Connect with us

Hi, what are you looking for?

Entrepreneurship

ശരവേഗത്തില്‍ വിപണിയിലേക്ക് നുഴഞ്ഞുകയറാം!

വിപണിയിലേക്ക് തന്റെ ഉല്‍പ്പന്നങ്ങളുമായി പ്രവേശിക്കുന്ന സംരംഭകന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്നത്. അത്തരം വിജയ തന്ത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട 3 തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

വിപണി (Market) ബിസിനസിന് അതിവേഗം പിടി തരുന്ന ഒന്നല്ല. ശരിയായ തന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍ മാത്രമേ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയുടെ ഹൃദയം കവരുവാന്‍ കഴിയുകയുള്ളൂ. വിപണിയിലേക്ക് തന്റെ ഉല്‍പ്പന്നങ്ങളുമായി പ്രവേശിക്കുന്ന സംരംഭകന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്നത്. അത്തരം വിജയ തന്ത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട 3 തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

വിഭിന്നത്വം (Differentiation)

കണ്ണഞ്ചിപ്പിക്കുന്ന കടുംനിറങ്ങളുള്ള, സാധാരണ കാണുന്നവയില്‍ നിന്നും വ്യത്യസ്തങ്ങളായ ഡിസൈനുകളിലുള്ള സോക്‌സുകള്‍ ഉപയോഗിക്കാറുണ്ടോ? കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയും. അതെല്ലാം കുട്ടികള്‍ക്കല്ലേ. എന്നാല്‍ ഹാപ്പിസോക്‌സ് ചിന്തിച്ചത് തികച്ചും വേറിട്ട രീതിയിലാണ്. അസാധാരണ നിറങ്ങളും അതിശയിപ്പിക്കുന്ന രൂപകല്പ്പനയും (Design) സമന്വയിപ്പിച്ച സര്‍ഗ്ഗാത്മകതയാണ് ഹാപ്പിസോക്‌സ് എന്ന സ്വീഡിഷ് കമ്പനിയുടെ പ്രത്യേകത.

ആര് വാങ്ങാന്‍ എന്ന് ചിന്തിച്ചാല്‍ തെറ്റി. ഹാപ്പിസോക്‌സിന്റെ വിപണി ഇന്ന് 90 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്നു. എന്താണ് അവരുടെ വിജയ രഹസ്യമെന്ന് ചൂഴ്ന്നു നോക്കിയാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് ഹാപ്പിസോക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വ്യത്യസ്തതയാണ്. എതിരാളികള്‍ സമാന രീതിയില്‍ ചിന്തിക്കുമ്പോള്‍ ഹാപ്പിസോക്‌സ് വിഭിന്നമായി ചിന്തിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഉപഭോക്താക്കള്‍ ഇന്ന് ആ ബ്രാന്‍ഡ് അണിയുന്നതില്‍ ആനന്ദിക്കുന്നു, അഭിമാനിക്കുന്നു.

വിപണിയുടെ മനസിനെ എളുപ്പം കീഴടക്കാവുന്ന ആഗ്‌നേയാസ്ത്രമാണ് വിഭിന്നത്വം (Differentiation) എന്ന തന്ത്രം. കലുഷിതമായ, രൂക്ഷമത്സരം നിറഞ്ഞു നില്‍ക്കുന്ന വിപണിയിലേക്ക് എതിരാളികളുടെ ഉല്‍പ്പന്നങ്ങളുടേത് പോലെ സമാനമായവയുമായി കടന്നു ചെന്നാല്‍ വിജയിക്കുവാനുള്ള സാധ്യത വിരളമാണ്. വിഭിന്നത്വം അഥവാ വ്യത്യസ്തത വിജയതന്ത്രമായി മാറുന്നതിവിടെയാണ്. വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ നെഞ്ചോട് ചേര്‍ക്കുന്നു.

Tesla ഇലക്ട്രിക് കാര്‍ വിപണിയില്‍ ചലനം സൃഷ്ടിച്ചത് അതിന്റെ അതുല്യമായ സവിശേഷതകള്‍ മൂലമാണ്. അവ യഥാര്‍ത്ഥത്തില്‍ കടന്നു ചെന്നത് ഓരോ ഉപഭോക്താവിന്റെയും ഹൃദയത്തിലേക്കായിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദതയും സാങ്കേതികത്തികവും മാത്രമായിരുന്നില്ല അതിനുള്ള കാരണങ്ങള്‍. മറ്റ് കാറുകളില്‍ നിന്നും വിഭിന്നമായ അതിന്റെ അനുപമസൗന്ദര്യം കൂടി ഉപഭോക്താവിനെ വശീകരിച്ചു. എതിരാളികള്‍ക്കില്ലാത്ത സവിശേഷതകള്‍ ഠലഹെമ യെ വ്യത്യസ്തമാക്കി.

ഉപഭോക്താവിന്റെ ആഗ്രഹാനുസരണം വാഹനത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള സൗകര്യം, സോളാര്‍ പാനലുകള്‍, പെട്ടെന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന സവിശേഷത, സ്വയം ഡ്രൈവ് (Self-Drive) എന്നിവ Tesla യെ വ്യത്യസ്തമാക്കുന്നു. മറ്റുള്ളവരില്‍ നിന്നും Tesla യെ മാറ്റിനിര്‍ത്തുന്നതും ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ തന്നെയാണ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ഇലക്ട്രിക് കാര്‍ വിപണിയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര മുന്‍കൂട്ടി പതിപ്പിക്കുവാന്‍ വിഭിന്നത്വത്തിലൂടെ Tesla ക്ക് കഴിഞ്ഞിരിക്കുന്നു.

വിപണിയില്‍ മേല്‍ക്കൈ നേടാന്‍ വിഭിന്നത്വം (Differentiation) സഹായിക്കും. തന്റെ ഉപഭോക്താക്കള്‍ക്ക് എതിരാളികള്‍ നല്‍കുന്ന അനുഭവങ്ങളില്‍ (Experiences) നിന്നും വ്യത്യസ്തമായവ നല്‍കുവാന്‍ കഴിയുന്നുണ്ടോ എന്ന് സംരംഭകന്‍ വിലയിരുത്തേണ്ടതുണ്ട്. വിലകള്‍ തമ്മിലുള്ള താരതമ്യവും മത്സരവും ഇവിടെ അപ്രസക്തമാകുന്നു. ഉല്‍പ്പന്നത്തിന്റെ ഉയര്‍ന്ന മൂല്യം കൂടിയ വില നല്‍കി അത് സ്വന്തമാക്കുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ സവിശേഷതകളും മേന്മകളും മനസില്‍ പതിയുന്നതോടെ ഉപഭോക്താവ് ബ്രാന്‍ഡില്‍ ആകൃഷ്ടനാകുന്നു. ഇത് സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. ഇത്തരമൊരു അവബോധം സൃഷ്ടിക്കലാവണം മാര്‍ക്കറ്റിംഗിന്റെ ലക്ഷ്യം. എതിരാളികള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുവാന്‍ ഇത് സഹായകരമാകുന്നു.

ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ആശയം ഉടലെടുക്കുമ്പോള്‍ തന്നെ അതെങ്ങിനെ വ്യത്യസ്തമാക്കാം എന്ന് സംരംഭകന്‍ ചിന്തിക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ സമാനതകളില്ലാത്ത അനുഭവങ്ങള്‍ക്കും ഉയര്‍ന്ന മൂല്യങ്ങള്‍ക്കുമായി ദാഹിക്കുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ ഇത് സാധ്യമാകും. വിഭിന്നത്വം (Differentiation) കിടമത്സരത്തിനെതിരെയുള്ള (Competition) ഒരു ആയുധമാണ്. വിപണിയില്‍ അത് നിങ്ങളെ വ്യത്യസ്തനാക്കും.

പെനിട്രേഷന്‍ പ്രൈസിംഗ് (Penetration Pricing)

സൗജന്യ സിമ്മും 4 ജി ഡാറ്റയുമായുള്ള ജിയോയുടെ കടന്നു വരവ് ഒരിക്കലും മറക്കാന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യന്‍ ടെലികോം രംഗത്തെ വിപ്ലവം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സംഭവം. ഇന്റര്‍നെറ്റും ഫോണ്‍ വിളിയും ആര്‍ഭാടമായിരുന്ന ഒരു ലോകത്ത് ജിയോയുടെ വാഗ്ദാനം അവിശ്വസനീയമായിരുന്നു. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങള്‍ കണ്ട് മറ്റ് സേവനദാതാക്കളെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ജിയോക്ക് പിന്നാലെ കൂടി.

ജിയോയുടെ ലക്ഷ്യം 100 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഉപഭോക്താക്കളായിരുന്നു. ഇന്ന് 40 കോടിയിലധികം ഉപഭോക്താക്കളുമായി ടെലികോം രംഗം ജിയോ കീഴടക്കിയിരിക്കുന്നു. വേഗം കുറഞ്ഞ ഇന്റര്‍നെറ്റും പണം ചെലവഴിച്ചുള്ള ഫോണ്‍ വിളികളും ശീലിച്ച ഒരു ജനതയെ സൗജന്യത്തിന്റെ കൊളുത്തില്‍ കുരുക്കി ജിയോ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റി.

സൗജന്യമായി ഇന്റര്‍നെറ്റ് ലഭിച്ചതോടെ മൊബൈലിലും കമ്പ്യൂട്ടറിലും ചലച്ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും യാതൊരു പരിമിതികളുമില്ലാതെ ഉപഭോക്താക്കള്‍ ആസ്വദിച്ചു തുടങ്ങി. ഗെയിമുകള്‍ ലഹരിയായി. ഇനി ഇതൊക്കെ ഉപയോഗിക്കാതെ മുന്നോട്ട് പോകുക അസാധ്യം. പണം നല്‍കി സേവനം ഉപയോഗിച്ചിരുന്നപ്പോള്‍ പാലിച്ചിരുന്ന അച്ചടക്കങ്ങള്‍ ഇല്ലാതെയായി. ജിയോയുടെ തന്ത്രത്തില്‍ മറ്റ് സേവനദാതാക്കള്‍ സ്തബ്ധരായി. തങ്ങളുടെ ഉപഭോക്താക്കള്‍ ജിയോയിലേക്ക് ഒഴുകുന്നത് തടുക്കാന്‍ അവര്‍ക്കായില്ല. കാരണം ജിയോ തീര്‍ത്ത ആകര്‍ഷണ വലയം അത്ര പ്രലോഭനകരമായിരുന്നു.

വിപണിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. എതിരാളികള്‍ നിറഞ്ഞിരുന്ന വിപണി ജിയോയുടെ മാത്രം കുത്തകയായി മാറി. ജിയോയുടെ തന്ത്രത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ എതിരാളികള്‍ മുട്ടുമടക്കി. വിപണി തങ്ങളുടെ കൈപ്പിടിയില്‍ അമര്‍ന്നതോടുകൂടി ജിയോ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങി. സൗജന്യമായി ആസ്വദിച്ചിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ പണം നല്കി വാങ്ങുവാന്‍ തുടങ്ങി.

വിപണിയില്‍ നുഴഞ്ഞു കയറുകയും വിപണിയുടെ കുത്തകാവകാശം കയ്യടക്കുകയും എതിരാളികളെ പുറംതള്ളുകയും ചെയ്യുക എന്ന തന്ത്രമാണ് ജിയോ നടപ്പിലാക്കിയത്. വിലനിര്‍ണ്ണയത്തിലെ അതിശക്തമായ ഈ തന്ത്രം പരീക്ഷിക്കുന്നത് വിപണിയിലേക്ക് കടന്നു വരുന്ന പുതിയ ഉല്‍പ്പന്നങ്ങളാണ്. തങ്ങളുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വില നിശ്ചയിച്ചു കൊണ്ട് വിപണിയില്‍ രംഗപ്രവേശം ചെയ്യുന്നു. കൂടുതല്‍ ഉപഭോക്താക്കളെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നേടുക എന്നതാണ് ലക്ഷ്യം.

കുറഞ്ഞ വില മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും മാറി പുതിയതിനെ പരീക്ഷിക്കുവാന്‍ ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്നു. കൂടുതല്‍ ഉപഭോക്താക്കളും ഉയര്‍ന്ന വില്‍പ്പനയും ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുവാന്‍ കമ്പനിയെ സഹായിക്കുന്നു. പുതിയതായി വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നം തങ്ങളുടെ എതിരാളികളുടെ ഉല്‍പ്പന്നത്തെക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമ്പോള്‍ അവര്‍ അത് പെട്ടെന്ന് സ്വീകരിക്കുന്നു.

വേഗത്തില്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കുവാനും വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനും ഈ വിലനിര്‍ണ്ണയ തന്ത്രം സഹായകരമാകുന്നു. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഈ തന്ത്രം വളരെ വിജയകരമായി നടപ്പിലാക്കിപ്പോരുന്നതായി നമുക്ക് കാണാം. അനന്തമായ കാലം കുറഞ്ഞ വിലയില്‍ വില്‍ക്കുക എന്നതല്ല ഈ തന്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് വിപണി അതിവേഗം പിടിച്ചെടുക്കുക എന്നതാണ്. വിപണി തങ്ങളുടെ വരുതിയിലായിക്കഴിഞ്ഞാല്‍ ഉല്‍പ്പന്നത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നം തന്നെ ഉപയോഗിക്കും എന്ന പ്രതീക്ഷയിലാണ് വില വര്‍ദ്ധന നടപ്പിലാക്കുന്നത്. ജിയോ നടപ്പിലാക്കിയതും ഈയൊരു തന്ത്രമാണ്. വിപണിയിലേക്ക് പുതുതായി കടന്നു വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ‘Penetration Pricing’ പരീക്ഷിക്കാം.

നീഷ് മാര്‍ക്കറ്റ് (Niche Market)

പവിറ്റര്‍ സിംഗിന്റെ മകന് എട്ട് വയസായി. അതുവരെ സ്‌കൂളില്‍ പെന്‍സില്‍ കൊണ്ട് എഴുതിയിരുന്നയാള്‍ക്ക് പേനയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മകന്‍ പേന കൊണ്ട് പുസ്തകത്തില്‍ എഴുതുമ്പോള്‍ അതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു പ്രശ്‌നം പവിറ്റര്‍ സിംഗ് കണ്ടെത്തി. മകന് ക്ലാസിലെ മറ്റ് കുട്ടികള്‍ എഴുതുന്ന വേഗതയില്‍ പേന കൊണ്ട് എഴുതുവാന്‍ സാധിക്കുന്നില്ല. എഴുതുമ്പോള്‍ താന്‍ എഴുതുന്നത് എന്താണ് എന്ന് മകന് കാണുവാന്‍ കഴിയുന്നില്ല. കാരണം പവിറ്റര്‍ സിംഗിന്റെ മകന്‍ ഒരു ഇടംകൈയ്യനായിരുന്നു.

മകന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുന്തോറും ഈ അസാധാരണത്വം പവിറ്റര്‍ സിംഗിന്റെ ചിന്തകളെ അലട്ടി. എന്തുകൊണ്ടാണ് ഇടംകൈയ്യനായ തന്റെ മകന് മറ്റ് കുട്ടികള്‍ ചെയ്യുന്നത് പോലെ സുഗമമായി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നോര്‍ത്തയാള്‍ വ്യാകുലനായി. അധികം താമസിയാതെ തന്നെ അതിന്റെ ഉത്തരവും അയാള്‍ കണ്ടെത്തി. തന്റെ മകന്‍ ജീവിക്കുന്നത് വലംകൈയ്യന്മാര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ലോകത്തിലാണ്. അവന്റെ പുസ്തകങ്ങള്‍, പേനകള്‍, ഇരിക്കാന്‍ ഉപയോഗിക്കുന്ന കസേര അങ്ങിനെ ഓരോന്നും വലംകൈയ്യന്മാര്‍ക്ക് വേണ്ടിയാണ് രൂപകല്പന (Design) ചെയ്തിരിക്കുന്നത്.

2016 ല്‍ പവിറ്റര്‍ സിംഗ് ഇടംകൈയ്യന്മാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഷോപ്പ് തുറന്നു. ഇടംകൈയ്യന്മാര്‍ക്കുള്ള സ്‌കൂള്‍ സ്റ്റേഷനറി മുതല്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ വരെ അവിടെ ലഭ്യമാക്കി. ‘മൈ ലെഫ്റ്റ്” (MyLeft) എന്ന സ്വന്തം ബ്രാന്‍ഡിനും പവിറ്റര്‍ സിംഗ് രൂപം നല്കി. ഇടംകൈയ്യന്മാര്‍ എഴുതാനുപയോഗിക്കുന്ന നോട്ട്ബുക്കിന്റെ പ്രത്യേകത നിങ്ങള്‍ക്കറിയുമോ? അതിന്റെ ബൈന്‍ഡിംഗ് ശ്രദ്ധിക്കുക. അത് വലതുഭാഗത്താണ്. ഈ അറിവുകള്‍ വളരെ രസകരമാണ്, അല്ലേ?

ഇടംകൈയ്യന്മാര്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ ആ വിപണിയെ നമുക്ക് ഒരു നീഷ് മാര്‍ക്കറ്റ് (Niche Market) എന്ന് വിളിക്കാം. വലംകൈയ്യന്മാര്‍ക്കുള്ള അതിവിശാലമായ വിപണിയുടെ വളരെ അനന്യമായ (Unique) ഒരു കഷ്ണം മാത്രമാണത്. ഇടംകൈയ്യന്മാര്‍ എന്ന സവിശേഷ ഉപഭോക്താക്കളെ മാത്രമാണ് ഈ ബിസിനസ് ലക്ഷ്യമിടുന്നത്. അതിബൃഹത്തായ വിപണിയിലെ പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളെ കണ്ടെത്തുകയും അവര്‍ക്കായി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുകയും ചെയ്യുമ്പോള്‍ അത് നീഷ് (Niche) ബിസിനസ് സ്ട്രാറ്റജിയായി മാറുന്നു.

തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ആ ബുദ്ധിമുട്ട് മെയ് ജോയ് തിരിച്ചറിഞ്ഞത്. മാറിവരുന്ന തന്റെ ശരീരപ്രകൃതിക്ക് യോജിച്ച, ഒരു ഗര്‍ഭിണിക്ക് സൗകര്യപ്രദമാകുന്ന വസ്ത്രങ്ങള്‍ ലഭ്യമാകുന്നില്ല. ഇത് അത്തരം വസ്ത്രങ്ങളുടെ ആവശ്യകത മെയ് ജോയിയെ ബോധ്യപ്പെടുത്തി. 2012 ല്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായുള്ള വസ്ത്രശേഖരവുമായി ആദ്യത്തെ ബ്രാന്‍ഡഡ് ഷോപ്പ് ‘ZIVA’ കേരളത്തില്‍ മെയ് ജോയ് ആരംഭിച്ചു. തന്റെ ഗര്‍ഭകാലത്തുണ്ടായ അനുഭവം ഒരു നീഷ് മാര്‍ക്കറ്റ് (Niche Market) കണ്ടെത്തുന്നതിലേക്ക് മെയ് ജോയിയെ നയിച്ചു.

നീഷ് മാര്‍ക്കറ്റുകള്‍ പ്രത്യേക വിപണിയിടങ്ങളാണ് (Market Place). വിപണിയിലെ പൊതുവായ ഉപഭോക്താക്കളെ അവ ലക്ഷ്യം വെക്കുന്നില്ല. അവയുടെ ലക്ഷ്യം പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളുടെ സമൂഹത്തെ കണ്ടെത്തുകയും അവരെ സേവിക്കുകയും ചെയ്യുക എന്നതാണ്. ശുദ്ധ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇടയില്‍ നിന്നും ഒരു നീഷ് മാര്‍ക്കറ്റ് കണ്ടെത്തുവാന്‍ കഴിയുമോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ ‘വീഗെന്‍സിന്” (Vegans) മാത്രമായി റെസ്റ്റോറന്റുകള്‍ രൂപം കൊള്ളുന്നു. അതൊരു നീഷ് മാര്‍ക്കറ്റാണ്.

വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക. സ്വന്തം ജീവിതാനുഭവങ്ങളെ ശ്രദ്ധിക്കുക. മറ്റാരുടേയും കണ്ണുകള്‍ ചെന്നെത്താത്ത നീഷ് മാര്‍ക്കറ്റുകള്‍ കണ്ടെത്തുക. അവിടെ വിജയ കഥകള്‍ രചിക്കുക.

വാല്‍ക്കഷ്ണം: അതിവേഗം ഒരു തന്ത്രം തിരഞ്ഞെടുത്ത് വിപണിയിലേക്ക് ഓടിയിറങ്ങി വിജയിച്ചു കളയാമെന്ന മിഥ്യാധാരണ സംരംഭകന്‍ സൂക്ഷിക്കരുത്. തന്റെ ബിസിനസിനും ഉല്‍പ്പന്നത്തിനും വിപണിക്കും യോജിച്ച തന്ത്രങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ വിപണി കീഴടക്കാന്‍ കഴിയുകയുള്ളൂ. ആഴത്തിലുള്ള പഠനവും തയ്യാറെടുപ്പും ഇതിനാവശ്യമാണ്.

(ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപകനും മാനേജ്മെന്റ് വിദഗ്ദനുമാണ് ലേഖകന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്

Startup

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

News

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം