പെട്രോള്‍, ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് ഇന്ത്യക്ക് സാധ്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി വെട്ടിക്കുറയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും 36 കോടിയിലധികം പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണ്ണമായും മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.
‘ഈ പരിവര്‍ത്തനത്തിന് ഒരു തീയതിയും വര്‍ഷവും നല്‍കാന്‍ എനിക്ക് കഴിയില്ല, കാരണം ഇത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എന്റെ കാഴ്ചപ്പാട്,’ ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നത്. ഈ പണം ലാഭിച്ചാല്‍ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതിനും തൊഴിലവസരങ്ങള്‍ക്കുമായി അത് വിനിയോഗിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായും ഫ്ളെക്സ് എഞ്ചിനുകള്‍ക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി വെട്ടിക്കുറയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും 36 കോടിയിലധികം പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണ്ണമായും മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും നിതിന്‍ ഗഡ്കരി
2004 മുതല്‍ ബദല്‍ ഇന്ധനങ്ങള്‍ക്കായി താന്‍ ശ്രമിക്കുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ മാറുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഓട്ടോ കമ്പനികളായ ബജാജ്, ടിവിഎസ്, ഹീറോ എന്നിവയും ഫ്ളെക്സ് എഞ്ചിനുകള്‍ ഉപയോഗിച്ച് മോട്ടോര്‍സൈക്കിളുകളും ഓട്ടോ റിക്ഷകളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി ഗഡ്കരി പറഞ്ഞു. ടാറ്റയും അശോക് ലെയ്‌ലാന്‍ഡും ഹൈഡ്രജനില്‍ ഓടുന്ന ട്രക്കുകള്‍ അവതരിപ്പിച്ചു, എല്‍എന്‍ജി/സിഎന്‍ജിയില്‍ ഓടുന്ന ട്രക്കുകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

