ലേഖാ ബാലചന്ദ്രന്‍, ഹെവി ഇലക്ട്രിക്കല്‍സ് ഉപകരണ നിര്‍മാണ മേഖലയിലെ ശക്തമായ സ്ത്രീസാന്നിധ്യം. പൊതുവെ സംരംഭകര്‍ കൈവയ്ക്കാന്‍ മടിക്കുന്ന ഹെവി ഇലക്ട്രിക്കല്‍സ് രംഗത്തെത്തി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിജയക്കൊടി പാറിച്ച സംരംഭക. ലേഖാ ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന റെസിടെക്കിന്റെ വിജയം ലേഖയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഒഴുക്കിനെതിരെ നീന്താന്‍ കാണിച്ച മനഃസാന്നിധ്യത്തിന്റെയും കൂടി ഫലമാണ്. ഒരു ലോണ്‍ കിട്ടാന്‍ 3 വര്‍ഷത്തോളം അലഞ്ഞ, ഒരു സംരംഭകാന്തരീക്ഷത്തില്‍ നിന്നും പടുത്തുയര്‍ത്തിയതെല്ലാം കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. അറിയാം… സംരംഭകത്വത്തിലെ ‘പവര്‍ഫുള്‍ ലേഡിയുടെ’ കഥ…

സംരംഭകത്വത്തിലേക്ക് വരികയെന്നത് ഒരിക്കലും വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ലേഖയ്ക്ക്. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് എണ്‍പതുകളുടെ അന്ത്യത്തില്‍ ബിടെക് പാസായ ലേഖയുടെ മനസില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമായിരുന്നു. എന്നാല്‍ ആ ആഗ്രഹത്തിനൊത്ത് മുന്നേറാന്‍ അന്നത്തെ സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. എന്നാല്‍ വിവാഹം ചില വ്യക്തികളുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തും എന്ന് പറയപ്പെടുന്ന പോലെ, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആയ ബാലചന്ദ്രനുമായുള്ള വിവാഹം മനസ്സില്‍ നിറയെ സംരംഭക സ്വപ്നങ്ങളുള്ള ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ലേഖയുടെ സംരംഭക സ്വപ്നങ്ങളെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയായിരുന്നു ബാലചന്ദ്രന്‍.
1989 ല്‍ കുടുംബ സംരംഭത്തിന്റെ ഭാഗമായാണ് ലേഖ ബാലചന്ദ്രന്‍ ആദ്യമായി ബിസിനസിലേക്ക് കാല്‍ വയ്ക്കുന്നത്. അഞ്ചു വര്‍ഷത്തോളം ആ രംഗത്ത് പ്രവര്‍ത്തി പരിചയം നേടിയ ശേഷം ലേഖ ഡയറക്റ്റര്‍ ആയി ട്രാന്‍സ്‌ഫോമര്‍ നിര്‍മാണ മേഖലയില്‍ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടു. താന്‍ പഠിച്ചതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ഒരു മേഖലയിലാണ് പ്രവര്‍ത്തിക്കേണ്ടി വന്നതെങ്കിലും ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനായുമായി ലേഖ മാറ്റിവച്ചു.
ട്രാന്‍സ്‌ഫോര്‍മര്‍, എച്ച്ടി പാനലുകള്‍, വാക്വം സര്‍ക്യൂട്ട് ബ്രേക്കറുകള്‍ എന്നിങ്ങനെ അത് വരെ അപരിചിതമായിരുന്നു കാര്യങ്ങളെല്ലാം സുപരിചിതമായി. ഉറച്ച മനസോടെ സംരംഭകത്വം സ്വപ്നം കണ്ടിരുന്ന അവര്‍ക്ക് ഹെവി ഇലക്ട്രിക്കല്‍സ് ഉപകരണ നിര്‍മാണ മേഖല വളരെ എളുപ്പം വഴങ്ങിക്കൊടുത്തു എന്നതാണ് വാസ്തവം. പ്രസ്തുത മേഖലയിലെ ഓരോ പുതിയ മാറ്റവും സാകൂതം വീക്ഷിച്ച ലേഖ സംരംഭത്തിന്റെ അടുത്തഘട്ട വികസനം സ്വപ്നം കണ്ടു തുടങ്ങി.

എന്നാല്‍ വളര്‍ച്ചയ്ക്കൊപ്പം ബിസിനസില്‍ തിരിച്ചടികളും സ്വാഭാവികമായിരുന്നു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വഷളായ തൊണ്ണൂറുകള്‍ ലേഖ പ്രവര്‍ത്തിച്ചിരുന്ന ഹെവി ഇലക്ട്രിക്കല്‍സ് സംരംഭത്തെയും ബാധിച്ചു. ട്രാന്‍സ്‌ഫോര്‍മറുകളുണ്ടാക്കുന്ന ആദ്യ സ്വകാര്യ കമ്പനികളിലൊന്നിന് വായ്പ ലഭിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. മൂന്നു വര്‍ഷത്തോളം ഒരു ബാങ്ക് ലോണ്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.ഏറെ പ്രയത്‌നിച്ച് കെഎസ്‌ഐഡിസിയില്‍ നിന്ന് തരപ്പെടുത്തിയ വായ്പയുടെ ബലത്തില്‍ ആലുവ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഹെവി ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി സ്ഥാപിച്ചു.

എല്ലാം നന്നായി മുന്നോട്ടുപോകവെ എത്തിയ ആഗോള സാമ്പത്തിക മാന്ദ്യം കാര്യങ്ങള്‍ തകിടം മറിച്ചു. പിന്നീടുള്ള ശ്രമങ്ങള്‍ ഈ അവസ്ഥ മറികടക്കാനുള്ള വഴികള്‍ തേടിയായി. ഇത്തരത്തില്‍ സംരംഭകത്വത്തിലെ വാഴ്ചയും വീഴ്ചയും ഒരു പോലെ അനുഭവിച്ചുകൊണ്ടാണ് ലേഖ തന്റെ സംരംഭം മുന്നോട്ട് കൊണ്ട് പോയത്. താന്‍ പങ്കാളിയായിരുന്ന ആ സംരംഭത്തില്‍ നിന്നും നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം ലേഖയ്ക്ക് പടിയിറങ്ങേണ്ടി വന്നു. രണ്ടു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഒരു സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ സ്വാഭാവികമായും ഇനിയെന്ത് എന്ന ചോദ്യം ബാക്കിയായിരുന്നു.
എന്നാല്‍ ആ ചോദ്യത്തിനും ആശങ്കകള്‍ക്കും അല്‍പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രവര്‍ത്തനമികവ് പൂര്‍ണമായ അര്‍ത്ഥത്തില്‍ പുറത്തെടുക്കാന്‍ കഴിയുന്ന ഹെവി ഇലക്ട്രിക്കല്‍സ് മേഖലയില്‍ തന്നെ സമാനമായ ഒരു സംരംഭത്തിന് തുടക്കമിടാന്‍ ലേഖ ബാലചന്ദ്രന്‍ തീരുമാനിച്ചു. സുവ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനും അത് പ്രാവര്‍ത്തികമാക്കാനുള്ള ലേഖയുടെ കഴിവില്‍ പൂര്‍ണവിശ്വാസമുള്ളതിനാല്‍ ബാലചന്ദ്രനും കുടുംബാംഗങ്ങളും ലേഖയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി.
ഇനിയാണ് യഥാര്‍ത്ഥ ട്വിസ്റ്റ് !
സംരംഭത്വത്തിലേക്ക് എത്തിച്ചേരാനും സ്വന്തം കരിയറും ഐഡന്റിറ്റിയും പ്രസ്തുത മേഖലയില്‍ സ്ഥാപിക്കാനും ആഗ്രഹിച്ചിരുന്ന ലേഖ ഒടുവില്‍ ആ വലിയ സ്വപ്നത്തിലേക്ക് കൂടുതല്‍ അടുത്തു. ഭര്‍ത്താവ് ബാലചന്ദ്രനുമായി ചേര്‍ന്ന് 2007 ല്‍ ആലുവ വ്യവസായ മേഖലയില്‍ റെസിടെക് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. സ്വന്തം ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു സംരംഭം പടുത്തുയര്‍ത്തുക എന്നത് ശ്രമകരമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തുടക്കം മുതല്‍ നേരിടേണ്ടി വന്നു.
എന്നാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ഇച്ഛാശക്തിയും ഊര്‍ജവും അവര്‍ക്കുണ്ടായിരുന്നു. പഠനകാലം മുതല്‍ക്ക് മനസില്‍ സൂക്ഷിച്ച സംരംഭകത്വം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ലേഖയ്ക്ക് റെസിടെക് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം. കുടുംബബിസിനസില്‍നിന്നു നീണ്ട 18 വര്‍ഷം കൊണ്ട് നേടിയ അനുഭവസമ്പത്തും ഭര്‍ത്താവിന്റെ നിറഞ്ഞ പിന്തുണയുമായിരുന്നു ലേഖയുടെ പിന്‍ബലം.
പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തന്റെ അനുഭവസമ്പത്തില്‍ നിന്നും റെസിടെക് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തെ ലാഭകരമായ ഒരു സംരംഭമായി അടയാളപ്പെടുത്താന്‍ ലേഖ ബാലചന്ദ്രന് കഴിഞ്ഞു. രണ്ടുകോടി രൂപ മൂലധനവുമായി തുടങ്ങിയ റെസിടെക് മൂന്നു വര്‍ഷം കൊണ്ട് ലാഭത്തിലേക്ക് എത്തി. ട്രാന്‍സ്‌ഫോര്‍മര്‍, എച്ച്ടി പാനലുകള്‍, വാക്വം സര്‍ക്യൂട്ട് ബ്രേക്കറുകള്‍ എന്നിവയെല്ലാം നിര്‍മിച്ചിരുന്ന കമ്പനിക്ക് ബഹുനിലക്കെട്ടിടങ്ങള്‍, ആശുപത്രികള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെല്ലാം ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാനുള്ള ഓര്‍ഡറുകള്‍ അന്ന് ധാരാളമായി ലഭിച്ചു. കൃത്യമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വഴി സ്ഥാപനം വളര്‍ച്ച അടയാളപ്പെടുത്തി മുന്നേറി.നിലവില്‍ 18 കോടിയോളം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമാണ് റെസിടെക് ഇലക്ട്രിക്കല്‍സ്.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല
സംരംഭകത്വത്തില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നേറുവാന്‍ ലേഖയെ സഹായിച്ചത് ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. 11 കെവി ട്രാന്‍സ്‌ഫോര്‍മറുകളാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. 1,600 കിലോ വോള്‍ട്ട് വരെ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറുകളാണ് റെസിടെക് ഉല്‍പ്പാദിപ്പിക്കുന്നത്. 11 കെവി ലോഡ് ബ്രേക്ക് സ്വിച്ച് പാനലുകള്‍, സിടിപിടി യൂണിറ്റ്, വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ പാനലുകള്‍ എന്നിവയും ഉല്‍പ്പാദിപ്പിക്കുന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍, എച്ച്ടി പാനലുകള്‍, വാക്വം സര്‍ക്യൂട്ട് ബ്രേക്കറുകള്‍ എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ബെംഗളൂരുവിലെ സെന്‍ട്രല്‍ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കര്‍ക്കശമായ ഗുണമേന്മ പരിശോധന നടത്തിയാണ് ഉപയോക്താക്ക
ളിലേക്ക് എത്തിക്കുന്നത്.
ഉല്‍പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുമുണ്ട്. വന്‍കിട സ്ഥാപനങ്ങളുമായി ബന്ധം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുറമേ വന്‍കിട സ്ഥാപനങ്ങളായ പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്, പിഡബ്ല്യുഡി, കെഎസ്ഇബി, അലിന്‍ഡ് സ്വിച്ച് ഗിയര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഒഇഎന്‍ എന്നിവയടക്കം രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഒട്ടേറെ കമ്പനികളില്‍ റെസിടെക്കിന്റെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉപയോഗിക്കുന്നുണ്ട്.
കേരളത്തിലും കര്‍ണാടകയിലും മികച്ച വിപണിയുള്ള റെസിടെക് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും ട്രാന്‍സ്‌ഫോര്‍മര്‍ കയറ്റുമതി ചെയ്യുന്നു എന്നത് ലേഖ ബാലചന്ദ്രന്‍ എന്ന സംരംഭകയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്. ശ്രീലങ്കയടക്കമുള്ള വിദേശരാജ്യങ്ങളിലും വില്‍പനയുണ്ട്. ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സ് വാക്വം സര്‍ക്യൂട്ട് ബ്രേക്കറിന്റെ സര്‍വീസ് സെന്റര്‍ കൂടിയാണ് റെസിടെക്.
തൊഴിലാളികളാണ് കരുത്ത്
നാല്‍പ്പതോളം തൊഴിലാളികളാണ് ഇന്ന് റെസിടെക്കില്‍ ഉള്ളത്. സ്ഥാപനത്തിന്റെ കരുത്തും ഇവര്‍ തന്നെയാണെന്നാണ് ലേഖ ബാലചന്ദ്രന്‍ പറയുന്നത്. വ്യവസായശാലകളില്‍ സാധാരണ ഉണ്ടാകാറുള്ള തൊഴില്‍ത്തര്‍ക്കങ്ങള്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല എന്നത് സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തെ വെളിവാക്കുന്നു. ജീവനക്കാരില്‍ പകുതിയോളം പേര്‍ സ്ത്രീ തൊഴിലാളികളാണ്. മാനേജ്മെന്റുമായുള്ള കൃത്യമായ ആശയവിനിമയം, മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ സൊല്യൂഷനുകള്‍, പദ്ധതി നടപ്പാക്കലുകള്‍, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, എന്നിവയെല്ലാമാണ് റെസിടെക്കിലെ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം സമ്മാനിക്കുന്നത്.
കൊറോണക്കാലത്തെ പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാതെ അവരെ ചേര്‍ത്ത് നിര്‍ത്തിയാണ് റെസിടെക്ക് പ്രവര്‍ത്തിച്ചത്. സ്ഥാപനത്തെ വളര്‍ത്തുന്നത് തൊഴിലാളികളാണ്, അതിനാല്‍ തൊഴിലാളികളെ ഹൃദയത്തോട് ചേര്‍ത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നാണ് സ്ഥാപനത്തിന്റെ മേധാവിയായ ലേഖ ബാലചന്ദ്രന്‍ പറയുന്നത്.
സംരംഭകത്വം എന്നെ പഠിപ്പിച്ചത്
”ബിസിനസ് ചെയ്യാനും ആ രംഗത്ത് വ്യക്തിത്വം പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ആ വഴി തെരഞ്ഞെടുക്കണം. മറ്റ് ഏത് മേഖലയിലും എന്ന പോലെ ഇവിടെയും പ്രതിസന്ധികള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാമെന്ന ആത്മവിശ്വാസം ഉണ്ടാകുക എന്നതാണ് പ്രധാനം. ആഗ്രഹം, ധൈര്യം, അറിവ്, കഠിനാധ്വാനം ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ഒരാളുടെ മനസ്സിലെ സംരംഭം യാഥാര്‍ഥ്യമാകുന്നത്. ഉല്‍പ്പന്നം ഏതായാലും കൃത്യമായ വിപണി പഠനം, മാര്‍ക്കറ്റിങ് എന്നിവ അനിവാര്യമാണ്. ഒരു സ്ത്രീ സംരംഭകയാകുമ്പോള്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണ അനിവാര്യമാണ്. പ്രൊഫഷനും കുടുംബവും ഒരേ പോലെ മുന്നോട്ട് പോകണമെങ്കില്‍ കൂട്ടുത്തരവാദിത്വം വേണ്ട സമയമാണ്.മറ്റുള്ളവര്‍ക്കു കഴിയുമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ആയിക്കൂടാ എന്നു മാത്രം ചിന്തിക്കുക, അപ്പപ്പോള്‍ വിജയം കൂടെയുണ്ടാകും.” തന്റെ സംരംഭകവിജയത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് ലേഖ ബാലചന്ദ്രന്.

