എറണാകുളം ജില്ലയില്‍ ഒരു ലോണ്‍ട്രി യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ച സംരംഭക അഭിമുഖീകരിക്കേണ്ടി വന്ന വിഷമതകള്‍ ആണ് ഈ ലേഖനത്തിന് ആധാരം. പഞ്ചായത്തില്‍ നിന്നും പ്ലാന്‍ അംഗീകരിച്ചു വാങ്ങി. കെട്ടിടം പണി പൂര്‍ത്തിയാക്കി. കെട്ടിട നമ്പര്‍ ലഭിച്ചു. മെഷീനറികള്‍ വന്നു. അയലത്തുകാരുടെ പരാതികളും വന്നു! പവര്‍ കണക്ഷനും അവതാളത്തിലായി. നിയമം പാലിക്കാത്തതിനാല്‍ സ്ഥാപനം ആരംഭിക്കാന്‍ ആവില്ല എന്ന് മനസ്സിലായി. കെട്ടിടം പണിയും മുന്‍പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടിയിരുന്നു. പക്ഷേ അറിയില്ലായിരുന്നു. അത് എടുക്കാതെ പോയതിനാല്‍ നിയമപരമായ സംരക്ഷണവും കിട്ടില്ല എന്നായി. അറിവില്ലായ്മ മൂലം അവതാളത്തില്‍ ആകുന്ന നിരവധി സംരംഭകര്‍ ഇതുപോലെ ഉണ്ട്. അതിനാല്‍ സംരംഭം തുടങ്ങുന്നവര്‍ ഈ നാല് കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്.

1. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്ഥാപന അനുമതി
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) അനുമതി വാങ്ങേണ്ടതാണ്. രണ്ട് ഘട്ടങ്ങളായാണ് പിസിബി അനുമതി നല്‍കുന്നത്. ഒന്ന് കെട്ടിടം പണിയും മുമ്പ് സ്ഥാപന അനുമതി (Consent to Establish) രണ്ടാമത്തേത്, പ്രവര്‍ത്തന അനുമതി (Consent to Operate). പിസിബിയുടെ പട്ടികപ്രകാരം വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത എല്ലാത്തരം സംരംഭങ്ങള്‍ക്കും ഈ അനുമതികള്‍ ആവശ്യമുണ്ട്. (സംരംഭങ്ങളുടെ കാറ്റഗറി സംബന്ധിച്ച് ലിസ്റ്റ് പിസിബിയുടെ സൈറ്റില്‍ ലഭ്യമാണ്) കെട്ടിടം നിര്‍മ്മിക്കും മുമ്പ് തന്നെ സ്ഥാപന അനുമതി വാങ്ങണം.

ഇങ്ങനെ ചെയ്താല്‍ പിന്നീട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനും, (മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള അകലം ഉള്‍പ്പെടെ) എത്ര പരാതികള്‍ ഉണ്ടായാലും തളരാതെ മുന്നോട്ടു പോകാന്‍ നിയമപരമായ എല്ലാ സംരക്ഷണവും ലഭിക്കാന്‍ ഈ അനുമതി അത്യാവശ്യമാണ്. അത് ലഭിച്ചതിനുശേഷം കെട്ടിടം പണിപൂര്‍ത്തിയാക്കി മെഷിനറികള്‍ സ്ഥാ
പിച്ച് ഉല്‍പ്പാദനം തുടങ്ങും മുന്‍പ് പ്രവര്‍ത്തന അനുമതി കൂടി വാങ്ങി കഴിഞ്ഞാല്‍ നിയമപരമായി സംരംഭം സുരക്ഷിതമായി എന്നു പറയാം.

2. കെട്ടിട നിര്‍മ്മാണം അംഗീകരിച്ച പ്ലാന്‍ അനുസരിച്ചു മാത്രം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ടൗണ്‍ പ്ലാനിങ് (ബാധകമായ കാര്യങ്ങളില്‍ മാത്രം) എന്നിവിടങ്ങളില്‍ നിന്നുള്ള കെട്ടിടത്തിന്റെ അംഗീകരിച്ച പ്ലാന്‍ അനുസരിച്ചു മാത്രമേ കെട്ടിടം പണിയാവൂ. ഈ കാര്യത്തില്‍ സംരംഭകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. നന്നായി പഠിച്ച ശേഷം മാത്രമേ അനുമതിക്കായി സമര്‍പ്പിക്കാവൂ. അംഗീകരിച്ച പ്ലാനില്‍ നിന്നും വ്യത്യാസപ്പെടുത്തി കെട്ടിടം നിര്‍മ്മിച്ച് പ്രതിസന്ധിയിലായ നിരവധി സംരംഭകര്‍ ഉണ്ട്.

ഇങ്ങനെ ചെയ്താല്‍ നമ്പര്‍ ലഭിക്കാനും ലൈസന്‍സ് ലഭിക്കാനും പ്രയാസം നേരിടും. സ്ഥാപനത്തിനെതിരെ എന്തെങ്കിലും പരാതി കൂടി വന്നാല്‍ പറയുകയും വേണ്ട! ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അംഗീകരിച്ച പ്ലാന്‍ അനുസരിച്ചു മാത്രം കെട്ടിടം പണി പൂര്‍ത്തിയാക്കുക, നമ്പറും ലൈസന്‍സും സമ്പാദിക്കുക, പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടുകൂടി അത്യാവശ്യമെങ്കില്‍ കെട്ടിടം നിര്‍മ്മാണത്തില്‍ ഭേദഗതികള്‍ വരുത്തുന്നത് ആയിരിക്കും ഉത്തമം.
3. പാക്കര്‍ ലൈസന്‍സ്
പല സംരംഭകരും വീഴ്ച വരുത്തുന്ന ഒരു പ്രധാന ലൈസന്‍സ് ആണ് ഇത്. ഏതൊരു ഉല്‍പ്പന്നവും അത് ഉപയോഗിക്കുന്ന വ്യക്തികളുടെ മുന്നില്‍ വച്ചല്ല പാക്ക് ചെയ്യുന്നത് എങ്കില്‍ നിശ്ചയമായും പാക്കര്‍ ലൈസന്‍സ് എടുത്തിരിക്കേണ്ടതാണ്. പാക്കിംഗ് ആരംഭിച്ച 90 ദിവസത്തിനുള്ളില്‍ ഈ ലൈസന്‍സ് എടുത്തിരിക്കണം. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ക്ക് (ഫ്ളൈയിംഗ് സ്‌ക്വാഡ്) ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. 750 രൂപയാണ് വാര്‍ഷിക ഫീസ്. 5 വര്‍ഷത്തേക്ക് ഈ ലൈസന്‍സ് എടുക്കാവുന്നതാണ്. (www.lmd.kerala.gov.in) ഈ ലൈസന്‍സ് എടുത്തിട്ടില്ല എങ്കില്‍ വന്‍ പിഴ അടയ്ക്കേണ്ടി വരുന്നതാണ്.

4. കെ സിഫ്റ്റ് മാത്രം പോര
കെ സിഫ്റ്റ് അനുമതി ഉണ്ടെങ്കില്‍ മൂന്നുവര്‍ഷം യാതൊരു ലൈസന്‍സും എടുക്കാതെ പ്രവര്‍ത്തിക്കാം എന്നാണ് പല സംരംഭകരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന സര്‍ട്ടിഫിക്കേഷനുകളും, കേന്ദ്ര നിയമത്തില്‍ വരുന്ന അനുമതികളും ലൈസന്‍സുകളും എടുത്തേ മതിയാകൂ. ഫുഡ് സേഫ്റ്റി, പിസിബി, ഡ്രഗ്, ആയുഷ്, ഐ എസ് ഐ / ബി ഐ എസ് തുടങ്ങിയ അനുമതികള്‍ (ബാധകമായ കാര്യങ്ങളില്‍) എടുത്തിരിക്കേണ്ടതാണ്. ഇവ ഒരുതരത്തിലും ഒഴിവാക്കപ്പെടുന്നില്ല. നിയമങ്ങള്‍ പാലിച്ചുകൊണ്ട് നിക്ഷേപം നടത്താനും സംരംഭങ്ങള്‍ ആരംഭിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

