെലവഴിക്കുന്ന സമയത്തിന് തക്കതായ പ്രതിഫലം ലഭിച്ചിരിക്കണം എന്ന ചിന്ത തുടക്കം മുതലേ കൂടെ ഉണ്ടാവണം. ഓഫീസിലെ എല്ലാക്കാര്യങ്ങളിലും തന്റെ കണ്ണെത്തണം എന്ന ചിന്ത നല്ല സംരംഭകന് ചേര്‍ന്നതല്ല.
സാധാരണ ജോലികള്‍ തന്റെ ടീമിന് വിഭജിച്ച് കൊടുത്ത്, ഏറ്റവും ഗുണം ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ക്കായി മാത്രം തങ്ങളുടെ സമയം നീക്കി വക്കുക. താന്‍ ജോലിക്ക് വച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നും കമ്പനിയോട് ഏറ്റവും കൂടുതല്‍ കൂറ് കാണിക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഒരു ബിസിനസ് പൂര്‍ണതയില്‍ എത്തുന്നതിന് മുന്‍പായി മറ്റൊരു ബിസിനസ് ആശയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത് ഒരിക്കലും ആശാസ്യകരമായ കാര്യമല്ല.
6. നെറ്റ്വര്‍ക്കിംഗ് എന്ന ശക്തി മരുന്ന്
ഒരു സംരംഭകന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഘടകമാണ് നെറ്റ്വര്‍ക്കിംഗ്. ഇന്ന് സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ നെറ്റ്വര്‍ക്കിംഗ് എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായും ഉപഭോക്താക്കളുമായും മികച്ച ബന്ധം സ്ഥാപിച്ചെടുക്കാന്‍ നെറ്റ്വര്‍ക്കിംഗ് സഹായിക്കും.
എന്നാല്‍ ഇതിനായി മുന്‍കൈ എടുക്കേണ്ടതും സമയം മാറ്റിവക്കേണ്ടതും സംരംഭകന്റെ ഉത്തരവാദിത്വമാണ്. നെറ്റ് വര്‍ക്കിംഗ് മുഖേന ഫണ്ടിംഗ് മുതല്‍ ബ്രാന്‍ഡിംഗ് വരെയുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കും. ഇന്ന് ഉപയോഗിച്ച് വരുന്ന മാര്‍ക്കറ്റിംഗ് ടൂളുകളില്‍ ഏറ്റവും ശക്തമായതും റിസോര്‍സ്ഫുള്‍ ആയതുമായ ഒന്നാണ് നെറ്റ് വര്‍ക്കിംഗ്. സ്ഥാപനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ ആളുകളെ തങ്ങളുടെ ശൃംഖലയിലേക്ക് ചേര്‍ക്കാന്‍ നെറ്റ്വര്‍ക്കിംഗിന് നേതൃത്വം നല്‍കുന്ന സംരംഭകന്‍ ശ്രദ്ധിക്കണം.

