തിരക്കേറിയ പൂനെ നഗരത്തിന്റെ വീഥികളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അതിരാവിലെ തന്റെ ലക്ഷ്യപ്രാപ്തിക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ദ്വാരകാന്ത് ഖാര്‍ടെ യെ കാണാം. പുലര്‍ച്ചക്ക് സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ക്കുള്ള അദ്ദേഹത്തിന്റെ ഓരോ യാത്രയും ചെന്നവസാനിക്കുന്നത് ഒരു കൃഷിയിടത്തിലായിരിക്കും.
കൃഷിയിടത്തിലെത്തി, മണ്ണിന്റെ ഗുണവും ഫലഭൂയിഷ്ടിയും പരിശോധിച്ച് അവിടെ ഉണ്ടായിരിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം പരിശോധിച്ചുറപ്പ് വരുത്തി ചൈതന്യ ഓര്‍ഗാനിക് പ്രൊഡക്ട്‌സ് എന്ന പേരില്‍ അദ്ദേഹം വിപണിയിലെത്തിക്കുന്നു. വിഷരഹിതമായ ഭക്ഷണം പൂനെ നഗരത്തിലെ ഓരോ വ്യക്തിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാച്ചുറോപ്പതി ഡോക്ടര്‍ ആയ ദ്വാരകാന്ത് ഖാര്‍ടെ ചൈതന്യ ഓര്‍ഗാനിക് പ്രോഡക്റ്റ്‌സിന് തുടക്കം കുറിച്ചത്.

കാലങ്ങളായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഡോ. ദ്വാരകാന്ത് ഖാര്‍ടെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ജോലി രാജി വച്ച് ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് തിരിഞ്ഞതിന് പിന്നില്‍ വിഷരഹിത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ലഭ്യതയുറപ്പാക്കുക എന്ന ഒരേയൊരു കാരണം മാത്രമാണുള്ളത്. കാലങ്ങളായി രോഗീ ചികിത്സ നടത്തിയിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ ശാരീരിക അസ്വസ്ഥതകളുമായി എത്തിയിരുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും പ്രധാന പ്രശ്‌നം സുരക്ഷിതമല്ലാത്ത ആഹാരമായിരുന്നു.
എത്ര ശ്രദ്ധിച്ച് പാചകം ചെയ്താലും വിഷാംശം ബാക്കിയാകുന്നു. ഇതിനുള്ള പ്രധാന കാരണം പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കുന്ന കീടനാശിനികളാണ്. ശരീരത്തിന് ഹാനികരമാണ് എന്ന ഉറപ്പുണ്ടായിട്ടും ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഭക്ഷിക്കേണ്ട അവസ്ഥയിലാണ് ആളുകള്‍. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാകുന്നുണ്ട് എങ്കിലും ഇതിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഒന്നല്ലായിരുന്നു.
അതിനാല്‍ വിശ്വസ്തരായ ഓര്‍ഗാനിക് കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നം വാങ്ങിയശേഷം മികച്ച മാര്‍ക്കറ്റിംഗ് നടപടികളുടെ സഹായത്തോടെ വിപണി പിടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്ത്തിന്റെ ഉദ്ദേശം. ഇത് പ്രകാരം 2011 ല്‍ അദ്ദേഹം ചൈതന്യ ഓര്‍ഗാനിക് പ്രോഡക്റ്റ്‌സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.
ഓരോ കര്‍ഷകനെയും നേരില്‍കണ്ട്
പൂനെ പോലെ തിരക്കേറിയ ഒരു നഗരത്തില്‍ കൃഷിയില്‍ താല്‍പര്യമുള്ള വ്യക്തികളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിരുന്നു.എന്നിരുന്നാലും ദ്വാരകാന്ത് തുനിഞ്ഞിറങ്ങി. നഷ്ടത്തിന്റെ കണക്കുകളല്ലാതെ മറ്റൊന്നും മറ്റൊന്നും തന്നെ കണ്ടുമുട്ടിയ കര്‍ഷകര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. വിഷം ചേര്‍ത്ത പച്ചക്കറികള്‍ വിറ്റ് ഒരു വിഭാഗം കര്‍ഷകര്‍ കണക്കില്ലാത്ത ലാഭം കൊയ്യുമ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ ഓര്‍ഗാനിക് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉല്‍പ്പാദിപ്പിച്ച് വിപണി കണ്ടെത്താനാവാതെ വിഷമിക്കുന്നു. വിപണിയില്‍ ലഭ്യമായ ഓര്‍ഗാനിക് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വിതരണക്കാര്‍ ഈടാക്കിയിരുന്നതാകട്ടെ വന്‍തുകയും. ഈ അവസ്ഥയില്‍ ചെറുകിടക്കാരായ ഓര്‍ഗാനിക് കര്‍ഷകരെ ഒരു കുടകീഴില്‍ കൊണ്ട് വന്ന് വിപണി പിടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
ഇത് പ്രകാരം 2011 ല്‍ ഡോക്ടര്‍ എന്ന ലേബല്‍ അഴിച്ചു വച്ച് കൊണ്ട് ചൈതന്യ ഓര്‍ഗാനിക് പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിന് ദ്വാരകാന്ത് തുടക്കമിട്ടു. ഓരോ ദിവസവും മണിക്കൂറുകള്‍ സഞ്ചരിച്ച് ചെറുതും വലുതുമായ ഓര്‍ഗാനിക് ഫാമുകള്‍ കണ്ടെത്തി അതില്‍ നിന്നും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തിയാണ് ദ്വാരകാന്ത് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. വര്‍ഷം പത്ത് ആയെങ്കിലും ഈ ദിനചര്യകളില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ ഈ പത്തു വര്‍ഷത്തിനുള്ളില്‍ പൂനെയുടെ കാര്‍ഷിക രംഗത്ത് പ്രകടമായ ചില മാറ്റങ്ങള്‍ വരികയും ചെയ്തു. കൂടുതല്‍ വ്യക്തികള്‍ ഓര്‍ഗാനിക് ഫാമിംഗിലേക്ക് തിരിഞ്ഞു എന്നതാണ് പ്രധാന പ്രത്യേകത. അതുപോലെ തന്നെ പച്ചക്കറികളും ഫലവര്‍ഗങ്ങളും വാങ്ങുന്നവരിലും അത്തരത്തില്‍ ഒരു മാറ്റം പ്രകടമാണ്.
ഒരിക്കല്‍ 50000 രൂപ വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ അദ്ദേഹത്തിന് അത് വിറ്റഴിക്കാന്‍ സാധിച്ചില്ല. യഥാര്‍ത്ഥ ആവശ്യക്കാരുടെ കയ്യിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്നില്ല എന്ന് അദ്ദ്‌ദേഹത്തിനു മനസിലായത് അപ്പോഴാണ്. അങ്ങനെയാണ് ചൈതന്യ ഓര്‍ഗാനിക് പ്രോഡക്റ്റിന്റെ വിപണി വികസനത്തില്‍ അദ്ദ്‌ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇന്ന് 70 ല്‍ പരം കാര്‍ഷിക സൊസൈറ്റിയുമായി ചേര്‍ന്നാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് മികച്ച ലാഭം ലഭിക്കുന്നതിനൊപ്പം പൂനെ നഗരത്തിലെ ആളുകള്‍ ആരോഗ്യത്തെപ്പറ്റി കൂടുതല്‍ ചിന്തയുള്ളവരായി എന്നതും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മികവാണ്.

