Connect with us

Hi, what are you looking for?

Entrepreneurship

പുരുഷ ലോകത്ത് വിജയിച്ച വനിതകള്‍

ഏറെ തടസങ്ങളെ അതിജീവിച്ചാണ് ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ്, സംരംഭ നേതൃപദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇരിക്കുന്നത്. അതേസമയം പാശ്ചാത്യ ലോകത്ത് ഇന്നും സ്ഥിതിയില്‍ വളരെ മാറ്റമൊന്നുമില്ല

കോര്‍പ്പറേറ്റ് ഭരണ സാരഥ്യത്തില്‍ വനിതകള്‍ എത്തുന്നത് ഇന്ന് നമുക്ക് പുതുമയേയല്ല. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഏറെ തടസങ്ങളെ അതിജീവിച്ചാണ് ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ്, സംരംഭ നേതൃപദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇരിക്കുന്നത്. അതേസമയം പാശ്ചാത്യ ലോകത്ത് ഇന്നും സ്ഥിതിയില്‍ വളരെ മാറ്റമൊന്നുമില്ല. എന്തുകൊണ്ടായിരിക്കാം ഉന്നത തലങ്ങളില്‍ ഇത്രയും പ്രകടമായ വനിതാ അസാന്നിദ്ധ്യം ഉണ്ടായിരുന്നത്? തടസങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടുപോയ വനിതകളെ കുറിച്ചാണ് ഇത്തവണ…

ലോക ചരിത്രത്തില്‍ ഏറ്റവും ശക്തയായ വനിത ആരായിരിന്നു എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഉത്തരം 17ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി എന്നായിരിക്കാം. എന്നാല്‍ അടുത്തതായി ഒരു വനിത ബ്രിട്ടീഷ് ഭരണത്തില്‍ എത്തിയത് 376 വര്‍ഷത്തിന്ന് ശേഷമാണ്. ഒരു സോവിയറ്റ് പത്രപ്രവര്‍ത്തന്‍ ഉരുക്ക് വനിത എന്ന് വിളിച്ച മാര്‍ഗ്ഗരറ്റ് താച്ചറായിരുന്നു അത്. വിപ്ലാവനന്തരം നാല്‍പ്പത്തിയഞ്ച് പ്രസിഡന്റുമാര്‍ ഭരിച്ച അമേരിക്കന്‍ ഐക്യനാടുകളുടെ 248 വര്‍ഷത്തെ ചരിത്രത്തില്‍ കമല ഹാരിസ്സിലൂടെ ഒരു വനിത ആദ്യമായി പ്രസിഡന്റ് പദവിയിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായിരിക്കും ഈ വര്‍ഷം നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം, കാത്തിരിക്കാം.

അമേരിക്കന്‍ കോര്‍പ്പറേറ്റ് സമൂഹവും വനിതകള്‍ക്ക് ഉദാരമായി പ്രോത്സാഹനം നല്‍കുന്നവരാണെന്ന് ഇന്ദ്ര നൂയിയുടെ ‘എന്റെ ജീവിതം പൂര്‍ണ്ണമായി: ജോലി, കുടുംബം, നമ്മുടെ ഭാവി’ എന്ന ആത്മകഥയില്‍ പരാമര്‍ശിക്കുന്നു. എണ്‍പതുകളില്‍ അമേരിക്കയില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പില്‍ (ബിസിജി) ജോലി ചെയ്യുന്ന കാലം പിതാവിന് പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ മദ്രാസില്‍ പിതാവിനെ ശുശ്രൂഷിക്കാന്‍ അന്നത്തെ ബിസിജി ഷിക്കാഗോ തലവന്‍ കാള്‍ സ്റ്റെണ്‍, നൂയിക്ക് ആറ് മാസം ശമ്പളത്തോടുകൂടി അവധി അനുവദിച്ചു.

മൂന്ന് മാസത്തിനുള്ളില്‍ അച്ഛന്‍ മരിച്ചു. അതിന്ന് ശേഷം അനുവദിച്ച ബാക്കി അവധി ഉപയോഗിക്കാതെ മൂന്ന് മാസം മുന്‍പ് അവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. പ്രസവ അവധിയും രണ്ട് വര്‍ഷത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട റോഡ് അപകടത്തില്‍ കിടപ്പായപ്പോള്‍ ശമ്പളത്തോട് കൂടി നൂയിക്ക് അനുവദിക്കപ്പെട്ട അവധിയും ബിസിജി വനിതകളെ പ്രോത്സാഹിപ്പിക്കുന്ന കോര്‍പ്പറേറ്റ് മാതൃകകളില്‍ ഒന്ന് മാത്രമാണ്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്ന അമേരിക്കയിലും ഉന്നതങ്ങളില്‍ വനിതകളുടെ സാന്നിദ്ധ്യം വിരളമായിരുന്നു എന്ന് ഓര്‍ക്കണം. ഇന്നും അത് സിലിക്കോണ്‍ വാലി സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയില്‍ ഒരു കോര്‍പ്പറേറ്റ് ഉന്നത പദവിയില്‍ ആദ്യമായി ഒരു വനിത എത്തിയത് 1972 ല്‍ കാതറീന്‍ ഗ്രഹാം വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ സിഇഒ ആയതിലൂടെയാണ്. മൂന്ന് പതിറ്റാണ്ടിന്ന് ശേഷം 2006 ല്‍ ഇന്ദ്ര നൂയി പെപ്സികോയില്‍ സിഇഒ ആയി ചുമതല ഏല്‍ക്കുമ്പോള്‍ ലോകത്ത് എല്ലായിടങ്ങളിലും വനിതകളുടെ സാന്നിധ്യം കോര്‍പ്പറേറ്റുകളിലെ മധ്യനിരയില്‍ പോലും വിരളമായിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് 1976 ല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ പാസായി പിന്നീട് യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലൂടെ പഠനം പൂര്‍ത്തിയാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, എബിബി, ബിസിജി, മോട്ടോറോള മുതലായ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് 1994 ല്‍ ഇന്ദ്ര നൂയി പെപ്സികോയില്‍ ചേര്‍ന്നത്. അന്ന് 25 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവോടെ അമേരിക്കയിലെ അഞ്ചാമത് വലിപ്പമുള്ള കമ്പനിയായിരുന്നു 150 രാഷ്ട്രങ്ങളില്‍ സാന്നിധ്യവും 4.50 ലക്ഷം പേര്‍ ജോലിയും ചെയ്യുന്ന പെപ്സികോ. വനിതകളുടെ അസാന്നിദ്ധ്യം പ്രകടമായ ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റ് മുഖവുമായിരുന്നു പെപ്സികോ!

പെപ്‌സികോയില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന പതിനഞ്ച് പദവികളില്‍ പതിനഞ്ചിലും വെള്ളക്കാരായ അമേരിക്കന്‍ പുരുഷന്മാരായിരുന്നെന്ന് ഇന്ദ്ര നൂയി തന്റെ ആത്മകഥയില്‍ പറയുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സിഇഒയും പിന്നീട് ചെയര്‍ പേഴ്‌സണും ആയ ഇന്ദ്ര നൂയി സ്വഭാവികമായും അമേരിക്കന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ആദ്യ ഇന്ത്യ-അമേരിക്കന്‍ നായിക വനിത ആയിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യം സ്ഥാപിതമായ ലോകപ്രശസ്തമായ കേംബ്രിഡ്ജ് സര്‍വ്വകലാശാല, എലിസബത്ത് രാജ്ഞിക്ക് 1948 ല്‍ ആദരസൂചകമായി മരണാനന്തര ബിരുദം നല്‍കി ആദ്യമായി വനിതകള്‍ക്ക് പ്രവേശനം തുറന്ന് കൊടുത്ത് ഏഴരനൂറ്റാണ്ട് നീണ്ട ലിംഗ വിവേചനം അവസാനിപ്പിച്ചു. സമ്പന്നരായ പ്രാശ്ചാത്യനാടുകളില്‍ ഭരണ രംഗത്തും കച്ചവട രംഗത്തും, ഒരു കാലഘട്ടം വരെ ശാസ്ത്ര സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തും വനിതാ സാന്നിദ്ധ്യം എത്ര കുറവാണെന്ന് കണ്ടെത്താന്‍ എളുപ്പമാണ്.

പാശ്ചാത്യ നാടുകളില്‍ ചരിത്രപരമായി നിലനിന്നിരുന്ന വനിതകളോടുള്ള വിവേചനം അവികസിത മൂന്നാം ലോക രാഷ്ട്രങ്ങളിലും പ്രതിഫലിച്ചു എന്ന് പറയാം. എന്നാല്‍ ഇന്ത്യ പോലുള്ള വികസിത രാഷ്ട്രങ്ങളില്‍ ആശാവഹമായ മാറ്റങ്ങള്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ കണ്ടു തുടങ്ങി. ഇന്ത്യ ലിംഗ വിവേചനത്തെ ഒരു സാമൂഹ്യവിപത്തായി കണ്ട് നേരത്തെ തന്നെ തിരുത്തല്‍ ആഹ്വാനം നല്‍കിയെങ്കിലും രണ്ട് ദശാബ്ദം മുന്‍പ് വരെ ഇതില്‍ ആശാവഹമായ മാറ്റങ്ങള്‍ കാണാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ പ്രവണത നിലനിന്നപ്പോഴും കോര്‍പ്പറേറ്റ് മേഖലകളിലെ ഉന്നത തലങ്ങള്‍ വനിതകള്‍ക്ക് അപ്രാപ്യമായി തുടര്‍ന്നു.

അതേ സമയം ഭൂരിഭാഗം സി-സ്യൂട്ടുകളിലും വനിതകള്‍ എക്സിക്യൂട്ടീവ് സെക്രട്ടറിമാരായി ഉന്നതരുടെ ജോലി നിര്‍വ്വഹണത്തില്‍ പ്രധാന പങ്ക് വഹിച്ചു. കോര്‍പ്പറേറ്റ് രംഗത്ത് സാമ്പത്തിക സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് വേണ്ടത്ര നിര്‍വ്വഹണക്ഷമത ഉണ്ടായിരുന്നിട്ടും പലരും മിഡ്-മാനേജ്മെന്റ് തലത്തിന് താഴത്തെ നിലയില്‍ തന്നെ ജോലി സ്വപ്നം അവസാനിപ്പിക്കുകയാണ് പതിവ്. അത് കൊണ്ട് വനിതകളെ ഉയര്‍ന്ന തലത്തില്‍ കാണാറില്ല. മിക്ക വനിതകള്‍ക്കും അലച്ചിലുകള്‍ ഇല്ലാത്ത ഒരു സാധാരണ ജോലി എന്നതിലുപരി വലിയ സ്വപ്നങ്ങളും ഉണ്ടായിരുന്നില്ല.

എന്തുകൊണ്ടായിരിക്കാം ഉന്നത തലങ്ങളില്‍ ഇത്രയും പ്രകടമായ വനിത അസാന്നിദ്ധ്യം ഉണ്ടായിരുന്നത്? കുടുംബിനികളാകാന്‍ മാത്രം വിധിക്കപ്പെട്ടവെരെന്ന് തെറ്റിദ്ധരിച്ച സാധാരണ വനിതകള്‍ ജോലിയില്‍ ഉന്നത തലങ്ങളില്‍ എത്തിയ വനിതകളുടെ വിജയഗാഥകളില്‍ നിന്ന് ഒരു കാലഘട്ടം വരെ പാഠമുള്‍ക്കൊള്ളാറില്ല. എന്നാലും സമീപകാലത്ത് ചില ആശാവഹമായ മാറ്റങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇന്ന് കച്ചവട രംഗത്ത് മാധ്യമ ശ്രദ്ധയില്‍പ്പെട്ടതും ശ്രദ്ധയില്‍പ്പെടാത്തതുമായ അനേകം വനിത സംരംഭങ്ങള്‍ നിലവിലുണ്ട്.

സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി ഒരു വനിത പൊതുമേഖല ബാങ്കിന്റെ, അല്ലെങ്കില്‍ ഒരു വാണിജ്യ ബാങ്കിന്റെ ഉന്നത സ്ഥാനത്ത് എത്തുന്നത് 2000 ല്‍ ആയിരുന്നു. അന്ന് കിട്ടാകടം കൊണ്ട് പൊറുതിമുട്ടിയ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കില്‍ ചെയര്‍പേഴ്സണ്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ (സിഎംഡി) പദവിയില്‍ എത്തിയ രഞ്ജന കുമാര്‍ അതിന് തൊട്ടുമുന്‍പ് കനറ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു.

അതേ വര്‍ഷമായിരുന്നു രേണു സൂധ് കര്‍ണാഡ് ഇന്ത്യയില്‍ എറ്റവും വലിയ ഹോം ലോണ്‍ കമ്പനിയായ എച്ച്ഡിഎഫ്സിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായത് – ആരും ശ്രദ്ധിക്കാതിരുന്ന വനിത സാന്നിദ്ധ്യം. പത്ത് വര്‍ഷത്തിന് ശേഷം അതേ കമ്പനിയില്‍ രേണു കര്‍ണാഡ് മാനേജിങ്ങ് ഡയറക്ടറായി. പിന്നീട് ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ബോര്‍ഡ് അധ്യക്ഷയുമായി.

ബാങ്കിങ്ങ് രംഗത്ത് ഒരു കാലത്ത് ആരും ഇഷ്ടപ്പെടാതിരുന്ന ഇന്ത്യന്‍ ബാങ്കിന്റെ സിഎംഡി പദവി താങ്കള്‍ എന്ത് കൊണ്ടാണ് സ്വീകരിച്ചത് എന്ന എന്റെ ഒരു അഭിമുഖത്തിലുള്ള ആദ്യ ചോദ്യത്തിന് രഞ്ജന കുമാര്‍ ഇങ്ങനെ ഉത്തരം നല്‍കി: ”വെല്ലുവിളികളെ നേരിട്ടാണ് എനിക്ക് ശീലം. അതാണ് ഞാന്‍ എന്നും ഇഷ്ടപ്പെടുന്നത്; അത് തന്നെയാണ് എന്റെ വിജയ രഹസ്യം. എന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടാണ് ഇന്ന് ഞാന്‍ ഒരു പൊതുമേഖ ബാങ്കിന്റെ ഉന്നത പദവിയില്‍ എത്തിയത്.”വെല്ലുവിളികളെ നേരിടാന്‍ വനിതകള്‍ക്കുള്ള ഒരു മൂല്യവത്തായ പാഠമാണ് ആഗോള തലത്തില്‍ ഇന്ദ്ര നൂയിയുടേയും, ഇന്ത്യയില്‍ രഞ്ജന കുമാറിന്റെയും പിന്നീട് ബാങ്കിങ്ങ് രംഗത്ത് ഉന്നത പദവിയില്‍ എത്തിയ കല്‍പ്പന മോര്‍പ്പാറിയ, അരുന്ധതി ഭട്ടാചാര്യ, ശ്യാമള ഗോപിനാഥ്, നൈനാ ലാല്‍ കിദ്വായ്, അര്‍ച്ചന ഭാര്‍ഗ്ഗവ, വിജയ് ലക്ഷ്മി ആര്‍ അയ്യര്‍, സെറിന്‍ ദാരുവാല, ഫാല്‍ഗുണി നയ്യാര്‍, ഇപ്പോള്‍ യൂണിയന്‍ ബാങ്കിലെ മാനേജിങ്ങ് ഡയറക്ടറായ മണിമേഘലയ് എന്നിവരുടെ വിജയ രഹസ്യങ്ങള്‍. നിലവില്‍ യൂണിയന്‍ ബാങ്ക് ഉള്‍പ്പടെ ധാരാളം പൊതുമേഖല സ്ഥാപനങ്ങളുടെ ഉന്നത പദവിയില്‍ വനിതകള്‍ ഉണ്ട്.

ഒരു പക്ഷെ ഒരു കഥക്ക് നര്‍ത്തകി മാത്രമാകുമായിരുന്ന രഞ്ജന കുമാര്‍ പുരുഷാധിപത്യമുണ്ടായിരുന്ന ഉന്നത ബാങ്കിംഗ് പദവി കീഴടക്കിയത് നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെയാണ്. രഞ്ജന കുമാറിനെ ഇന്ത്യന്‍ ബാങ്കില്‍ കാണുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ കണ്ട മറ്റൊരു വനിത ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എക്സിക്യൂട്ടീവായിരുന്നു കല്‍പന മോര്‍പ്പാറിയ. അന്ന് കല്‍പന മോര്‍പ്പാറിയ ഐസിഐസിഐ എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ധനകാര്യ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിജിഎം) പദവിയിലായിരുന്നു.

അപൂര്‍വ്വം വനിതകള്‍ ഉന്നത പദവിയിലുള്ള കാലം പിന്നെയും നീണ്ടു. രണ്ട് നൂറ്റാണ്ടിലധികം ചരിത്രമുള്ള സ്റ്റേറ്റ് ബാങ്കില്‍ ഒരു വനിത അദ്ധ്യക്ഷസ്ഥാനത്ത് എത്തുന്നത് 2013 ല്‍ അരുന്ധതി ഭട്ടാചാര്യ ചെയര്‍പേഴ്സണ്‍ ആയപ്പോഴാണ്. സാമ്പത്തിക സ്ഥാപനങ്ങളിലെ ഉന്നത പദവിയില്‍ വനിതകളുടെ അപൂര്‍വ്വ സാന്നിദ്ധ്യത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിന്റെ ഭാഗമായുമായുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ കല്‍പന മോര്‍പ്പാറിയ പറഞ്ഞു: ”ഏല്‍പ്പിക്കുന്ന ജോലി എത്ര ഉന്നതമായ പദവിയിലായാലും അത് നിര്‍വ്വഹിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. വളരാനുളള അവസരം എല്ലായിടങ്ങളിലും വനിതകള്‍ക്കുമുണ്ട്. നമ്മള്‍ അത് ഉപയോഗിക്കണം എന്ന് മാത്രം. ഐസിഐസിഐ ബാങ്കില്‍ അങ്ങനെ ഒരു സാഹചര്യം വനിതകള്‍ക്കുണ്ട്.”

ഐസിഐസിഐ പിന്നീട് ഐസിഐസിഐ ബാങ്കില്‍ ലയിച്ചപ്പോള്‍ കല്‍പന മോര്‍പ്പാറിയ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായി. വിരമിച്ച ശേഷം ജെപി മോര്‍ഗന്‍ ഭക്ഷിണേഷ്യയുടേയും ദക്ഷിണ പൂര്‍വ്വ ഏഷ്യയുടെയും അദ്ധ്യക്ഷയായി ആഗോള നിക്ഷേപ ബാങ്കിംഗ് രംഗത്ത് വനിതാ സാന്നിദ്ധ്യം ഉറപ്പിച്ചു. കല്‍പ്പന മോര്‍പാറിയയെ പോലെ ഐസിഐസിഐ ബാങ്കില്‍ ഉന്നതതലത്തില്‍ വനിതകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അതില്‍ ഒരു വനിതയാണ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിലവിലെ അദ്ധ്യക്ഷയായ മാധബി പുരി ബുച്ച്.

ഏകദേശം 10 വര്‍ഷം ആക്‌സിസ് ബാങ്കില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്ന ശിഖ ശര്‍മയും ഐസിഐസിഐ ബാങ്കില്‍ എംഡിയും സിഇഒയുമായിരുന്ന, പിന്നീട് വീഡിയോകോണിന് നല്‍കിയ വിവാദ വായ്പയില്‍ സിബിഐ അറസ്റ്റ് ചെയ്ത ചന്ദ കോച്ചാറും ഐസിഐസിഐ ബാങ്കില്‍ ഒരുമിച്ച് ഉന്നത പദവികള്‍ വഹിച്ചിരുന്നു.

കരിയറില്‍ വിജയിച്ച വനിതകളില്‍ അപൂര്‍വ്വം ചിലര്‍ സേവനത്തില്‍ നിന്ന് വിരമിക്കാറാകുമ്പോള്‍ അനഭിമതരാകുകയും ചെയ്തിട്ടുണ്ട്. അതില്‍ ഒരു വനിതയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജിംഗ് ഡയറക്ടറും ഭാരതീയ മഹിളാ ബാങ്ക് ചെയര്‍പേഴ്സണുമായിരുന്ന ഉഷ അനന്ദസുബ്രഹമണ്യന്‍. നീരവ് മോദി കുംഭകോണത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍ടെയ്ക്കിങ്ങിന്റെ പേരില്‍ വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ജോലിയില്‍ നിന്ന് ഉഷ അനന്ദസുബ്രഹ്‌മണ്യന്‍ പുറത്താക്കപ്പെട്ടു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടിയായിരുന്നു ഇത്. അത് പോലെ അപൂര്‍വ്വമായ ഒരു വിചിത്ര കഥ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ചിത്ര രാമകൃഷ്ണക്ക് പിന്നിലുമുണ്ട്. ഇവയെല്ലാം അവര്‍ എടുത്ത ബോധപൂര്‍വ്വമുള്ള തീരുമാനങ്ങളുടെ ഫലമായിരുന്നില്ലെങ്കിലും ഉയര്‍ന്ന പദവിയില്‍ നിക്ഷിപ്തമായിരുന്ന സ്വാഭാവികമായ ഉത്തരവാദിത്വത്തിന്റെ ഭാഗം മാത്രമായിരുന്നു. ഇത്തരം സാഹചര്യങ്ങളെ ഭയപ്പെടുന്നവരാണ് കോര്‍പ്പറേറ്റ് വനിതകള്‍.

ഒരു തരത്തിലുള്ള അപായബോധം വനിതകള്‍ക്ക് വളര്‍ച്ചയുടെ പാതയില്‍ തടസമായി നിലനില്‍ക്കുന്നു. ചെറുകിട സംരംഭങ്ങളില്‍ പോലും വനിതകളുടെ പങ്ക് കുറയാനുള്ള കാരണം അതാണ്. അത് കൊണ്ട് തന്നെയാണ് മറ്റൊരു കിരണ്‍ മജുംദാര്‍ ഷായോ ഫാല്‍ഗുണി നയ്യാറോ ഇന്ന് വലിയ സംരംഭക രംഗത്ത് ഇല്ലാത്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കോര്‍പ്പറേറ്റ് വിജയങ്ങളുടെ കുത്തക അവകാശപ്പെടുന്ന സിലിക്കോണ്‍ വാലിയില്‍ ഇപ്പോഴും വനിത സാന്നിദ്ധ്യം അപൂര്‍വ്വമാണ്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ നിക്ഷേപിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 2.5 ശതമാനം മാത്രമാണ് വനിതക
ളുടെ സംരംഭങ്ങള്‍. പ്രൈവറ്റ് ഇക്വിറ്റിയുടെ ഉദാഹരണങ്ങള്‍ അതിലും ദയനീയമാണ്. ലിംഗത്തിന്റെ പേരില്‍ വിലക്കുകളില്ലാത്ത കാലഘട്ടത്തിലും കോര്‍പ്പറേറ്റ് ലോകത്ത് എലിസബത്ത് രാജ്ഞിമാര്‍ ഇല്ല. ഐഐടികളിലും, ഐഐഎമ്മുകളിലും വര്‍ദ്ധിച്ച് വരുന്ന പെണ്‍കുട്ടികളുടെ സാന്നിദ്ധ്യം പുതിയ അദ്ധ്യായം കുറിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(മുംബൈയില്‍ ആര്‍ജവ മീഡിയയുടെ ഗ്രൂപ്പ് എഡിറ്ററാണ് ലേഖകന്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Business & Corporates

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്