സുരക്ഷിതമായ നിക്ഷേപം ഏതൊരാളുടെയും ആഗ്രഹമാണ്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം യാതൊരു സുരക്ഷയുമില്ലാത്ത പലയിടങ്ങളിലും നിക്ഷേപിച്ച് കൈപൊള്ളിയിരിക്കുന്നവര്‍ ധാരാളമാണ്. സുരക്ഷിതമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സ്വര്‍ണത്തിലേക്ക് നാം കൂടുതലും നിക്ഷേപിക്കുന്നത് അതിനാലാണ്. എന്നാല്‍ സ്വര്‍ണവും പണിതന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂടുതല്‍ ആകര്‍ഷകമായ റിട്ടേണ്‍ തരുന്ന ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുകളുമെല്ലാം ഉണ്ടെങ്കിലും പലയിടത്തും കൈപൊള്ളിയവര്‍ അന്വേഷിക്കുന്നത് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ചാണ്.
ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് സേവിംഗ്സ് എക്കൗണ്ട് എന്നിവയാണവ. ഓരോ സ്‌കീമുകള്‍ക്കും അവയുടേതായ നേട്ടങ്ങളും വ്യത്യസ്ത പലിശ നിരക്കുകളുമുണ്ട്. ഓരോ സ്‌കീമുകളും പ്രത്യേകം പരിശോധിക്കാം…
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)
ഒരു ദീര്‍ഘകാല നിക്ഷേപക പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഒറ്റത്തവണയായോ 12 തവണ വരെയുള്ള ഗഡുക്കളായോ പിപിഎഫില്‍ പണം നിക്ഷേപിക്കാന്‍ നിക്ഷേപകന് അവസരമുണ്ട്. നിലവില്‍ വാര്‍ഷിക 8.70 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് പിപിഎഫ് നല്‍കുന്നത്. പിപിഎഫ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നികുതി രഹിതമാണ്. ഏറെപ്പേരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണിത്. 500 രൂപ മിനിമം നിക്ഷേപിച്ചു കൊണ്ട് പിപിഎഫ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തിലെ പരമാവധി നിക്ഷേപ തുക 1.5 ലക്ഷം രൂപയാണ്.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ സാമ്പത്തിക ഉന്നതിക്കു വേണ്ടിയുള്ള പ്രത്യേക ബാങ്ക് എക്കൗണ്ടാണ് സുകന്യ സമൃദ്ധി എക്കൗണ്ട്. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്. പെണ്‍കുട്ടിക്ക് 10 വയസ് തികയുന്നതിന് മുന്‍പ് രക്ഷകര്‍ത്താവ് ഈ എക്കൗണ്ട് ബാങ്കില്‍ ആരംഭിച്ചിരിക്കണം. പിപിഎഫുമായി താരതമ്യപ്പെടുത്തുമ്പോഴത്തെ ഉയര്‍ന്ന പലിശ നിരക്കാണ് സുകന്യ സമൃദ്ധി എക്കൗണ്ടിനെ ആകര്‍ഷകമാക്കുന്നത്.
നിലവില്‍ 9.2 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് സ്‌കീം നല്‍കുന്നത്. പ്രതിവര്‍ഷം കുറഞ്ഞത് 1000 രൂപയെങ്കിലും എക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. പരമാവധി 1.5 ലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോഴോ 18 വയസിന് ശേഷം അവളുടെ വിവാഹം നടത്തുമ്പോഴോ ഈ എക്കൗണ്ടിലെ പണം ഉപയോഗിക്കാം. ദീര്‍ഘകാല നിക്ഷേപക പദ്ധതിയെന്ന നിലയില്‍ നോക്കുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ പദ്ധതിയെ ആകര്‍ഷകമാക്കുന്നു. എല്ലാവര്‍ക്കും തുടങ്ങാനാവില്ലെന്നതും 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമേ തുടങ്ങാനാവൂ എന്നതുമാണ് പോരായ്മ.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് എക്കൗണ്ട്
വളരെ സരളമായി ആരംഭിക്കാവുന്ന സേവിംഗ്സ് എക്കൗണ്ടാണിത്. താഴ്ന്ന പലിശ നിരക്കാണ് മറ്റ് സ്‌കീമുകളുമായി താരതമ്യം ചെയ്യുമ്പോഴത്തെ പോരായ്മ. പ്രതിവര്‍ഷം 4 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് എക്കൗണ്ടിന്റേത്. വെറും 500 രൂപയ്ക്ക് ഒരു പിഒഎസ്ബി എക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. വേഗത്തില്‍ ഫണ്ട് പിന്‍വലിക്കാനും സാധിക്കും.
പിപിഎഫിനും സുകന്യ സമൃദ്ധി എക്കൗണ്ടിനും പോസ്റ്റ് ഓഫീസ് സേവിംഗ്സ് എക്കൗണ്ടിനും സര്‍ക്കാരിന്റെ ഗ്യാരന്റിയുണ്ട്. പലിശ നിരക്കുകള്‍ യഥാക്രമം 8.70, 9.20, 4 എന്നിങ്ങനെയാണ്. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നോക്കി നിക്ഷേപകര്‍ ഇതില്‍ നിന്ന് ആവശ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കേണ്ടതാണ്.

