എഡിഎച്ച്ഡി എന്ന രോഗാവസ്ഥയെപ്പറ്റി അടുത്തിടെ നടന്‍ ഫഹദ് ഫാസില്‍ പൊതുവേദിയില്‍ തുറന്നു സംസാരിച്ചപ്പോഴാണ് ഇത്തരമൊരു പ്രശ്നത്തെപ്പറ്റി സമൂഹം ബോധവാന്‍മാരാകുന്നത്. വളരെ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുന്ന അസുഖമാണിതെന്ന് ഡോക്ടര്‍ അദ്ദേഹത്തോടു പറയുന്നു. 41ാം വയസിലാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇനി ചികില്‍സിച്ച് മാറ്റാന്‍ എന്തെങ്കിലും വഴി ഉണ്ടോയെന്ന് ഡോക്ടറോട് ചോദിച്ചെന്നും ഫഹദ് വെളിപ്പെടുത്തി. എന്താണ് എഡിഎച്ച്ഡി?

എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയുടെ പേര് തന്നെയാണ് ഏറ്റവും തെറ്റിദ്ധരിപ്പിക്കുന്ന ഘടകം. ഇതൊരു ഡിസോര്‍ഡര്‍ അഥവാ രോഗം അല്ല. ഒരിക്കലും എഡിഎച്ചഡിയെ ഒരു അസുഖമായി കാണാനാവില്ല. ഇതൊരു പേഴ്സണാലിറ്റി പ്രോബ്ലം ആയി കണ്ടാല്‍ മതി. നമ്മുടെ സ്വഭാവത്തില്‍ വരുന്ന ഒരു മാറ്റം, അതാണ് എഡിഎച്ച്ഡി.

എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എഡിഎച്ച്ഡി ഉള്ള കുട്ടികളില്‍ ശ്രദ്ധ വളരെ കുറവായിരിക്കും. അവര്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധിച്ചിരിക്കാനാവില്ല. അശ്രദ്ധ മൂലം പല പിഴവുകളും അവരില്‍ നിന്ന് സംഭവിക്കും.
പരീക്ഷകളിലും മറ്റും ഉണ്ടാകുന്ന പിഴവുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പല കാര്യങ്ങളും കൃത്യമായി ഓര്‍ത്തെടുക്കാന്‍ ഈ കുട്ടികള്‍ക്ക് സാധിക്കില്ല. പഠിച്ച കാര്യങ്ങളും മറ്റും വേഗം മറന്നു പോകുന്നു. എപ്പോഴും വലിയ ആവേശത്തിലായിരിക്കും എഡിഎച്ച്ഡി ഉള്ളവര്‍. വളരെ സംസാരപ്രിയരായിരിക്കും ഇവര്‍. മലയാളത്തില്‍ അമ്മമാര്‍ പരാതി പറയുന്നത്, കുട്ടികള്‍ക്ക് എപ്പോഴും ഭയങ്കര പിരുപിരിപ്പായിരിക്കും എന്നാണ്.

ഇത്തരം കുട്ടികള്‍ക്ക് സ്‌കാന്‍ എടുത്തു നോക്കിയാലും ബ്ലഡ് ടെസ്റ്റുകള്‍ ചെയ്താലും എല്ലാം വളരെ നോര്‍മലായിരിക്കും. കുട്ടികള്‍ വാസ്തവത്തില്‍ നോര്‍മലാണ്. അവരുടെ പേഴ്സണാലിറ്റിയില്‍ വരുന്ന ഒരു മാറ്റം മാത്രമാണിത്.
സമൂഹത്തില്‍ 30-40 ശതമാനം കുട്ടികളില്‍ എഡിഎച്ച്ഡി കണ്ടേക്കാം എന്നതാണ് വാസ്തവം. ഇതൊരു പേഴ്സണാലിറ്റി പ്രശ്നമാണെന്ന് മനസിലാക്കി അവരുടെ ക്യാരക്റ്റര്‍ മോള്‍ഡ് ചെയ്യുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ശ്രദ്ധ വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിക്കുക, ഓര്‍മ വര്‍ധിപ്പിക്കാനുള്ള ടെക്നിക്കുകള്‍ പരിശീലിപ്പിക്കുക, മനസിനെ നിയന്ത്രിക്കാന്‍ മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ പരിശീലിപ്പിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. നല്ല ഒരു ഭക്ഷണ ശൈലിയും കുട്ടികളെ പരിശീലിപ്പിക്കണം.
നല്ല ഒരു അന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കണം. ആവശ്യമെങ്കില്‍ ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
പിന്നീടുള്ള ചോദ്യം ഇത് മുതിര്‍ന്നവരില്‍ കാണപ്പെടുമോ എന്നതാണ്. മുതിര്‍ന്നവരിലും പ്രായമായവരിലുമെല്ലാം ഈ അവസ്ഥ സംജാതമാവാം. കുട്ടിക്കാലത്ത് തന്നെ ഇതിന്റെ സാധ്യതകള്‍ അവരില്‍ ഉണ്ടാവാം.

പ്രായം കൂടി ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദങ്ങളുമെല്ലാം വര്‍ധിക്കുമ്പോഴാണ് ഇതൊരു പ്രശ്നമായി ഉയര്‍ന്നു വന്നുതുടങ്ങുക. സ്വഭാവത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ബിഹേവിയറല്‍ തെറാപ്പി നല്‍കുക എന്നതാണ് പോംവഴി. പ്രായമായവരില്‍ എഡിഎച്ച്ഡി വരുമ്പോഴാണ് അവര്‍ കൂടുതലും ലഹരി മരുന്നുകളിലേക്കും മദ്യത്തിലേക്കും മറ്റും പോവുക.
ഇതൊരു സ്പെക്ട്രം പോലെയാണ്. സാധാരണ എഡിഎച്ച്ഡി മുതല്‍ ഗുരുതരമായ അവസ്ഥ വരെ പലരും പല സ്ഥിതിയിലായിരിക്കും. വളരെ ഗുരുതരമായ അവസ്ഥയില്‍ മാത്രമാണ് ഉയര്‍ന്ന തലത്തിലുള്ള ചികില്‍സ നല്‍കുന്നത്. വളരെ ചുരുക്കം ആളുകളിലായിരിക്കും ഇത്തരം അവസ്ഥ ഉണ്ടാവുക.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ചില മരുന്നുകളും നല്‍കാറുണ്ട്. എഡിഎച്ച്ഡിയെപ്പറ്റി ഒരുപാട് തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു അസുഖമായി നമ്മള്‍ കാണേണ്ടെന്നാണ് ആദ്യത്തെ കാര്യം. ഇതൊരു പേഴ്സണാലിറ്റി പ്രശ്നം മാത്രമാണ്. കൃത്യമായി അതിനെ സമീപിച്ചാല്‍ ഒരു പ്രശ്നവും കൂടാതെ ഇതിനെ പരിഹരിക്കാനാവും.
(വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ന്യൂറോസര്‍ജനാണ് ലേഖകന്‍)

Dr Arun Oommen is consultant Neurosurgeon at VPS Lakeshore Hospital, Kochi, India.
