ഒരു സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്ന കാലം മുതല്‍ക്ക് ശ്രദ്ധിക്കേണ്ട ഒന്നാണ് പി ആര്‍ മാനേജ്മെന്റ്. സ്ഥാപനത്തിനകത്തും
പുറത്തുമുള്ള ഉപഭോക്താക്കളെ ബ്രാന്‍ഡിനോട് ചേര്‍ത്ത് നിര്‍ത്താനും സ്ഥാപനത്തിന്റെ ഇമേജ് വര്‍ധിപ്പിക്കാനും പി ആര്‍ തന്ത്രങ്ങള്‍ ഗുണകരമാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതും അത്തരത്തില്‍ ലഭിക്കുന്ന ശ്രദ്ധയുമാണ് പബ്ലിക് റിലേഷന്‍സ് എന്ന് കരുതരുത്. കൃത്യമായ ബ്രാന്‍ഡിംഗ് സ്ട്രാറ്റജി, മാര്‍ക്കറ്റിങ് രീതികള്‍ എന്നിവയെല്ലാം തന്നെ ഒരു സ്ഥാപനത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുന്ന, ഉപഭോക്താക്കളെ ചേര്‍ത്ത് നിര്‍ത്തുന്ന പബ്ലിക് റിലേഷന്‍സ് രീതികളാണ്. പബ്ലിക് റിലേഷന്‍സ് വര്‍ധിപ്പിക്കുന്നതിനായി ആധുനിക കാലഘട്ടത്തിന് ചേരുന്ന രീതികള്‍ സ്വീകരിക്കണം.

സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ്
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനുള്ള ഏറ്റവും ഉത്തമമായ രീതി സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ബ്രാന്‍ഡിംഗ് തന്നെയാണ്. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന പദ്ധതികള്‍, സിഎസ്ആര്‍ പ്രോഗ്രാമുകള്‍ എന്നിവ വ്യക്തമാക്കുന്ന പരസ്യങ്ങള്‍, പ്രൊമോഷനുകള്‍ എന്നിവ ബ്രാന്‍ഡിംഗിനായി വിനിയോഗിക്കാം. തങ്ങള്‍ വിശ്വസിച്ചിരുന്ന ബ്രാന്‍ഡ് തങ്ങള്‍ക്കൊപ്പം ഉണ്ടെന്നത് ജനങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സാമൂഹിക ദുരന്തങ്ങള്‍ നടക്കുന്ന പക്ഷം സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും സ്വന്തം തൊഴിലാളികളെ കൂടെ നിര്‍ത്താനും ശ്രദ്ദിക്കണം. ഉപഭോക്താക്കളുടെ സംരക്ഷണം ബ്രാന്‍ഡിന്റെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് എന്ന് മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണം.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം
ഇന്നത്തെകാലത്ത് പബ്ലിക് റിലേഷന്‍സ്, ബ്രാന്‍ഡിംഗ് എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ സഹായകമാകുന്നത് സോഷ്യല്‍ മീഡിയ തന്നെയാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളുമായി തുടര്‍ച്ചയായി ഇടപഴകുന്നത് ഗുണം ചെയ്യും.

സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സജീവമാക്കാന്‍ ശ്രമിക്കുക. ഇത് സ്ഥാപന ഉടമയ്ക്ക് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഏജന്‍സിക്ക് മുടക്കുന്ന കോസ്റ്റ് ലാഭിക്കാം. എന്നാല്‍ ചെറിയ രീതിയിലുള്ള പഠനം ആവശ്യമാണ്. ബ്രാന്‍ഡിംഗിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും സ്ഥാപനത്തിനും ഒരേ പോലെ ഗുണകരമാകുന്ന ബ്രാന്‍ഡിംഗ് രീതികള്‍ അവലംബിക്കുക. അല്ലാതെ ഉടനടി ബിസിനസ് ലഭിക്കും എന്ന നിലയ്ക്കുള്ള ബ്രാന്‍ഡിംഗില്‍ കാര്യമില്ല.
പരമ്പരാഗത പി ആര്‍ തന്ത്രങ്ങള്‍ വേണ്ട
പരമ്പരാഗത പബ്ലിക്ക് റിലേഷന്‍സ് തന്ത്രങ്ങള്‍ മാറ്റിപിടിക്കാം. സോഷ്യല്‍ മീഡിയ തന്നെയാണ് ഏറ്റവും മികച്ച പിആര്‍ ടൂള്‍. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലൂടെ നല്ല ചിന്തകള്‍ അവരുമായി പങ്കുവയ്ക്കുകയെന്നതാണ് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ സാന്നിധ്യം നിലനില്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇതിനായി നിങ്ങളുടെ വൈബ് സൈറ്റുകളോ, സോഷ്യല്‍ മീഡിയയോ ഉപയോഗപ്പെടുത്താം. സ്ഥാപന ഉടമ എന്ന നിലയ്ക്ക് അധികൃതപ്പെട്ട വ്യക്തിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ വഴിയും സന്ദേശങ്ങള്‍ കൈമാറാം. ഇത്തരത്തില്‍ സെല്ഫ് ബ്രാന്‍ഡിംഗിനും വിനിയോഗിക്കാം. ബ്ലോഗോ മറ്റു വെബ്‌സൈറ്റുകളോ ഇതിനുപയോഗിക്കാം. പോസിറ്റിവ് ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക.
കൂടെയുണ്ട് എന്ന ചിന്ത പടര്‍ത്തുക
ഇന്നത്തെ തലമുറക്ക് നാളിതു വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
പലര്‍ക്കും തങ്ങള്‍ ഒറ്റയ്ക്കായി എന്നും ഈ അവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല എന്നുമുള്ള തോന്നല്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ അവസ്ഥ മറികടക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടാണ് എന്ന സന്ദേശം പ്രചരിപ്പിക്കുക. കയറ്റമായാലും ഇറക്കമായാലും ഒരുമിച്ചുള്ള യാത്രയാണ് എന്ന് പറയുക. ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്ന ബ്രാന്‍ഡുകളെ നല്ല കാലത്ത് ഏതൊരു ഉപഭോക്താവും ഓര്‍ത്തിരിക്കും. നിലനില്‍പ്പിനായി വിപണന തന്ത്രം മാത്രം ഇക്കാലയളവിലെ പങ്കുവച്ചുകൊണ്ടിരുന്നാല്‍ നെഗറ്റിവ് ഫലമായിരിക്കും ലഭിക്കുക.

അതിനാല്‍ അവര്‍ തനിച്ചല്ലെന്ന് അവരെ ബോധ്യപ്പെടുത്തും. മറുവശത്ത്, നിങ്ങള്‍ കേവലം ഒരു കമ്പനിയോ ബ്രാന്‍ഡോ അല്ല, മറിച്ച് അവരുടെ സമുഹത്തിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ചില സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളുമായും വ്യക്തിപരമായി ബന്ധപ്പെടാറുണ്ട്. വാട്‌സാപ്പ്, മെസ്സേജിംഗ്, മെയില്‍, കത്തുകള്‍ തുടങ്ങിയ രീതികള്‍ ഇതിനായി വിനിയോഗിക്കാം.
സാമൂഹിക പ്രതിബദ്ധത കാണിക്കുക
മറ്റുള്ളവര്‍ക്കു സഹായം നല്‍കുന്നത് നിങ്ങളുടെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്ന കാര്യമാണ് എന്ന് തിരിച്ചറിയുക. അതിനാല്‍ ഒരു കമ്പനിയെന്ന നിലയില്‍ നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ സമൂഹത്തെ സഹായിക്കാനുള്ള അവസരം കൂടിയായി ഈ സാഹചര്യത്തെ കണക്കാക്കാം. സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി കൈക്കൊള്ളുന്ന തീരുമാനങ്ങളും ചെയ്യുന്ന സഹായങ്ങളും ആവിഷ്‌ക്കരിക്കുന്ന പദ്ധതികളും ജനങ്ങളോട് പങ്കുവയ്ക്കുവാന്‍ മറക്കണ്ട.

ഒപ്പം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ആവശ്യമായ സഹായം ചെയ്യുകയും ചെയ്യുക. ചാരിറ്റി സംഘടനകളുമായോ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ചതും കൊറോണ ബോധവത്കരണ പദ്ധതികളില്‍ പങ്കാളികളാകാം. ചെറിയ തോതിലാണെങ്കില്‍ പോലും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ സംഭാവന ചെയ്യുന്നത് നിങ്ങളുടെ ബ്രാന്‍ഡിന് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കും. ഉടനടി ഒരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഇത് സഹായിച്ചില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായകമാകുന്ന ഒരു രീതിയാണിത്. ബ്രാന്‍ഡ് ഒരു വ്യക്തിയുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് അത് ഗുണകരമാകുക തന്നെ ചെയ്യും.

വ്യക്തിഗതമായ കൈത്താങ്ങ്
സ്ഥാപനത്തിലെ തൊഴിലാളികളെ ഒരു ആപത്ത് ഘട്ടത്തില്‍ കൂടെ നിര്‍ത്തുന്ന സംരംഭകന്റെ ഖ്യാതി മൈലുകള്‍ സഞ്ചരിക്കും. അതിനാല്‍ ഓരോ ജീവനക്കാരന്റെയും അവസ്ഥ മനസിലാക്കാനും അവര്‍ക്ക് അത്യാവശ്യമായി വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കാനും ഓരോ സംരംഭകനും ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഇന്റേണല്‍ പബ്ലിക് റിലേഷന്‍സ് എന്ന കാര്യം കൂടിയാണ് ഇവിടെ നടക്കുന്നത്.
ആപത് ഘട്ടത്തില്‍ ബിസിനസ് വികസനത്തില്‍ സംരംഭകന് കൈത്താങ്ങായി ഈ തൊഴിലാളികള്‍ നിലനില്‍ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ജോലിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിന് സാധിച്ചാല്‍ അത് തൊഴിലാളികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച ഉപകാരമായിരിക്കും. ഇതും ബ്രാന്‍ഡിംഗിന്റെ ഭാഗമാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

