2023 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ചത് 2.16 ലക്ഷം ആളുകളെന്ന് റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.
2022 ല്‍ 2.25 ലക്ഷം ആളുകളാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2021 ല്‍ 1.63 ലക്ഷം പേര്‍. കോവിഡ് മഹാമാരി ആഞ്ഞടിച്ച 2020 ല്‍ 85,000 ആളുകളാണ് ഇന്ത്യന്‍ പൗരത്വം വെടിഞ്ഞത്. ഇതിനു തൊട്ടുമുന്‍പുള്ള വര്‍ഷം 1.44 ലക്ഷം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.
വ്യക്തിപരമായ ലക്ഷ്യങ്ങളാണ് ഇത്തരത്തില്‍ പൗരത്വം ഉപേക്ഷിക്കുന്നതിന് പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത്. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍, കൂടുതല്‍ മികച്ച ജീവിത സാഹചര്യങ്ങള്‍, വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ വിദേശത്തേക്ക് ആളുകളെ നയിക്കുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഐടി, എന്‍ജിനീയറിംഗ് മേഖലകളില്‍ മെച്ചപ്പെട്ട കരിയര്‍ അവസരങ്ങള്‍, വികസിത രാജ്യങ്ങളില്‍ ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം, വിദേശ രാജ്യങ്ങളില്‍ ലഭ്യമായ സംരംഭകത്വ പിന്തുണ, കുട്ടികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം, ഏറ്റവും ആധുനികമായ ചികില്‍സാ സൗകര്യങ്ങള്‍, സുരക്ഷ, നികുതി ഇളവുകള്‍ ഇവയെല്ലാം വിദേശ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.

