പുതുവര്‍ഷമെന്നാല്‍ പുത്തന്‍ റെസല്യൂഷനുകളുടെ കൂടി കാലമാണ്. നാളിതുവരെ കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യകരമായ ജീവിതം നയിച്ചേക്കാം എന്ന തീരുമാനം ബഹുഭൂരിപക്ഷം ജനങ്ങളും എടുക്കുന്ന സമയം. പലരും ഇതിന്റെ ഭാഗമായി ജിമ്മുകളില്‍ ചേരുകയും യോഗ, എയ്‌റോബിക്സ് തുടങ്ങിയ വ്യായാമ മുറകള്‍ക്കായി സമയം മാറ്റിവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത്, പുതുവര്‍ഷത്തിന്റെ പുതുമ നഷ്ടമാകുന്നതോടെ പലരും തങ്ങളുടെ തീരുമാനങ്ങളും മറക്കുന്നു എന്നതാണ്. അങ്ങനെ പയ്യെ പയ്യെ ജിമ്മില്‍ പോക്കും വ്യായാമങ്ങളും ഇല്ലാതാകുന്നു. ഡയറ്റ് മറന്നുള്ള ഭക്ഷണ ക്രമത്തിലേക്ക് എത്തിച്ചേരുകയും ആരോഗ്യം മുന്‍വര്‍ഷത്തേക്കാള്‍ മോശം നിലയിലേക്ക് എത്തുകയും ചെയ്യുന്നു. റെസല്യൂഷനുകള്‍ എടുക്കാത്തതല്ല, പാലിക്കാന്‍ കഴിയാത്തതാണ് ഇവിടെ പലര്‍ക്കും പ്രശ്നമായി വരുന്നത്. മടി, ഇനേര്‍ഷ്യ, വ്യക്തമായ ലക്ഷ്യബോധം ഇല്ലായ്മ അങ്ങനെ പലവിധ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. പുതുവര്‍ഷത്തില്‍ എങ്ങനെ ആരോഗ്യകരമായ ജീവിതരീതി നിലനിര്‍ത്തണമെന്ന് പറയുകയാണ് പ്രശസ്ത ആരോഗ്യവിദഗ്ധനും കോളമിസ്റ്റും കൊച്ചി ലേക്ക് ഷേര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനായ ഡോ. അരുണ്‍ ഉമ്മന്‍.

പുതുവര്‍ഷം എന്നത് ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം റെസല്യൂഷനുകളുടെ ഒരു കാലമാണല്ലോ, എങ്ങനെയാണ് പുതുവര്‍ഷത്തില്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി ക്രമീകരിക്കുക?
പുതുവര്‍ഷത്തില്‍ മാത്രമല്ല, എന്നും ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ജീവിതശൈലി വേണം പിന്തുടരാന്‍. പുതുവര്‍ഷത്തില്‍ ആരോഗ്യസംരക്ഷണം എന്ന തീരുമാനം കൈക്കൊള്ളുന്നവര്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. കാരണം, മികച്ച ആരോഗ്യം എന്നത് ഒരിക്കലും പെട്ടെന്ന് നേടാന്‍ കഴിയുന്ന ഒന്നല്ല. കാലങ്ങളുടെ ചിട്ടയായ പ്രയത്നത്തിലൂടെ മാത്രമേ ഒരാള്‍ക്ക് നല്ല ആരോഗ്യം നേടാന്‍ കഴിയൂ. ഇതിനായി ശ്രദ്ധിക്കേണ്ടത് മൂന്നു കാര്യങ്ങളാണ്. നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വ്യായാമം. നല്ല ഭക്ഷണം എന്ന് പറയുമ്പോള്‍ അത് സമീകൃതമായിരിക്കണം. ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍, മിനറലുകള്‍, വൈറ്റമിനുകള്‍ എന്നിവ കൃത്യമായ അളവില്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കണം. ജങ്ക് ഫുഡുകള്‍ പാടേ ഒഴിവാക്കുന്നതാണ് ഉത്തമം.

നല്ല രീതിയില്‍ വെള്ളം കുടിക്കാന്‍ ശീലിക്കണം. ഓരോ വ്യക്തിയുടെയും ജീവിതരീതിക്കും ശരീരപ്രകൃതത്തിനും അനുസൃതമായാണ് ഭക്ഷണം ക്രമീകരിക്കേണ്ടത്. ഇരുന്നുള്ള ജോലിചെയ്യുന്നവര്‍ക്ക് ദിവസത്തില്‍ പരമാവധി 2000 കലോറിയുടെ ഭക്ഷണം മതിയാകും. നല്ല ആരോഗ്യത്തിനു വേണ്ട അടുത്ത ഘടകമാണ് ശരിയായ ഉറക്കം. ഏത് അവസ്ഥയിലും ദിവസത്തില്‍ എട്ടുമണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. ശരിയായ ഉറക്കം ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും. നല്ല ശാരീരികാരോഗ്യത്തിനും മനസികാരോഗ്യത്തിനും കൃത്യമായ ഉറക്കം അനിവാര്യമായ ഘടകമാണ്. ഉറക്കം അപര്യാപ്തമാണെങ്കില്‍ അത് ശാരീരികമായ പല അസന്തുലിതാവസ്ഥകള്‍ക്കും കാരണമാകും. മൂന്നാമത്തെ ഘടകം ശരിയായ വ്യായാമമാണ്.
ആളുകള്‍ ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തുന്നത് വ്യായാമത്തിന്റെ കാര്യത്തിലാണ്. ചിലപ്പോള്‍ കൂടുതലായി വ്യായാമം ചെയ്യുകയും
പിന്നീട് അത് നിര്‍ത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യപരമായി ഒട്ടും ഗുണകരമല്ല. ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുമില്ല. വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ അത് തുടര്‍ച്ചയായി, ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും പതിനഞ്ച് മിനിറ്റെങ്കിലും ചെയ്യണം. എയ്‌റോബിക്സ്, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ഒരു പോലെ ഉള്‍പ്പെടുത്തിവേണം വ്യായാമ രീതികള്‍ ക്രമീകരിക്കാന്‍. ഒന്നും പറ്റിയില്ലെങ്കില്‍ നടക്കാനെങ്കിലും
പോകണം. അങ്ങനെയെങ്കില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരിയായ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.

പലപ്പോഴും പുതുവര്‍ഷാരംഭത്തില്‍ ജിമ്മില്‍ പോകാനും ഡയറ്റ് ചെയ്യാനുമെല്ലാം ആളുകള്‍ കാണിക്കുന്ന ആവേശം പിന്നീട് ഉണ്ടായെന്നു വരില്ല; ഈ മടി എങ്ങനെ മറികടക്കാം?
വ്യായാമം മുടക്കാതിരിക്കുക എന്നത് തന്നെയാണ് ഒരു പ്രധാന കാര്യം. തുടര്‍ച്ചായി കുറച്ചു ദിവസങ്ങള്‍ വ്യായാമം ചെയ്യാന്‍ സാധിച്ചാല്‍ ശരീരത്തില്‍ ഹാപ്പിനസ് ഹോര്‍മോണായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിക്കും. ഈ ഹോര്‍മോണുകള്‍ നമ്മെ വ്യായാമത്തിന് അടിമയാക്കും എന്ന് വേണമെങ്കില്‍ പറയാം. വ്യായാമം ചെയ്യുന്നതിലൂടെ ഈ ഹോര്‍മോണ്‍ ഉത്തേജിപ്പിക്കപ്പെടുകയും വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. കുറഞ്ഞത് മൂന്നുമാസമെങ്കിലും തുടര്‍ച്ചയായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. വ്യായാമം ജീവിതചര്യയുടെ ഭാഗമാകുന്നത് വരെ ലഘുവായ വ്യായാമങ്ങള്‍ ശീലമാക്കുക. ഇടക്കിടക്ക് അമിതമായി വ്യായാമം ചെയ്യുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ ഗുണങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഈ രീതി സന്ധികളെ ബാധിക്കുകയും ചെയ്യും.

ലഘുവ്യായാമങ്ങള്‍ ശീലമായി വരുമ്പോള്‍ വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരും. അപ്പോള്‍ ആവശ്യമെങ്കില്‍ വ്യായാമത്തിന്റെ രീതികളും അളവും വ്യത്യസ്തപ്പെടുത്താം. തുടര്‍ച്ചയായി വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിനുകള്‍ക്കൊപ്പം ലീഡര്‍ഷിപ് ഹോര്‍മോണായ സെറട്ടോണിനും വര്‍ധിക്കുന്നു. ഇത് മികച്ച ഫലം വ്യായാമത്തിലും ജീവിതത്തിലും നല്‍കുന്നു. അതിനാല്‍ തന്നെ തുടക്കത്തില്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ നേരം വ്യായാമം ചെയ്യുകയെന്ന രീതി ഉപേക്ഷിക്കുക. പകരം, ലഘുവായി തുടങ്ങുക. മൂന്നു മാസം തുടര്‍ച്ചയായി ചെയ്താല്‍ പിന്നീട് അത് ശീലമായി മാറും. ഇഷ്ടാനുസരണം പാട്ടുകള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും എല്ലാം വ്യായാമം ചെയ്യാം.
എന്താണ് ആരോഗ്യകരമായ ഒരു ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ശരീരത്തെ ശരിയായി വിലയിരുത്തിയ ശേഷം മാത്രമേ ആരോഗ്യകരമായ ഒരു ഡയറ്റ് തീരുമാനിക്കാന്‍ കഴിയൂ. ശരീരത്തിന് എന്തെല്ലാം പോഷകങ്ങള്‍ ആവശ്യമുണ്ട്, എത്ര കലോറി ആവശ്യമുണ്ട് എന്നതെല്ലാം മനസിലാക്കി മാത്രമേ ആരോഗ്യകരമായ ഡയറ്റ് തീരുമാനിക്കാന്‍ കഴിയൂ. ശാരീരികാവസ്ഥ, പ്രായം, ജോലി, കലോറിയുടെ ആവശ്യം എന്നിവ മനസിലാക്കണം.

ബിഎംഐ എത്രയാണ്, ഏതൊക്കെ ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളുണ്ട് എന്നിവയെല്ലാം മനസിലാക്കണം. മൂന്നു നേരം സമീകൃതാഹാരം എന്ന രീതിയില്‍ വേണം ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ്, മിനറലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. ശരീരത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞത് 1000 കലോറി ആവശ്യമാണ്. ഉപ്പ് പരാമവധി കുറയ്ക്കുക. ചോറ്, ഗോതമ്പ്, മൈദ…ഇവയൊന്നും ശരീരത്തിന് നല്ലതല്ല. ഒപ്പം ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 24 മണിക്കൂറിനുള്ളില്‍ മിനിമം 1500 മില്ലി മൂത്രം ഒഴിക്കാന്‍ സാധിക്കണം. അപ്പോള്‍ അതിനനുസരിച്ചു വെള്ളം കുടി ക്രമീകരിക്കണം. കൊളസ്‌ട്രോള്‍ ഉള്ളവര്‍ അതിന് ആനുപാതികമായി ഭക്ഷണം തെരഞ്ഞെടുക്കുക.
അമിതവണ്ണം പലരുടെയും ജീവിതത്തിലെ പ്രധാന പ്രശ്നമാണല്ലോ, അമിതവണ്ണം എങ്ങനെ സിസ്റ്റമാറ്റിക് ആയി മറികടക്കാം?
ഒരു വ്യക്തിക്ക് ആവശ്യമായി വരുന്നതിലും കൂടുതല്‍ ഭക്ഷണം കഴിക്കുമ്പോഴാണ് അമിതവണ്ണം എന്ന അവസ്ഥയുണ്ടാകുന്നത്. ചില വ്യക്തികള്‍ക്ക് ജന്മനാ കുറഞ്ഞ കലോറി ഭക്ഷണം മാത്രമേ ആവശ്യമുണ്ടാകുകയുള്ളൂ. എന്നാല്‍ അത് മനസിലാകാതെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. അമിതവണ്ണം ഉണ്ടായാല്‍ അത് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പട്ടിണി കിടന്ന് സപ്ലിമെന്റുകള്‍ മാത്രം എടുത്ത് ചെയ്യുന്ന ഡയറ്റുകള്‍ ആരോഗ്യകരമല്ല. ചിട്ടയായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും പടിപടിയായി അമിതവണ്ണം കുറക്കുക എന്നതാണ് കാര്യം. ബോഡി മാസ് ഇന്‍ഡക്സ് പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ നിലനിര്‍ത്തുക.
അമിതവണ്ണം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍, ആവശ്യമായ കലോറി ആഹാരം കഴിക്കുക.ഒറ്റയടിക്ക് പതിനഞ്ചു കിലോയോളം ഭാരമൊക്കെ കുറയ്ക്കാന്‍ ശ്രമിക്കുന്നത് ശരീരത്തെ പാടേ തകരാറിലാക്കും. കൃത്യമായ പ്ലാനിംഗോടെ ഒരു വര്‍ഷത്തിനടുത്ത് സമയമെടുത്ത് വേണം ഇത്രയും ഭാരം ആരോഗ്യകരമായി കുറയ്ക്കാന്‍.

പെട്ടന്ന് ഭാരം കുറയുന്നത് ശരീരത്തെയും അസ്ഥികളുടെ ബലത്തെയും ബാധിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അലക്ഷ്യമായ സെഡന്ററി ലൈഫ്‌സ്റ്റൈല്‍ ഒഴിവാക്കുക.എയ്‌റോബിക്സ്, കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ കൃത്യമായ രീതിയില്‍ ചെയ്യുക. ഭാരം കുറയ്ക്കുന്നതിനായി പലയാളുകളും സ്വീകരിക്കുന്ന ഒരു രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. പന്ത്രണ്ട് മുതല്‍ പതിനാറ് മണിക്കൂര്‍ വരെ ദിവസത്തില്‍ ഫാസ്റ്റിങ് ചെയ്യുന്ന രീതിയാണിത്.
എന്നാല്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുമ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. പരിചയമില്ലാത്തവര്‍ ഒറ്റയടിക്ക് ഇത് ചെയ്യരുത്. ഡയബറ്റിക് ആയ ആളുകളും ഗ്യാസ്ട്രൈറ്റിസ്, ബിപി പ്രശ്നങ്ങള്‍, കാര്‍ഡിയാക് പ്രശ്നങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയെല്ലാം ഉള്ളവരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യരുത്. ഇത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. വൈകുന്നേരം ആറ് മണിയോട് കൂടി അവസാന ഭക്ഷണം കഴിക്കുന്ന രീതിയിലാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യേണ്ടത്. പിന്നീട് വെള്ളം മാത്രമേ കുടിക്കാവൂ. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍?
ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വ്യായാമം. ശരീരത്തിന് അമിതമായ സ്ട്രെസ് നല്‍കുന്ന രീതിയില്‍ വ്യായാമം ചെയ്യരുത്. ഭാവിയില്‍ ഉണ്ടാകാവുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനായി വ്യായാമം ചെയ്യണം. അമിതമായി വ്യായാമം ചെയ്യുന്നതിനേക്കാള്‍ നല്ലത്, മിതമായ വ്യായാമം തുടര്‍ച്ചയായി ചെയ്യുക എന്നതാണ്. തുടര്‍ച്ചയായി വ്യായാമം ചെയ്യുകയും അത് ജീവിതശൈലിയുടെ ഭാഗമാവുകയും ചെയ്താല്‍ പിന്നീട്, വ്യായാമത്തിന്റെ അളവ് കൂട്ടാവുന്നതാണ്. വ്യായാമം ആദ്യമായി തുടങ്ങുന്നയാള്‍ പയ്യെ മാത്രം തുടങ്ങുക.

ഇല്ലെങ്കില്‍ സന്ധികളെ വരെ അത് ബാധിക്കാം. ആരോഗ്യസ്ഥിതി അനുസരിച്ചുള്ള വ്യായാമ രീതികള്‍ മാത്രം തെരഞ്ഞെടുക്കുക. ഹൃദയത്തിനു പ്രശ്നമുള്ള ആളുകളും ഡയബറ്റിക് ആയ ആളുകളും അമിതമായ വ്യായാമങ്ങള്‍ ഒഴിവാക്കണം. വ്യായാമത്തിനു അമിത പ്രാധാന്യം നല്‍കി ഉറക്കം, ഭക്ഷണം എന്നിവയില്‍ ശ്രദ്ധിക്കാതിരിക്കുന്ന ആളുകള്‍ ഉണ്ട്. ഇത് വലിയൊരു തെറ്റാണ്. ശരീരത്തിന്റെ സ്ട്രെസ് ലെവല്‍ കൂട്ടുന്ന ഘടകം ആണ് ഇത്. എട്ടു മണിക്കൂര്‍ ഉറക്കം ഇല്ലാതെ ഒരിക്കലും വ്യായാമം ചെയ്യരുത്. പെട്ടന്നുള്ള ഹൃദയസ്തംഭനത്തിന് വരെ ഇത് കാരണമായേക്കും.
മനസികാരോഗ്യത്തിനായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. സാഹചര്യങ്ങള്‍ അനുസരിച്ചാണ് പലരിലും മാനസികാരോഗ്യം ഉണ്ടാകുന്നത്. പെട്ടന്ന് സന്തോഷിക്കുക, പെട്ടന്ന് ദേഷ്യം വരിക, തുടങ്ങിയ അവസ്ഥകള്‍ ഉള്ള വ്യക്തി ടൈപ്പ് എ വിഭാഗത്തില്‍ പെടുന്ന ആളാണ്. അങ്ങനെയുള്ളവരുടെ മാനസികാരോഗ്യം വളരെ മോശമായിരിക്കും. ഇത്തരത്തിലുള്ള വ്യക്തികള്‍ പ്രത്യേക ശ്രദ്ധ നല്‍കി സ്വയം വ്യത്യാസം കൊണ്ട് വരാന്‍ നോക്കണം.
ബാലന്‍സ്ഡ് ആയുള്ള ഡയറ്റ്, ശാന്തമായ ഉറക്കം എന്നിവ പ്രധാനമാണ്. നല്ല ഉറക്കം ഇല്ലാതെ മെഡിറ്റേഷന്‍ ചെയ്തത് കൊണ്ട് കാര്യമില്ല. നന്നായി ഉറങ്ങിയാല്‍ അത് മെഡിറ്റേഷന്റെ ഗുണം ചെയ്യും. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. സ്ട്രെസ് ഇല്ലാതാക്കുക എന്നത് നടക്കുന്ന കാര്യമല്ല, ആരോഗ്യകരമായി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ഓരോ വ്യക്തിക്കും പ്രത്യേക ഇഷ്ടങ്ങളും പാഷനുകളും ഉണ്ടാകും.

ജോലിയുടെ അമിതഭാരത്തിന്റെ പേരില്‍ ഇത്തരം പാഷനുകള്‍ ഒഴിവാക്കരുത്. ജീവിതത്തില്‍ പ്രധാനമായും അഞ്ചു ഘട്ടങ്ങളാണുള്ളത്. വ്യക്തിജീവിതം, കുടുംബജീവിതം, പ്രൊഫഷണല്‍ ജീവിതം, സാമൂഹിക ജീവിതം, സൗഹൃദം. നല്ല മാനസികാവസ്ഥ ഉള്ള ഒരു വ്യക്തിയാകണം എങ്കില്‍ ഈ അഞ്ചു ഘടകങ്ങളെയും ജീവിതത്തില്‍ ഒന്നായി, നല്ല രീതിയില്‍ കൊണ്ട് പോകാന്‍ കഴിയണം.
ഇവയില്‍ ഒരു ഘടകം ഇല്ലാതാകുന്നത് പോലും അനാരോഗ്യകരമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഇഷ്ടം പോലെ ചെയ്തു ജീവിക്കണം. വരുമാനത്തിനായി ജോലി ചെയ്യുമ്പോള്‍ സന്തോഷം നേടാനുള്ള കാര്യങ്ങളും ഒപ്പം ചെയ്യണം. കുടുംബത്തിനായോ പ്രൊഫഷനായോ സൗഹൃദത്തിനായോ മാത്രം സമയം മാറ്റി വയ്ക്കുന്നത് ശരിയായ രീതിയല്ല. എല്ലാം കൂടി ചേരുമ്പോഴാണ് മാനസികമായും ശാരീരികമായും സന്തോഷം ഉണ്ടാകുന്നത്.
കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ട ആരോഗ്യ പരിശോധനകള്‍, അവയുടെ ആവശ്യം എന്നിവ വ്യക്തമാക്കാമോ ?
രോഗം ഇല്ലാതിരിക്കുക എന്നത് മാത്രമല്ല ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മാനസികമായും ശാരീരികമായും സൗഖ്യം അനുഭവിക്കുക എന്നത് കൂടിയാണ്. നല്ല ഭക്ഷണം, ഉറക്കം, വ്യായാമം ജീവിതചര്യകള്‍ എന്നിവയിലൂടെ അസുഖങ്ങള്‍ വരാനുള്ള സാഹചര്യങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ മധ്യവയസിനോട് അടുക്കുന്ന സമയത്ത് ശരിയയായ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് വരാന്‍ പോകുന്ന രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും മുന്‍കൂട്ടി കണ്ടെത്തി ചികിത്സയ്ക്കുന്നതിനും തടയുന്നതിനും സഹായിക്കും.

കൊളസ്‌ട്രോള്‍, ഡയബറ്റിസ്, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടെങ്കില്‍ മക്കള്‍ മധ്യവയസില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്നാല്‍ എന്ത് കൊണ്ടോ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് ഇത്തരം കാഴ്ചപ്പാട് കുറവാണ്. ബ്ലഡ് ചെക്കപ്പില്‍ എല്ലാം നോര്‍മല്‍ ആണെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഇതുപോലുള്ള പരിശോധനകള്‍ ചെയ്താല്‍ മതിയാകും. എന്നാല്‍ നിര്‍ദിഷ്ട അളവുകളില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ ചെക്കപ്പ് നടത്തി ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
ഇപ്പോള്‍ കാന്‍സര്‍, ലിവര്‍ സിറോസിസ്, കിഡ്‌നി ഡിസീസ് തുടങ്ങിയ അവസ്ഥകള്‍ക്കെല്ലാം സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ലഭ്യമാണ്. ഇതിലൂടെ ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത മുന്‍കൂട്ടി മനസിലാക്കാം. സ്ത്രീകള്‍ മധ്യവയസെത്തിയാല്‍ തീര്‍ച്ചയായതും മാമ്മോഗ്രാം, പാസ്മിയര്‍ ടെസ്റ്റുകള്‍ ചെയ്യണം. ഇതിലൂടെ അവര്‍ക്കുണ്ടായേക്കാവുന്ന നല്ലൊരു ശതമാനം കാന്‍സര്‍ സാധ്യതകളെയും മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. യൂട്രസ്, അനുബന്ധ ഭാഗങ്ങള്‍ എന്നിവ പരിശോധിക്കുന്നത് നല്ലതാണ്. സ്തനാര്‍ബുദം പോലുള്ളവ ഇപ്പോള്‍ പൂര്‍ണമായും ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയും. അതിനാലാണ് മുന്‍കൂട്ടി ഇത്തരം അവസ്ഥകള്‍ കണ്ടെത്താനായി കൃത്യമായ ഇടവേളകളില്‍ ടെസ്റ്റുകള്‍ ചെയ്യണം എന്ന് പറയുന്നത്.
താങ്കളുടെ അഭിപ്രായത്തില്‍ ശാരീരികവും – മാനസികവുമായ നല്ല ജീവിതത്തിനു പിന്തുടരേണ്ട ഹാബിറ്റുകള്‍ എന്തെല്ലാമാണ് ?
ആരോഗ്യകരമായ ഡയറ്റ്, നല്ല ഉറക്കം എന്നിവയാണ് പരമപ്രധാനം. കുറഞ്ഞത് 20 മിനുട്ടെങ്കിലും വ്യായാമം ചെയ്യുക. മാനസികാരോഗ്യം നിലനിര്‍ത്താനുള്ള സാഹചര്യം ഒരുക്കുക, സ്ട്രെസ് നിയന്ത്രിക്കാനുള്ള വഴികള്‍ തേടുക, പാഷനേയും ഹോബികളെയും പിന്തുടരുക, സോഷ്യല്‍ ലൈഫ്, യാത്രകള്‍, സംഗീതം തുടങ്ങി ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സമയം കണ്ടെത്തുക. ആരോഗ്യപരമായ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനായി ശ്രമിക്കുക. അനാരോഗ്യ അവസ്ഥയില്‍ കൃത്യമായ ചികിത്സ തേടുക. റെഗുലര്‍ ആയ ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുക. ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണ് പറയുക, അതിനാല്‍ ആരോഗ്യകാര്യത്തില്‍ സമയവും ഊര്‍ജവും ചെലവഴിക്കാന്‍ മടിക്കരുത്.

